ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
1
നമുക്കത്രയും പരിചയമുള്ള ഫോക്കസ് എന്ന വാക്ക് ശരിക്കും ഒരു ലാറ്റി ന്‍ പദമാണ്. അതിന്‍റെ ഒരി ക്കലുള്ള അര്‍ത്ഥം നെരിപ്പോട് - fireplace എന്നാണ്. പുരാതന റോമന്‍ ഗൃഹങ്ങളുടെ ഘടനയില്‍ അവിടേക്കാണ് മനുഷ്യരുടെ ഹൃദയം ഏകാഗ്രമായത്. ആ നെരിപ്പോടിനെ തിരികെ പിടിക്കുന്നതിലാണ് എന്തിലും ഏതിലും മനുഷ്യകുലത്തിന്‍റെ ഭാവി നിലനില്ക്കുന്നത്.
പ്രണയത്തിനു വേണ്ടി കല്പിച്ചു കൊടുത്തൊരു ദിവസം വരുന്നുണ്ട്. കത്തുന്ന സ്നേഹമാണ് പ്രണയം.
കുട്ടിക്കാലത്തെ നമ്മുടെ വിനോദങ്ങളിലൊന്ന് ഒരു റീഡിംഗ് ലെന്‍സ് ഉപയോഗിച്ച് കരിയിലകളെ തീ പിടിപ്പിക്കുകയായിരുന്നു. ഏകാഗ്രതയില്‍ സംഭവിക്കുന്ന വിസ്മയമായി അത് ഉള്ളില്‍ പതിഞ്ഞുകിടപ്പുണ്ട്.
പരാതികളെല്ലാം, മഞ്ഞിനെക്കാള്‍ തണുത്തു പോയ നാം പാര്‍ക്കുന്ന ഇടങ്ങളെക്കുറിച്ചാണ്. ഉറഞ്ഞു പോയ സ്നേഹത്തയോര്‍ത്താണ്. ഒരേ നേരം പുരാതനവും നൂതനവുമായ നാളമാണ് അവിടെ എരിയുന്നത്. ഗുഹാ മനുഷ്യനോളം പഴക്കമുളള ഓര്‍മ്മയാണത്. കഥ കേട്ടും പറഞ്ഞും മനുഷ്യര്‍ സംസ്കൃത ചിത്തരായത് അതിന്‍റെ വട്ടമിരുന്നിട്ടാണ്.
സിനിമയെ കുറിച്ചുള്ള പഠനങ്ങളില്‍ ഇരുട്ടില്‍ തിരശ്ശീലയിലേക്കുറ്റു നോക്കുന്ന കാണികള്‍ ഇതേ മനുഷ്യരുടെ പുതിയ പതിപ്പാണെന്ന നിരീക്ഷണ മുണ്ട്. ശ്രമകരമാണ് ഒരു കനലിനെ നില നിര്‍ത്തുക യെന്നത്. മസായി ഗോത്രക്കാര്‍ ഇപ്പോഴും തീപ്പെട്ടി ഉപയോഗിക്കാറില്ല. ഒരോ ദിവസവും പുലരിയില്‍ യാഗത്തിലെന്നതുപോലെ കടഞ്ഞെടുക്കുകയാണ്. എത്ര ഏകാഗ്രമായിട്ടാണത് - focused - അവരതു ചെയ്യുന്നത്.
വീട് കൂദാശ ചെയ്തപ്പോള്‍ ഭിത്തിയില്‍ വെഞ്ച രിച്ചു വെച്ച ആ തിരുഹൃദയത്തിന്‍റെ ചിത്രം എന്തിനു വേണ്ടിയാണെന്നാണ് നമ്മള്‍ കരുതുന്നത്. അതിനെ ഒരാന്തരിക നെരിപ്പോടായി കണക്കാക്കിയ ചില മനുഷ്യര്‍ നമുക്കിടയിലുണ്ടായിരുന്നു.
കത്തുന്ന ഹൃദയമേ.
2
വീഞ്ഞായിത്തീര്‍ന്ന വെള്ളം കലവറക്കാരന്‍ രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവ ന്‍ അറിഞ്ഞിരുന്നില്ല. കലവറക്കാരന്‍ മണവാളനെ വിളിച്ചു പറഞ്ഞു: "എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരി പിടിച്ചു കഴിയുമ്പോള്‍ താഴ്ന്ന തരവും. എന്നാല്‍, നീ നല്ല വീഞ്ഞ് അന്ത്യം വരെയും സൂക്ഷിച്ചുവച്ചുവല്ലോ!" ജോണ്‍ 2: 9-10
എത്രയോ വിരുന്നുമേശയില്‍ വിളമ്പിയിട്ടുള്ള ഒരാളാണത്. ജീവിതത്തേക്കുറിച്ചുള്ള അയാളുടെ നിരീക്ഷണമാണ് ഇപ്പോള്‍ മറ നീക്കുന്നത്. എല്ലായി ടത്തും തങ്ങളുടെ ഏറ്റവും നല്ല വീഞ്ഞ് പ്രാരംഭ ത്തില്‍ വിളമ്പാന്‍ മനുഷ്യര്‍ ശ്രദ്ധിക്കുന്നുണ്ട്. പിന്നെ യാണ് ബന്ധങ്ങളിലെ ആ അപകടകരമായ വാക്ക് - taken for granted. അവിടെയാണ് രണ്ടാം തരം വീഞ്ഞ് വിളമ്പിത്തുടങ്ങുന്നത്. സത്യസന്ധതയും തങ്ങള്‍ക്കിടയിലെ സ്വാതന്ത്ര്യവുമൊക്കെയാണ് അതിനു കാരണമായി അവര്‍ എണ്ണിപ്പറയുന്നത്.
നോക്കിനില്‍ക്കെ ജീവിതത്തിന്‍റെ ചാരുതകള്‍ മങ്ങുകയാണ്. മണല്‍ ഘടികാരത്തിലെന്നപോലെ വിരലുകള്‍ക്കിടയിലൂടെ പ്രേമം ചോര്‍ന്നു പോകുന്നു. 'അവസാനം വരെ നല്ല വീഞ്ഞ് കാത്തവര്‍' എന്നാരോ മന്ത്രിക്കുന്ന ആ അപൂര്‍വം ചിലരില്‍ ഞാനുണ്ടായിരിക്കുമോ എന്നുള്ളതാണ് സ്നേഹത്തിന്‍റെ യഥാര്‍ത്ഥ ചലഞ്ച്. പ്രവാചകന്മാരുടെ ദീര്‍ഘപരമ്പരകളുടെ ഒടുവില്‍ യേശു എന്ന നല്ല വീഞ്ഞ് നിയതി കാത്തുവച്ചിരുന്നു എന്നൊക്കെയുള്ള ദൈവശാസ്ത്രവിചാരങ്ങള്‍ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ത്തന്നെ, ഇത് മനുഷ്യ ബന്ധത്തിനുള്ള ഏറ്റവും നല്ല വാഴ്ത്തും പ്രാര്‍ത്ഥനയുമാകുന്നു. വീഞ്ഞിനെപ്പോലെ, ഇരിക്കുന്തോറും വീര്യം വര്‍ദ്ധിക്കുന്ന ഒരു പ്രണയസങ്കല്പം ആരുടെ ഭാവനയാണ് പ്രഫുല്ലമാക്കാത്തത്.
നല്ലതായി ആരംഭിച്ചതെല്ലാം അത്ര നല്ലതായി അവസാനിച്ചിട്ടൊന്നുമില്ല. സെന്‍റ് പോള്‍ തന്‍റെ ചങ്ങാതിക്കൂട്ടത്തില്‍ പറയുന്ന ഡീമസ് എന്നൊരാ ളുണ്ട്. മൂന്നിടങ്ങളില്‍ അയാളുടെ നാമം പരാമര്‍ ശിച്ചിരിക്കുന്നു. തന്‍റെ കൂട്ടുവേലക്കാരനെന്ന് ഒരി ടത്ത്, ലൂക്കിനെപ്പോലെയുള്ള മനുഷ്യരോടൊപ്പം പേരെണ്ണിപ്പറയാന്‍ പറ്റുന്ന വിധത്തില്‍ പ്രാധാന്യ ത്തോടെ മറ്റൊരിടത്ത്. ഒടുവില്‍ ഇങ്ങനെയും, 'ഡീമസ് ലോകത്തെ സ്നേഹിച്ചും എന്നെ ഉപേക്ഷിച്ചും തെസലോനിക്കയിലേക്ക് മടങ്ങി പ്പോയി.' പടിപടിയായുള്ള ഒരാളുടെ അകന്നുപോക ലിന്‍റെ കഥയായിട്ടാണത് ബൈബിള്‍ സാഹിത്യത്തില്‍ പരിഗണിക്കപ്പെടുന്നത്. ജോണ്‍ ബന്യന്‍ 'പില്‍ഗ്രിം പ്രോഗ്രസി'ല്‍ യാത്രയുടെ ഏകാഗ്രത നഷ്ടമായ ഒരു സഹതീര്‍ത്ഥാടകന് ഡീമസ് എന്നു പേരിട്ട് വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
ഇത്തരം ചില വിചാരങ്ങളുടെ പശ്ചാത്തല ത്തിലാണ് ബ്രൂസ് എച്ച് ലിപ്റ്റന്‍ എന്ന സമകാലീ നനായ ഒരു എഴുത്തുകാരനെ കേള്‍ക്കുന്നത്. അയാള്‍ പറയാന്‍ ശ്രമിക്കുന്നത് 'ഹണിമൂണ്‍ ഇഫ ക്റ്റ്' എന്നൊരു സങ്കല്പമാണ്. തീവ്രവും അഗാ ധവും ഊര്‍ജസ്വലവുമായ ഒരു സ്നേഹകാലമാണ് മധുവിധു കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. എന്തിലും ഏതിലും അവസാനത്തോളം അതു നിലനിര്‍ത്താ നാവുമെന്നും അങ്ങനെ മോക്ഷത്തിന്‍റെ ഒരു തുണ്ടു പോലെ നമുക്ക് ജീവിക്കാനാവുമെന്നും അയാള്‍ വിചാരിക്കുന്നു. ആ പേരില്‍ത്തന്നെയാണ് പുസ്ത കവും എഴുതിയിട്ടുള്ളത്.
3
എല്ലാ ശിഥില ബന്ധങ്ങളിലും പരസ്പരം നേരം നല്കിയിരുന്നില്ല എന്ന ആരോപണം അവശേഷി ക്കുന്നുണ്ട്. അവന്‍റെ പാദങ്ങളില്‍ ചടഞ്ഞിരുന്ന സ്ത്രീയൊക്കെ കാലാതീതമായ ചിത്രമായി മാറിയത് അങ്ങനെയാണ്. മേരി നല്ല ഭാഗം തെരെ ഞ്ഞെടുത്തുവെന്നാണ് അവള്‍ക്ക് ലഭിച്ച അഭിന ന്ദനം. എന്തിന്‍റെയും നല്ല അംശമതാണ്. ഒരുമിച്ചി രിക്കുക. അത് ഭക്തിയായാലും പ്രണയമായാലും .
ശിഷ്യന്‍മാരെ കണ്ടെത്തിയതിനെക്കുറിച്ച് സുവിശേഷം ഇങ്ങനെയാണ് പറയുന്നത്. തന്നോ ടൊപ്പമായിരിക്കാനും തനിക്കു വേണ്ടി ആയിരി ക്കാനും അവന്‍ പന്ത്രണ്ടു പേരെ ശേഖരിച്ചു.
പാരന്‍റിംഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിചാരമെന്താണ്. കഠിന സമ്മര്‍ദം നല്‍കിയും സ്വയം നുറുങ്ങിയും നിറം കെട്ട ഒരോര്‍മയായിട്ടായിരിക്കുമോ സായന്തനത്തില്‍ നിങ്ങള്‍ അതിനെ ഓര്‍മിച്ചെടുക്കുന്നത്. അതോ കുട്ടിയോടൊപ്പം പിച്ച വെച്ച് വളര്‍ന്ന ഗാഢ സൗഹൃദത്തിന്‍റെ അനുയാത്രയായിട്ടോ?
4
യഹൂദരുടെ വിവാഹാചാരങ്ങളോര്‍ക്കുന്നു. ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞ ചില്ലുഗ്ലാസ്സ് ചവിട്ടി ഉടച്ചു കളയുകയാണ്. എന്തും ഉടഞ്ഞുപോയേക്കും എന്ന് തങ്ങളോടു തന്നെ മന്ത്രിക്കാനായി ഈ നേരം അവർ ഉപയോഗിക്കുന്നുണ്ടാവും. പാനോപചാരത്തിന് ഉപയോഗിച്ച അതേ ചില്ലുപാത്രമാണ് ഇങ്ങനെ ഉടച്ചു കളഞ്ഞതെന്നു ഓര്‍മ്മിക്കുമ്പോഴാണ് അതിന്‍റെ ഗുരുത്വം വര്‍ദ്ധിക്കുന്നത്.
മെഴുകുതിരി നാളങ്ങള്‍ പോലെയാണ്, മനുഷ്യ ജീവിതങ്ങള്‍ എത്ര ദുര്‍ബലമാണത്. ഏറ്റവും ചെറിയ നിശ്വാസങ്ങളില്‍പ്പോലും അത് കെട്ടുപോയെന്നിരിക്കും.