top of page

ഒന്നാം സുവിശേഷം

7 days ago

2 min read

George Valiapadath Capuchin
First Gospel

ഗബ്രിയേൽ മാലാഖയിൽ നിന്ന് ദൈവം ഒരുക്കിയ മംഗളവാർത്ത കേട്ടവൾ.

പതർച്ചകൾക്കിടയിലും ദൈവഹിതമെങ്കിൽ നിറവേറുക തന്നെ വേണം എന്ന് വാക്കുപറഞ്ഞവൾ.

ഏലീശ്വ വാർദ്ധക്യത്തിൽ ഗർഭം ധരിച്ചതറിഞ്ഞ് ഒരു നിമിഷം പാഴാക്കാതെ അവരെ ശുശ്രൂഷിക്കാനായി ദീർഘയാത്ര നടത്തിയവൾ.

ഒരു അഭിവാദന സ്വരത്താൽത്തന്നെ ഏലീശ്വായുടെ ഗർഭസ്ഥ ശിശുവിനെ പരിശുദ്ധാത്മാവിനാൽ നിറച്ചവൾ.

ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ട് എളിയവരെ ഉയർത്തുന്ന ദൈവത്തിന് സ്തോത്രഗീതം പാടിയവൾ.

വൃദ്ധയായ ബന്ധുവിൻ്റെ ഗർഭാരിഷ്ടതകളിൽ മൂന്നുമാസം ശുശ്രൂഷ നൽകിയവൾ.

താനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നവനാൽ ഉപേക്ഷിതയാകുന്നതറിഞ്ഞ് ഉള്ളം നീറിയവൾ.

ഒരു കാനേഷുമാരി കണക്കെടുപ്പിനായി നവവരനോടൊപ്പം നിറവയറുമായി ദീർഘയാത്ര ചെയ്ത് പൂർവ്വിക നഗരത്തിലെത്തിയവൾ.

അപരിചിതമായ ദേശത്ത് ഏറ്റം പരിതാപകരമായ ചുററുപാടിൽ തൻ്റെ കുഞ്ഞിന് ജന്മം നല്കേണ്ടിവന്നവൾ.

നാല്പതാം നാൾ ജറൂസലേത്തെത്തി ശുദ്ധീകരണ കർമ്മം നടത്തി, കടിഞ്ഞൂലിനെ കാഴ്ചവച്ചവൾ.

ജ്ഞാനവൃദ്ധരിൽ നിന്ന് സുഖദുഃഖസമ്മിശ്രമായ അരുളപ്പാടുകൾ കേട്ടവൾ.

വാൾത്തലയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ഈജിപ്തിലേക്ക് പലായനം ചെയ്തവൾ.

മറ്റൊരു സംസ്കാരത്തിൽ അഭയാർത്ഥിയായി, ഏതോ വീട്ടിൽ വേലക്കാരിയായി നാലഞ്ചുവർഷം കഴിഞ്ഞവൾ.

സ്വന്തനാട്ടിൽ തിരിച്ചെത്തിയനാൾ മുതൽ ഒരു ഇരുപത്തഞ്ച് വർഷമെങ്കിലും അവനോടൊപ്പം പെസഹാത്തിരുനാളിനായി ഒരാഴ്ചയെങ്കിലും നീളുന്ന കാൽനട തീർത്ഥാടനം ചെയ്തവൾ.

അതിനിടെയാണ്, മകന്റെ 12-ാം വയസ്സിൽ അവനെ കാണാഞ്ഞ് രണ്ടുനാൾ ആധിതിന്ന് ഓടിയതവൾ.

ശിഷ്യരെ സമ്പാദിച്ച ശേഷവും അവന് ആദ്യത്തെ അടയാളം പ്രവർത്തിക്കാൻ കാനായിൽ അവൾ വേദിയൊരുക്കി.

നാടുചുറ്റി പ്രസംഗം ആരംഭിച്ചിട്ടും തന്നെക്കാണാൻ നാട്ടിലെത്തിയ മകൻ നാട്ടുപ്രമാണിമാരാൽ സിനഗോഗിൽനിന്ന് വലിച്ചെറിയപ്പെടുന്നതു കണ്ട് ഉള്ളം പിടഞ്ഞവൾ.

തന്നെയും അവനെയും തരിമ്പും വിശ്വസിക്കാത്ത ബന്ധുക്കൾക്കിടയിൽ നീറിനീറിക്കഴിഞ്ഞവൾ.

ചാർച്ചക്കാർ ചമച്ച അനിഷ്ടത്തിൻ്റെ കിംവദന്തികൾക്കു വഴങ്ങി മകന് ചിത്തഭ്രമമോ എന്ന് ആകുലപ്പെട്ട് ഓടിയണഞ്ഞവൾ.

ശിഷ്യത്വമാണ് അവനാഗ്രഹിക്കുന്ന ഭ്രാതൃത്വവും മാതൃത്വവും എന്നറിഞ്ഞ് അവൻ്റെ ശിഷ്യയായി കൂടെ നടന്നവൾ.

ഓരോ ദിവസവും അവൻ ജറൂസലേമിനു നേരെ മുഖം തിരിക്കുമ്പോൾ മെല്ലെമെല്ലെയൊരു വാൾ തൻ്റെ ഹൃദയത്തെ ലക്ഷ്യമാക്കി തുളഞ്ഞുകയറുന്നതായി ശരീരത്തിലറിഞ്ഞവൾ.

സ്വന്തം കൊലക്കളത്തിലേക്ക് നടന്നു പോകുന്ന പുത്രനെ അനുയാത്ര ചെയ്യേണ്ട വിധി ഏറ്റെടുത്തവൾ.

അവസാന അത്താഴമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മകൻ്റെ വിരുന്നിന് മേശയൊരുക്കിയവൾ.

ഇതെൻ്റെ മാംസം; ഇതെൻ്റെ ചോര എന്ന് അവൻ നീട്ടിയ അപ്പവും കോപ്പയും വാങ്ങി ഉൾക്കൊള്ളുമ്പോൾ, 'കുഞ്ഞാടിൻ്റെ മാംസം അതിൻ്റെ തള്ളയുടെ പാലിൽ വേവിക്കരുതെ'ന്ന കല്പന ഓർത്തും നിൻ്റെ മാംസവും നിൻ്റെ രക്തവും എൻ്റേതല്ലേ പുത്രാ എന്ന് ആമേൻ പറഞ്ഞവൾ.

പ്രിയ ശിഷ്യൻ പോലും മൂന്നുവട്ടം കിടന്നുറങ്ങിയ; അവനെ അറിയില്ലെന്ന് പ്രേഷ്ഠ ശിഷ്യൻ മൂന്നുവട്ടം ആണയിട്ട; വിശ്വസ്ത ശിഷ്യൻ മുപ്പത് വെള്ളിക്കാശുമായി അലറി നടന്ന ആ രാത്രിയിൽ, കൊടുത്താത്ത വിളക്കിനുമുന്നിൽ എരിയുന്ന കണ്ണുമായി ആകാശത്തിൻ്റെ നിലവിളികൾക്ക് കാതോർത്തിരുന്നവൾ.

പ്രഭാതത്തിൽ അവൻ്റെ ക്രൂശീകരണത്തിനായി അലറിവിളിക്കുന്ന പുരുഷാരങ്ങൾക്ക് പിന്നിലായി മറ്റുരണ്ട് മേരിമാരുടെ കൈകളിൽ അമർത്തിപ്പിടിച്ച് ജീവച്ഛവമായി നിന്നവൾ.

'എച്ചേ ഹോമോ' എന്ന് പീലാത്തോസ് പറയുന്നതുകേട്ട് അടികൊണ്ട് വീങ്ങിയ തന്റെതന്നെ മേനി കണ്ടവൾ.

ഹൃദയത്തെ അറിയാൻ ആവതില്ലാത്ത പുരുഷാരത്തിനു പിന്നിൽ ഒരു സ്ത്രീശിലപോലെ നടന്നവൾ.

കുരിശിൽ ഉയർത്തപ്പെട്ടവൻ്റെ മുഖത്തുനിന്ന് കണ്ണുപറിക്കാതെ നിർനിമേഷയായി നിന്നവൾ.

ശിഷ്യത്വത്തെക്കാൾ ശക്തമാണ് മാതൃത്വം എന്നവൻ്റെ കുരിശിലെ കുമ്പസാരം കേട്ടവൾ.

ഒടുക്കമാ ജീവനറ്റദേഹം മടിയിൽക്കിടത്തി ഉണക്കരക്തം ജടപിടിപ്പിച്ച അവൻ്റെ മുടിനാരുകൾ മെല്ലെ കോതിയൊതുക്കിയവൾ.

താൻ കാണുന്നതൊന്നും കാണുന്നതല്ലന്ന് അറിഞ്ഞിരുന്നതിനാൽ കരഞ്ഞില്ലവൾ.


ഒരുരാവും പുലരാതിരിക്കില്ലെന്ന് അറിയുന്നുണ്ടവൾ.

ശിഷ്യർക്ക് ആണിപ്പഴുത് കാട്ടണം, തൊട്ടുനോക്കണം, കൂടെ നടക്കണം, അപ്പം വിളമ്പണം, വറുത്തമീൻ തിന്നുകാട്ടണം. അവൾക്കോ? അവളിതെല്ലാം എന്നേ കണ്ടിരുന്നു!

ബേഥനിയിലെ കുന്നിൽ മുകളിലും അവളുണ്ടായിരുന്നു.

പിന്നെയവൾ മക്കളെ വട്ടമിരുത്തി പ്രാർത്ഥിപ്പിച്ചു.

അവർക്ക് അവരറിയാത്ത കഥകൾ പറഞ്ഞുകൊടുത്തു.

പന്തക്കുസ്ത ആദ്യം അവളിലാണ്.

ശിരസ്സിൽ കൈവച്ചനുഗ്രഹിച്ച് പന്ത്രണ്ട് വ്യാകുലങ്ങൾ കൂടി ഏറ്റെടുത്ത്, പന്ത്രണ്ടുമക്കളെ പന്ത്രണ്ട് വഴിക്ക് പറഞ്ഞയക്കുന്നതും അവളാണ്.

കർത്താവിൻ്റെ അമ്മ!


കാലത്തിൻ്റെ തികവിൽ അവളും നിദ്രപൂകി. അബ്രാഹത്തിൻ്റെ മടിയിലേക്ക് ലാസറിനെ സംവഹിച്ചതുപോലെ, മാലാഖാമാർ തൻ്റെ പുത്രൻ്റെ സവിധത്തിലേക്ക് അവളെ സംവഹിച്ചു.

അവളെക്കാൾ നന്നായി പൊരുതിയവരാര്? ഓട്ടം പൂർത്തിയാക്കിയവരാര്? വിശ്വാസം കാത്തവരാര്? അവൾക്കായി നീതിയുടെ കിരീടം ഒരുക്കിയിരുന്നു. നീതിപൂർവ്വം വിധിക്കുന്ന കർത്താവ് ആ ദിനം അതവൾക്ക് സമ്മാനിച്ചല്ലോ!

ഓ അല്ലല്ല. അവൾക്കു മാത്രമല്ല, അവളിലൂടെ അവളുടെ പുത്രനോട് ഐക്യപ്പെട്ട എല്ലാവർക്കും!

Recent Posts

bottom of page