
ഞങ്ങളുടെ നാട്ടിൽ പാരമ്പര്യ വൈദ്യം ചെയ്യുന്ന ഏറെപ്പേരുണ്ട്. പാരമ്പര്യ വൈദ്യത്തെക്കുറിച്ച് പൊതുവേ നിലവിലുള്ള ഒരു വിശ്വാസമാണ് അതൊരു 'കൈപ്പുണ്യം' ആണ് എന്നത്. പാരമ്പര്യമായി ലഭിച്ച വൈദ്യത്തിൻ്റെ പുണ്യം വലിയ രീതിയിൽ ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുമ്പോൾ, അല്ലെങ്കിൽ അയാൾ അതിരറ്റ് അഹങ്കരിക്കുമ്പോൾ, 'കൈപ്പുണ്യം' നഷ്ടപ്പെടുമത്രേ! പിന്നീട് അയാൾ ചികിത്സിച്ചാൽ മിക്കവരിലും ഫലം കാണുന്നില്ല. 'കൈപ്പുണ്യം' ഉണ്ടായിരുന്നപ്പോഴാകട്ടെ, വേണ്ടരീതിയിൽ എല്ലാ ചേരുവകളും വേണ്ടത്ര ചേർക്കാതെ മരുന്നുണ്ടാക്കി കൊടുത്താലും നല്ല ഫലപ്രാപ്തിയുണ്ടാകും. അങ്ങനെയൊക്കെ കേൾക്കുമ്പോൾ ഇതൊക്കെ അന്ധവിശ്വാസമാണ് എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ, ഈ 'കൈപ്പുണ്യം' എന്നത് ദൈവാനുഗ്രഹം തന്നെയാണെങ്കിലോ?!
പഴയനിയമത്തിൽ ദൈവേച്ഛ പ്രകാരമായിരുന്നു സാവൂളിനെ രാജാവാക്കുന്നത്. എന്നാൽ, അയാളുടെ അസൂയയും അഹന്തയും ദൈവകല്പനകളോടുള്ള മറുതലിപ്പും ദുർനടപടികളും മൂലം ദൈവത്തിൻ്റെ ആത്മാവ് അയാളെ വിട്ടുപോയി എന്നാണ് വേദഗ്രന്ഥം പറയുന്നത്. ദൈവാത്മാവ് തന്നെ വിട്ടുപോയെന്ന് അയാൾ അറിഞ്ഞില്ലത്രേ!
കത്താേലിക്കാ സഭ ഇത്രവലിയ സംവിധാനമാണെങ്കിലും ദൈവാത്മാവിൻ്റെ വരങ്ങളോ ദാനങ്ങളോ ഒരാളിൽ ഉറപ്പുവരുത്താൻ സാധ്യമായ മന്ത്രമോ ടെക്നിക്കോ അഭ്യാസമോ പരിശീലനമോ വികസിപ്പിക്കാൻ ഇന്നേവരെ കത്തോലിക്കാ സഭക്ക് സാധിച്ചിട്ടില്ല. അത് സാധ്യവുമല്ല. ആഗ്രഹിക്കുക, പ്രാർത്ഥിക്കുക, തന്നെത്തന്നെ സമർപ്പിക്കുക, തന്നെത്തന്നെ തുറന്നുവക്കുക എന്നിവ മാത്രമേ ഒരാൾക്ക് സാധ്യമായിട്ടുള്ളൂ.
ആത്യന്തികമായി പറഞ്ഞാൽ, "പരമമായ ശക്തി ദൈവത്തിൻ്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തേണ്ടതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ളത്" എന്ന് അംഗീകരിക്കുക മാത്രമാണ് പോംവഴി. മനുഷ്യർ എത്ര വലുതായാലും ദൈവകൃപ, ആത്മദാനം എന്നിവയൊന്നും നമുക്ക് കൃത്രിമ ബുദ്ധികൊണ്ട് നിർമ്മിച്ചെടുക്കുക സാധ്യമല്ല!





















