top of page

മരുഭൂമിയിലെ ദൈവം

Nov 19, 2021

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
A desert region

ജീവിതയാത്രയിലെ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ മരുഭൂമി അനുഭവങ്ങള്‍ സംഭവിച്ചേക്കാം. ആകെ ഉണങ്ങി വരണ്ടുപോകുന്ന അനുഭവങ്ങള്‍... ദൈവത്തോട് നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന അവസരങ്ങളാണത്? നീ എന്തുകൊണ്ടാ എന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാത്തത്? നീ എനിക്കു തന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതെന്തുകൊണ്ട്? എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നു? എന്തുകൊണ്ടാണ് നീ എന്നോട് സംസാരിക്കാത്തത്? നീ എവിടെയാണ്? ആത്മാവിന്‍റെ ആഴങ്ങളില്‍ നിന്ന് ഇത്തരം ചോദ്യങ്ങളുയരുന്നതാണ് മരുഭൂമി അനുഭവം. പഴയനിയമത്തിലെ ജോബിന് ഈ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നു. ഒരു ശിശുവിന്‍റെ വളര്‍ച്ചയുടെ കാലഘട്ടങ്ങള്‍പോലെയാണ് നമ്മുടെ ആത്മീയജീവിതം. ശൈശവദശയില്‍ ഭക്ഷണപാനീയങ്ങള്‍ കൊടുത്തതുപോലെ മക്കള്‍ വളരുമ്പോള്‍ കൊടുക്കാറില്ല. കുഞ്ഞുങ്ങള്‍ അപ്പോള്‍ നിരാശപ്പെടും. ഒരു കുട്ടിക്ക് പതിനെട്ടുവയസ്സാകുമ്പോള്‍ കുട്ടിക്കാലത്തെപ്പോലെ അമ്മ ഭക്ഷണം കോരികൊടുക്കാറില്ല. കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ പഴയതുപോലെ കൂടെനിന്നു സഹായിക്കേണ്ടതില്ലല്ലോ. സ്വന്തമായി വളര്‍ന്നുവരുവാന്‍ ഇങ്ങനെയുള്ള പ്രവൃത്തികള്‍ അനിവാര്യമാണ്. ആത്മീയജീവിതത്തിലും ഇതുതന്നെ സംഭവിക്കുന്നു. ആത്മീയജീവിതത്തില്‍ ഒരാള്‍ വളരുമ്പോള്‍ പെട്ടെന്ന് ദൈവത്തിന്‍റെ സാന്നിദ്ധ്യവും മറുപടിയും പ്രതീക്ഷിക്കരുത്! സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പരിശീലിപ്പിക്കുന്ന രീതിയാണത്.

യേശുവിന്‍റെ ജ്ഞാനസ്നാനം കഴിഞ്ഞയുടന്‍ പിതാവായ ദൈവം അവനെ പുകഴ്ത്തിപ്പറഞ്ഞു. പരിശുദ്ധാത്മാവിന്‍റെ അകമ്പടിയോടെ മരുഭൂമിയിലേക്കു നയിച്ചു. ആത്മീയ വളര്‍ച്ചയില്‍ ദൈവം അകലെയാണെന്നും എന്നെ മറന്നെന്നും തോന്നാം. നമ്മള്‍ ആഗ്രഹിക്കുന്ന ദിശയില്‍ നിന്നും തികച്ചും വ്യത്യസ്തമായ എതിര്‍ദിശയിലേക്കാണ് പ്രയാണം ചെയ്യുന്നതെന്നു തോന്നും. ആത്മീയതയില്‍ എന്തോ തടസ്സം നില്‍ക്കുന്നതുപോലെയും തോന്നാം. ദൈവത്താല്‍ മറന്നവനും പുറന്തള്ളപ്പെട്ടവനുമായി തോന്നുന്ന ഈ അവസരത്തില്‍ ദൈവം വളരെ അടുത്തുണ്ട്! ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായികളായി ജീവിക്കണമെങ്കില്‍ ഇങ്ങനെയുള്ള മരുഭൂമി യാത്രകള്‍ നടത്തണം.

യഥാര്‍ത്ഥത്തില്‍ നമ്മളാരും ശരിയായ മരുഭൂമിയില്‍ ജീവിച്ചിട്ടില്ല. ഒത്തിരി പ്രത്യേകതയുള്ള സ്ഥലമാണത്. വെള്ളവും പാര്‍പ്പിടവും ലഭ്യമല്ല. പകല്‍സമയത്ത് നല്ല ചൂടും രാത്രിയില്‍ ശക്തമായ തണുപ്പും കടന്നുവരും. വിശപ്പും ദാഹവും കൊണ്ടു തളരും. പുറത്തേയ്ക്കുള്ള വഴികാണാതെ വലയും. മരുഭൂമിയിലെ ഈ വികാരങ്ങള്‍ ആത്മീയജീവിതത്തിലുമുണ്ടാവും. ദൈവത്തെ അനുസരിച്ചു ജീവിച്ചാല്‍ ഈ മരുഭൂമി അനുഭവത്തെ അതിജീവിക്കാം. ഇതു നമ്മെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണ്. കൂടുതല്‍ ഫലദായകമായ ആത്മീയജീവിതം നയിക്കുവാനുള്ള പരിശീലനക്കളരിയാണ്.

ഉണങ്ങിവരണ്ട ആത്മീയ യാത്രയില്‍ നാം പരിഭ്രാന്തരായിത്തീരാം. എങ്ങനെയെങ്കിലും തകര്‍ച്ചകളില്‍ നിന്നു രക്ഷപെടാമെന്നു കരുതി ബഹളം വച്ചാല്‍ നമ്മുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചുവരും. ഇങ്ങനെയൊരു അവസ്ഥ ദൈവം അനുവദിച്ചതാണെങ്കില്‍ അതിന്‍റെ പിന്നില്‍ ഒരു പദ്ധതിയുണ്ട്. ഇസ്രായേല്‍ ജനത തങ്ങളുടെ 40 വര്‍ഷക്കാലത്തെ മരുഭൂമി യാത്രയില്‍ ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയി. ഒരു തലമുറയ്ക്കു വാഗ്ദത്ത ഭൂമിയിലെത്തുവാന്‍ കഴിയാത്തവിധത്തില്‍ പിരിമുറുക്കങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരുന്നു. വാഗ്ദത്ത ഭൂമി കിഴടക്കുവാന്‍ തക്കവിധം ശക്തിയുള്ള യോദ്ധാക്കളായി മാറുവാന്‍ ഈ മരുഭൂമി അനുഭവം അനിവാര്യമായിരുന്നു. ഈ സത്യം തിരിച്ചറിയാതിരുന്ന അവര്‍ നിരന്തരം പരാതിപ്പെടുകയും അതൊരു ശിക്ഷയായി കാണുകയും ചെയ്തു. നമ്മുടെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ തകര്‍ച്ചകളും, ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളും നമ്മളെ ദുഃഖത്തിലാഴ്ത്താം. വ്യക്തിപരമായ ജീവിതത്തിലെ ദുരന്തങ്ങള്‍ നമ്മെ നഷ്ടധൈര്യരാക്കിയേക്കാം. തിരിച്ചടികളും, തിക്താനുഭവങ്ങളും മാനുഷികമായി തളര്‍ത്താം. ഇതിന്‍റെയെല്ലാമിടയില്‍ പ്രത്യാശയോടെ നാം നില്‍ക്കണം. ഉപരിനന്മയ്ക്ക് മുമ്പായി ദൈവം അനുവദിക്കുന്ന മരുഭൂമി പരിശീലനമാണത്.

തേനും പാലും ഒഴുകുന്ന ഒരു കാനാന്‍ ദേശത്തെ അനുഭവിക്കുന്നതിനുള്ള ഒരുക്കമാണ് മരുഭൂമി യാത്ര. എന്‍റെ സ്വന്തം പ്രവൃത്തികള്‍ക്കൊണ്ട് ഞാനൊറ്റപ്പെട്ടുപോകുമ്പോഴും ദൈവത്തോടു ചേര്‍ന്നു നില്ക്കുക. ആ തകര്‍ച്ചയുടെ ഏകാന്തതയില്‍ നിന്നും ദൈവം എന്നെ പിടിച്ചുയര്‍ത്തും. തകര്‍ച്ചയുടെ കുഴിയില്‍ ഞാനറിയാതെ വീഴുമ്പോള്‍  ദൈവം തന്‍റെ മാലാഖമാരെ അയച്ച്  ആ ചിറകുകളില്‍ നമ്മെ താങ്ങിനിര്‍ത്തും. മാലാഖമാര്‍ വിരിച്ച ചിറകുകളുമായി വന്നില്ലെങ്കില്‍ നമുക്കു രണ്ടു ചിറകുകള്‍ തരും. ആ ചിറകുകള്‍ ഉപയോഗിച്ച് പ്രതിസന്ധികളുടെ മേല്‍ നാം പറന്നുയരും, ദൈവത്തോടു ചേര്‍ന്നു ചിന്തിക്കുക, യാത്ര ചെയ്യുക. നിയമാവര്‍ത്തനം 8/2 ല്‍ പറയുന്ന ദൈവം നമ്മെ മരുഭൂമിയിലൂടെ നയിച്ചത് അവന്‍റെ കല്പനകള്‍ പാലിക്കുവാന്‍ നമുക്കു കഴിയുമോ എന്നു പരിശോധിക്കാനാണ്. മരങ്ങളില്‍ ശ്രദ്ധിച്ചു നടന്നാല്‍ വനം കാണാനാവില്ല. ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് മരൂഭൂമി അനുഭവം പരാജയത്തിന്‍റെ സ്ഥലമല്ല. വരണ്ട അനുഭവങ്ങള്‍ക്കടിമയാകുന്ന സ്ഥലം മനുഷ്യന്‍റെ അസാന്നിധ്യമല്ല ദൈവത്തിന്‍റെ സാന്നിധ്യമാണ് ഓര്‍മ്മിപ്പിക്കുക. ദൈവത്തിന്‍റെ അത്ഭുതങ്ങളും അടയാളങ്ങളും തേടുന്നതിനു പകരം ദൈവത്തിന്‍റെ ഹൃദയം തേടാനുള്ള സമയമാണിത്. മരുഭൂമി അനുഭവത്തിന്‍റെ മണല്‍ക്കാട്ടില്‍ ദൈവത്തിന്‍റെ ശാന്തമായ ശബ്ദത്തിനായി കാത്തിരിക്കാം.

Nov 19, 2021

0

1

Recent Posts

bottom of page