

2025 ഏപ്രില്‍ 21 തിങ്കളാഴ്ച്ച രാവിലെ വത്തിക്കാന്‍ സമയം 9.45നു അസാധാരണമായൊരു വാര്‍ത്താ സമ്മേളനത്തിനാണ് വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിനോടൊപ്പം കമര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ലോകത്തോടു പറഞ്ഞു, 'പ്രിയപ്പെട്ടവരെ നമ്മുടെ പരിശുദ്ധ പിതാവിന്‍റെ നിര്യാണം അഗാധമായ വ്യസനത്തോടെ നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ഇന്നു രാവിലെ ഇറ്റാലിയന്‍ സമയം 7.35 നു റോമിന്‍റെ മെത്രാന്‍ ഫ്രാന്‍സിസ് പാപ്പ നിത്യപിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്‍റെ ജീവിതം മുഴുവനും കര്‍ത്താവിന്‍റെയും അവന്‍റെ സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചു. സുവിശേഷ മൂല്യങ്ങള്‍ വിശ്വസ്തതയോടും ധൈര്യത്തോടും സാര്‍വ്വത്രിക സ്നേഹത്തോടും കൂടി, പ്രത്യേകിച്ചു ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷം ചേര്‍ന്നുകൊണ്ട് ജീവിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. കര്‍ത്താവായ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യനെന്ന നിലയില്‍ അദ്ദേഹം നല്‍കിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ത്രിയേക ദൈവത്തിന്‍റെ കരുണാമസൃണമായ സ്നേഹത്തിനു നമുക്ക് സമര്‍പ്പിക്കാം.'
ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു നിമിഷങ്ങള്‍ക്കുള്ളില്‍ വത്തിക്കാനിലേക്കുള്ള എല്ലാ വഴികളും ജനനിബിഢമായി. ജൂബിലി തീര്‍ത്ഥാടകരായി വന്നവരെ കൂടാതെ ആയിരക്കണക്കിനാളുകള്‍ പ്രാര്‍ത്ഥനയോടെ വത്തിക്കാനിലേക്കൊഴുകി. റോമിലും തുടര്‍ന്ന് ലോകമെങ്ങും എല്ലാ ദൈവാലയങ്ങളിലും ദുഃഖസാന്ദ്രമായ മണിനാദം മുഴങ്ങി. മാര്‍പാപ്പാമാര്‍ കാലം ചെയ്താല്‍ മരണം സ്ഥീരീകരിക്കുന്ന സ്വകാര്യ ചടങ്ങ് വത്തിക്കാനിലെ മാര്‍പാപ്പയുടെ വസതിയായ സാന്താ മര്‍ത്തയില്‍ അന്നു വൈകുന്നേരം തന്നെ നടന്നു. കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ നേതൃത്വം നല്‍കിയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി കര്‍ദിനാള്‍ കോളേജിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോസെഫ് ബാറ്റിസ്റ്റയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുടുംബാംഗങ്ങളും വത്തിക്കാന്‍ ആരോഗ്യ വിഭാഗം മേധാവികളായ ഡോ. ആന്ദ്രേയ അര്‍കാഞ്ചേലിയും ഡോ. ലൂയിജി കാര്‍ബോനെയും പങ്കെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരുന്നത് ബുധനാഴ്ച രാവിലെ ആണെന്ന് വത്തിക്കാന്‍ മീഡിയ മേധാവി മത്തേയോ ബ്രൂണി അറിയിച്ചു. പതിനായിരക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തിനു തങ്ങളുടെ സ്നേഹനിധിയായ പിതാവിനു അന്തിമോപചാരം അര്‍പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒന്നര ലക്ഷത്തോളം ആളുകളാണ് മൂന്നുദിവസങ്ങള്‍ കൊണ്ടു തങ്ങളുടെ പിതാവിനെ ഒരു നോക്കു കാണാന്‍ വത്തിക്കാന്‍ ബസ്ലിക്കയിലേക്ക് എത്തിയത്. വൈകുന്നേരം ഏഴുമണിക്ക് ദൈവാലയം അടക്കുമെന്ന് അറിയിച്ചെങ്കിലും ജനബാഹുല്യം നിമിത്തം രാത്രിയും പകലും സെയ്ന്‍റ് പീറ്റേഴ്സ് ബസിലിക്ക തുറന് നു തന്നെ കിടന്നു.
ജനലക്ഷങ്ങളുടെ ഉള്ളുലച്ച വേര്‍പാട്
ഉയിര്‍പ്പു തിരുന്നാളില്‍ സഭയ്ക്കും ലോകത്തിനും വേണ്ടി മാര്‍പാപ്പമാര്‍ 'ഉര്‍ബി എത്ത് ഓര്‍ബി' ആശീര്‍വാദം നല്‍കി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ എന്നത് വിശ്വാസി സമൂഹത്തിനു നൊമ്പരമുണര്‍ത്തുന്ന ഒരു ഓര്‍മ്മയായി മാറി. പീഡാനുഭവവാരത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിനോടും കുടുംബത്തോടും കുശലാന്വേഷണങ്ങള്‍ നടത്തുന്ന മാര്‍പാപ്പയുടെ ചിത്രങ്ങള്‍ അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. കൂടാതെ അനൗദ്യോഗിക വേഷത്തില്‍ ബസ്ലിക്കയിലേക്ക് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ നടത്തുന്നത് ഈ വിശ്രമവേളകളില്‍ അദ്ദേഹത്തിന്‍റെ പതിവായിരുന്നു. അത്തരം യാത്രകളില്‍ കണ്ടുമുട്ടുന്നു കുട്ടികളെ ഏറെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി സംസാരിക്കുമ്പോള്‍ ഏറെ സന്തോഷവാനായി അദ്ദേഹം കാണപ്പെട്ടു.
രണ്ടു കാര്യങ്ങളിലാണ് വത്തിക്കാന്‍റെ ഔദ്യോഗിക പ്രതികരണത്തിനു ലോകം കാതോര്‍ത്തത്. മാര്‍പാപ്പമാരുടെ കബറടക്ക ശുശ്രുഷകളുടെ പതിവ് രീതികള്‍ വിട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിച്ചതു പോലെ ലളിതമായി ആയിരിക്കുമോ ചടങ്ങുകള്‍ എന്നതും അങ്ങനെയെങ്കില്‍ എത്രമാത്രം വ്യത്യാസങ്ങള്‍ ഉണ്ടാകും എന്നതുമാണ് ആദ്യത്തെ ആകാംക്ഷ. മാര്‍പാപ്പ ആഗ്രഹിച്ചതു പോലെ സെന്‍റ് പീറ്റേഴ്സ് ബസ്ലിക്കക്കു പകരം മേരി മേജര്‍ ബസലിക്കയില്‍ ആയിരിക്കുമോ അദ്ദേഹത്തിന്‍റെ കബറടക്കം എന്നതാണ് രണ്ടാമത്തെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കുത്തരമായി വത്തിക്കാന്‍ ആ സ്നേഹപിതാവിന്‍റെ മരണപത്രം പുറത്തുവിട്ടു. അത് വായിച്ചുകഴിഞ്ഞവരുടെയെല്ലാം നെഞ്ചില്‍ ഒരു പിടച്ചിലുണ്ടായിക്കാണണം.
പാവങ്ങളുടെ പാപ്പയുടെ മരണപത്രം
ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍, ആമേന്‍.
എന്‍റെ ഭൗതിക ജീവിതത്തിന്‍റെ സന്ധ്യാസമയം അടുക്കുന്നതായി അനുഭവപ്പെടുമ്പോള്‍, നിത്യജീവിതത്തിലെ ഉറച്ച പ്രത്യാശയോടുകൂടി എന്‍റെ സംസ്കാര സ്ഥലത്തെക്കുറിച്ചുള്ള അവസാന ആഗ്രഹങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്‍റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായുമുള്ള ശുശ്രൂഷയുടെ കാലത്തും, ഞാനെപ്പോഴും നമ്മുടെ രക്ഷകന്‍റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണത്തിലേക്ക് സ്വയം സമര്‍പ്പിച്ചിരുന്നു. ഈ കാരണത്താല്‍, എന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉയിര്‍പ്പിന്‍റെ ദിനം പ്രതീക്ഷിച്ചു പരിശുദ്ധ മാതാവിന്‍റെ പേപ്പല്‍ ബസിലിക്കയായ സെന്‍റ് മേരി മേജറില്‍ വിശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്‍റെ ഭൂമിയിലെ അവസാന യാത്ര, ഈ പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തന്നെ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും അവസാനത്തിലും പ്രാര്‍ത്ഥനയ്ക്കായി ഇവിടെ ഞാന്‍ എത്താറുണ്ട്, എല്ലാ ഉദ്ദേശ്യങ്ങളും നിര്‍മ്മല മാതാവിനു വിശ്വാസപൂര്‍വം സമര്‍പ്പിക്കുകയും അവളുടെ സൗമ്യമായ മാതൃപരിപാലനത്തിന് നന്ദി പറയുകയും ചെയ്യുന്നു.
ബസിലിക്കയിലെ പൗളൈന്‍ ചാപ്പലിനും (സാലൂസ് പോപുലി റൊമാനി ചാപ്പല്‍) പീഡാനുഭവ (സ്ഫോര്‍സ) ചാപ്പലിനും ഇടയില്‍ ഉള്ള നടപ്പാതയിലെ കബറിടത്തില്‍ ചുവടെ ചേര്‍ത്തിട്ടുള്ളതുപോലെ, വിശ്രമകേന്ദ്രം ഒരുക്കണമെന്നാണു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
കബറിടം നിലത്തായിരിക്കണം; ലളിതമായും പ്രത്യേക അലങ്കാരങ്ങളില്ലാതെയും, ഫ്രാന്‍സിസ്കുസ് എന്ന ലിഖിതം മാത്രമേ ഉണ്ടാവാവൂ.
എന്‍റെ മൃതസംസ്കാരത്തിനുള്ള ചെലവ് ഒരു അഭ്യുദയകാംക്ഷിയുടെ സംഭാവനയിലൂടെ നിര്‍വ്വഹിക്കപ്പെടും, അത് പരിശുദ്ധ അമ്മയുടെ പേപ്പല്‍ ബസിലിക്കയായ സെന്‍റ് മേരി മേജറിലേക്ക് കൈമാറാനുള്ള ക്രമീകരണം ഞാന്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ ലൈബീരിയന്‍ ചാപ്റ്ററിന്‍റെ അസാധാരണ കമ്മീഷണറായ കര്‍ദ്ദിനാള്‍ റോലാന്‍ഡസ് മക്രിക്കാസിന് ഞാന്‍ നല്‍കിയിട്ടുണ്ട്.
എന്നെ സ്നേഹിച്ചവര്‍ക്കും എന്നെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും നമ്മുടെ കര്‍ത്താവ് യോജിച്ച പ്രതിഫലം നല്‍കട്ടെ. എന്‍റെ ജീവിതത്തിന്‍റെ അവസാനഘട്ടത്തിലെ കഷ്ടപ്പാടുകള്‍, ലോകസമാധാനത്തിനും മനുഷ്യസാഹോദര ്യത്തിനും വേണ്ടി ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുന്നു.
ഫ്രാന്‍സിസ്,
സാന്ത മാര്‍ത്ത, 29 ജൂണ്‍ 2022

മരണത്തിലും മാതൃകയായി രണ്ടാം ഫ്രാന്‍സിസ്
കാര്‍ഡിനല്‍ കാമെര്‍ലെംഗോ കെവിന്‍ ഫാരെല്‍, മാര്‍പാപ്പയുടെ ഭൗതിക ദേഹം അടങ്ങിയ പേടകം അടക്കുന്ന ചടങ്ങിന്, ഏപ്രില്‍ 25 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നേതൃത്വം നല്‍കി. മാര്‍പാപ്പയുടെ ശവമഞ്ചം അടയ്ക്കുന്ന ചടങ്ങ് ഒരു ഗൗരവമേറിയതും പ്രതീകാത്മകവുമായ നിമിഷമാണ്, കാലംചെയ്ത മാര്‍പാപ്പയുടെ സംസ്കാരാചാരണങ്ങളില്‍ അത്യന്തം പ്രധാനപ്പെട്ട ഘട്ടം. പേടകം അടയ്ക്കുന്നതിന് മുന്‍പ്, മാര്‍പ്പാപ്പയോടൊപ്പം ചില വസ്തുക്കള്‍ ഉള്ളില്‍ നിക്ഷേപിക്കുന്നു: പരമ്പരാഗതമായി മൂന്ന് കാര്യങ്ങളാണ് ഇങ്ങനെ നിക്ഷേപിക്കുന്നത്; റോജിറ്റോ (Rogito): മാര്‍പ്പാപ്പയുടെ ജീവിതം, പ്രവര്‍ത്തികള്‍, പേപ്പസി എന്നിവ സംഗ്രഹിച്ച് ലിഖിതമാക്കിയ ഒരു മുദ്രവച്ച കുറിപ്പ്, പൊതുവായനക്കു ശേഷം അതില്‍ നിക്ഷേപിക്കുന്നു (അത് വളരെ ലളിതമായി നടത്തണം എന്നും വളരെ കുറച്ചു ആളുകള്‍ മാത്രം അതുകേട്ടാല്‍ മതിയെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു), മാര്‍പാപ്പയുടെ സേവനകാലത്ത് പുറപ്പെടുവിച്ച മെഡലുകളും നാണയങ്ങളും, ഒടുവില്‍ മാര്‍പ്പാപ്പയായിരിക്കുമ്പോള്‍തന്നെ സംസ്കരിക്കപ്പെട്ടാല്‍, അദ്ദേഹത്തിന്‍റെ ഇടയാധികാരത്തിന്‍റെ പ്രതീകമായ പാലിയവും പേടകത്തില്‍ നിക്ഷേപിക്കും. കാര്‍ഡിനല്‍ കമെര്‍ലെങ്കോയും മറ്റ് കര്‍ദിനാളന്മാരും ഈ ചടങ്ങിന് സാക്ഷികളായിരിക്കും. ശേഷം പേടകം അടച്ചു സില്‍ക്ക് റിബ്ബണുകള്‍ ക്രൂശിന്‍റെ രൂപത്തില്‍ കെട്ടപ്പെടും. തുടര്‍ന്ന് മുദ്രവയ്ക്കും. മാര്‍പ്പാപ്പയുടെ ജീവതവും ഇടയ സ്ഥാനവും അടയാളപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമായ നടപടിയെ സൂചിപ്പിക്കുന്നു. ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി, നിത്യതയിലേക്കുള്ള യാത്രയുടെ അടയാളവും സഭ തന്‍റെ ആത്മീയ പിതാവിനോടുള്ള ആദരവും ആരാധനയും ജനങ്ങള്ക്ക് മുന്നില്‍ പ്രകടമാക്കുന്ന ഒരു വിശുദ്ധ ചടങ്ങുമാണിത്.
'ഓര്‍ഡോ എക്സെക്വിയാറും റൊമാനി പോന്തിഫിച്ചിസ്' (Ordo Exsequiarum Romani Pontificis) എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുള്ള അനുഷ്ഠാനങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ പാലിച്ചത്. മാര്‍പ്പാപ്പയുടെ സംസ്കാര ചടങ്ങുകളുടെ ക്രമം വിവരിക്കുന്ന ഈ ലിറ്റര്‍ജിക്കല്‍ പുസ്തകം 2000-ല്‍ പ്രസിദ്ധീകരിക്കുകയും കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ അത് പുതുക്കുകയും ചെയ്തിരുന്നു. ഈ ഭേദഗതികളില്‍ ചിലത് ഇതിനോടകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. 'ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചടങ്ങുകള്‍ ലളിതമാക്കാനും അവയെ അനുയോജ്യമാക്കാനും ശ്രമിച്ചു. മാര്‍പാപ്പയുടെ മാതൃക ആധിപത്യത്തിന്‍റേതല്ല, മറിച്ചു ക്രിസ്തുവിന്‍റെ ഒരു ഇടയന്‍റെയും ശിഷ്യന്‍റെതുമാണ്,' എന്ന് അപ്പോസ്തോലിക് ചടങ്ങുകളുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയ ഡീഗോ റവെല്ലി പറയുന്നു. ഒരു നല്ല ഇടയന്‍റെ കടന്നുപോകലിനാണ് ലോകം സാക്ഷ്യം വഹിച്ചത്. പാരമ്പരാഗതമായി മാര്‍പാപ്പാമാര്‍ക്ക് ലഭിക്കുന്ന രാജകീയ വിടവാങ്ങലിന്‍റെ ഓര്‍മ്മക്കുറിപ്പുകളൊന്നും തന്‍റെ അവസാന യാത്രയില്‍ ലോകം കാണരുതെന്നും അദ്ദേഹം നിഷ്ക്കര്ഷിച്ചിരുന്നു.
അങ്ങനെ ജീവിതം തന്നെ സന്ദേശമാക്കിയ പാവങ്ങളുടെ മാര്‍പാപ്പയുടെ കബറടക്കം ഏപ്രില്‍ 26നു ഉച്ചക്ക് ഒന്നരക്ക് (പ്രാദേശിക സമയം രാവിലെ പത്തിന്) വത്തിക്കാനില്‍ വെച്ചു നടന്നു. കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ ജോവാന്നി ബാറ്റിസ്റ്റ റേ മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ 130 രാജ്യങ്ങളിലെ പ്രതിനിധികളും 40 രാജ്യങ്ങളിലെ കിരീടാവകാശികളും സംബന്ധിച്ചു. രണ്ടര ലക്ഷം പേരെയാണ് വത്തിക്കാന്‍ ചത്വരത്തില്‍ തങ്ങള്‍ സ്വീകരിച്ചതെന്നു റോമന്‍ പോലീസ് മേധാവി റോബര്‍ട്ടോ മസൂചി പറഞ്ഞു. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2023-ല്‍ ബെനെഡിക്റ്റ മാര്‍പാപ്പയുടെ സംസ്കാരത്തില്‍ ഏകദേശം 50,000 പേരും, 2005-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ സംസ്കാരത്തില്‍ ഏകദേശം 3,00,000 പേരും പങ്കെടുത്തിരുന്നു. നിരവധി രാഷ്ട്രീയ, മത, രാജകുടുംബ, പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സിസിന്‍റെ ജന്മനാടായ അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് ഹാവിയര്‍ മിലേയും ഉള്‍പ്പെടുന്നു. അദ്ദേഹം മുമ്പ് സാമ്പത്തിക നയങ്ങളെക്കുറിച്ച് മാര്‍പ്പാപ്പയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇന്ത്യയില്‍ നിന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടൊപ്പം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ജോര്‍ജ് കുര്യനുമുള്‍പ്പെടുന്ന സംഘവും കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മന്ത്രി റോഷി അഗസ്റ്റിനും സംഘവും വത്തിക്കാനിലെത്തി. വത്തിക്കാന്‍ ചത്വരത്തില്‍ സഹകാര്‍മ്മികരുടെ മറുവശത്താണ് രാജ്യപ്രതിനിധികളുടെ ഇരിപ്പിടം ക്രമീകരിച്ചിരുന്നത്. മുന്‍നിരയില്‍ ഇറ്റാലിയന്‍ പ്രസിഡണ്ടും പ്രധാനമന്ത്രിയും കൂടാതെ മാര്‍പാപ്പയുടെ സ്വദേശമായ അര്‍ജന്‍റീനയുടെ പ്രസിഡണ്ടിനും ഇരിപ്പിടം ഒരുങ്ങി. ബാക്കിയുള്ളവരെ ഫ്രഞ്ചു അക്ഷരമാലക്രമത്തില്‍ ഇരിപ്പിടത്തിലേക്ക് നയിച്ചു. ഈ തിരക്കുകള്‍ക്കിടയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉക്രേനിയന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ സെലന്‍സ്കിയുമായി ബസ്ലിക്കക്കുള്ളില്‍ കൂടിക്കാഴ്ച നടത്തിയ ചിത്രം ലോകപ്രശസ്തമായി. അവരുടെ നടുവില്‍ സ്നേഹമുള്ള അപ്പനെ പോലെ ഫ്രാന്‍സിസ് പാപ്പയെയും ചേര്‍ത്ത് അജ്ഞാതനായ കലാകാരന്‍ നിര്‍മ്മിച്ച ചിത്രം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം സംഗ്രഹിക്കുന്നതായിരുന്നു. അതെ, തന്‍റെ മൃതസംസ്കാരവേളയിലും ആ പിതാവ് ലോക സമാധാനത്തിനു വേണ്ടി പ്രവര്‍ത്തനനിരതനായിരുന്നു.
പാവങ്ങളെ സ്നേഹിച്ചവനെ ഏറ്റുവാങ്ങിയതും അഗതികള്‍
കബറടക്ക ശുശ്രുഷകള്‍ക്കു ശേഷം ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വത്തിക്കാനില്‍ നിന്നും ആദിമ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്‍റെ സ്മരണ ഉണര്‍ത്തുന്ന കൊളോസിയത്തിന്‍റെ വശങ്ങളിലൂടെ റോമന്‍ കത്തീഡ്രലായ ജോണ്‍ ലാറ്ററന്‍ ബസ്ലിക്കയെയും മേരി മേജര്‍ ബസ്ലിക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിയ മേരുലാനയിലൂടെ മേരി മേജര്‍ ബസ്ലിക്കയിലേക്ക് എത്തി. ചരിത്രത്തില്‍ മാര്‍പാപ്പാമാരുടെ രാജകീയ യാത്രകളെല്ലാം നടന്നിരുന്ന ആ രാജകീയ പാത തെരഞ്ഞെടുത്തത് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ഇന്നും കോര്‍പ്പൂസ് ക്രിസ്റ്റി തിരുന്നാളിന്‍റെ പ്രദിക്ഷിണം നടക്കുന്ന അതെ വഴിയിലൂടെ വരുന്ന തങ്ങളുടെ സ്നേഹിതന്‍റെ ഭൗതിക ദേഹം അഗതികളായ സഹോദരങ്ങള്‍ മേരി മേജര്‍ ബസലിക്കയില്‍ ഏറ്റുവാങ്ങി. വത്തിക്കാന്‍റെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയ ഏതാനും പേരാണ് മാര്‍പാപ്പയുടെ ഭൗതിക ദേഹം അദ്ദേഹത്തിന്‍റെ കല്ലറ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ മാര്‍പാപ്പയുടെ പ്രിയ ദൈവാലയത്തിലേക്ക് ഏറ്റുവാങ്ങിയത്. പാവങ്ങളെ മറക്കരുത് എന്ന് നിരന്തരം സഭയെ ഓര്‍മ്മിപ്പിച്ച അഭിനവ ഫ്രാന്‍സിസിനു നല്‍കാവുന്ന ഏറ്റവും വലിയ യാത്രയയപ്പ്. തുടര്‍ന്നു നടന്ന കബറടക്കം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹ പ്രകാരം ലളിതവും സ്വകാര്യവുമയിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിതാമഹന്മാരുടെ നാടായ ഇറ്റലിയിലെ ലിഗുരിയില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിള്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ പേര് കൊത്തിയ ഫലകം നിര്‍മ്മിച്ചിരിക്കുന്നത്. തന്‍റെ നെഞ്ചില്‍ എന്നും ധരിച്ചിരുന്ന കുരിശു രൂപത്തിന്‍റെ അതെ മാതൃകയിലുള്ള ഒരു കുരിശ് മാത്രമാണ് ആ കല്ലറയെ അലംകൃതമാക്കുന്നത്. പൊതുജനങ്ങള്‍ക്കു വണക്കത്തിനായി കബറിടം തുറന്നു കൊടുത്ത ഞായറാഴ്ച മുതല്‍ നിലക്കാത്ത ജനപ്രവാഹമാണ് മേരി മേജര്‍ ബസ്ലിക്കയിലേക്ക് അനസ്യൂതം നടക്കുന്നത്. ഒരുപക്ഷെ ബുദ്ധിമാന്മാരില്‍ നിന്നും വിജ്ഞാനികളില്‍ നിന്നും മറച്ചുവെച്ച ആ രഹസ്യം അവര്‍ക്കു വെളിപ്പെട്ടിട്ടുണ്ടാവണം.
കവര്‍സ്റ്റോറി,
മരണത്തിലും മാതൃകയാകുന്ന പുതിയ ഫ്രാന്‍സിസ്,
പ്രിന്‍സ് തെക്കെപുറം CSSR,
അസ്സീസി മാസിക ജൂണ്‍ 2025





















