top of page

അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം

Aug 1, 2011

3 min read

ജിഗിഷ്
Movie poster of Iranian movie 'Children of Heaven'

ലാളിത്യമാണ് ഇറാനിയന്‍ സിനിമയുടെ മുഖമുദ്ര. അബ്ബാസ് കിരോസ്താമി, മൊഹ്സിന്‍ മഖ് മല്‍ ബഫ് തുടങ്ങിയ സംവിധായക പ്രതിഭകള്‍ ചേര്‍ന്ന് 80 കളില്‍ തുടങ്ങിവെച്ച നവീനചലച്ചിത്ര പരീക്ഷണങ്ങള്‍ പിന്നീട്, ഒരു ദേശത്തിന്‍റെതന്നെ സാംസ്കാരികചരിത്രമായി മാറുകയായിരുന്നു. ഇവരുടെ പിന്മുറക്കാരായ മജീദ് മജീദിയും ജാഫര്‍ പനാഹിയും മറ്റും ചേര്‍ന്ന്, ഇറാനിലെ സിനിമയെ ലോകത്തിന്‍റെ നിറുകയിലെത്തിച്ചു.

മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന ചിത്രം വന്‍കരകള്‍ കടന്ന് 1998-ല്‍ ഓസ്കാറിനു നാമനിര്‍ദ്ദേശം നേടി. ദുരൂഹബിംബങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന കംപ്യൂട്ടര്‍ വിഷ്വലുകളോ, അതിവേഗത്തില്‍ വെടിയുതിര്‍ക്കുന്ന തോക്കുകളോ, കാറോട്ടമോ, തുണിയുരിയുന്ന രതിയോ ഇല്ലാതെതന്നെ ഇറാന്‍ സിനിമ ലോകജനതയോടു സംവദിച്ചു; സമ്പന്നരാജ്യങ്ങളിലെ വാണിജ്യ സിനിമയോടു മത്സരിച്ചു.

നഗരപാതകള്‍ പിന്നിട്ട്, വിസ്തൃതമായ വയലുകള്‍ കടന്ന്, ഗ്രാമത്തിലെ വസതിയിലേക്കുള്ള മുഹമ്മദിന്‍റെ യാത്ര അവനു മാത്രമല്ല, പ്രേക്ഷകനും സ്വപ്നസദൃശമായ ഒരനുഭവം തന്നെയാണ്. ബസ്സിന്‍റെ സൈഡ് സീറ്റിലിരുന്ന്, കൈകള്‍ പുറത്തേക്കിട്ട് അവന്‍, കാറ്റിനെ പിടിച്ചെടുക്കുന്നു. കാട്ടുപച്ചകളുടെ സാന്നിധ്യമറിയുന്നു. വീട്ടില്‍, വാത്സല്യനിധിയായ മുത്തശ്ശിയും കുസൃതിക്കുരുന്നുകളായ സഹോദരിമാരും ചേര്‍ന്ന് അവനെ സ്വീകരിക്കുന്നു. നഗരത്തില്‍ നിന്ന് അവര്‍ക്കായി കൊണ്ടുവന്ന സമ്മാനങ്ങള്‍ അവന്‍ പങ്കുവയ്ക്കുന്നു. മൂവരും ചേര്‍ന്നു സൃഷ്ടിക്കുന്ന സ്നേഹത്തിന്‍റെ തുരുത്തില്‍ മുഹമ്മദ് തന്‍റെ കുറവുകളെല്ലാം മറക്കുകയാണ്! ഗ്രാമജീവിതത്തിന്‍റെ വറ്റാത്ത നന്മകള്‍ ഗൃഹാതുരസ്മരണകളുണര്‍ത്തി, സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങി വന്ന പ്രതീതി ജനിപ്പിക്കുന്നു..! വിളഞ്ഞ നെല്‍പ്പാടങ്ങളും കാടും മലയും മരങ്ങളും പുഴയും ചേര്‍ന്ന വന്യപ്രകൃതി...ആ മനസ്സിന്‍റെ കണ്ണിലൂടെ മാത്രം കാണുന്ന മുഹമ്മദിന്‍റെ ഭാവനയ്ക്കു വര്‍ണ്ണച്ചിറകുകള്‍ നല്‍കിക്കൊണ്ട് ഈ മനോഹര സീക്വന്‍സുകള്‍ സിനിമയുടെ ആത്മാവായി മാറുന്നു.

മുത്തശ്ശിയുടെ ആശീര്‍വാദത്തോടെ, സഹോദരിമാര്‍ പഠിക്കുന്ന സ്കൂളില്‍ അതിഥിയായെത്തിയ അവന്‍, തന്‍റെ ബുദ്ധിവൈഭവത്താല്‍, ക്ളാസ് മുറിയില്‍, മറ്റു കുട്ടികളെയും അധ്യാപകനെയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍, മുഹമ്മദ് കണ്ണിലെ കരടായ അച്ഛന് ഇതൊന്നുമിഷ്ടമായില്ല. തന്‍റെ പുനര്‍വിവാഹത്തിനു മുന്‍പായി അവനെ വീട്ടില്‍ നിന്നൊഴിവാക്കി, അകറ്റി നിര്‍ത്തുകയാണ് അയാളുടെ ഉദ്ദേശ്യം. പ്രതിശ്രുതവധുവിനു സ്ത്രീധനവും സമ്മാനങ്ങളും നല്‍കി അയാള്‍ വിവാഹത്തിനൊരുങ്ങുന്നു. ഒപ്പം, അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച്, മകനെ ദൂരെയുള്ള അന്ധനായ ഒരു ആശാരിയുടെയൊപ്പം കൊത്തുപണികള്‍ പരിശീലിക്കുവാന്‍ ഏര്‍പ്പാടാക്കി മടങ്ങുന്നു. അന്ധതയുടെ തീരാശാപങ്ങളെ തന്‍റെ നിശ്ചയദാര്‍ഢ്യത്താല്‍ മറികടന്ന് ഒരു ജീവിതം കണ്ടെത്തിയ അലി എന്ന ആശാരി സ്നേഹവാത്സല്യങ്ങളാല്‍, അവന് ആശ്വാസം പകരുന്നുണ്ടെങ്കിലും തന്‍റെ ആത്മസുഹൃത്തായ മുത്തശ്ശിയെ പിരിഞ്ഞുള്ള ജീവിതം മുഹമ്മദിനു സഹിക്കാനാവുമായിരുന്നില്ല.! ദുഃഖം താങ്ങാനാവാതെ അവന്‍ വിങ്ങിപ്പൊട്ടുന്നു: "ദൈവത്തിന് അന്ധരെ കൂടുതലിഷ്ടമാണെന്നാണു ടീച്ചര്‍ പറയുന്നത്..! അങ്ങനെയാണെങ്കില്‍, എന്തിനാണു ഞങ്ങളെ അന്ധരായി ജനിപ്പിച്ചത്? എന്നെങ്കിലുമൊരിക്കല്‍, ഞാന്‍ ദൈവത്തെ കണ്ടുപിടിക്കും... ആരോടും പറയാത്ത ഒരുപാടു രഹസ്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുക്കും!"

മുത്തശ്ശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അമ്മയില്ലാത്ത തന്‍റെ ചെറുമകന്‍റെ അനാഥജീവിതത്തെക്കുറിച്ചോര്‍ത്തു മനംനൊന്ത്, അവര്‍ വീടു വിട്ടിറങ്ങുന്നു. പിന്നീട്, മകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും താമസിയാതെ അവര്‍ മരണപ്പെടുന്നു. മരണവേളയില്‍, ഏറെ ദൂരെയാണെങ്കിലും സ്നേഹത്താല്‍ ബന്ധിതരായ മുഹമ്മദിന്‍റെയും മുത്തശ്ശിയുടെയും മനസ്സുകള്‍ നിശ്ശബ്ദമായി സംവദിക്കുന്നതു നാം കാണുന്നു! മഞ്ഞുമൂടിയ മലകളും പുഴയും, അരിച്ചെത്തുന്ന മേഘപടലങ്ങളും... വിഷാദപൂരിതമായ പ്രകൃതിബിംബങ്ങള്‍ എത്രത്തോളം വാചാലമാവാമെന്നതിന് ഉത്തമനിദര്‍ശനമായിത്തീരുന്ന ഷോട്ടുകള്‍!

അനിവാര്യമായതുപോലെ, ദുരന്തങ്ങള്‍ ഒന്നൊന്നായി മുഹമ്മദിനെയും പിതാവിനെയും തേടിയെത്തുന്നു. ആ നിശ്ചയത്തിനു ശേഷം വീട്ടിലുണ്ടായ അപ്രതീക്ഷിതമരണം ഒരു ദുര്‍ന്നിമിത്തമായിക്കണ്ട്, പെണ്‍വീട്ടുകാര്‍ വിവാഹബന്ധത്തില്‍ നിന്നു പിന്‍വാങ്ങുന്നു. കെട്ടിയുയര്‍ത്തിയ സ്വപ്നഭവനം കണ്‍മുന്നില്‍ തകര്‍ന്നു വീഴുകയാണ്! മനംമടുത്ത അയാള്‍ നഗരത്തിലെത്തി മുഹമ്മദുമായി വീട്ടിലേക്കു മടങ്ങുന്നു. മടക്കയാത്രയില്‍, മരണം ഒരു മലവെള്ളപ്പാച്ചിലായി വന്ന് മുഹമ്മദിനെ ഒഴുക്കിക്കൊണ്ടുപോകുന്നു. മകനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടാഞ്ഞ അയാള്‍ പെട്ടെന്ന് ചഞ്ചലചിത്തനാവുന്നു! അന്ധനായ മകന്‍റെ അഭാവം തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കാനിടയുള്ള നേട്ടങ്ങള്‍, ഒരു വേള അയാളെ പ്രലോഭിപ്പിച്ചിരിക്കാം. പിന്നീട്, തിരിച്ചറിവിന്‍റെ മാത്രയില്‍, നദിയിലേക്കു ചാടുകയും മുഹമ്മദിനു പിന്നാലെ ഒഴുക്കില്‍പ്പെട്ടുലഞ്ഞ് കരയ്ക്കടിയുകയും ചെയ്യുന്നു. ഒടുവില്‍, മൃതപ്രായനായ മകനെ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ നെഞ്ചോടു ചേര്‍ത്ത്, അയാള്‍ പൊട്ടിക്കരയുമ്പോള്‍, ദൈവത്തിന്‍റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതുപോലെ, അവന്‍റെ കുരുന്നു കൈവിരലുകള്‍ സൂര്യവെളിച്ചത്തിനു നേരെ പതിയെ നിവരുന്നത് ഒരു ദീര്‍ഘനിശ്വാസത്തോടെ നാം കാണുന്നു!!

യാഥാസ്ഥിതികവും പക്ഷപാതപരവുമായ ദൈവസങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കുന്ന എത്രയെങ്കിലും സിനിമകള്‍ നമുക്കുണ്ട്! എന്നാല്‍, തികച്ചും മാനവികമായ, മതനിരപേക്ഷമായ ഒരു ദൈവസങ്കല്‍പ്പം ഈ ചിത്രത്തിനു നല്‍കുന്ന വ്യത്യസ്തമാനവും നിരുപമസൗന്ദര്യവും എടുത്തുപറയേണ്ടതാണ്! ദൈവനാമത്തില്‍ തുടങ്ങുന്ന സിനിമയിലെ ഓരോ കഥാപാത്രവും വിശേഷിച്ചു കുട്ടികള്‍, അദൃശ്യമായ ആ കരസ്പര്‍ശത്താല്‍, പൂര്‍ണ്ണരായിരിക്കുന്നു! നാമമാത്രമായ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ; എന്നാല്‍ മജീദിയുടെ ക്യാമറക്കണ്ണുകള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ ഒരു ഭൂതക്കണ്ണാടിയിലൂടെയെന്നവണ്ണം അതിസൂക്ഷ്മമായും വിശദമായും പിടിച്ചെടുക്കുന്നു! ഏറെക്കുറെ സമീപദൃശ്യങ്ങള്‍ മാത്രമുള്ള ചിത്രത്തിന്‍റെ ഘടനയും കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കുന്ന അതീവലളിതമായ പരിചരണരീതിയും പ്രത്യേകം ശ്രദ്ധേയമാണ്! അന്ധനായിരിക്കുമ്പോഴും മുഹമ്മദിന്‍റെ സവിശേഷവ്യക്തിത്വത്തിന്‍റെ ഭാഗമായ നിരീക്ഷണപാടവവും പ്രകൃതിസ്നേഹവും ബുദ്ധിശക്തിയുമൊക്കെ അതിഭാവുകത്വമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മൊഹ് സിന്‍ റംസാനി എന്ന ബാലന്‍റെ പ്രകടനം മിതവും എന്നാല്‍, അവിസ്മരണീയമാംവിധം വികാരതീവ്രവുമാണ്. ദൈവത്തോടുള്ള മുഹമ്മദിന്‍റെ തീരാത്ത പരിഭവങ്ങള്‍ ഏതൊരു കഠിനഹൃദയന്‍റെയും കരളലിയിക്കുന്നതാണ്.

നന്മതിന്മകള്‍ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സുമായി നിരന്തരം സംഘര്‍ഷമനുഭവിക്കുന്ന പരുക്കനായ പിതാവിന്‍റെ ഭാവപ്രകാശങ്ങള്‍ സൂക്ഷ്മാംശങ്ങളില്‍പ്പോലും കൃത്യതയുള്ളതാണ്. ഏതോ ദുരന്തത്തിന്‍റെ മുന്നറിയിപ്പുപോലെ അവ്യക്തമായ ഒരശരീരി അയാളെ എപ്പോഴും പിന്തുടരുന്നതു കാണാം. അത്യന്തം ദുഷ്കരമായ ഈ കഥാപാത്രത്തെ ഹുസൈന്‍ മഹ്ജൂബ എന്ന നടന്‍ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മകനെയും, അമ്മ നഷ്ടപ്പെട്ട ചെറുമകനെയും ഒരേപോലെ ഉള്‍ക്കൊള്ളുവാനുള്ള വിഫലശ്രമത്തിനിടയില്‍, പുഞ്ചിരിക്കുന്ന മുഖവുമായി ജീവിതത്തില്‍ നിന്നു വിടപറയുന്ന സ്നേഹസ്വരൂപയായ മുത്തശ്ശിയും ദേവദൂതരെപ്പോലുള്ള മുഹമ്മദിന്‍റെ രണ്ടു സഹോദരിമാരുമൊക്കെ, പാത്രസൃഷ്ടിയുടെ മികച്ച മാതൃകകള്‍ തന്നെയാണ്!

ഈ ചിത്രത്തിലെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അന്ധനായ മുഹമ്മദിന്‍റെ വീക്ഷണത്തിലുള്ള കഥാഖ്യാനത്തില്‍, പ്രകൃതിയുടെ നിറസാന്നിധ്യത്തിന് അകമ്പടി സേവിക്കുന്ന കാറ്റിന്‍റെയും കിളികളുടെയും പുഴയുടെയും ശബ്ദങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, മുഹമ്മദിനെപ്പോലെ അന്ധനായി ജനിക്കാനിടയായ ഒരു വ്യക്തിക്കുപോലും, ഈ സിനിമയുടെ സൗന്ദര്യം ആസ്വദിക്കാനും അതിന്‍റെ ദര്‍ശനം ഗ്രഹിക്കുവാനും കഴിയും.

ദൈവവും മനുഷ്യനും തമ്മില്‍, നന്മയും തിന്മയും തമ്മില്‍, ദുഃഖവും ആഹ്ളാദവും തമ്മില്‍ അജ്ഞേയമായ ഒരു ഒളിച്ചുകളി ചിത്രത്തിലുടനീളം തുടരുന്നു! മനുഷ്യനെന്ന നിലയ്ക്കുള്ള പരിമിതികള്‍, ഈ സിനിമയുടെ വിജയഘടകങ്ങളെക്കുറിച്ചു കൂടുതല്‍ ഉപന്യസിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ വിശുദ്ധകരങ്ങള്‍, അനന്തവിഹായസ്സില്‍ വിരചിക്കപ്പെട്ടതത്രേ ഈ പറുദീസാ ചിത്രം!!

Aug 1, 2011

0

0

Cover images.jpg

Recent Posts

bottom of page