
ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍
Dec 18, 2020
2 min read

ശാന്തം
ശാന്തം എന്ന വാക്ക് സാന്ദ്രമാണ്. ആ വാക്ക് തന്നെ ശാന്തി പകരുന്നു. ശാന്തം പ്രസാദാത്മകമാണ്. ശാന്തിയിലായിരിക്കാന്‍ നാമെല്ലാം ഇഷ്ടപ്പെടുന്നു.ശാന്തിയുടെ ചിന്തശാന്തമായ മനസ്സ് നല്ലതുമാത്രം ചിന്തിക്കുന്നു. ശാന്തമായ മനസ്സില്‍ ചിന്ത യുക്തിഭദ്രമായിരിക്കും, സഹാനുഭൂതമായിരിക്കും. ഒന്നിനാലും സ്വാധീനിക്കപ്പെടാതെ ദൂരക്കാഴ്ചയോടെ, നിശ്ചയദാര്‍ഢ്യത്തോടെ, ഏകാഗ്രതയോടെ ചിന്തിക്കാന്‍ ശാന്തമനസ്സിന് കഴിയുന്നു. ജോലി നന്നായി ചെയ്യാന്‍, ആളുകളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍, കാര്യങ്ങള്‍ സംയമനത്തോടെ ഗ്രഹിക്കാന്‍ ശാന്തമായ മനസ്സ് നമ്മെ അനുവദിക്കുന്നു. കോടതിമുറികളിലും ഗ്രന്ഥശാലകളിലും പഠനമുറികളിലും ശാന്തമായ അന്തരീക്ഷം രൂപപ്പെടുന്നത് യാദൃശ്ചികമല്ല.
വായിക്കാനും പഠിക്കാനും പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും കളിക്കാനും പാട്ടുകേള്‍ക്കാനും നാട്ടിന്‍പുറത്തുകൂടി നടക്കാനും പ്രകൃതിയുമായി ഒന്നുചേരാനും പറ്റിയ മനോനിലയാണ് ശാന്തം. വിജയകരമായ ഒത്തുതീര്‍പ്പുകള്‍ക്ക് ശാന്തം അനിവാര്യമത്രേ. ഇരുപക്ഷത്തേയും ഒരുപോലെ കേള്‍ക്കാന്‍ ശാന്തതയുടെ ഫലമായ സംയമനത്തിന് മാത്രമേ കഴിയൂ. ഭാവി ആസൂത്രണം ചെയ്യാന്‍, വര്‍ത്തമാനം കാതലായ തീരുമാനങ്ങളുടേതാക്കാന്‍, കഴിഞ്ഞകാലത്തില്‍ നിന്ന് പഠിക്കാന്‍ ശാന്തമായ മനോനില സഹായിക്കുന്നു. ശാന്തമായ മനോനിലയിലേ പ്രണയവും ശൃംഗാരവും സാധ്യമാകൂ. ശാന്തതയും ശ്രദ്ധയും നിങ്ങളെ അനായാസതയോടെ നിങ്ങള്‍ ആയിരിക്കാന്‍ പ്രാപ്തമാക്കുന്നു.
ശാന്തിയുടെ ആശയവിനിമയം
'സംഘര്‍ഷവുമായി സംവാദം സാധ്യമല്ല' എന്ന് കൗണ്‍സിലിംഗില്‍ ഒരു ചൊല്ലുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശാന്തമായ സംവാദത്തിലൂടെയും ആത്മാര്‍ത്ഥമായ ഇടപഴകലിലൂടെയും മാത്രമേ പ്രസാദാത്മകമായ, ഗുണപരമായ സമീപനവും അതുവഴി ഒരാള്‍ക്ക് സഹായകരമായ അന്തരീക്ഷവും സംജാതമാകൂ.
ശാന്തതയുടെ ആശയവിനിമയം വ്യക്തവും സാവകാശവും ആയിരിക്കും. കാര്യങ്ങള്‍ ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയുമാണ് അതിന്‍റെ ലക്ഷ്യം. അനുസരിപ്പിക്കുക എന്നതല്ല. എന്നാല്‍ അത് ആധികാരികമായിരിക്കുകയും ചെയ്യും. ആധികാരികമായ അന്തരീക്ഷം സൃഷ്ടിക്കാനും മനോനിലയില്‍ സ്ഥിരത നിലനിര്‍ത്താനും നേതാ ക്കള്‍ക്ക് ശാന്തത ഉപകരിക്കുന്നു. അനുയായികളെ ആവേശത്തിലേക്ക് ഉയര്‍ത്താനും കര്‍മ്മോത്സുകരാക്കാനും എന്നപോലെ കാര്യഗൗരവമുള്ള കാര്യങ്ങളില്‍ ശാന്തരാക്കാനും അവര്‍ക്ക് അറിയാം.
സംഘര്‍ഷത്തിലായ സ്വന്തം കുഞ്ഞുങ്ങളെ ശാന്തരാക്കുന്ന മാതാപിതാക്കള്‍ നല്ല മാതാപിതാക്കളാണെന്നു മാത്രമല്ല മുതിരുമ്പോള്‍ അപകടകരവും അപരിചിതവുമായ സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണമെന്ന് ബോധ്യമുള്ള ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നവര്‍ കൂടിയാണ്. ആര്‍ക്കും അവനവന്‍റെയോ അപരന്‍റെയോ ജീവിതത്തില്‍ നിന്ന് അപകടങ്ങളെ ഒഴിച്ചുനിര്‍ത്താനാവില്ല. പക്ഷേ ശാന്തമായിരിക്കുന്നതിലൂടെ അപകടങ്ങളെ അനായാസം തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും.
