

കലയും കാഴ്ചയും മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ ഉല്പത്തിക്കു മുമ്പുതന്നെ ജീവിലോകം കാഴ്ചയുടെ വലിയ സൗഭാഗ്യം ആസ്വദിച്ചു തുടങ്ങിയിരുന്നു. സസ്യങ്ങളെയും ഇതര ജീവജാലങ്ങളെയും വേര്‍തിരിക്കുന്ന ഒരു പ്രധാനഘടകവും 'കാഴ്ച'യാണ്. ഈ കാഴ്ചയുടെ വര്‍ണ്ണപ്രപഞ്ചമാണ് മനുഷ്യനെ കലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി.
എന്താണ് 'കല' എന്നത് ഇവിടെ വളരെ പ്രസക്തമാകുന്നു. 'കല' എന്നതിനു കാലാകാലങ്ങളായി അനേകം നിര്‍വചനങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ നിത്യജീവിതവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ നാം ജീവിക്കുന്നതുതന്നെ കലകള ിലൂടെയാണ് എന്നു ബോധ്യമാവും. ആദിമ മനുഷ്യന്‍ മുതല്‍ ഇന്നു നാം എത്തിനില്‍ക്കുന്ന അതിസാങ്കേതിക ജീവിതംവരെ പരിശോധിച്ചാല്‍, ദൈനംദിന ജീവിതത്തില്‍ നമ്മള്‍ നടത്തുന്ന എല്ലാ തിരഞ്ഞെടുക്കലുകളും നമ്മിലെ ക്രിയാത്മകതയല്ലേ പ്രതിഫലിപ്പിക്കുന്നത്. ഇതേ ക്രിയാത്മകതയുടെ ദൃശ്യരൂപത്തിനെ തന്നെയല്ലേ സാമാന്യഭാഷയില്‍ നാം 'കല' എന്നു വിശേഷിപ്പിക്കുന്നത്.
കലയുടെ വിവിധ തലങ്ങള്‍
കല അഥവാ 'ആര്‍ട്ട്' എന്നതു വിവിധങ്ങളായ സങ്കേതങ്ങളെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ്. ഇതിനെ പ്രധാനമായും മൂന്നു മേഖലകളായി തിരിക്കാം.
1. Liberal Arts (സ്വതന്ത്രകല/ഉദാരകല)
സ്വതന്ത്രമായി നില്‍ക്കാന്‍ സാധിക്കുന്നതും അതില്‍ത്തന്നെ പൂര്‍ണ്ണത കണ്ടെത്താവുന്നതുമായ കലാവൈജ്ഞാനിക മേഖലകളെ ലിബറല്‍ ആര്‍ട്ട്സ് എന്നു വിവക്ഷിക്കാം. സാധാരണയായി നാം വിദ്യാഭ്യാസപരമായി സമീപിക്കുന്ന വിജ്ഞാനശാഖകളെല്ലാം ഈയൊരു ഗണത്തില്‍ വരുന്നു. ഉദാ: ഭൂമിശാസ്ത്രം, ചരിത്രം, ഗണിതശാസ്ത്രം...
