

ഫെബ്രു. 2 സമര്‍പ്പിതദിനം
പുതുവത്സരത്തിന്‍റെ പ്രതീക്ഷകളും ആരവങ്ങളും കടന്നു ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്കും ആനന്ദങ്ങളിലേക്കും നാം കടക്കുകയാണ്. Well begun is half done എന്നാണല്ലോ ചൊല്ല്. പ്രത്യാശകളും നന്മകളും നാം പരതുമ്പോഴും പുത്തനാണ്ടിന്‍റെ ആദ്യമാസം കടന്നുപോകുന്നതു കാലുഷ്യത്തിന്‍റെ തിരകളെ ചുറ്റുമുയര്‍ത്തിയാണ്. പുതിയ വകഭേദങ്ങളായി കോവിഡ് മഹാമാരി ആരോഗ്യവിചാരങ്ങളെയാകെ കലുഷിതമാക്കുന്ന തോടൊപ്പം നിയന്ത്രണങ്ങളുടെയും അടച്ചിടലിന്‍റെയും ഭീതി സാമ്പത്തിക മേഖലയിലടക്കം പടര്‍ത്തുകയും ചെയ്യുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഉണര്‍ന്നു തുടങ്ങിയ കലാലയങ്ങള്‍ അടച്ചുപൂട്ടലിന്‍റെ ആധിയാല്‍ നിറയുന്നതിനു മാത്രമല്ല രക്തക്കറയാല്‍ നനയുന്നതിനും പുത്തനാണ്ടിന്‍റെ ആദ്യ മാസം സാക്ഷിയായി. കെ റെയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ വിചാരണകളുമെല്ലാം സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിവാദങ്ങളുടെ അലയടികളുയര്‍ത്തുന്നു.
