top of page

വഴി കാട്ടുന്ന ദൈവം

Feb 22, 2020

4 min read

ഡ�ോ. മൈക്കിള്‍ കാരിമറ്റം

God will open my way

ഇനി അങ്ങോട്ടുള്ള യാത്രകളില്‍ ദൈവമാണ് കൃത്യമായി വഴികാട്ടുന്നത്. ഏതു വഴിക്കു പോകണം, എവിടെ വിശ്രമിക്കണം എന്നു ദൈവം കണിശമായി കാണിച്ചുകൊടുക്കും; അതിനായി പേടകവും കൂടാരവും ജനത്തിനു മുമ്പേ പോകും, മേഘത്തെ അനുഗമിച്ച്. മേഘം നില്ക്കുന്നിടത്ത് അവര്‍ കൂടാരമടിക്കും. ജനം ഇടവേളയ്ക്കായി കൂടാരം അടിക്കുമ്പോള്‍ ആ കൂടാരങ്ങളുടെ നടുവിലായിരിക്കും ദൈവികസാന്നിധ്യത്തിന്‍റെ ദൃശ്യാടയാളമായ സമാഗമകൂടാരത്തിന്‍റെ സ്ഥാനം. മരുഭൂമിയിലൂടെയുള്ള യാത്ര വിവരിക്കുന്ന സംഖ്യാ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നതാണ് വഴി കാട്ടുന്ന ദൈവത്തിന്‍റെ ചിത്രം.

'സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു. അഗ്നിപോലെ പ്രകാശിച്ചുകൊണ്ട് സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിനുമുകളില്‍ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. മേഘം കൂടാരത്തില്‍ നിന്നുയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും. മേഘം നില്ക്കുന്നിടത്ത് അവര്‍ പാളയമടിക്കും' (സംഖ്യ 9, 15-18). അങ്ങനെ പേടകവും കൂടാരവും ദൈവത്തിന്‍റെ സാന്നിധ്യം ഉറപ്പുവരുത്തി, നയിച്ചു; സംരക്ഷിച്ചു.

പേടകവും കൂടാരവും ഉള്ളിടത്താണ് ദൈവം എന്ന ധാരണ സാവധാനം ഉടലെടുത്തു. ദൈവികസാന്നിധ്യം അവിടെ മാത്രമാണെന്ന ചിന്തയിലേക്ക് ഈ ധാരണ വളര്‍ന്നു. സാവകാശം ദൈവികസാന്നിധ്യം വസ്തുവല്‍ക്കരിക്കപ്പെട്ടു. ഈ വസ്തുക്കളിലാണ് ദൈവം. അവിടെ മാത്രമാണ് ദൈവം വസിക്കുന്നത് എന്ന വിശ്വാസം ശക്തിപ്പെട്ടു. അതിനാല്‍ പേടകമില്ലാത്തിടത്ത് ദൈവത്തിന്‍റെ സാന്നിധ്യവും സംരക്ഷണവും ഇല്ല എന്ന വിശ്വാസവും വളര്‍ന്നു. കാദെശ് ബര്‍ണെയായിലെ ജനത്തിന്‍റെ അവിശ്വസ്തതയുടെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു.