"ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കില്‍ അതുകൊണ്ട് നമുക്ക് തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍ ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളില്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്" (1തിമോ. 6: 6-10).
വി. പൗലോസിന്‍റേതായി സഭ അംഗീകരിച്ചിട്ടുള്ള 13 ലേഖനങ്ങളാണ് ബൈബിളില്‍ ഉള്ളത്. ഹെബ്രായര്‍ക്കുള്ള ലേഖനം പൗലോസ് എഴുതിയതായി ഒരു കാലത്ത് കരുതപ്പെട്ടിരുന്നെങ്കിലും ആധുനിക ബൈബിള്‍ ഗവേഷണങ്ങള്‍ നല്കുന്ന അറിവുകളുടെ പശ്ചാത്തലത്തില്‍ ആ ലേഖനം പൗലോസിന്‍റേതായി ഇന്ന് പരിഗണിക്കപ്പെടുന്നില്ല. ഈ പതിമൂന്നു ലേഖനങ്ങളില്‍ എട്ടെണ്ണം (റോമാ 1-2, കോറി; ഗലാ; ഫിലി; 1-2 തെസ, ഫിലെ) പൗലോസ് തന്നെ എഴുതിയതോ പറഞ്ഞു കൊടുത്ത് എഴുതിച്ചതോ ആണെന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനാല്‍ ഇവയെ പ്രോട്ടോ പോളൈന്‍ ലേഖനങ്ങള്‍ എന്ന് ബൈബിള്‍ പഠിതാക്കള്‍ വിശേഷിപ്പിക്കുന്നു. ശേഷിക്കുന്ന അഞ്ചെണ്ണം (എഫേ, കൊളോ; 1-2 തിമോ; തിത്തോ) ഡ്യുറ്റൈറോ പോളൈന്‍ ലേഖനങ്ങളെന്നും രണ്ടാമത്തെ വിഭാഗത്തെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ആണ് ഈ വിശേഷണം. എന്നാല്‍ ഈ 13 ലേഖനങ്ങളും പൗലോസിന്‍റേതു തന്നെ എന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. അതിനാല്‍ സാമൂഹ്യനീതിയെക്കുറിച്ചുള്ള പൗലോസിന്‍റെ വീക്ഷണം അന്വേഷിക്കുമ്പോള്‍ ഈ ലേഖനങ്ങളെല്ലാം തുല്യപ്രാധാന്യത്തോടെ പരിഗണിക്കണം.
പഠനവിഷയത്തിലേക്കു വെളിച്ചം വീശുന്ന ഒരു സംക്ഷിപ്ത വിവരണം ആണ് ആരംഭത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. മെത്രാനായി പൗലോസ് തന്നെ അഭിഷേകിച്ച് നിയോഗിച്ച പ്രേഷ്ഠശിഷ്യന്‍ തിമോത്തിക്ക് എഴുതിയ ആദ്യ ലേഖനത്തില്‍ സഭാ ശ്രേഷ്ഠന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്നു. അവയില്‍ സുപ്രധാനമായ ഒന്നാണ് സാമൂഹിക - സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍. മറ്റു ക്രിസ്തീയ സമൂഹങ്ങളില്‍ എന്ന പോലെ തിമോത്തിയെ ശുശ്രൂഷകള്‍ക്കായി ഏല്പിച്ചിരിക്കുന്ന സമൂഹങ്ങളിലും പല തരത്തിലുള്ള ഭിന്നതകളും തര്‍ക്കങ്ങളും നിലവില്‍ വന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായി പൗലോസ് കാണുന്നത് സാമ്പത്തിക കാര്യങ്ങളില്‍ കടന്നുവന്ന ഉച്ചനീചത്വങ്ങളും അനീതികളും ആണ്. ഇവയ്ക്കെല്ലാം മൂല കാരണം ആയി പൗലോസ് ധനമോഹത്തെ എടുത്തു കാട്ടുന്നു. "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം" (1തിമോ. 6: 10).
ഈ ഭൂമിയും അതിലെ വിഭവങ്ങളും എല്ലാ മനുഷ്യരുടെയും മററു ജീവജാലങ്ങളുടെയും ജീവ സന്ധാരണത്തിനായി ദൈവം സൃഷ്ടിച്ച് സൗജന്യമായി നല്കിയിരിക്കുന്നു എന്ന ബൈബിളിന്‍റെ പൊതുവായ പ്രബോധനത്തില്‍ ഊന്നിനിന്നാണ് അപ്പസ്തോലന്‍ എഴുതുന്നത്. ഇവിടെ എല്ലാവര്‍ക്കും ജീവിക്കണം, പൂര്‍ണ്ണതയിലേക്കു വളരണം. ഇതു ദൈവം തന്നെ നല്കിയിരിക്കുന്ന, ഉടമ്പടിയുടെ പ്രമാണങ്ങളിലൂടെ ഉറപ്പു വരുത്തിയിരിക്കുന്ന അവകാശമാണ്; അതോടൊപ്പം കടമയും. യേശുവില്‍ പൂര്‍ത്തിയായ പുതിയ നിയമം ഇതിന് ഊന്നല്‍ നല്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം "ധനമോഹം" എന്ന തിന്മയെ അപഗ്രഥിക്കാന്‍.
ഓരോരുത്തര്‍ക്കും അര്‍ഹമായതു നല്കാന്‍ സാമൂഹ്യനീതി ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യരുടെയും ജീവജാലങ്ങളുടെയും അവകാശങ്ങള്‍ ഇവിടെ പരിഗണിക്കപ്പെടണം; നിറവേറ്റപ്പെടണം. അര്‍ഹമായതു ലഭിക്കാതിരിക്കുന്നതും അനര്‍ഹമായതു സ്വന്തമാക്കുന്നതും അനീതിയത്രെ. അര്‍ഹമായവ അനേകര്‍ക്കു ലഭിക്കാതിരിക്കാന്‍ മുഖ്യ കാരണം ചുരുക്കം പേര്‍ അനര്‍ഹമായതു സ്വരുക്കൂട്ടുന്നതാണ്. പരിമിതമായ വിഭവങ്ങള്‍ ചുരുക്കം പേര്‍ വാരിക്കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അനേകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ഇപ്രകാരം അനേകരെ അനീതിക്ക് ഇരയാക്കുന്നത് ധനമോഹമാണെന്നും എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം അതുതന്നെയെന്നും അപ്പസ്തോലന്‍ സമര്‍ത്ഥിക്കുന്നു.
മതി എന്നു പറയാന്‍ പഠിപ്പിക്കുകയാണ് നീതിയിലേക്കുള്ള പാതയില്‍ ആദ്യത്തെ പടി. വിശപ്പടക്കാന്‍ ആഹാരവും നഗ്നത മറയ്ക്കാനും തണുപ്പകറ്റാനും വേണ്ട വസ്ത്രവും ഉണ്ടെങ്കില്‍ മതി എന്നു പറയാന്‍ പഠിക്കണം. (1തിമോ. 6: 8). ഇത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കണം എന്നു ശഠിക്കേണ്ടതില്ല. മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍ എന്നു കരുതിയാല്‍ മതിയാവും. ഈ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വക ഭൂമിയില്‍ കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിയും; കഴിയണം. അതിന് ആവശ്യമായ മനോഭാവങ്ങളും ജീവിത ശൈലികളും, അവ ഉറപ്പു വരുത്താന്‍ വേണ്ട നിയമങ്ങളും രൂപപ്പെടണം. ഈ പ്രക്രിയയില്‍ ധനമോഹം തടസ്സമായി നില്‍ക്കുന്നു. തനിക്കുള്ള അവകാശങ്ങളുടെ പരിമിതികളും അന്യരുടെ അവകാശങ്ങളും അംഗീകരിക്കാതെ കഴിയുന്നത്ര സമ്പാദിക്കാന്‍ ശ്രമിക്കുന്നതാണ് ധനമോഹം.
ഭാവി സുരക്ഷിതമാക്കുക, സമൂഹത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ നേടുക, മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വലിയവനായി തീരുക തുടങ്ങി അനേകം ലക്ഷ്യങ്ങളുണ്ടാകാം ധനമോഹത്തിനു പിന്നില്‍. എന്നാല്‍ ഭൗതിക സമ്പത്ത് എത്ര ലഭിച്ചാലും മനുഷ്യന്‍ അതുകൊണ്ടു മാത്രം സംതൃപ്തനാവുകയില്ല എന്നതിന് ചരിത്രം സാക്ഷി. ഒരു പക്ഷേ ഇന്നത്തേതു പോലെ ധനമോഹം മനുഷ്യനെ കീഴടക്കുകയും ഉച്ചനീചത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ധനം ചുരുക്കം കൈകളില്‍ ഒതുങ്ങുകയും ചെയ്ത ഒരു കാലം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കുന്നവര്‍ ഉണ്ട്.
ധനവാന്‍ പ്രത്യക്ഷത്തില്‍ സ്വതന്ത്രനും അധികാരമുള്ളവനും മാന്യനും ആയി കാണപ്പെടാമെങ്കിലും യഥാര്‍ത്ഥത്തില്‍ ധനത്തിന്‍റെ തന്നെ അടിമയാണെന്ന കാര്യം ബൈബിള്‍ എടുത്തുകാട്ടുന്നുണ്ട്. ധനം മനുഷ്യനെ ദൈവത്തില്‍ നിന്നും അയല്ക്കാരില്‍ നിന്നും അകറ്റി, സ്വാര്‍ത്ഥതയുടെ ഏകാന്ത തടവറയില്‍ അടച്ചിടുന്നു. ഉപ്പുവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലുള്ള ഒരു വിരോധാഭാസമാണ് ധനാര്‍ജ്ജനത്തിലൂടെ സുരക്ഷിതത്വം തേടുന്നത്. മനുഷ്യന് ആവശ്യമായ ഉപഭോഗ വസ്തുവും ക്രയവിക്രയ മാധ്യമവും എന്ന നിലയില്‍ നിന്ന് ധനം ആധിപത്യം സ്ഥാപിക്കുന്ന ഒരു ശക്തിയായി പരിണമിക്കുന്നു. ഇവിടെയാണ് ധനമോഹത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവവും അതു വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും പ്രകടമാകുന്നത്.
യേശുവിന്‍റെ പ്രബോധനങ്ങളില്‍ മനുഷ്യന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന പൈശാചിക ശക്തിയാണ് ധനം. ധനസമ്പാദനത്തിനുള്ള വ്യഗ്രതയെ വിഗ്രഹാരാധന ആയിട്ടാണ് യേശു അവതരിപ്പിച്ചത്. മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വിധേയത്വവും ആരാധനയും ആവശ്യപ്പെടുന്ന വിഗ്രഹമായി ധനം കരുതപ്പെടുന്നു. അതുകൊണ്ടാണല്ലോ "ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല" (ലൂക്കാ 16: 13) എന്നു പഠിപ്പിച്ചത്. ഇവിടെ ദൈവത്തിനു പകരം ആരാധന ആവശ്യപ്പെടുന്ന വിഗ്രഹമായി അവതരിപ്പിക്കുന്ന ധനത്തെ "മാമ്മോന്‍" എന്നാണ് യേശു (മത്താ. 6: 24) വിശേഷിപ്പിക്കുന്നത്. അപ്പോള്‍ ധനം അഥവാ സമ്പത്ത് ഒരു ക്രയവിക്രയ മാധ്യമമോ ഭാവി സുരക്ഷിതമാക്കുന്ന നിക്ഷേപമോ എന്നതില്‍ കവിഞ്ഞ് ദൈവവിരോധിയും ദൈവത്തിന് അര്‍ഹമായ അനുസരണവും ആരാധനയും അവകാശപ്പെടുന്ന ഒരു വ്യക്തിയും ആയി മാറുന്നു. "മാമ്മോന്‍" എന്നത് സാത്താന്‍റെ തന്നെ പര്യായമാണെന്നതും മറക്കാതിരിക്കാം.
ഈ വീക്ഷണമാണ് പൗലോസ് തന്‍റെ ലേഖനങ്ങളില്‍ പലേടത്തായി അവതരിപ്പിക്കുന്നത്. അതില്‍ ഏറ്റം വ്യക്തമായതു കൊളോസിയര്‍ക്കെഴുതിയ ലേഖനത്തില്‍ കാണാം. ക്രിസ്തുവിശ്വാസികള്‍ പാലിക്കേണ്ട ജീവിതനിയമങ്ങള്‍ സമ്യക്കായി അവതരിപ്പിക്കുന്നതിന് ഇടയിലാണ് ദ്രവ്യാഗ്രഹത്തെക്കുറിച്ചുള്ള പരാമര്‍ശം. വിശ്വാസസത്യങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ക്രിസ്തീയ ജീവിതത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നത്. "ആകയാല്‍ നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം - അസന്മാര്‍ഗ്ഗികത, അശുദ്ധി, മനക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിന്‍" (കൊളോ. 3: 5). ദൈവകോപം വിളിച്ചു വരുത്തുന്ന തിന്മകളാണ് ഇവയെല്ലാം എന്ന് അപ്പസ്തോലന്‍ തുടര്‍ന്ന് അനുസ്മരിക്കുന്നു.
അവശ്യം ഒഴിവാക്കേണ്ട, അഥവാ നശിപ്പിക്കേണ്ട അഞ്ചു തിന്മകളുടെ പട്ടികയില്‍ അവസാനത്തേതാണ് ദ്രവ്യാഗ്രഹം. പല കാര്യങ്ങള്‍ പട്ടികയായി നിരത്തുമ്പോള്‍ പട്ടികയുടെ ആരംഭത്തിലും അതിലുപരി അവസാനത്തിലും അവതരിപ്പിക്കുന്നവയ്ക്ക് ഊന്നല്‍ നല്കുന്നതായി കാണാം. അതിനാല്‍ ക്രിസ്തുശിഷ്യര്‍ അവശ്യം ഒഴിവാക്കേണ്ട ഏറ്റം വലിയ തിന്മയാണ് ദ്രവ്യാഗ്രഹം അഥവാ ധനമോഹം. കാരണം ദൈവത്തിനു പകരം ധനത്തെ ആരാധിക്കലാണത്.
ഇസ്രായേല്‍ ജനവുമായി സീനായ് മലയില്‍ വച്ച് ദൈവം ചെയ്ത ഉടമ്പടിയുടെ ആദ്യത്തേതും ഏറ്റം അടിസ്ഥാനപരവും ആയ പ്രമാണമാണ് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നത്. "ദാസ്യ ഭവനമായ ഈജീപ്തില്‍ നിന്ന് നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്" (പുറ. 20: 1-3). ഇതിന്‍റെ തന്നെ വിശദീകരണമായി വേണം തുടര്‍ന്നു വരുന്ന വിഗ്രഹനിര്‍മ്മാണത്തിനുള്ള വിലക്ക് കാണാന്‍. ഇതിന്‍റെ പ്രാധാന്യം എടുത്തു കാട്ടാനായി വിഗ്രഹ വിലക്ക് രണ്ടാം പ്രമാണമായി കാണുന്നവര്‍ ഉണ്ട്. എന്നാല്‍ ദൈവത്തെ ആരാധിക്കണം, വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന കല്പനയും വിലക്കും ഒരേ കാര്യം വ്യക്തമാക്കുന്നതാണെന്നതില്‍ സംശയമില്ല. അപ്പോള്‍ എന്താണ് വിഗ്രഹം, എന്താണ് വിഗ്രഹാരാധന എന്ന ചോദ്യം ഉയരുന്നു.
പ്രമാണത്തിന്‍റെ അവതരണത്തില്‍ കാണുന്ന വൈരുദ്ധ്യം തന്നെ ഉത്തരം കണ്ടെത്താന്‍ സഹായിക്കും. ആരാണ് ദൈവം എന്ന് ആദ്യമേ നിര്‍വ്വചിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചവനാണ് ഇസ്രായേല്‍ ആരാധിക്കാന്‍ കടപ്പെട്ടിരിക്കുന്ന, കര്‍ത്താവ് (യാഹ്വേ) എന്ന പേരില്‍ അറിയപ്പെടുന്ന ദൈവം. ആ ദൈവമാണ് ജനത്തിനു മോചനം നല്കുന്നതും സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതും. ദൈവം നല്കുന്ന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഈ പ്രമാണങ്ങള്‍ അനുസരിച്ചേ മതിയാകൂ. വിമോചകനല്ലാത്ത പ്രത്യയശാസ്ത്രമോ, ആശയാദര്‍ശങ്ങളോ എന്തുമാകട്ടെ, ആരാധിച്ചാല്‍ ആരാധിക്കുന്നവന്‍ അതിന്‍റെ അടിമയായി തീരും.
എന്താണ് ആരാധന എന്ന ചോദ്യവും പ്രസക്തമാണ്. സ്തുതിക്കുക, പുകഴ്ത്തുക, കീര്‍ത്തനങ്ങള്‍ ആലപിക്കുക, ധൂപാര്‍ച്ചന നടത്തുക, ബലി അര്‍പ്പിക്കുക എന്നിങ്ങനെ അനേകം ആചാരാനുഷ്ഠാനങ്ങള്‍ ആരാധനയുടെ ബാഹ്യപ്രകടനങ്ങള്‍ ആണ്. എന്നാല്‍ ഇതൊന്നുമല്ല ആരാധന. ആത്മസമര്‍പ്പണമാണ് ആരാധനയുടെ കാതല്‍. നീയാണ് എന്‍റെ ഉറവിടവും ലക്ഷ്യവും; ഞാനും എനിക്കുള്ളതും നിന്‍റെ ദാനം മാത്രമാണ്; എന്നെയും എനിക്കുള്ള സകലതിനെയും ഞാന്‍ നിനക്ക് അടിയറവയ്ക്കുന്നു. നീയാണെന്‍റെ നാഥന്‍. നിന്നില്‍ മാത്രമാണ് എനിക്കു ജീവനും നിലനില്‍പ്പും സ്ഥായിയായ സന്തോഷവും. ഇപ്രകാരം ഒരു മനോഭാവവും വിധേയത്വവും ആണ് ആരാധനയുടെ അന്തഃസത്ത. ഇതു പ്രകടമാക്കുന്നതാണ് ബാഹ്യാചാരങ്ങളെല്ലാം.
ഇപ്രകാരം ഒരു ആരാധന ആര്‍ക്കു സമര്‍പ്പിക്കുന്നുവോ അയാള്‍ക്ക് അല്ലെങ്കില്‍ അതിന് ആരാധകര്‍ സ്വയം അടിമയാകുന്നു. എന്നാല്‍ ദൈവം ആരെയും അടിമയാക്കുന്നവന്‍ അല്ല. വിടുതല്‍ നല്കുന്നവനാണ് ഉടമ്പടിയുടെ ദൈവമായ കര്‍ത്താവ്. വിമോചകനായ ദൈവത്തെ ആരാധിക്കുന്നവന്‍ അതിനാല്‍ തന്നെ സ്വതന്ത്രനാകുന്നു. മറ്റാര്‍ക്കും, ഒന്നിനും, അവനെ അടിമയാക്കാന്‍ കഴിയുകയില്ല. ഈ അടിസ്ഥാന ബോധ്യത്തില്‍ നിന്നാണ് ദ്രവ്യാഗ്രഹത്തെക്കുറിച്ചുള്ള പൗലോസിന്‍റെ പ്രബോധനം ഉരുത്തിരിയുന്നത്. സത്യദൈവത്തെ ആരാധിക്കുന്നവര്‍ സ്വതന്ത്രരായിരിക്കും. ഇപ്രകാരം ഒരു സ്വാതന്ത്ര്യമാണ് ദൈവം യേശുവിലൂടെ നല്കുന്നത്. എന്തുകൊണ്ട് വിഗ്രഹാരാധന വിലക്കുന്നു എന്നതും ശ്രദ്ധയര്‍ഹിക്കന്നു. ദൈവം അസൂയാലു, അഥവാ അസഹിഷ്ണു ആണെന്നും മറ്റാരെയും ആരാധിക്കാന്‍ അനുവദിക്കുന്നില്ല എന്നും പറയുന്നത് ദൈവത്തിന്‍റെ സ്വാര്‍ത്ഥതയും നഷ്ടഭീതിയും ആയി വ്യാഖ്യാനിക്കുന്നവര്‍ ഉണ്ട്. ദൈവത്തിന് എന്തെങ്കിലും കുറവു വരും എന്ന ഭയമല്ല, തന്‍റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച്, തന്‍റെ ശ്വാസത്തില്‍ ജീവന്‍ നല്‍കി വളര്‍ത്തുന്ന മനുഷ്യന്‍ മറ്റെന്തിനെയെങ്കിലും ദൈവമായി ആരാധിക്കാന്‍ തുടങ്ങിയാല്‍ അവന്‍ അതിന്‍റെ അടിമയാകും, താന്‍ നിക്ഷേപിച്ച ദൈവിക ജീവന്‍ അവനു നഷ്ടപ്പെടും എന്ന യാഥാര്‍ത്ഥ്യമാണ് വിഗ്രഹാരാധന വിലക്കുന്നതിനു പിന്നിലുള്ളത്.
ഈ പശ്ചാത്തലത്തില്‍ മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റി അടിമത്വത്തിലേക്കു നയിക്കുകയും നിത്യ നാശത്തിലേക്കു തളളിയിടുകയും ചെയ്യുന്ന തിന്മയുടെ ശക്തിയാണ് ദ്രവ്യാഗ്രഹത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നു കാണാം. അതുകൊണ്ടാണ് ധനത്തെ വിഗ്രഹം (മാമ്മോന്‍) ആയും ധനമോഹത്തെ വിഗ്രഹാരാധനയായും ചിത്രീകരിക്കുന്നത്. അപ്പോള്‍ എന്താണ് ധനത്തിന്‍റെ ലക്ഷ്യം? അതെങ്ങനെ ഉപയോഗിക്കണം? ധനാര്‍ജ്ജനം തന്നെ പാപമാണെന്നു വരുമോ?
ധനമല്ല, മനുഷ്യനെ അടിമയാക്കുന്ന ആസ്തിയാണ് തിന്മയിലേക്കു നയിക്കുന്നത്. ദൈവം സൃഷ്ടിച്ച് സൗജന്യമായി നല്‍കുന്ന ഈ ഭൂമി തന്നെയാണ് ഏറ്റം വലിയ ധനം. ഭൂമിയില്‍ അധ്വാനിച്ച് ഉപജീവനത്തിന് ആവശ്യമായവ കണ്ടെത്താന്‍ എല്ലാവര്‍ക്കും അവകാശവും കടമയും ഉണ്ട് എന്ന് അപ്പസ്തോലന്‍ മിക്കവാറും എല്ലാ ലേഖനങ്ങളിലും അനുസ്മരിപ്പിക്കുന്നുണ്ട്. അധ്വാനിച്ച് ഉപജീവനം കഴിക്കണം. മാത്രമല്ല അധ്വാനത്തിന്‍റെ ഫലം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാവുകയും വേണം. അങ്ങനെ എല്ലാവര്‍ക്കും ജീവസന്ധാരണത്തിന് ആവശ്യമായവ കുറവു കൂടാതെ ലഭ്യമാകണം. സാമൂഹ്യ നീതിക്ക് അടിസ്ഥാനമായി പൗലോസ് അപ്പസ്തോലന്‍ നിര്‍ദ്ദേശിക്കുന്നതാണിത്. അധ്വാനിക്കുന്നവര്‍ക്ക് അര്‍ഹമായതു ലഭിക്കാതിരിക്കുന്നതും അധ്വാനിക്കാതെ അലസരായി കഴിയുന്നതും ഒരു പോലെ വര്‍ജ്ജിക്കേണ്ട തിന്മകളായി പൗലോസ് കരുതുന്നു. പൗലോസിന്‍റെ ആദ്യത്തെ ലേഖനമായി അറിയപ്പെടുന്ന, തെസലോനിക്കായിലെ സഭയ്ക്കെഴുതിയ ഒന്നാം ലേഖനം പ്രായോഗിക നിര്‍ദ്ദേശമായി അധ്വാനത്തിനുള്ള കടമ എടുത്തു കാട്ടുന്നുണ്ട്: "സ്നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍... സ്വന്തം കൈകൊണ്ട് അധ്വാനിക്കുവിന്‍" (1തെസ. 4: 10-11). ഇതൊക്കെ അപ്പസ്തോലന്‍ അവരെ നേരിട്ട് ഉദ്ബോധിപ്പിച്ചിരുന്നു എന്ന് തുടര്‍ന്ന് അനുസ്മരിപ്പിക്കുന്നു.
എന്നാല്‍ കര്‍ത്താവിന്‍റെ രണ്ടാം വരവ് ഉടനെയുണ്ടാകും എന്ന തെറ്റിദ്ധാരണയില്‍, അധ്വാനിക്കാതെ അലസരായി രണ്ടാം വരവും കാത്തു കഴിയുന്നവര്‍ക്കെതിരേ ശക്തമായ താക്കീതുകളും നിര്‍ദ്ദേശങ്ങളുമാണ് അപ്പസ്തോലന്‍ നല്‍കുന്നത്. "അലസതയിലും ഞങ്ങളില്‍ നിന്നു സ്വീകരിച്ച പാരമ്പര്യത്തിന് ഇണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനില്‍ നിന്നും ഒഴിഞ്ഞുനില്ക്കണമെന്ന്.... ഞാന്‍ കല്പിക്കുന്നു.... അധ്വാനിക്കാത്തവര്‍ ഭക്ഷിക്കാതിരിക്കട്ടെ. എല്ലാ കാര്യങ്ങളിലും ഇടപെടുകയും എന്നാല്‍ ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായി കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെ ഇടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു.... അവനെ പ്രത്യേകം ശ്രദ്ധിക്കുക... അവനുമായി ഇടപെടാതിരിക്കുക"(2തെസ.3:6-16). ക്രിസ്തീയ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ മാത്രം ഗൗരവതരമായ കുറ്റമാണ് അലസതയും അദ്ധ്വാനിക്കാനുള്ള വിമുഖതയും എന്ന അപ്പസ്തോലന്‍റെ നിലപാട് സാമൂഹ്യനീതിയെ സംബന്ധിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകളാണ് നല്കുന്നത്. ഇതിന്‍റെ ആനുകാലിക പ്രസക്തി വിശദീകരണം കൂടാതെ തന്നെ വ്യക്തമാണല്ലോ?
മറ്റുള്ളവരുടെ അദ്ധ്വാനഫലം മോഷ്ടിക്കരുത്. മാത്രമല്ല, സ്വന്തം ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചതിനുശേഷം പങ്കുവയ്ക്കാന്‍ എന്തെങ്കിലും മിച്ചം ഉണ്ടാകത്തക്ക രീതിയില്‍ കഠിനാധ്വാനം ചെയ്യണം എന്നും അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നു: "മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ " എന്തെങ്കിലും സമ്പാദിക്കുന്നതിനു വേണ്ടി സ്വന്തം കൈകൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ(എഫേ.4:27-28). ഇപ്രകാരം പങ്കുവയ്ക്കുന്ന സ്നേഹത്തിന്‍റെ ഉത്തമ മാതൃകയായി ഫിലിപ്പിയിലെ സഭയെ എടുത്തു കാട്ടുന്നു (ഫിലി.4:10-20). പരസ്പരം സഹായിക്കുന്ന ഒരു കൂട്ടായ്മയായിരിക്കണം ക്രിസ്തീയ സമൂഹം എന്ന കാര്യത്തില്‍ പൗലോസിനു നിര്‍ബ്ബന്ധമുണ്ട്: "പരസ്പരം ഭാരം വഹിച്ചുകൊണ്ട് നിങ്ങള്‍ ക്രിസ്തുവിന്‍റെ നിയമം പൂര്‍ത്തിയാക്കുവിന്‍... നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പു തോന്നാതിരിക്കട്ടെ"(ഗലാ.6:1-10). "സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാന്‍"(തീത്തോ.3:1) വിശ്വാസികളെ ഉദ്ബോധിപ്പിക്കണം എന്ന് ക്രേത്തേയിലെ മെത്രാനായി നിയോഗിച്ച തീത്തോസിനെ പൗലോസ് ചുമതലപ്പെടുത്തുമ്പോഴും ഇതേ വീക്ഷണം പ്രകടമാകുന്നു.
പൗലോസിന്‍റെ ലേഖനങ്ങളില്‍ ഏറ്റം ചെറുതും വ്യക്തിപരവുമായതാണ് ഫിലെമോന് എഴുതിയ ലേഖനം. ഒളിച്ചോടി തന്‍റെയടുക്കല്‍ അഭയം തേടിയ ഒണേസിമോസ് എന്ന അടിമയെ ഉടമയുടെ അടുത്തേക്ക് തിരിച്ചയയ്ക്കുമ്പോള്‍ കൂടെ കൊടുത്തയയ്ക്കുന്ന ഈ കത്ത് സാമൂഹ്യനീതിയുടെ മറ്റൊരു മാനം വ്യക്തമാക്കുന്നു. ക്രിസ്തുവില്‍ വിശ്വസിച്ച് സഭയുടെ അംഗമാകുന്ന എല്ലാവരും ഒരു പോലെ സ്വതന്ത്രരും പരസ്പരം സഹോദരങ്ങളുമാണ്; എന്നാല്‍ അതേസമയം പാപത്തിന്‍റെ ദാസ്യത്തില്‍ നിന്നു തങ്ങളെ മോചിപ്പിച്ചു സ്വന്തമാക്കിയ ക്രിസ്തുവിന്‍റെ അടിമകളുമാണ് എന്ന് പൗലോസ് ഫിലെമോനെ അനുസ്മരിപ്പിക്കുന്നു. തിരിച്ചയയ്ക്കുന്ന ഒണേസിമോസിനെ ഇനി അടിമയായല്ല, സഹോദരനായി സ്വീകരിക്കണം. "ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു"(ഫിലെ.16).
സാഹോദര്യം - അതാണ് സാമൂഹ്യനീതിയുടെ അടിത്തറ. പരസ്പരം അംഗീകരിക്കുന്ന, സ്വീകരിക്കുന്ന, സ്നേഹിക്കുന്ന, പങ്കുവയ്ക്കുന്ന സഹോദരങ്ങളുടെ കൂട്ടായ്മയാണ് ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭ. സകല മനുഷ്യരും ഈ കൂട്ടായ്മയിലേക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നു. പങ്കുവയ്ക്കുന്ന സ്നേഹമാണ് അവരുടെ മുഖമുദ്ര. ഇക്കാര്യം കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ വളരെ വ്യക്തമായി വിശദീകരിച്ച് പഠിപ്പിക്കുന്നുണ്ട്.
വിശുദ്ധര്‍ക്കുവേണ്ടിയുള്ള ധനശേഖരണം - ഉദാരമായ ദാനം - എന്ന പ്രമേയം വിശദമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടി രണ്ട് അദ്ധ്യായങ്ങള്‍ (2കോറി.8:9)മാറ്റിവച്ചിരിക്കുന്നു. പൗലോസ് എല്ലാ സഭകളിലും ചെയ്തിരുന്നതാണ് ദരിദ്രരെ സഹായിക്കാന്‍ വേണ്ടിയുള്ള ധനശേഖരണം. ഇവിടെ ഈ പ്രവൃത്തിയുടെ സാമൂഹികവും ദൈവശാസ്ത്രപരവുമായ മാനങ്ങള്‍ വി. ഗ്രന്ഥത്തില്‍ നിന്നുള്ള ഉദാഹരണത്തിന്‍റെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്നു. വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ജറുസലെമിലെ സഭയ്ക്കു വേണ്ടിയാണ് ഈ ധനശേഖരണം. ഓരോരുത്തരും തങ്ങളുടെ കഴിവനുസരിച്ചുള്ള തുക ശേഖരിച്ചുവയ്ക്കണം. അത് ദൂതന്മാര്‍ വഴിയോ, പൗലോസ് നേരിട്ടോ ആവശ്യമനുഭവിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാം. ഈ പങ്കുവയ്ക്കല്‍ ക്രിസ്ത്യാനിയുടെ കടമയാണ്.
മക്കെദോനിയായിലെ വിശ്വാസികള്‍ തങ്ങളുടെ കഠിനമായ പീഡനങ്ങളുടെയും തീവ്രമായ വേദനകളുടെയും മധ്യത്തില്‍ നിന്നു കൊണ്ടുതന്നെ ഉദാരമായ സംഭാവന നല്കാന്‍ തയ്യാറായതിന്‍റെ മാതൃക എടുത്തു കാട്ടിക്കൊണ്ടാണ് അപ്പസ്തോലന്‍ കോറിന്തോസിലെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നത്(2കോറി.8:1-7). മരുഭൂമിയിലൂടെയുള്ള യാത്രാമദ്ധ്യേ ഇസ്രായേല്‍ ജനത്തിനുണ്ടായ ഒരനുഭവം (പുറ.16:16-21) ഇവിടെ പ്രചോദനാത്മകമാകുന്നു. അനുദിനാഹാരമായി ദൈവം നല്കിയ മന്ന "അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായില്ല; അല്പം ശേഖരിച്ചവന് കുറവുമുണ്ടായില്ല"(2കോറി.8:15). അതുപോലെ എല്ലാവര്‍ക്കും ആവശ്യമായതു ലഭിക്കാന്‍ വേണ്ടി ഉള്ളവര്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം. യേശു തന്നെയാണ് ഇവിടെ മാതൃക:
"അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെ പ്രതി ദരിദ്രനായി - തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങളെ സമ്പന്നരാക്കാന്‍ വേണ്ടിത്തന്നെ... താല്‍പര്യത്തോടെയാണ് നല്കുന്നതെങ്കില്‍ ഒരുവന്‍റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്മ കണക്കാക്കേണ്ടതില്ല. മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണം എന്നുമല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. അവരുടെ സമൃദ്ധിയില്‍ നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍ നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്" (2കോറി.8:9-14). സ്നേഹപൂര്‍വ്വമുള്ള പങ്കുവയ്ക്കലിലൂടെ സമത്വമുണ്ടാകണം. അങ്ങനെ നീതിനിഷ്ഠമായ ഒരു സമൂഹം സംജാതമാകണം. അതിനാല്‍ ഉദാരമായി നല്കുക. ഓരോരുത്തര്‍ക്കും ആവശ്യമായതു ദൈവം നല്കും എന്ന് അപ്പസ്തോലന്‍ തുടര്‍ന്ന് അനുസ്മരിപ്പിക്കുന്നു.
"സത്യമിതാണ്. അല്പം വിതയ്ക്കുന്നവന്‍ അല്പം മാത്രം കൊയ്യും. ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും..... വൈമനസ്യത്തോടെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വ്വം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.... നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം... സമൃദ്ധമായി നല്കാന്‍ കഴിവുള്ളവനാണ് ദൈവം.... നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും" (2കോറി.9:6-14). ഒരു വിശദീകരണവും ആവശ്യമില്ലാത്തത്ര വ്യക്തമാണ് അപ്പസ്തോലന്‍റെ പ്രബോധനം. ഇതു തന്നെയാണ്, ഇതു മാത്രമാണ് സാമൂഹ്യനീതിയ്ക്കായി, യേശുവിന്‍റെയും പഴയ നിയമത്തിന്‍റെയും പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ പൗലോസ് അവതരിപ്പിക്കുന്ന സാമൂഹ്യനീതിയുടെ മാര്‍ഗ്ഗം.
ധനമോഹം വിഗ്രഹാരാധനയാണെന്നും പങ്കുവയ്ക്കാതെ സമ്പത്ത് സ്വരുക്കൂട്ടുന്നത് അനീതിയാണെന്നും പഠിപ്പിക്കുമ്പോള്‍ ആ പ്രബോധനത്തിന് അനുസ്യൂതമായൊരു ജീവിതവീക്ഷണവും സമൂഹക്രമവും ജീവിത ശൈലിയും രൂപപ്പെടുത്തുന്നവരാണ് ക്രൈസ്തവര്‍ എന്ന് പൗലോസ് ഉദ്ബോധിപ്പിക്കുന്നു. ആര്‍ജ്ജിച്ച സ്വത്തിന്‍റെ അളവ് ആര്‍ക്കും അംഗീകാരത്തിനും ആദരവിനും ഇടയാകരുത്; മറിച്ച് അന്യായമായി സമ്പാദിക്കുന്നതും സ്വന്തമായി സൂക്ഷിച്ചു വയ്ക്കുന്നതും ദൈവകോപത്തിനും നിത്യനാശത്തിനും കാരണമായിത്തീരും എന്ന് സ്വന്തം ജീവിതവും പ്രബോധനങ്ങളും വഴി ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ സമൂഹത്തിനും അംഗങ്ങള്‍ക്കും കടമയുണ്ട്. ഇതില്‍ വരുത്തുന്ന വീഴ്ചകളെ ഗൗരവമായിത്തന്നെ കാണണം എന്ന് വി. പൗലോസിന്‍റെ ലേഖനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ദൈവാരാധന അര്‍ത്ഥവത്തും ദൈവഹിതാനുസൃതവും ആകണമെങ്കില്‍ ഈ പങ്കുവയ്ക്കല്‍ അനിവാര്യമാണ്. ഊട്ടുമേശ കൂട്ടായ്മയുടെ ഉറവിടമായതു പോലെതന്നെ ദൈവാരാധന സാമൂഹ്യനീതിയുടെ പ്രചോദന കേന്ദ്രമാകണം. അയല്ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വിരുന്നാഘോഷിക്കുന്നവന്‍ നരകത്തിലേക്കുള്ള യാത്ര ഉറപ്പാക്കുകയാണെന്ന് ആരാധകര്‍ തിരിച്ചറിയണം. സ്വന്തമാക്കിയ ഭൗതിക സമ്പത്തിന്‍റെ അളവല്ല, പങ്കുവയ്ക്കുന്ന സ്നേഹത്തിലെ ആര്‍ജ്ജവത്വമാണ് ദൈവം പരിഗണിക്കുന്നത്. ഈ പങ്കുവയ്ക്കല്‍ തന്നെയാണ് ആരാധനയുടെ മുഖ്യലക്ഷണം. കാതോലിക ലേഖനങ്ങളില്‍, പ്രത്യേകിച്ചും യാക്കോബിന്‍റെ ലേഖനത്തില്‍ ഈ പ്രമേയം കൂടുതല്‍ ശക്തമായി അവതരിപ്പിക്കുന്നുണ്ട്. അതിലേക്കാണ് അടുത്തതായി ശ്രദ്ധ തിരിക്കുന്നത്.