top of page

സഹിഷ്ണുതയുടെ സൗമ്യപാഠങ്ങള്‍

Nov 1, 2010

5 min read

ഡക
Image : The wood is stacked

നാമറിയുന്ന ഈ പ്രപഞ്ചഹൃദയത്തില്‍ ജനിച്ചുജീവിച്ച അനേകായിരം ജീവിവര്‍ഗ്ഗങ്ങളില്‍, മനുഷ്യനു സവിശേഷമായ ഒരു സ്ഥാനവും ശാസ്ത്രം കല്പിച്ചുനല്കിയിട്ടില്ല. പൂവും പുഴുവും പൂമ്പാറ്റയുമടങ്ങുന്ന കോടാനുകോടി ജീവരൂപങ്ങളുടെ അനിവാര്യമായ തുടര്‍ച്ചയിലൊരിടത്തു ചേര്‍ത്തുനിര്‍ത്തപ്പെട്ട ഒരു കണ്ണി. പ്രപഞ്ചപുസ്തകത്തില്‍ എഴുതപ്പെട്ട ഏതോ ഒരു നിമിഷത്തില്‍ ആടയാഭരണങ്ങളഴിച്ചുവച്ചു തുടര്‍ച്ചയുടെ തുടര്‍ച്ചയ്ക്കായി തിരശ്ശീലയ്ക്കുപിന്നിലേയ്ക്കു പിന്‍മടങ്ങേണ്ട ഒരു യാത്രികന്‍. ഈ പ്രപഞ്ചഹൃദയത്തില്‍ മുളപൊട്ടിയ ഏതൊരു പുല്‍നാമ്പിന്‍റെയുമത്ര (അത്രമാത്രം!) സവിശേഷമായൊരു ജന്മം, അത്രയുമേയുള്ളൂ മനുഷ്യന്‍. ഏഴുനിറങ്ങള്‍ മാത്രമടങ്ങുന്ന ഹ്രസ്വക്കാഴ്ചയുടെ സങ്കുചിതമായ അതിര്‍വരമ്പുകളില്‍ തളച്ചിടപ്പെട്ടവയാണു നമ്മുടെ കണ്ണുകള്‍. പ്രപഞ്ചനയനങ്ങളുടെ തീക്ഷ്ണതകളില്‍ പിറവിയെടുക്കുന്ന പ്രകാശക്കൂട്ടങ്ങളില്‍ നമുക്കു കാണാനാവുന്നതിനേക്കാള്‍ എത്രയോമടങ്ങാണു നമുക്കു കാണാനാവാത്ത പ്രകാശരൂപങ്ങള്‍. രാത്രിയില്‍ നാം അന്ധരായിപ്പോകുന്നതും അതുകൊണ്ടാണല്ലോ. പ്രപഞ്ചസ്പന്ദനങ്ങളുതിര്‍ക്കുന്ന ശബ്ദവീചികളില്‍ നമുക്കു കേള്‍ക്കാനാകുന്നവ, നമുക്കു കേള്‍ക്കാനാകാത്തവയേക്കാള്‍ എത്രയോ ചെറുതാണ്. ഹ്രസ്വമായകാഴ്ചയും വികലമായകേള്‍വിയും പരിമിതമാക്കപ്പെട്ട ഇന്ദ്രിയാനുഭവങ്ങളും ചേര്‍ന്നുണ്ടായ അപൂര്‍ണ്ണമായൊരു യുക്തിയുടെ മറയിലൂടെയാണു നാം ഈ പ്രപഞ്ചത്തെ നോക്കിക്കാണുന്നതെന്നതു നമ്മുടെ ദൗര്‍ഭാഗ്യം. പ്രപഞ്ചത്തിന്‍റെ യജമാനന്മാരാകാനല്ല, പ്രപഞ്ചത്തിലെ അനന്തമായ തുടര്‍ച്ചയിലെ വിനീതമായൊരു കണ്ണിയാകാനാണു നമ്മുടെ നിയോഗം എന്ന പ്രപഞ്ചാത്മാവിന്‍റെ ഓര്‍മ്മപ്പെടുത്തലാവാം ഈ അപൂര്‍ണ്ണതയുടെ പിന്നിലെ വലിയ രഹസ്യം.

ജൈവപ്രപഞ്ചത്തിന്‍റെ കേന്ദ്രസ്ഥാനത്തു യജമാനന്‍റെ അധികാരാവകാശങ്ങളോടെ മനുഷ്യനിരിപ്പിടം നല്കിയതിന്, ഭൗതികതയിലധിഷ്ഠിതവും മനുഷ്യകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രങ്ങളും, ആത്മീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന മതസ്ഥാപനങ്ങളും ഒരേപോലെ കാരണങ്ങളായി. അങ്ങനെ പ്രകൃതിയോടും ഇതരജീവജാലങ്ങളോടും, ഈ പ്രപഞ്ചാത്മാവിനോടുതന്നെയും സ്നേഹത്തോടെയും കരുതലോടെയും സഹിഷ്ണുതയോടെയും സഹവര്‍ത്തിക്കേണ്ട വലിയ കടമയില്‍നിന്നും മനുഷ്യന്‍ മോചിതനാക്കപ്പെട്ടു. ഇനിയവനു പ്രകൃതിയെ ചൂഷണംചെയ്യാം, കാടുകള്‍ വെട്ടിനശിപ്പിക്കാം, ഇതര ജീവിവര്‍ഗ്ഗങ്ങളെ ഉന്മൂലനംചെയ്യാം. കാരണം, അവന്‍ ഭൂമിയുടെ അധിപതിയാണ് - അവന്‍ മാത്രം. അവന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ് -അവന്‍മാത്രം.

സ്വാര്‍ത്ഥതയും ആര്‍ത്തിയും മനുഷ്യനെ ആവേശിച്ചതെന്നുമുതലാണെന്നും അസഹിഷ്ണുതയുടെ കണ്ണുകള്‍കൊണ്ട് അവന്‍ പ്രകൃതിയെയും സഹജീവികളെയും മനുഷ്യനെത്തന്നെയും നോക്കിക്കാണാനാരംഭിച്ചത് എന്നുമുതലാണെന്നുമുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായൊരുത്തരമില്ല. സിഗ്മണ്ട് ഫ്രോയിഡ് നിരീക്ഷിക്കുന്നതുപോലെ ജന്മചോദനകളായി അത് അവന്‍റെയുള്ളിലെന്നും ഉണ്ടായിരുന്നിരിക്കാം. വിശപ്പ്, പക, കാമം എന്നീ അടിസ്ഥാനചോദനകളില്‍ തളച്ചിടപ്പെട്ടവയാണ് അവന്‍റെ ഉണ്മയെന്നദ്ദേഹം ആവര്‍ത്തിച്ചുപറയുന്നുണ്ടല്ലോ. വനാന്തര്‍ഭാഗങ്ങളിലെ കട്ടപിടിച്ച ഏകാന്തതയില്‍ അവന്‍റെയുള്ളില്‍ വന്നുനിറയുന്ന ആദിമഭയങ്ങള്‍, സ്വയം ഇരയാവാതിരിക്കാനായി ഒരു ഹിംസ്രമൃഗത്തില്‍നിന്നും അശരണനായി ഓടിയകലാന്‍ ശ്രമിക്കുമ്പോഴും വിശപ്പാറ്റാനായി ഇരയുടെ പിന്നാലെ അശാന്തനായി പിന്‍തുടരുമ്പോഴും അവനെ നീറ്റുന്ന പകയുടെ കനലുകള്‍ - ഇത്രയൊക്കെയേയുള്ളൂ ആധുനികമനുഷ്യനുമെന്നു നാമെങ്ങനെ സമ്മതിച്ചുകൊടുക്കും? യുങ്ങും ആഡ്ലറും സ്വന്തംമകളായ സാറയും മറ്റനേകം പാഠങ്ങള്‍ പറഞ്ഞുവച്ചിട്ടും ഫ്രോയിഡ് ഇന്നും നമ്മെ വിടാതെ പിന്‍തുടരുന്നതെന്തുകൊണ്ട്? ഖദറും ഖാദിയും കോട്ടും കുപ്പായവും നീളന്‍അംഗവസ്ത്രങ്ങളുമിട്ടു ഫ്രോയിഡിന്‍റെ പ്രാകൃതപ്രചോദനകളെ എത്രയൊക്കെ മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോഴും, അറിയാതെ കാലില്‍ചവിട്ടുന്ന വഴിപോക്കനെ തെറിപറയുന്ന തെമ്മാടിയെപ്പോലെ, രാജാവും പ്രജയും പുരോഹിതനും വിശ്വാസിയും ഒരുപോലെ അസഹിഷ്ണുതയുടെ കയ്പുദ്രാവകങ്ങള്‍ പുറത്തേയ്ക്കു തുപ്പുന്നതെന്തുകൊണ്ടാണ്?

സൃഷ്ടിയുടെ കിരീടമാണു മനുഷ്യനെന്ന സ്വയംപ്രഖ്യാപിതസ്ഥാനം പ്രകൃതിയെയോ, ഇതരജീവിവര്‍ഗ്ഗങ്ങളെയോ, ഈ പ്രപഞ്ചത്തെയോ, മനുഷ്യനെത്തന്നെയോ ഒട്ടും മഹത്വീകരിച്ചില്ല. കൊല്ലാന്‍വേണ്ടി വളര്‍ത്തുന്ന കപട സഹിഷ്ണുതകാട്ടി, പ്രാകൃതചോദനകളുടെ പൂര്‍ത്തീകരണത്തിനായി ദംഷ്ട്രകളൊളിപ്പിച്ചുവച്ച് ഇരുട്ടിന്‍റെ മറവുപറ്റി അലഞ്ഞ അവന്‍ എഴുതപ്പെടാന്‍പോകുന്ന ചരിത്രത്താളുകളില്‍ സ്വയം ഇരന്നുവാങ്ങിയ സ്ഥാനം സൃഷ്ടിയുടെ മകുടമല്ല, കിങ്കരന്‍റെയോ ആരാച്ചാരുടെയോ മാത്രമായിപ്പോകുന്നു എന്നതെന്തൊരു ദുര്യോഗമാണ്.

കുറച്ചുകൂടി വിനയവും കരുണയും സ്നേഹവും നമുക്കാകാമായിരുന്നു. ഈ പ്രപഞ്ചത്തിലേക്കു പെറ്റുവീഴുന്ന അണുവിനും പുഴുവിനും മീനിനും മനുഷ്യനും അനാദിയായ പ്രപഞ്ചാത്മാവ് ഒരു 'സ്പേസ്' കല്പിച്ചുനല്കിയിട്ടുണ്ട്. ആര്‍ക്കും പണയം നല്കാനോ, ആര്‍ക്കുംകയറി അഴുക്കാക്കാനോ പറ്റാത്ത, അവനുമാത്രമായുള്ള ഒരിടം. ആ സ്വന്തം ഇടത്തെ ഭൗതികമായി തിരിച്ചറിയുന്ന മനുഷ്യജീവി ആദ്യമായി ഒരു മനുഷ്യനാകുന്നു, ഒരു വ്യക്തിയും വ്യക്തിത്വത്തിനുടമയുമാകുന്നു. ആ ഇടത്തെ ആത്മീയമായി തിരിച്ചറിയുമ്പോള്‍ അയാള്‍ തന്‍റെ ഉണ്മയെ കണ്ടെത്തുന്നു, തന്‍റെ നിയോഗം തൊട്ടറിയുന്നു. തന്നിലേക്കു വന്നൊഴുകുന്ന അനാദിയായ പ്രപഞ്ചാത്മാവിന്‍റെ ഊര്‍ജ്ജപ്രവാഹത്തില്‍നിന്നും ഒരു 'ക്വാണ്ട' മെങ്കിലും സ്വന്തമാക്കാത്തവര്‍ ഫ്രോയിഡിന്‍റെ പ്രാകൃതവാസനകള്‍ക്കപ്പുറം പോകാനാവാതെ, അപക്വമായ കുറെ അവയവങ്ങള്‍ തുന്നിച്ചേര്‍ത്ത ശരീരവും അപൂര്‍ണ്ണമായ യുക്തിയുമായി തനിക്കും സഹജീവികള്‍ക്കുംവേണ്ടി ദുര്യോഗങ്ങള്‍ വിതച്ചു ദുരിതങ്ങള്‍ കൊയ്തെടുക്കുന്നു.

സ്വന്തം 'സ്പേസി' നെ തിരിച്ചറിയുന്ന അത്രതന്നെ പ്രധാനമാണു മറ്റുള്ളവരുടെ സ്പേസിനെ തിരിച്ചറിയുന്നതും ആദരവോടെ അംഗീകരിക്കുന്നതും. ഇവിടെയാണു സഹിഷ്ണുത എന്ന വാക്ക് ഒരു വാക്കുമാത്രമല്ലാതാവുന്നതും അതൊരു തത്ത്വശാസ്ത്രവും ആത്മീയതയും ഒരു ജീവിതരീതിയും ഒരു സ്വര്‍ഗ്ഗാന്വേഷണവുമായി മാറുന്നതും. മനുഷ്യനടക്കമുള്ള ഇതരജീവികളോടുള്ള സഹിഷ്ണുത സ്വന്തം നന്മയോ, മേന്മയോ ആയി ആദര്‍ശവല്‍ക്കരിക്കാതെ, അതവരുടെ അവകാശം മാത്രമാണെന്നുള്ള വിനയപ്പെടലിലാരംഭിക്കണം ആത്മീയമായ തിരിച്ചറിവിന്‍റെ ആദ്യാക്ഷരങ്ങള്‍. ദൗര്‍ഭാഗ്യകരമെന്നു പറയണം (പറയരുത്!) സംഘടിത രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളോ തത്ത്വചിന്താരീതികളോ മതങ്ങളോ ഇതിനായി മനുഷ്യനെ ഒരുക്കിയെടുക്കുന്നതിലൊട്ടുംതന്നെ വിജയിച്ചില്ല. താത്പര്യം കാട്ടിയതുപോലുമില്ല. പ്രാകൃതകമ്മ്യൂണിസം എന്നു മാര്‍ക്സ് വിവക്ഷിച്ച ഗോത്രസംസ്കൃതിയില്‍നിന്നും രാജ്യങ്ങളും സാമ്രാജ്യങ്ങളും സംഘടിത രാഷ്ട്രീയ-മതാധികാരകേന്ദ്രങ്ങളും, സ്ഥാപനവല്‍ക്കരിക്കപ്പെട്ടതൊക്കെയും ഉരുത്തിരിഞ്ഞുവന്നതോടെ സഹിഷ്ണുതയെന്നത് എവിടെയും ചേരാത്ത വാക്കായിമാറി. സ്വന്തം ഉല്‍ക്കര്‍ഷത്തിനായുള്ള ത്വര കുടുംബവും രാജ്യവും പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളുമടങ്ങുന്ന സംഘടിതമായ എന്തിന്‍റെയും ആധാരശിലയാണ്. നിലനില്പിനും അതിജീവനത്തിനുമായി പ്രകൃതിതന്നെ നമുക്കുതന്ന ഒരു ജന്മവാസനയാകാം ഈ ഉത്ക്കര്‍ഷേച്ഛ. പക്ഷേ, ഉത്ക്കര്‍ഷേച്ഛയും സ്വാര്‍ത്ഥതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാണ്. സ്വാര്‍ത്ഥതയാകട്ടെ തന്‍റെ ഗര്‍ഭപാത്രത്തില്‍ അസഹിഷ്ണുതയുടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു.

മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയെന്നവകാശപ്പെട്ട് ഉണ്ടായി വന്നതൊക്കെയും മനുഷ്യനെയും പ്രകൃതിയെയും, മനുഷ്യനെയും സഹജീവജാലങ്ങളെയും, മനുഷ്യനെയും മനുഷ്യനെയും പരസ്പരം ഭയപ്പാടോടെയും സംശയത്തോടെയും പ്രാചീനമായ പകയോടെയും കാണാനാണ് ആത്യന്തികമായി പഠിപ്പിച്ചതെന്ന സത്യം 'രാജാവു നഗ്നനാണ്' എന്നു പറയാനാകാത്തതുപോലെ നമുക്കുപറയാതിരിക്കാം. പ്രവാചകരാകാനും വിമോചകരാകാനും വിളിക്കപ്പെട്ട് ഈശ്വരചൈതന്യത്തിന്‍റെ നിറസാന്നിദ്ധ്യമായി നമുക്കിടയിലേക്കുവന്ന തീക്ഷ്ണവ്യക്തിത്വങ്ങളേറെയുണ്ട്. നമ്മെ പ്രതികരിക്കാനും പ്രതിരോധിക്കാനും പഠിപ്പിച്ചവര്‍, നിവര്‍ന്നുനില്‍ക്കാനും തളിര്‍ക്കാനും പൂക്കാനും നന്മയിലേക്കു തലനീട്ടാനും പഠിപ്പിച്ചവര്‍, സ്വര്‍ഗ്ഗത്തോളം തലയുയര്‍ത്തി നിന്നപ്പോഴും ഈശ്വരചൈതന്യത്തില്‍ കണ്ണുനനയിച്ച് സഹജീവികള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയവര്‍. അവരൊന്നും ഉരുക്കില്‍ കൊത്തിവാര്‍ത്തെടുത്ത ഉറച്ചശരികളെപ്പറ്റി നമ്മോടു പറഞ്ഞില്ല. തങ്ങള്‍ ശരിയാണെന്നോ തങ്ങള്‍മാത്രമാണു ശരിയെന്നോ അവരൊരിക്കലും അവകാശപ്പെട്ടുകണ്ടില്ല. 'ഞാന്‍ വഴിയും സത്യവും ജീവനുമാണെ'ന്ന് പറയുമ്പോഴും അനുഗമിക്കുന്നവര്‍ക്കു നടന്നെത്താനാവാത്തവിധം വൈവിധ്യമാര്‍ന്ന എത്രയെത്ര വഴികളാണ് ആ നസ്രായന്‍ യുവാവ് നടന്നുതീര്‍ത്തത്. പാപിയോടൊപ്പം ഉണ്ടുറങ്ങിയും പാപിനിയുടെ കണ്ണീരൊപ്പാന്‍ പാദംനീട്ടിയും എത്ര അവധാനതയോടെയാണു കല്ലില്‍ കൊത്തിയുണ്ടാക്കിയ കല്പനകളെല്ലാം തട്ടിയുടച്ചു പുതിയ ശരികളുടെ അസ്വാരസ്യങ്ങളില്‍ അവന്‍ നമ്മെ അകപ്പെടുത്തിക്കളഞ്ഞത്.

അപരന്‍റെ ശരികളെ നിഷേധിക്കാനും അവനോട് അസഹിഷ്ണുതയോടെ കലഹിക്കാനും ഒരാചാര്യനും നമ്മെ പഠിപ്പിച്ചിട്ടില്ല. അങ്ങനെ പഠിപ്പിച്ചവരും പ്രേരിപ്പിച്ചവരും ഗുരുവും ആചാര്യനും ആയിത്തീര്‍ന്നിട്ടില്ല. വെറുപ്പും പകയും അസഹിഷ്ണുതയും വിതച്ച് അധികാരവും സമ്പത്തും സ്ഥാനമാനങ്ങളും നേടിയവര്‍ക്കൊക്കെ കാലം കരുതിവച്ചതു ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളിലൊരുക്കപ്പെട്ട തെമ്മാടിക്കുഴികളായിരുന്നു എന്നതിനു ചരിത്രംസാക്ഷി. എത്രയെത്ര സ്മാരകങ്ങളുയര്‍ത്തി അനശ്വരമാക്കാന്‍ ശ്രമിച്ചാലും അതൊക്കെ ഒരിക്കല്‍ പിഴുതെറിയപ്പെടും, പിഴുതെറിഞ്ഞിട്ടുണ്ട് കാലം. എത്രയെത്ര കഥകളുണ്ടാക്കി കഥകളിലൂടെ ജീവിക്കാന്‍തുനിഞ്ഞാലും അതൊക്കെ ഒരിക്കല്‍ കത്തിച്ചാമ്പലാവും, കത്തിച്ചുചാമ്പലക്കായിട്ടുണ്ട് കാലം. എന്നിട്ടുമെന്തേ ചരിത്രത്തില്‍നിന്നും നാമൊന്നും പഠിക്കാത്തത്? അപരന്‍റെ ഒരു ശരിയും അംഗീകരിക്കാന്‍ കഴിയാത്തവിധം അസഹിഷ്ണുത നമ്മെ കീഴ്പ്പെടുത്തിക്കളഞ്ഞു. കുടുംബവും മതവും രാഷ്ട്രീയവുമൊന്നും ഇതിന് അപവാദമാകുന്നില്ല. കലാപങ്ങളും സംഘട്ടനങ്ങളുമൊടുങ്ങുമ്പോള്‍ ടെലിവിഷന്‍ ക്യാമറയ്ക്കുമുന്നിലിരുന്നു ചര്‍ച്ചചെയ്യാന്‍ നമുക്കൊരു വിഷയം വേണമെങ്കില്‍ നമുക്കു മത-രാഷ്ട്രീയ-വംശീയ സഹിഷ്ണുതയെപ്പറ്റി സംസാരിക്കാം. അതുപോലും നാം അധമനായ അപരനു നല്കുന്ന ദാനമാണ്. അവന്‍ നമ്മുടെ ആഢ്യത്വവും മഹാമനസ്കതയും കണ്ടുപഠിക്കട്ടെ!

സാംസ്കാരിക സാമ്പത്തികരംഗങ്ങളിലുണ്ടാകുന്ന ആശാസ്യമല്ലാത്ത ഏതൊരു വ്യതിചലനത്തിന്‍റെയും ആഘാതം ഏറ്റവുമാദ്യം, ഏറ്റവും തീവ്രമായി ഏറ്റുവാങ്ങേണ്ടിവരുന്ന സാമൂഹ്യസ്ഥാപനം കുടുംബമാണ്. ഇത്തരം ആഘാതങ്ങളില്‍നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്ന വിശുദ്ധ ദൗത്യമാണു സാമൂഹ്യ-രാഷ്ട്രീയ-മതസ്ഥാപനങ്ങളുടേത്. വിപണി അതിന്‍റെ വിശ്വരൂപംകാട്ടുകയും മുമ്പെങ്ങുമില്ലാത്തവിധം തീവ്രമായി കുടുംബ-വ്യക്തിബന്ധങ്ങളുടെ ആത്മാവുവരെ ആഴത്തില്‍ അതിനെ ഗ്രസിക്കുകയും ചെയ്തപ്പോള്‍ പ്രതിരോധിക്കാതെയും പ്രതികരിക്കാതെയും നാമതിനു കീഴടങ്ങി. ഫലമോ, പ്രാര്‍ത്ഥനാമുറിയിലും ഊണ്‍മേശയിലും കിടക്കയിലും ഒറ്റപ്പെട്ടുപോയവരുടെ വെറുംകൂട്ടങ്ങളായിപ്പോയി കുടുംബങ്ങള്‍. വാക്കുകള്‍ അട്ടഹാസമായി മാറുകയും കേള്‍ക്കുന്നവരില്ലാതെ പറയുന്നവര്‍ മാത്രമായി സംഭാഷണങ്ങള്‍ ചുരുങ്ങുകയും ചെയ്യുന്നിടത്തു സഹിഷ്ണുതയും സാന്ത്വനങ്ങളുമുണ്ടാകാനിടയില്ല. പറയപ്പെടാത്ത ഓരോ വാക്കുകളുടെ ഇടവേളയിലും ഒരു കുഞ്ഞിന് അവന്‍റെ അച്ഛനെ നഷ്ടമാകുന്നു. ഒരമ്മയ്ക്കു മകനെ നഷ്ടപ്പെടുന്നു. ഒരു പ്രേയസിക്ക് അവളുടെ സ്നേഹം നഷ്ടമാകുന്നു, കവിളില്‍ ഒരു കണ്ണീര്‍ച്ചാലുണങ്ങിപ്പോകുന്നു, ഒരു സാന്ത്വനസ്പര്‍ശംകൊതിച്ചു കാത്തിരുന്ന കിടക്കയില്‍ ഒരിണയുടെ മരണം നടക്കുന്നു. വിപണിയുടെ പരുന്തിന്‍കാലുകള്‍ വ്യക്തികളെയും കുടുംബങ്ങളെയും ലക്ഷ്യംവച്ചപ്പോള്‍ ചിറകുവിരിച്ചു മറയാക്കേണ്ടവര്‍ ആദ്യത്തെ കൊത്ത് നെഞ്ചില്‍ കൊത്തി ആഘോഷങ്ങളുടെ ഉദ്ഘാടകരുമായി.

വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ക്കിടയിലും മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയ്ക്കും അവ തമ്മിലും അപരനെ കേള്‍ക്കാനാകാത്തവിധം ആസുരമായിപ്പോയ ഒരു അസഹിഷ്ണുത ഇന്നിന്‍റെ അടയാളമാണ്. നിലപാടുകളിലധിഷ്ഠിതമായ ആശയസംഘര്‍ഷങ്ങളെപ്പറ്റിയല്ല പറയുന്നത്. തങ്ങള്‍ ഭരിക്കുമ്പോള്‍ ചെയ്യുന്നത് ഇറങ്ങുമ്പോള്‍ എതിര്‍ക്കുകയും അതുതന്നെ വീണ്ടുംചെയ്യുകയും ചെയ്യുന്ന, ശരിതെറ്റുകള്‍ നോക്കാതെ പരസ്പരം ചെളിവാരിയെറിയുന്ന, കലഹിക്കുന്നവരുടെ കൂട്ടമായിപ്പോകുന്നു പലപ്പോഴും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. എതിരാളിയും ശരിയാണെന്നു തലകുലുക്കി, പുഞ്ചിരിപൊഴിച്ചു ഹസ്തദാനം ചെയ്യുന്നൊരു രാഷ്ട്രീയനേതാവിനെ കാണാന്‍കൊതിയാകുന്നുണ്ട് നമുക്ക്. പക്ഷേ, കൊമ്പുകുലുക്കി, മുക്രയിട്ട്, ഒന്നുപതുങ്ങി അവരെപ്പോഴും ലക്ഷ്യത്തെ ലക്ഷ്യംവയ്ക്കുന്നു. തോക്കും വാളും ബോംബും ശേഖരിച്ച് പ്രാദേശികനേതാക്കന്മാര്‍ ഹീറോയിസം കാട്ടുന്നു. ജനാധിപത്യത്തില്‍ തോക്കല്ല, വാക്കാണു വലുതെന്നു പഠിപ്പിച്ച അര്‍ദ്ധനഗ്നനായ ആ യോഗി പഴഞ്ചനായിപ്പോയി നമുക്ക്.

രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും പൊതുജനത്തിന്‍റെ ചില വിധിതീര്‍പ്പുകള്‍ക്കു വിധേയരാകേണ്ടതുണ്ട്, നമ്മുടെ ജനാധിപത്യക്രമത്തില്‍. അത്തരമൊരു 'ട്രബിള്‍ ഷൂട്ടിങ്ങ് മെക്കാനിസം'പോലും ബാധകമല്ല നമ്മുടെ മത-ആത്മീയപ്രസ്ഥാനങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ, പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ടു സംഘടിതശക്തിയായി മാറിയ മതങ്ങളെല്ലാം, തങ്ങളുടെ ഗര്‍ഭത്തിനുള്ളില്‍ത്തന്നെ വിപത്കരമായ അസഹിഷ്ണുതയുടെ വിത്തുകള്‍പേറുന്നുണ്ട്. തങ്ങളുടെ ശരി അപരനെ ബോധ്യപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗവും മാധ്യമവുമാണു നമുക്കു സഹിഷ്ണുത. അപരനതു ബോധ്യപ്പെടില്ലെന്നുറപ്പാകുമ്പോള്‍ തേന്‍പുരട്ടിയ മുള്ളിന്‍റെ മുനകളവന്‍ കണ്ടുതുടങ്ങുന്നു. ബുദ്ധനോ ക്രിസ്തുവോ നബിയോ, ആര്‍ഷ സംസ്കാരത്തില്‍ സൂര്യശോഭയോടെ തിളങ്ങിനിന്ന ആചാര്യന്മാരോ അക്രമത്തെപ്പറ്റി നമ്മോടൊന്നും പറഞ്ഞില്ല. പൊട്ടക്കിണറ്റിലെ ഇത്തിരിവെട്ടത്തുകാണുന്ന ഉരുക്കുപോലെയുറച്ച ജീവനില്ലാത്ത ശരിയെപ്പറ്റിയല്ല, പ്രപഞ്ചം മുഴുവന്‍നിറയുന്ന ഈശ്വരചൈതന്യമെന്ന പ്രപഞ്ചാത്മാവിനെപ്പറ്റി, ആ ശരിയന്വേഷിക്കുമ്പോള്‍ നമ്മില്‍നിറയുന്ന അഭൗമമായ ശാന്തിയെപ്പറ്റിയാണവര്‍ പറഞ്ഞുവച്ചത്. പക്ഷേ, നമ്മുടെ മാത്രം ശരികളിന്ന് അപരനെ ബോധ്യപ്പെടുത്താന്‍ നമുക്ക് തോക്കുകളും ബോംബുകളും ഒടുങ്ങാത്ത ആയുധശേഖരവുമുണ്ട്. ഇന്ത്യയിലെ മത-'ആത്മീയ'പ്രസ്ഥാനങ്ങള്‍ ഒരുക്കിവച്ചിട്ടുള്ള ആയുധശേഖരം ഒരു വലിയ യുദ്ധത്തിനുള്ള വെടിക്കോപ്പിനോളമുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? നമ്മുടെ ദൈവം ആരാലും ആക്രമിക്കപ്പെടാതിരിക്കാന്‍, അപമാനിക്കപ്പെടാതിരിക്കാന്‍ എത്ര ജാഗരൂകതയോടെയാണു നാം കണ്ണിമപൂട്ടാതെ കാവല്‍നില്ക്കുന്നത്. നമ്മുടെ ദൈവത്തെ ഒരു കുറവുംവരാതെ ഒരു പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കാന്‍ വേണ്ടത്ര വെടിക്കോപ്പുകള്‍ നാം ശേഖരിച്ചുവച്ചിട്ടുണ്ട്. വേണ്ടത്ര പോരാളികളെ നാം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി വേണ്ടത്ര ധനം പണമായും ആസ്തികളായും നാം കരുതിവച്ചിട്ടുണ്ട്. നമ്മുടെ ദൈവം നമ്മുടെ കരുത്തില്‍ എത്രമേല്‍ സുരക്ഷിതനാണെന്നു കാണുക. അവനെതിരെ സംസാരിക്കുന്നവന്‍റെ നാവ് നാമരിയും, കാല് തല്ലിയൊടിക്കും, കൈവെട്ടും-കഴുത്തും. പോരെങ്കില്‍ നാം വിശ്വാസികളെകൂട്ടി തെരുവിലിറങ്ങും, ബോംബുപൊട്ടിക്കും, കലാപങ്ങളുണ്ടാക്കും. നമ്മുടെ ദൈവം ഇനിയെന്തിനു ഭയക്കണം? ഇനി നാമുണര്‍ന്നിരിക്കാം. നമ്മുടെ ദൈവം സുഖമായി, സുരക്ഷിതനായുറങ്ങുക.

കുടുംബത്തില്‍, സമൂഹത്തില്‍, രാഷ്ട്രീയസംഘടനകളില്‍, മതപാഠശാലകളില്‍ ഒക്കെയും, സഹോദരന്‍റെ ഒരു ചെറിയതെറ്റുപോലും നമുക്കു ക്ഷമിക്കാനാവുന്നില്ല. മതവിശ്വാസവും ഈശ്വരവിശ്വാസവും രാഷ്ട്രീയവിശ്വാസവും സംരക്ഷിക്കാനെന്നപേരില്‍ അപരന്‍റെ ഒരു കൈത്തെറ്റിനോടുപോലും എത്ര രൂക്ഷമായാണു നാം പ്രതികരിക്കുന്നതും പ്രതികാരം ചെയ്യുന്നതും. നമ്മളാല്‍ സംരക്ഷിക്കപ്പെടേണ്ട ദുര്‍ബലനും അധമനുമാക്കി മാറ്റി നാം സര്‍വ്വവ്യാപിയായ പ്രപഞ്ചാത്മാവിനെ.

യോഗികളും ആചാര്യന്മാരും നൂറ്റാണ്ടുകളിലൊരിക്കല്‍ പിറവിയെടുക്കുന്നു, അവതാര പുരുഷന്മാര്‍ സഹസ്രാബ്ദങ്ങളിലൊരിക്കലും. നന്മയും കരുണയും സഹിഷ്ണുതയും നെഞ്ചേറ്റുന്നവര്‍ നമുക്കിടയില്‍ അന്യം നിന്നിട്ടില്ല. എങ്കിലും അധികാരത്തിന്‍റെ അരമനകളിലും ആത്മീയതയുടെ പാഠശാലകളിലും ഒരുതരം ശൂന്യതയാണിന്ന്. ഒരുവോട്ടിനും സ്വാശ്രയകോളജിലെ ഒരു സീറ്റിനുമായി മതവും രാഷ്ട്രീയവും അസഹിഷ്ണുതയോടെ കൊമ്പുകോര്‍ക്കുന്നു. അനുയായിയെ അടക്കിനിര്‍ത്താന്‍ വിശ്വാസിയെ ചൊല്‍പ്പടിയിലാക്കാന്‍ അവര്‍ സഹിഷ്ണുതയുടെ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നു - അവന്‍ പ്രതികരിക്കാതിരിക്കേണ്ടത് അവരുടെ ആവശ്യമാണ്. പക്ഷേ, അവന്‍റെ ചെറിയപിഴവിനുപോലും അസഹിഷ്ണുതയോടെ ക്രൂരശിക്ഷ നല്കി സഹിഷ്ണുതയുടെ മറുവായ്ത്തല അവരവനു കാണിച്ചുകൊടുക്കുന്നു. അവരോടു ക്ഷമിക്കുക-സഹിഷ്ണുതയോടെ. അവരീ ആസുരമായ കാലത്തിന്‍റെ മക്കളാണ്. ഇരുണ്ടുമൂടിയ വനാന്തര്‍ഭാഗങ്ങളിലെ ആദിമഭയങ്ങളില്‍ തളച്ചിടപ്പെട്ടവര്‍, ഫ്രോയിഡ് ശപിച്ചു കല്ലാക്കിമാറ്റിയവര്‍, അവരോടുക്ഷമിക്കുക. പക്ഷേ, അശരണരായ നാം എവിടേയ്ക്കിനി പോകും, കുരിശിലേയ്ക്കോ? ലോഹത്തുള വീണ നെഞ്ചിന്‍കൂടിനുള്ളില്‍നിന്നും പിടച്ചിലോടെ നമുക്കുവേണ്ടി സൗമ്യമായൊരു പ്രാര്‍ത്ഥന - 'ഇവരോടു ക്ഷമിക്കണമേ'യെന്ന്. മെല്ലിച്ച അസ്ഥിക്കൂട് വെടിയുണ്ടതുളച്ചപ്പോള്‍ അര്‍ദ്ധനഗ്നനായ യോഗി സൗമ്യമായി, ശാന്തമായി പറഞ്ഞതിത്രമാത്രം, 'ഹേ റാം'. സഹിഷ്ണുതയുടെ വലിയപാഠങ്ങള്‍ രാജ്ഘട്ടിലെ സമാധിയിലവസാനിക്കുന്നില്ല. വെടിവച്ചുകൊല്ലപ്പെടാതിരിക്കാനും ബലാല്‍ക്കാരം ചെയ്യപ്പെടാതിരിക്കാനുമുള്ള തന്‍റെ ജനതയുടെ അവകാശത്തിനായി പത്തുവര്‍ഷത്തിലധികമായി നിരാഹാരസമരം നടത്തുന്ന, ആന്തരാവയവങ്ങള്‍ മുഴുവന്‍ ദ്രവിച്ചു മരണത്തോടുമല്ലടിക്കുന്ന വടക്കുകിഴക്കന്‍ പെണ്‍കുട്ടി -ഇറോം ശര്‍മ്മിള ചാനു- എത്ര സൗമ്യമായും സഹിഷ്ണുതയോടെയും നിഷ്കളങ്കവുമായാണു പറയുന്നതു താന്‍ നിശ്ചയമായും ഈ ജീവിതത്തിന്‍റെ സ്നേഹത്തിലേക്കു മടങ്ങിവരുമെന്ന്. തന്‍റെ ജീവിതത്തിന്‍റെ സൗമ്യസ്നേഹങ്ങളെല്ലാം കെടുത്തിക്കളഞ്ഞവരോട് അവള്‍ക്കു പകയില്ല. വിണ്ടുകീറിയ ശരീരത്തിനുള്ളില്‍ ഒരു കുരിശുമരണം അവള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കരിവാളിച്ച ചുണ്ടുകളില്‍ പാപികള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനയും. ഇങ്ങനെ കുറച്ചുപേര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു, ഇപ്പോഴും ജീവിക്കുന്നു. സഹിഷ്ണുതയുടെ ഏതൊക്കെ പാഠങ്ങള്‍ വേണമിനിയും നമുക്ക്?

Featured Posts