top of page
"എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാര"മെന്നു വിളിച്ചു പറയുന്ന ബാനറുകളും "എല്ലാ രോഗങ്ങള്‍ക്കും സൗഖ്യ"മെന്ന് ഉറപ്പു നല്കുന്ന നോട്ടീസുകളും നാട്ടില്‍ നടക്കുന്ന മിക്ക ധ്യാനങ്ങളോടും അനുബന്ധിച്ചു നാം കാണാറുള്ളതാണ്. "ദൈവം = അനുഗ്രഹം" എന്നൊരു സമവാക്യം അങ്ങനെ ആരുമറിയാതെ ഇവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതിനെ പിന്തുണയ്ക്കുന്ന ദൈവവചനവും ഇവിടെ പേര്‍ത്തും പേര്‍ത്തും ഉപയോഗിക്കപ്പെടുന്നുണ്ട്: "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്... അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു..." (റോമ. 8:28). ഈ പൗലോസ് വാക്യത്തിന്‍റെ ഉപരിപ്ലവമായ വായനകൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളേക്കാള്‍ കൂടുതലാണ് രൂക്ഷമാകുന്ന പ്രശ്നങ്ങള്‍ എന്നൊരു ചിന്തയാണ് ഈ ലേഖനത്തിന്‍റെ അടിസ്ഥാനം.
വാദത്തിനുവേണ്ടി ഒരു ദൈവവിശ്വാസിയുടെ ജീവിതത്തിലെ മൂന്ന് സാധ്യതകള്‍ പരിഗണിക്കാം:
എ. ദൈവത്തെ സ്നേഹിക്കുന്നു; അതുകൊണ്ട് നന്മയുണ്ടാകുന്നു.
ബി. ദൈവത്തെ സ്നേഹിക്കുന്നില്ല; അതുകൊണ്ട് നന്മയുണ്ടാകുന്നില്ല.
സി. ദൈവത്തെ സ്നേഹിക്കുന്നു; എന്നിട്ടും നന്മയുണ്ടാകുന്നില്ല.
(എ)യും (ബി)യും വിശദീകരിക്കാന്‍ പൗലോസ് വാക്യത്തിന്‍റെ ഉപരിപ്ലവമായ വായനയ്ക്കാകും. എന്നാല്‍ (സി) യെ വിശദീകരിക്കാന്‍ അത്തരമൊരു വായനയ്ക്കാകുമോ?
മുകുന്ദന്‍റെ 'ദൈവത്തിന്‍റെ വികൃതികളി'ല്‍ പറയുന്നവ ഭാവനയില്‍ വിരിയുന്നവ മാത്രമല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതുമാണ്. പാലില്‍ വെള്ളം ചേര്‍ക്കാത്ത അമ്മയെ പാമ്പു കടിക്കാറുണ്ട്; സന്ധ്യാപ്രാര്‍ത്ഥന നടത്തുന്ന വീട്ടിലെ മക്കള്‍ ഇടറിപ്പോകാറുണ്ട്; എത്ര നോമ്പുനോറ്റിട്ടും രോഗി കൂടുതല്‍ രോഗിയാകാറുണ്ട്. ജോബിനെപ്പോലുള്ള മനുഷ്യര്‍ക്ക് ഭൂമിയില്‍ ഒരു കുറവുമില്ല.
ജോബിനു സംഭവിച്ച അനര്‍ത്ഥങ്ങളെക്കുറിച്ച് അറിഞ്ഞ മൂന്നു സ്നേഹിതന്മാര്‍ - എലിഫാസ്, ബില്‍ദാദ്, സോഫാര്‍ - "അവനോടു സഹതാപം കാണിക്കാനും അവനെ ആശ്വസിപ്പിക്കാനും" ജോബിന്‍റെയടുത്ത് എത്തുന്നുണ്ട്(ജോബ് 2:11). ഇതേ സ്നേഹിതരാണ് പക്ഷേ, ജോബിന്‍റെ മുറിവുകളില്‍ മുളകു പുരട്ടി രസിക്കുന്നത്! നമുക്ക് അത് വിരോധാഭാസമായി തോന്നാമെങ്കിലും അവര്‍ക്ക് അവ്വിധം തോന്നുന്നതേയില്ല. അതിനു കാരണം അവരുടെ മനസ്സില്‍ വേരാഴ്ത്തിയ ഒരു ദൈവശാസ്ത്രചിന്തയാണ്.
"അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്‍റെ ജീവിതം അവസാനിച്ചില്ല?"(3:11) എന്നാണ് ജോബിന്‍റെ വിലാപം. അതു കേട്ട് നിശ്ശബ്ദം കണ്ണീരൊഴുക്കേണ്ടതിനു പകരം 'സ്നേഹിതന്മാര്‍' ജോബിനോടു 'പ്രഭാഷണം' നടത്തുകയാണ്. ആ പ്രഭാഷണങ്ങള്‍ അവരുടെ ദൈവശാസ്ത്രം വെളിവാക്കുന്നുണ്ട്. എലിഫാസ് പറയുന്നു: "ചിന്തിച്ചു നോക്കൂ, നിഷ്കളങ്കന്‍ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ?... അനീതി ഉഴുത് തിന്മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്"(4: 7-8). ജോബ് എന്തോ തെറ്റു ചെയ്തിട്ടുണ്ടെന്നാണ് എലിഫാസ് സൂചിപ്പിക്കുന്നത്. അതിനു ജോബിന്‍റെ മറുപടി: "ഉപദേശിച്ചുകൊള്ളുക, ഞാന്‍ നിശ്ശബ്ദം കേള്‍ക്കാം. ഞാന്‍ എന്തു തെറ്റു ചെയ്തുവെന്നു ധഒന്നുപ മനസ്സിലാക്കിത്തരുക... നിങ്ങളുടെ ശാസനയ്ക്ക് അടിസ്ഥാനമെന്ത്?" (6: 24 - 25). ആ മറുപടിക്ക് ഒടുക്കം ജോബ് ദൈവത്തോടു കേഴുകയാണ്: "ഞാന്‍ പാപം ചെയ്താല്‍തന്നെ അങ്ങേയ്ക്ക് അതിനെന്താണ്? ... എന്‍റെ പാപങ്ങള്‍ അങ്ങേയ്ക്കു ക്ഷമിച്ചുകൂടേ?" (7: 20 - 21).
സ്നേഹിതന്മാരുടെ ദൈവശാസ്ത്രത്തെ ജോബ് സംശയിക്കുന്നതോടെ അവരുടെ ക്രൗര്യം ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. രണ്ടാമത്തെ സ്നേഹിതന്‍ ബില്‍ദാദില്‍ അതു വ്യക്തമാണ് : "നിന്‍റെ പ്രചണ്ഡഭാഷണത്തിന് അവസാനമില്ലേ? .... നീ നിര്‍മ്മലനാണെങ്കില്‍ അവിടുന്ന് നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെഴുന്നേല്‍ക്കും"(8: 2, 6). അവര്‍ വീണ്ടും അടിവരയിടുകയാണ്: തെറ്റ് ജോബിന്‍റേതാണ്, ദൈവത്തിന്‍റേതല്ല.
ദൈവത്തിനു വേണ്ടി വാദിക്കുന്ന ഈ മൂന്നു പ്രഭാഷകര്‍ ദൈവത്തിന്‍റെ നിലവാരം വല്ലാതെ താഴ്ത്തുകയാണെന്ന് ജോബിനു മനസ്സിലാകുന്നുണ്ട്: "... എന്‍റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്? മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങ് ദര്‍ശിക്കുന്നത്?"(10: 6-7). വരാപ്പുഴയിലെ ശ്രീജിത്തിനെ കൊലപ്പെടുത്തിയ പോലീസുകാരന്‍റെ നിലവാരമേയുള്ളോ ദൈവത്തിന്? ജോബിന്‍റെ ഈ ചോദ്യത്തോടെ സഹായിക്കാന്‍ വന്നവര്‍ അയാളെ കടന്നാക്രമിക്കുന്നതു സോഫാറിന്‍റെ പ്രസംഗത്തില്‍ കാണാം: "... ഏറെപ്പറഞ്ഞാല്‍ ന്യായീകരണമാകുമോ? .... നിന്‍റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചു മാത്രമേ ദൈവം നിന്നില്‍ നിന്ന് ഈടാക്കിയിട്ടുള്ളൂ എന്നു മനസ്സിലാക്കുക" (11: 2,6).
അനുകമ്പയുമായി വന്ന ആ മൂവരെ ആരോ പണം ചൊരിയുന്നവരാക്കിത്തീര്‍ത്തത് അവരുടെ ദൈവശാസ്ത്രമാണ്. പത്തു നീതിമാന്മാരെങ്കിലും സോദോം നഗരത്തില്‍ ഉണ്ടെങ്കില്‍ അതിനെ നശിപ്പിക്കില്ലെന്നു പറയുന്ന ദൈവമാണ് ഉല്‍പത്തി പുസ്തകത്തിലുള്ളത് (ഉല്‍പ. 18: 16-32). നല്ലവനായി ഒരൊറ്റയാളെങ്കിലും ഉണ്ടെങ്കില്‍ ദേശത്തെ ശിക്ഷിക്കില്ലെന്നു പറയുന്ന ദൈവമാണ് എസെക്കിയേല്‍ പ്രവാചകന്‍റേത് (എസെ. 22: 30-31). എന്നിട്ടും സോദോം നശിപ്പിക്കപ്പെടുകയും ദേശം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനു കാരണം ദൈവത്തിന്‍റെ അനീതിയല്ല, അവരുടെ അകൃത്യമാണ് എന്നാണല്ലോ ഈ രണ്ടു വേദഭാഗങ്ങളും സൂചിപ്പിക്കുന്നത്. ഈ സൂചനയാണ് ജോബിന്‍റെ സ്നേഹിതന്മാര്‍ ദൈവശാസ്ത്രമായി അവരുടെ പ്രഭാഷണങ്ങളില്‍ വികസിപ്പിക്കുന്നത്. ആ ദൈവശാസ്ത്രമാണ് ജോബ് കുറ്റക്കാരനാണെന്ന വിധിതീര്‍പ്പിലേക്ക് അവരെ എത്തിക്കുന്നതും.
പഠിച്ചു പതിഞ്ഞുപോയ പ്രമാണം വച്ചാണ് ആ പ്രഭാഷകര്‍ ജോബിനെ വിശകലനം ചെയ്യുന്നത്. ജോബിനു പക്ഷെ അതിനാകില്ല. കാരണം അയാള്‍ വേദന തിന്നുന്നവനാണ്. ആ വേദനയുടെ മുകളിലേക്ക് ഏതോ ഒരു പാപത്തിന്‍റെ ഭാരം കൂടി വച്ചു കെട്ടാന്‍ അയാള്‍ക്കു സമ്മതമല്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ട്. "ഞാന്‍ സര്‍വ്വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്." (13: 3). വാദപ്രതിവാദങ്ങള്‍ക്കൊടുക്കം ദൈവം ജോബിനെ പുകഴ്ത്തുകയും മൂന്നു വചനപ്രഘോഷകരെ ശകാരിക്കുകയുമാണ്. എലിഫാസിനോടു ദൈവം പറയുന്നതു കേള്‍ക്കൂ: "എന്‍റെ ക്രോധം നിനക്കും നിന്‍റെ രണ്ടു സ്നേഹിതന്മാര്‍ക്കും എതിരേ ജ്വലിക്കുന്നു. എന്തെന്നാല്‍, നിങ്ങള്‍ എന്നെപ്പറ്റി ജോബിനെ പോലെ ശരിയായിട്ടല്ല സംസാരിച്ചത്" (42: 7). ദൈവം നീതിമാനാണെന്നു സ്ഥാപിക്കാന്‍ വേണ്ടി ജോബിനെ കുറ്റവാളിയാക്കിയ പ്രഭാഷകരെയാണ് ദൈവം ശകാരിക്കുന്നത് എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ജോബ് അഭിമുഖീകരിച്ചത് മൂന്നു പ്രഭാഷകരെയാണെങ്കില്‍ കേരളത്തിലെ വിശ്വാസിസമൂഹം കേള്‍ക്കേണ്ടി വരുന്നത് ഇത്തരത്തിലുള്ള മൂവായിരം പേരെയാണ്. ആ മൂവരെപോലെ ഇവര്‍ക്കും തങ്ങള്‍ പഠിച്ചുവച്ച ദൈവവചനത്തെക്കുറിച്ച് നൂറ്റൊന്ന് ശതമാനം ഉറപ്പാണ്: ദൈവത്തെ സ്നേഹിച്ചാല്‍ നന്മയേ ഉണ്ടാകൂ. പൗലോസ് പറഞ്ഞത് എങ്ങനെ തെറ്റാകാനാണെന്നാണ് ഇവരുടെ വാദം. ദൈവത്തിനും പൗലോസിനും തെറ്റു പറ്റാത്ത നിലയ്ക്ക് തെറ്റുചെയ്യാന്‍ സാധ്യതയുള്ള ഒരേയൊരാള്‍ വേദനിക്കുന്ന മനുഷ്യനാണല്ലോ. പ്രധാനമായും രണ്ടു തരം തെറ്റുകളാണ് ഇവര്‍ വിശ്വാസികളുടെ ചുമലില്‍ കെട്ടിവയ്ക്കുന്നത്.
1. പൂര്‍വ്വപിതാക്കന്മാരുടെ പാപം
ജോബിന്‍റെ ഉപദേശകര്‍ ജോബ് തെറ്റുകാരനാണെന്നു വാദിക്കുമ്പോള്‍ ഏതു തെറ്റാണു താന്‍ ചെയ്തതെന്നു തെളിയിക്കാനാണ് അയാള്‍ അവരെ വെല്ലുവിളിക്കുന്നത്. അത്തരം വെല്ലുവിളി ഭയന്നിട്ടാകണം ഇവിടുത്തെ ചില പ്രഘോഷകര്‍ ബുദ്ധിപൂര്‍വ്വം എല്ലാ തിന്മകളുടെയും ഉത്തരവാദിത്വം നമ്മുടെ മാതാപിതാക്കളിലോ, നമ്മുടെ അടുത്ത ബന്ധുക്കളിലോ ആരോപിക്കുന്നത്. ദൈവത്തെ സ്നേഹിച്ചിട്ടും ഒരാളുടെ ജീവിതത്തില്‍ തിന്മയാണ് ഉണ്ടാകുന്നതെങ്കില്‍ അതിനു കാരണം അയാളുടെ പൂര്‍വ്വ പിതാക്കന്മാരുടെ പാപമാണത്രേ.
തന്‍റെ ഒരേയൊരു സഹോദരന്‍ റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ധ്യാനത്തിനു പോയ ഒരു ചെറുപ്പക്കാരിയോട് ആ ധ്യാനകേന്ദ്രത്തിലെ ഉപദേശകന്‍ പറഞ്ഞത് ആ മരണത്തിനു കാരണം അവളുടെ ജീവിതത്തില്‍ സംഭവിച്ച ഒരിടര്‍ച്ചയാണെന്നാണ്. (ഈ ലേഖകനും നേരിട്ടു പരിചയമുള്ള വ്യക്തിയാണിത്). ജോബിന്‍റെ സ്നേഹിതരെപ്പോലെ, ആശ്വസിപ്പിക്കേണ്ടവര്‍ ആക്രോശിക്കുകയാണ്, വേദനിക്കുന്ന മനുഷ്യരുടെ നേരെ. ദൈവവചനം ഉപയോഗിച്ച് വേദനയെ വ്യാഖ്യാനിക്കുന്ന ഇവര്‍, വേദനയെ ഉപയോഗിച്ച് ദൈവവചനത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതേയില്ല.
ഈ സംഭവത്തിലെ ഉപദേശകന്‍റെ ദൈവത്തിന് ആരുടെ രൂപമാണ്? കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന പോലീസുകാരനും ഇത്തരം ദൈവവും ഒന്നു തന്നെ. ചെയ്ത തെറ്റിനും നല്കുന്ന ശിക്ഷയ്ക്കും ഇടയില്‍ സൂക്ഷിക്കേണ്ട അനുപാതം പോലും അറിഞ്ഞുകൂടാത്ത ഒരു ദൈവം! ഒരു സാധാരണ മനുഷ്യന്‍റെ പോലും നിലവാരമില്ലാത്തതാക്കി ദൈവത്തെ താഴ്ത്തുന്ന ഈ ഉപദേശകരോട് ജോബിന്‍റെ സ്നേഹിതരെ ശകാരിച്ച ദൈവം പൊറുക്കുമോ?
ആ യുവതിയുടെ സഹോദരന്‍ ബൈക്കില്‍ പോയപ്പോള്‍ എതിരേവന്ന കാറിടിച്ചാണ് അദ്ദേഹം മരിച്ചതെന്നു സങ്കല്‍പിക്കുക. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത് അതിന്‍റെ ഡ്രൈവര്‍ മദ്യപിച്ചതു കൊണ്ടാകണം. അയാള്‍ മദ്യപിക്കാന്‍ കാരണം അയാളുടെ ഭാര്യയുടെ ഡിപ്രഷനാകണം. അവള്‍ക്കു ഡിപ്രഷനുണ്ടായത് അവളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതുകൊണ്ടാകണം. അവളെ പിരിച്ചുവിടാന്‍ കാരണം അവളുടെ മാനേജരെ എന്തിനെങ്കിലും അവള്‍ എതിര്‍ത്തതാകണം... ഇതിങ്ങനെ എത്രവേണമെങ്കിലും പുറകോട്ടു കൊണ്ടുപോകാം. കൃത്യം ഒരു തിയതിക്ക് ഒരുവളെ ജോലിയില്‍ നിന്നു പുറത്താക്കി, ഒരു നിശ്ചിത കാലം അവളില്‍ ഡിപ്രഷനുണ്ടാക്കി, അങ്ങനെ അവളുടെ ഭര്‍ത്താവിനെ കുടിയനാക്കി, ഒരു പ്രത്യേക ദിവസം അയാളെക്കൊണ്ട് കാറോടിപ്പിച്ചു ബൈക്കില്‍ വന്ന ആ ചെറുപ്പക്കാരനെ ഇടിപ്പിച്ചു കൊല്ലിക്കുന്ന ദൈവത്തെ നിങ്ങളൊന്നു സങ്കല്പിച്ചു നോക്കൂ. എല്ലാം ഒരു യുവതിയുടെ ഒരിടര്‍ച്ചയ്ക്കു ശിക്ഷ നല്കാന്‍ വേണ്ടി മാത്രം! ഇത്തരം ദൈവം എത്ര വലിയ അസംബന്ധമാണ്! ധൂര്‍ത്തപുത്രന്‍റെ അപ്പന്‍റെ മുഖമുള്ള ദൈവത്തെ പരിചയപ്പെടുത്തിയ ഒരു യേശുവിനു സ്തോത്രം വിളിച്ചു പറഞ്ഞുതന്നെയാണ് ഈ അസംബന്ധം ധ്യാനകേന്ദ്രങ്ങളില്‍ വിളമ്പുന്നത് എന്നതാണ് ഏറ്റവും ഖേദകരം.
പൂര്‍വ്വപിതാക്കന്മാരുടെ പാപത്തിനു പരിഹാരം ചെയ്യാന്‍ പണംകൊണ്ടു മാത്രമേ സാധിക്കൂ എന്നതും ശ്രദ്ധേയമാണ്. എസെക്കിയേലും (18: 1-20) യേശുവും (യോഹ. 9: 2-3) തള്ളിക്കളഞ്ഞ ഈ പാപത്തെ ഇന്നാട്ടിലെ വചനപ്രഘോഷകര്‍ ഇത്രയും ഉയര്‍ത്തിപ്പിടിക്കുന്നതിനു പിന്നിലെ ഒരേയൊരു താത്പര്യം സാമ്പത്തികമാണെന്ന് അങ്ങനെ വ്യക്തമാകുന്നു. ജോബിന്‍റെ ഉപദേശകര്‍ ദൈവശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നത് അവരുടെ ദൈവത്തെ സംരക്ഷിക്കാനായിരുന്നു. നമ്മുടെ ഉപദേശകര്‍ സംരക്ഷിക്കേണ്ടതു ദൈവത്തെ മാത്രമല്ല, സ്വന്തം ഉദരവും ധ്യാനകേന്ദ്രങ്ങളുടെ വളര്‍ച്ചയുമൊക്കെയാണ്. അതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് പൂര്‍വ്വപിതാക്കന്മാരുടെ പാപം.
2. വിശ്വാസക്കുറവ്
തന്‍റെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ജോബ് ഉപദേശകരെ വെല്ലുവിളിക്കുന്നുണ്ട്. അവയേതെന്നു പറയാന്‍ ആദ്യമൊക്കെ അവര്‍ക്കാകുന്നില്ല. ആ വെല്ലുവിളിക്കുള്ള മറുപടി നമ്മുടെ ചില ഉപദേശകര്‍ കണ്ടെത്തിയിട്ടുണ്ട്. ദൈവത്തെ സ്നേഹിച്ചിട്ടും ഒരാള്‍ക്കു തിന്മയുണ്ടാകാന്‍ കാരണം അയാളുടെ വിശ്വാസക്കുറവാണ്! ആര്‍ക്കും അളന്നു തൂക്കി നോക്കാവുന്ന ഒന്നല്ലല്ലോ വിശ്വാസം. ആര്‍ക്കും അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കുകയാണ് ഇന്നാട്ടിലെ ഉപദേശകര്‍.
ഈ ലേഖകന്‍റെയടുത്ത് ഒരു ദരിദ്ര വൃദ്ധ പങ്കുവച്ച സങ്കടം പറയട്ടെ: അവരും അവരുടെ മകനും മാത്രമാണു വീട്ടില്‍. എന്നാല്‍ ഒരു നാള്‍ അമ്മയെ ഉപേക്ഷിച്ച് ആ മകന്‍ നാടുവിട്ടു. അങ്ങനെയിരിക്കെ, അന്നാട്ടില്‍ വന്ന ഒരു ധ്യാനഗുരുവിനോട് ആ വൃദ്ധ തന്‍റെ സങ്കടം അറിയിച്ചു. "ദൈവത്തോടു നന്നായി പ്രാര്‍ത്ഥിക്കൂ; മകന്‍ തിരിച്ചുവരും," ഗുരു ഉറപ്പു നല്‍കി. മാസങ്ങള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കു ശേഷവും മകന്‍ മടങ്ങിയെത്തിയില്ല. വീണ്ടും ഇതേ ഗുരുവിനെ എങ്ങനെയോ കാണാനിടയായി. അമ്മ അദ്ദേഹത്തിന്‍റെ മുമ്പില്‍ കണ്ണീരൊഴുക്കി: "അച്ചന്‍ പറഞ്ഞതുപോലെ പ്രാര്‍ത്ഥിച്ചിട്ടും മകന്‍ വന്നില്ലല്ലോ." അപ്പോള്‍ ആ പുരോഹിതന്‍റെ മറുപടി ഇങ്ങനെയായിരുന്നത്രേ: "മകന്‍ വന്നില്ലേ? അമ്മ നല്ല വിശ്വാസത്തോടെയായിരിക്കില്ല പ്രാര്‍ത്ഥിച്ചത്. കൂടുതല്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കൂ; മകന്‍ വരും." ധ്യാനഗുരുവിനെ കാണുന്നതുവരെ ആ വൃദ്ധയ്ക്ക് ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ: മകനില്ല. ഇപ്പോള്‍ പ്രശ്നം ഇരട്ടിച്ചിരിക്കുകയാണ്: മകനുമില്ല, വിശ്വാസവും ഇല്ല. വിയര്‍ക്കുന്നവരെയും നുകമേറ്റവരേയും ആശ്വസിപ്പിച്ചു നടന്ന ക്രിസ്തുവും ഈ ധ്യാനഗുരുവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, ആവോ? ജോബിന്‍റെ സുഹൃത്തുക്കള്‍ അവര്‍ക്കുപോലും മനസ്സിലാക്കാനാവാത്ത ഏതോ പാപത്തിന്‍റെ ഭാരം ജോബില്‍ കെട്ടിവച്ചതിന്‍റെ തനിയാവര്‍ത്തനങ്ങള്‍ എവിടെയും നടന്നുകൊണ്ടിരിക്കുന്നു. രോഗം മാറാത്തതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും രോഗിയുടെ മുകളില്‍ കെട്ടിവയ്ക്കുകയാണ് ഇത്തരം വൈദ്യന്മാര്‍. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്നു പരസ്യപ്പെടുത്തിയിരിക്കുന്നത് ധ്യാനകേന്ദ്രങ്ങളാണ്. അപ്പോള്‍ ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം അത്തരം കേന്ദ്രങ്ങള്‍ക്കു തന്നെയാണ്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ആര്‍ജ്ജവത്വം കാണിക്കുമോ ഇവിടത്തെ ധ്യാനകേന്ദ്രങ്ങളും അവയിലെ ഗുരുക്കന്മാരും?
പൗലോസ് വിവക്ഷിക്കുന്ന നന്മ
പൗലോസ് റോമാ 8: 28ല്‍ പറഞ്ഞതിന്‍റെ ഉപരിപ്ലവമായ വായന കൊണ്ടാണ് കരുണാമസൃണനായ ദൈവത്തിന്‍റെ മുഖം വികൃതമാക്കപ്പെടുന്നത് എന്നു സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹം വിവക്ഷിക്കുന്ന 'നന്മ' ഏതെന്നുള്ള അന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമാകുന്നു.
റോമ 8: 35 ല്‍ നാം ഇങ്ങനെ വായിക്കുന്നു: "ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെ പ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപോലെ കരുതപ്പെടുകയും ചെയ്യുന്നു.... ധഒന്നിനുംപ ... ദൈവസ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്കുറപ്പുണ്ട്." നരകതുല്യമായ അനുഭവമുണ്ടായാലും താന്‍ ദൈവത്തോട് ഒപ്പമായിരിക്കും എന്നാണല്ലോ പൗലോസ് ആണയിട്ടു പറയുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയായിരുന്നു താനും. അദ്ദേഹത്തിന് അഞ്ചു തവണ മുപ്പത്തൊന്‍പത് അടി വീതം കിട്ടിയിട്ടുണ്ട്; മൂന്നു തവണ കപ്പലപകടത്തില്‍ പ്പെട്ടിട്ടുണ്ട്; ഒരിക്കല്‍ കല്ലെറിയപ്പെട്ടിട്ടുണ്ട്; പല പ്രാവശ്യം റോഡിലും നദിയിലും വച്ച് കൊള്ളക്കാരും സ്വന്തക്കാരും ഒക്കെ ആക്രമിച്ചിട്ടുണ്ട്; അനേകം അവസരങ്ങളില്‍ വിശപ്പും തണുപ്പും ജയിലും അനുഭവിച്ചിട്ടുണ്ട് (2കോറി. 11: 23-29). കഴുത്തു പോകുന്നതു വരെ കനല്‍വഴികളിലൂടെ തന്നെയായിരുന്നു ആ യാത്ര. ഇവിടുത്തെ പല വചനപ്രഘോഷകരും പറയുന്ന കണക്കുള്ള ഏതെങ്കിലും നന്മ ആ ജീവിതത്തില്‍ സംഭവിച്ചു എന്നതിന് ഒരു തെളിവുപോലുമില്ല. എന്നിട്ടും തന്നെ ആവേശിച്ച ആ ക്രൂശിതനു വേണ്ടി അദ്ദേഹം ഓടിക്കൊണ്ടേയിരുന്നു. അപ്പോള്‍ പൗലോസ് ഉദ്ദേശിച്ച നന്മ എന്താകാം? നാഥനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്താല്‍ നാഥന്‍റെ നെഞ്ചിലൊരിടം - അതാണു നന്മ. അതു മാത്രമാണ് അദ്ദേഹത്തെ സംബന്ധിച്ചു പരമനന്മ. ആ ഇടം കണ്ടെത്താന്‍ ഏതറ്റം വരെയും പോകാന്‍ ആ മനുഷ്യന്‍ തയ്യാറുമായിരുന്നു.
പത്രോസിന്‍റെ കാര്യവും പൗലോസിന്‍റേതിനു സമാനമാണല്ലോ. ക്രിസ്തു പറഞ്ഞതനുസരിച്ച് വല വിരിച്ച് വല നിറയെ മീന്‍ കിട്ടിയവന്‍ "ക്രിസ്തു = അനുഗ്രഹം" എന്ന സമവാക്യമൊക്കെ മനസ്സില്‍ രൂപപ്പെടുത്തിയിട്ടുണ്ടാകണം. എന്നാല്‍ കാലിത്തൊഴുത്തില്‍ ജനിച്ച്, കാലുകഴുകി, കാല്‍വരി കയറിയവന്‍റെ പിറകേ നടന്നുനടന്ന് "ക്രിസ്തു = വെല്ലുവിളി" എന്ന തിരിച്ചറിവിലേക്ക് അയാള്‍ സാവധാനം ചെന്നെത്തുകയാണ്. ആ വെല്ലുവിളിക്ക് ജീവിതംകൊണ്ട് ഒടുക്കം പ്രത്യുത്തരം നല്കുകയും ചെയ്തു.
പൗലോസ്, പത്രോസ്, മറ്റു ശിഷ്യന്മാര്‍, മറിയം, ജോസഫ്, ആദിമസഭയിലെ അനേകര്‍..... ക്രൂശിതനു വേണ്ടി സ്വന്തം ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം സഹിച്ചവരാണ് ഇവര്‍. അവനെ സ്നേഹിച്ചതിന് ഇവര്‍ക്കു നിരത്താനുള്ള തെളിവുകള്‍ സ്വന്തം മുറിവുകളാണ്. അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ വേദനകളും മുറിവുകളും പൊള്ളലുകളും നമ്മുടെയോ മറ്റാളുകളുടെയോ പാപത്തിന്‍റെയോ വിശ്വാസമില്ലായ്മയുടെയോ ഫലമൊന്നുമല്ല. ദൈവം ഒരുവനെ ആത്യന്തികമായി വിളിച്ചു കൊണ്ടുപോകുന്നത് അവന്‍റേതു കണക്കുള്ള ഒരു മരണത്തിലേക്കു തന്നെയാണെന്നുള്ള ഡീട്രിച്ച് ബൊനോഫറുടെ വാക്കുകള്‍ നെഞ്ചില്‍ കുറിച്ചു വയ്ക്കൂ. കണ്‍മുമ്പില്‍ ഇരുട്ടു നിറയുമ്പോഴും ഇന്നലെ കണ്ട സൂര്യനെ ധ്യാനിക്കാനാകുമോ എന്നതാണ് ശിഷ്യത്വത്തിന്‍റെ പരമമായ വെല്ലുവിളി.
ഈ ലേഖനം അവസാനിപ്പിക്കുന്നതിനു മുമ്പ് ഇവിടുത്തെ വചനപ്രഘോഷകരോട് ഒരു കാര്യം പറയട്ടെ. താന്‍ ക്രിസ്തുവിനൊപ്പം നിന്നു എന്നതിനു തെളിവായി പൗലോസ് നിരത്തുന്നത് സ്വന്തം മുറിവുകളാണ്. നിങ്ങളെന്തുകൊണ്ടാണ് നിങ്ങളുടെ വിജയങ്ങളും നിങ്ങള്‍ ചെയ്ത അത്ഭുതങ്ങളും ഇത്രമാത്രം മൈക്കിലൂടെ വിളിച്ചുപറയുന്നത്? സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയ ഒരു ദൈവത്തെക്കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും വിജയങ്ങള്‍ ആഘോഷിക്കാനാകുന്നത്?