top of page

അഞ്ചാം കോപ്പ

Apr 1, 2025

3 min read

ഫാ. ഷാജി CMI
The Bread and wine.

തലയില്‍ ഒരു കുടം ജലവുമായി വരുന്ന പുരുഷനോട് എവിടെയാണ് പെസഹാ വിരുന്ന് ഒരുക്കേണ്ടത് എന്ന് ചോദിക്കുക എന്ന അടയാളവാക്യവുമായിട്ടാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. അയാള്‍ അവരെ ഒരു ഉയര്‍ന്ന മാളികയിലേക്ക് നയിച്ചു. അത് അലങ്കരിക്കപ്പെട്ടിരുന്നു. സെഹിയോന്‍ ഊട്ടുശാല. അവന്‍റെ സങ്കടത്തിന്‍റെയും സന്തോഷത്തിന്‍റെയും ഹൃദയമിടിപ്പ് നമുക്കവിടെ കേള്‍ക്കാം. പ്രാണന് തുല്യം സ്നേഹിച്ച തന്‍റെ പ്രിയപ്പെട്ടവരെ വിട്ടുപിരിയേണ്ടി വരുന്നതിന്‍റെ സങ്കടം. അന്ന് രാത്രി താന്‍ കടന്നുപോകേണ്ട കഷ്ടപ്പാടുകളെ ഓര്‍ത്തുള്ള വേദന. തന്‍റെ പ്രിയപ്പെട്ടവരൊക്കെ തന്നെ ഉപേക്ഷിച്ചുപോകും എന്നോര്‍ക്കുമ്പോഴുള്ള വ്യസനം. തള്ളിപ്പറയാനിരിക്കുന്നവന്‍റേയും, ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍റേയും ചെയ്തികളോര്‍ക്കുമ്പോഴുള്ള നെഞ്ചുപിടയ്ക്കല്‍. മറുവശത്ത് തന്‍റെ പിതാവിന്‍റെ പക്കലേക്ക് പോകാന്‍ സമയമായി എന്നുള്ളതിന്‍റെ വലിയ സന്തോഷം. തന്‍റെ ജീവിതനിയോഗത്തിലേക്ക് ഇനി ഏതാനും നാഴികകള്‍ മാത്രം എന്നതിന്‍റെ ചാരിതാര്‍ത്ഥ്യം. ഇതെല്ലാം കൂടിയപ്പോള്‍ സെഹിയോന്‍ മാളിക നക്ഷത്രഖചിതമായി മേഘംകൊണ്ടെന്നപോലെ അലങ്കരിക്കപ്പെട്ടു.

ഒരു ചരുവത്തില്‍ വെള്ളവും, കയ്യില്‍ തോര്‍ത്തും. ചരുവത്തിലെ വെള്ളം ഒരു മൊന്തകൊണ്ട് കോരിയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി. തോര്‍ത്ത്കൊണ്ട് തുടച്ചു. അതില്‍ ഉമ്മവെച്ചു. പഴയ പാതകളില്‍ നടന്ന് ശിഷ്യരുടെ പാദങ്ങളില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള പൊടികളില്‍ നിന്ന് അവരെ വിമുക്തരാക്കി. സ്വാതന്ത്ര്യത്തിന്‍റെ പുതിയ വഴികളിലേക്ക് അവരെ കൈപിടിച്ച് നടത്തി. അവന്‍റെ ഈ പ്രവൃത്തികള്‍ കണ്ട് ശിഷ്യന്മാരുടെ മുഖം ലജ്ജകൊണ്ട് ചുവന്നുപോയി. അപ്പോള്‍ അവര്‍ ഓര്‍ത്തു, ഇന്നലെ അവന്‍റെ പാദങ്ങള്‍ അറേബ്യായില്‍ നിന്നും കൊണ്ടുവന്ന മീറാകൊണ്ട് കഴുകി ഒരു സ്ത്രീ അവളുടെ കേശഭാരംകൊണ്ട് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. ഇന്ന് അവനോ ഞങ്ങളുടെ പാദങ്ങള്‍ ശുദ്ധജലംകൊണ്ട് കഴുകിത്തുടച്ച് അതിന്മേല്‍ ഉമ്മ വെക്കുന്നു.

എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോള്‍, സത്രം സൂക്ഷിപ്പുകാരനും ഭാര്യയും വന്നുചേര്‍ന്നു. എല്ലാവര്‍ക്കും കഴിക്കുവാനുള്ള അപ്പം ഒരു കുട്ടനിറയെ കൊണ്ടുവന്നിരുന്നു. അയാളുടെ ഭാര്യ ഒരു ചാറ നിറയെ വീഞ്ഞും കൊണ്ടുവന്നിരുന്നു. യേശു കുട്ടയില്‍ നിന്നും ഒരപ്പമെടുത്ത് മുറിച്ചുകൊണ്ട് പറഞ്ഞു: "ഒരു പക്ഷേ നാമിനി ഒരിക്കലും ചേര്‍ന്നിരുന്ന് അപ്പം മുറിച്ച് പങ്കിടുവാന്‍ ഒത്തുകൂടിയില്ലെന്നു വരാം. ഗലീലിയായിലെ നമ്മുടെ സൗഹൃദത്തിന്‍റെ ഓര്‍മ്മക്കായി ഈ ദിവസം നമുക്ക് ഈ അപ്പക്കഷ്ണം തിന്നാം".

യേശു പിന്നെ ഒരു കോപ്പയിലേക്ക് വീഞ്ഞ് പകര്‍ന്നു. അല്പമൊന്ന് രുചിച്ചു. പിന്നെ ശിഷ്യരുടെ നേരെ നീട്ടി. ഇത് കുടിക്കുവിന്‍. പുതിയ ജീവന്‍റെ മധുരം നിങ്ങള്‍ക്ക് ലഭിക്കട്ടെ. നാളെ ഞാന്‍ നിങ്ങളോടൊപ്പം ഇല്ലാതിരിക്കുമ്പോഴും ഇപ്രകാരം നിങ്ങള്‍ക്ക് ഒരുമിച്ച് കൂടാം. അപ്പം മുറിച്ച് പങ്കിടാം. ഇപ്രകാരം വീഞ്ഞ് പകര്‍ന്ന് കൊടുക്കുകയും ചെയ്യാം. നിങ്ങള്‍ സ്നേഹത്തോടെയാണ് ഇത് ചെയ്യുന്നതെങ്കില്‍ ഞാന്‍ അവിടെയുണ്ടായിരിക്കും. നിങ്ങളോടൊപ്പം, തൊട്ടടുത്തുതന്നെ.

സെഹിയോന്‍ശാല വിട്ടുപോകുന്നതിന് മുമ്പ് അത്താഴത്തിനിരുന്നവരെല്ലാം ഒന്നിച്ചെണീറ്റ് നിന്ന് ഗലീലിക്കുവേണ്ടി സ്തോത്രം ചൊല്ലി. ആഹ്ളാദത്തിന്‍റെ അരുമയായ സ്തോത്രം. എല്ലാവരുടേയും ശബ്ദത്തിനു മീതെ അവന്‍റെ മധുരമായ സ്വരം കേള്‍ക്കാമായിരുന്നു. അവന്‍ ഉച്ചരിച്ച ഓരോ വാക്കിലും അവന്‍റെ ജനനസമയത്ത് മാലാഖമാര്‍ പാടിയ ദൈവസ്തുതികള്‍ ഒരു മണിനാദംപോലെ മുഴങ്ങി. ദാവീദിന്‍റെ കിന്നരങ്ങള്‍ സ്തോത്രഗീതത്തിന് അകമ്പടി സേവിച്ചു. ഞാന്‍ നിങ്ങള്‍ക്ക് യാത്ര പറയുന്നു എന്ന വാക്കുകളോടെ അവന്‍ ഇറങ്ങി നടന്നു സെഹിയോന്‍ മാളിക വിട്ടുപോയി. കെദ്രോന്‍തോട് മുറിച്ചുകടന്ന് ഒലിവ് തോട്ടത്തിലെത്തി. എന്നിട്ട് ശിഷ്യരോടായി പറഞ്ഞു: "നിങ്ങള്‍ ഇവിടെ വിശ്രമിക്കുവിന്‍".

ഓരോരുത്തരും ഓരോ വൃക്ഷച്ചുവട് നോക്കി തുണിവിരിച്ച് കിടന്നു. വസന്തകാലത്തിന്‍റെ നേരിയ തണുത്തകാറ്റ് ശിഷ്യന്മാരെ പെട്ടെന്ന് ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. യേശു കിടന്നില്ല. അവന്‍ അസ്വസ്ഥനായി ഒലിവ് തോട്ടത്തില്‍ ചുറ്റിനടക്കുന്നുണ്ടായിരുന്നു. അല്പം നടന്നിട്ടവന്‍ നില്‍ക്കും. പിന്നെയും നടക്കും. ഇങ്ങനെ എത്ര പ്രാവശ്യം! ചിലപ്പോള്‍ നിശ്ചലനായി നിന്ന് കൈകള്‍ ആകാശത്തേക്ക് നീട്ടും. നെഞ്ച് പിടയുമാറ് നിലവിളിക്കും 'എന്‍റെ അപ്പാ!' അവന്‍റെ സാന്നിധ്യംകൊണ്ടും നിലവിളികൊണ്ടും ഒലിവേതോട്ടം ഒരു സ്വര്‍ഗ്ഗംപോലെ തോന്നിച്ചു. 'അങ്ങ് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാനപാത്രം എടുത്ത് മാറ്റേണമേ'.

പൂര്‍ത്തിയാകാത്ത ഒരു പെസഹാ വിരുന്നായിരുന്നു അത്. അഞ്ച് കോപ്പ വീഞ്ഞുണ്ടാകും പെസഹാ വിരുന്നില്‍. ഓരോ കോപ്പയും ഇസ്രായേല്‍ ജനത്തിന്‍റെ വിമോചനവഴിയിലെ നാഴികക്കല്ലുകളെ ഓര്‍മ്മിപ്പിക്കുന്നു. ഓരോന്നിനും ഓരോ അര്‍ത്ഥതലങ്ങളുണ്ട്. ഓരോന്നിലും ഓരോ ഓര്‍മ്മയുണ്ട്. ഓരോന്നിലും അടക്കിപ്പിടിച്ച പ്രാര്‍ത്ഥനയുണ്ട്. ആദ്യത്തെ കോപ്പ വിശുദ്ധീകരണത്തിന്‍റെ പാനപാത്രമാണ്. ഇസ്രായേല്‍ ജനത്തെ തടുത്തുകൂട്ടി തിരഞ്ഞെടുക്കപ്പെട്ട ജനമെന്നും, ദൈവജനമെന്നുമൊക്കെ പേര്‍വിളിച്ച് അവര്‍ക്ക് സ്വന്തമായൊരു വ്യക്തിത്വം നല്‍കിയതിന്‍റെ ഓര്‍മ്മകളാണ് ആദ്യത്തെ കോപ്പ പാനം ചെയ്യുമ്പോള്‍ സ്മരിക്കപ്പെടുക. രണ്ടാമത്തെ കോപ്പ വിമോചനത്തിന്‍റെ പാനപാത്രമാണ്. ഈജിപ്തില്‍ നിന്നും കാനായിലേക്കുള്ള വിമോചനം. അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വിമോചനം. അടിമച്ചങ്ങലകള്‍ പൊട്ടിനുറുങ്ങിയതിന്‍റെ വിമോചനം. ദൈവജനത്തിന്‍റെ വിമോചനത്തെ സ്തുതിച്ചുകൊണ്ട് രണ്ടാമത്തെ കോപ്പയും പാനം ചെയ്തു.

മൂന്നാമത്തെ കോപ്പ വീണ്ടെടുക്കലിന്‍റെ പാനപാത്രമാണ്. രക്ഷിക്കപ്പെട്ട ജനം താന്തോന്നികളായിപ്പോയി ചില നേരങ്ങളില്‍. ആല വിട്ടോടിയ ആടുകളെപ്പോലെയും, വീടു വിട്ടോടിയ ധൂര്‍ത്തപുത്രനെപ്പോലെയും കലഹിച്ചുനിന്നു. അപ്പോഴൊക്കെ അവരെ മാടിക്കൂട്ടി തന്‍റെ ചിറകിന്‍കീഴിലൊതുക്കി. പലയാവര്‍ത്തി നടത്തിയ ഈ വീണ്ടെടുക്കലുകളെയോര്‍ത്ത് കൃതജ്ഞതാഭരിതരായി മൂന്നാമത്തെ കോപ്പയും അവര്‍ കുടിച്ചു, നാലാമത്തെ കോപ്പ സ്തുതിഗീതങ്ങളുടെ പാനപാത്രമാണ്. നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും എന്ന ദൈവമനുഷ്യ ഉടമ്പടിയുടെ അടയാളമാണ് നാലാമത്തെ കോപ്പ. ഈജിപ്തുകാരുടെ നടുവില്‍ നിന്ന് നിങ്ങളെ മോചിപ്പിച്ച യഹോവയാകുന്നു ഞാന്‍ എന്ന് നിങ്ങളറിയും. ദൈവ മനുഷ്യബന്ധത്തിന്‍റെ, കൂടാരബന്ധത്തിന്‍റെ സ്മരണയില്‍ ദൈവത്തിന് കൃതജ്ഞതയുടെ സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് നാലാമത്തെ കോപ്പയും പാനം ചെയ്യും.

അഞ്ചാമത്തെ കോപ്പ ദൈവകോപത്തിന്‍റെ പാനപാത്രമാണ്. ഈ കോപ്പ വാഴ്ത്താതെയും പാനം ചെയ്യാതെയും അത്താഴമേശയില്‍ തന്നെ ഉപേക്ഷിക്കപ്പെടും. ഏറ്റവും കയ്പ്പുള്ള പാനീയമായിരുന്നു അതില്‍. ഓരോ പെസഹായുടേയും ചരിത്രത്തില്‍ കുടിക്കാതെ ബാക്കിവെക്കുന്ന പാനപാത്രമായിരുന്നു ഇത്. ഇത് പാനം ചെയ്യാതെ അവര്‍ സ്തോത്രഗീതികളാലപിച്ചുകൊണ്ട് ഒലിവ്തോട്ടത്തിലേക്ക് പോയി. അഞ്ചാമത്തെ കോപ്പ, അതയാള്‍ക്ക് മാത്രം കുടിക്കാന്‍ കഴിയുന്നതാണ്. ഓരോ പെസഹായിലും ബലിചെയ്യപ്പെടുന്ന പെസഹാകുഞ്ഞാടിന്‍റെ ബലിയോടെ ദൈവകോപം ഒഴിവാക്കപ്പെടുന്നു. പാപത്തിന്‍റേയും, ദൈവകോപത്തിന്‍റെയും ന്യായമായ ശിക്ഷയെ ഒഴിവാക്കാന്‍ കരുണ അഭ്യര്‍ത്ഥിച്ച് വര്‍ഷംതോറും പെസഹാബലി ആവര്‍ത്തിക്കുകയും, ദൈവകോപത്തിന്‍റെ പാനപാത്രം മേശയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഒലിവ് തോട്ടത്തില്‍ ക്രിസ്തു പ്രാര്‍ത്ഥിച്ചത് ഈ പാനപാത്രം ഒഴിവാക്കി കിട്ടാനാണ്. ഈ കോപ്പയില്‍ ലോകം മുഴുവനും വേണ്ടിയുള്ള ആത്മബലിയുടെ ധ്വനികളുണ്ട്. കാല്‍വരിയിലെ കുരിശില്‍ 'നിവൃത്തിയായി' എന്ന് പറഞ്ഞാണ് അയാള്‍ മിഴിപൂട്ടുന്നത്. ഇത് വിജയഭേരിയാണ്. പാപത്തിന്‍റെ ശിക്ഷക്കുള്ള പരിഹാരം അതിന്‍റെ പൂര്‍ണ്ണതയില്‍ ചെയ്തുകഴിഞ്ഞു. പിതാവായ ദൈവം മനുഷ്യകുലത്തിനുനേരെ വെച്ചുനീട്ടിയ ദൈവകോപത്തിന്‍റെ പാനപാത്രം അയാള്‍ മട്ടോളം കുടിച്ചുതീര്‍ത്തു. അങ്ങനെ അഞ്ചാമത്തെ കോപ്പയും ഒഴിഞ്ഞു. ദൈവകോപത്തിന്‍റെ പാനപാത്രത്തില്‍ ഒരു തുള്ളിയെങ്കിലും അവശേഷിച്ചിരുന്നുവെങ്കില്‍ പാപിയായ മനുഷ്യന് ആത്യന്തികമായ ശിക്ഷ അനിവാര്യമായിരുന്നു. പിറ്റേന്ന് ഉച്ചക്ക് മൂന്നുമണിക്കാണ് അയാള്‍ അഗാധവിഷാദത്തിന്‍റെ അഞ്ചാമത്തെ കോപ്പയും കുടിച്ചുതീര്‍ത്തത്.

ദുഃഖവെള്ളിയേക്കാള്‍ കഠിനതരമാണ് ചില പെസഹാ വ്യാഴാഴ്ചകള്‍. മനുഷ്യര്‍ക്ക് വിധിക്കാനുള്ള അവകാശമില്ലെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ആരെയൊക്കെയാണോ അവന്‍ ചോദ്യം ചെയ്തതും, നിഷേധിച്ചതും അവരൊക്കെ അവനെത്തേടി ആര്‍ത്തലച്ച് വരികയാണ്. അന്നാസ്, കയ്യാപ്പാസ്, സെന്‍ഹൊദ്രീന്‍ എന്ന മതകോടതി, പീലാത്തോസ്, ഹേറോദേസ്, വീണ്ടും പീലാത്തോസ്, സെന്‍ഹൊദ്രീന്‍ കൂടിയാലോചനകള്‍, മറുവാക്കില്ലാത്ത വിധിപറച്ചിലുകള്‍, അധികാരം ഉറപ്പിക്കാനുള്ള കൈകഴുകലുകള്‍, അധികാരത്തിന്‍റെ കൈയ്യൊപ്പുകള്‍, മുള്‍ക്കിരീടം ചാര്‍ത്തല്‍, നഗ്നനാക്കപ്പെടല്‍, ചാട്ടവാര്‍ പ്രഹരങ്ങള്‍, ഒടുവില്‍ വികൃതമാക്കപ്പെട്ട മനുഷ്യരൂപത്തെ നോക്കി അധികാരിയുടെ മൊഴി - 'ഇതാ മനുഷ്യന്‍'.

ഒരു പാതിരാമുതല്‍ പുലരിവരെയുള്ള നേരത്താണ് ഇതൊക്കെ നടക്കുന്നത്.

Recent Posts

bottom of page