top of page

പെണ്‍മഴ

Dec 16, 2017

4 min read

movie

ഒട്ടേറെ പരീക്ഷണങ്ങള്‍ക്കു വിധേയമാവുന്നുണ്ടെങ്കിലും, ഹീറോയിസം, ആക്ഷന്‍, റൊമാന്‍സ്, കുടുംബം എന്ന പതിവ് സമവാക്യ സിനിമകള്‍ സ്വച്ഛന്ദം വിഹരിക്കുന്ന തമിഴ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ജനപ്രിയ ചേരുവകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇരൈവി പെണ്ണിടങ്ങളുടെ കഥ പറയുന്നത്. 

2016 ല്‍ റിലീസായ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഇരൈവി ലിംഗമേല്‍ക്കോയ്മയുള്ള ഒരു സമൂഹത്തെ ചോദ്യം ചെയ്യുകയും ലിംഗസമത്വം, പാതിവ്രത്യം, കുടുംബം, ലൈംഗികത, പ്രണയം എന്നിവയിലെ ആണ്‍ - പെണ്‍ യുക്തികളെയും മുന്‍ധാരണകളെയും പൊളിച്ചെഴുതിയ ഒരു നിഷ്കളങ്കമായ സിനിമയാണ്. 

മൂന്ന് ആണ്‍കഥാപാത്രങ്ങളിലൂടെയും അവരുടെ ജീവിതത്തിലെ മൂന്നു പെണ്‍ കഥാപാത്രങ്ങളിലൂടെയും ആണ് കഥ മുന്നോട്ടു പോകുന്നത്. കഥാന്തരീക്ഷത്തിലും കഥാപാത്ര സൃഷ്ടിയിലും വ്യത്യസ്തത പുലര്‍ത്തുന്ന ഇരൈവിയില്‍ ആണ്‍ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത.് എങ്കിലും ഓരോ പാത്രത്തിനും തുല്യ പ്രാധാന്യം കഥയില്‍ നല്‍കിയിരിക്കുന്നു. 

ഐറ്റം ഡാന്‍സിനു വേണ്ടി മാത്രം നായികാ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന തമിഴ് സിനിമാ സംസ്കാരത്തില്‍ നിന്നുമാണ് പൊന്നിയും യാഴ്നിയും മലരുമൊക്കെ വ്യത്യസ്തരാവുന്നത്. നായകന്‍റെ പ്രേമഭാജനമായോ സര്‍വ്വം സഹ ഭാര്യയായോ ഒതുങ്ങിക്കൂടിയിരുന്ന നായികാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തരായി ശക്തമായ ഒരു ക്യാരക്ടര്‍ ഐഡന്‍റിറ്റിയില്‍ നിന്നു കൊണ്ടാണ് ഇവര്‍ സ്വാതന്ത്ര്യത്തിന്‍റെ മഴ നനയുന്നത്. 

പ്രൊഡ്യൂസറുമായി തര്‍ക്ക വിധേയമായി നില്‍ക്കുന്ന തന്‍റെ സിനിമയെപ്പറ്റി ഓര്‍ത്ത് മദ്യത്തിന് അടിമപ്പെടുന്ന അരുളും അയാളുടെ ചെയ്തികളുടെ ബാക്കി പത്രങ്ങളാവുന്നവരുമാണ് മറ്റു കഥാപാത്രങ്ങള്‍. 

"പൊറുക്കര്തുക്കും, സഹിക്കറ്തുക്കും നാമെന്ന പൊമ്പളൈയാ, ആമ്പളൈ മാമാ" എന്ന കഥാപാത്രത്തിന്‍റെ സംഭാഷണത്തില്‍ നിന്നും അത്തരമൊരു നിഗമനത്തിലേക്കെത്താം. തിരിച്ചറിവുകളുടെ തിരുത്തലുകളില്‍ നിന്നുമാണ് അരുളിതു പറയുന്നതെങ്കിലും കഴിഞ്ഞുപോയ അയാളുടെ ജീവിതത്തെ മുഴുവനും ധ്വനിപ്പിക്കുകയാണ് ഇവ. അരുളിനെ അവതരിപ്പിക്കുന്ന ആദ്യഷോട്ടില്‍ മങ്ങിയ വെളിച്ചത്തില്‍ തീയും മദ്യവും ബിംബാനുവര്‍ത്തികളാവുന്നു. 

ഭോഗത്തിന്‍റെ മറ്റൊരു തലത്തിലാണ് മൈക്കലിനെ അവതരിപ്പിക്കുന്നത്. തന്‍റെ അച്ഛന്‍റെ മുതലാളിയുടെ കുടുംബത്തോടുള്ള വിശ്വസ്തതക്കും അപ്പുറമാണ് ആ കുടുംബത്തില്‍ അയാള്‍ക്കുള്ള സ്ഥാനം, മൈക്കല്‍ അരുളിനു സഹോദരസ്ഥാനീയനാണ്. എന്നാല്‍ അവരോടു കാണിക്കുന്ന ആത്മാര്‍ത്ഥതയുടെ ഒരംശം പോലും പൊന്നിയെന്ന തന്‍റെ ഭാര്യയോടു കാണിക്കുന്നില്ല. 

മലര്‍മിഴിയോടു തനിക്കുള്ളത് സിന്‍സിയര്‍ ലവ് ആണെന്നു പറയുമ്പോഴും മൈക്കല്‍ തന്‍റെ ഭാര്യയെ, അവളുടെ ഉടലിനെ കേവലമൊരു ഭോഗവസ്തുവായി മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 

പെരിഫറല്‍ മേക്കിംഗില്‍ അരുളിനും മൈക്കലിനും കൊടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ജഗനു പലപ്പോഴും നെഗറ്റീവ് ഇമേജ് നല്‍കിയിരിക്കുന്നു. ഭാരത കലൈഞ്ജര്‍ പദവി നേടിയ തന്‍റെ അച്ഛന്‍ ചെയ്ത ശിലകാള മോഷ്ടിക്കുകയും, മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ജഗന്‍, പൊന്നിയെ സ്വന്തമാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം മൈക്കലിനെ ചതിക്കുകയും ചെയ്യുന്നു. ഇരൈവിയെന്ന ഇരട്ടമുഖമുള്ള ശിലയും ഇവിടെ ജഗന്‍റെ കഥാപാത്രത്തിനെ ബിംബവല്‍ക്കരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് വളരെ ശ്രദ്ധേയമാണ്. 

ആണ്‍ കഥാപാത്രങ്ങളില്‍ നിന്നും പെണ്‍ കഥാപാത്രങ്ങളിലേക്ക് ഒരു സഡന്‍ ഷിഫ്റ്റ് ചെയ്യാമിവിടെ,  പൊന്നിയില്‍ നിന്നും തുടങ്ങട്ടെ, മലരിനോടുള്ള തന്‍റെ പ്രണയത്തെപ്പറ്റി ആദ്യരാത്രിയില്‍ പൊന്നിയോടു തുറന്നു പറയുന്ന മൈക്കലില്‍ നിന്നും, പിന്നീടങ്ങോട്ട് അവള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്നത് എല്ലാം ലിംഗമേല്‍ക്കോയ്മയുള്ള സമൂഹത്തില്‍ ഇടമില്ലാതായി പോവുന്ന പെണ്‍കൂട്ടങ്ങളുടെ പ്രശ്നങ്ങളാണ്. സ്വയം അങ്ങനെയൊരു സമൂഹത്തിനു അടിമപ്പെടുകയാണ് അവള്‍ ചെയ്യുന്നത്. ഒരിക്കല്‍പോലും തന്നോടു മമത കാട്ടിയിട്ടില്ലാത്ത ഭര്‍ത്താവിന്‍റെ നേര്‍ക്കു ഒരവസരത്തില്‍ പൊന്നിയതേപ്പറ്റി ചോദിക്കുന്നുമുണ്ട്. അതിനുത്തരമില്ലാതെ നില്‍ക്കുന്ന മൈക്കലില്‍ നിന്നും പൊന്നി യാതൊന്നും പ്രതീക്ഷിക്കുന്നില്ല. 

തന്നെ ഇഷ്ടമാണെന്നു പറയുന്ന ജഗനില്‍ നിന്നും, അവളെ ഇഷ്ടപ്പെടുന്ന ഏക പുരുഷന്‍ അയാളാണെന്നു കൂടി തിരിച്ചറിഞ്ഞിട്ടും പൊന്നി ഒഴിഞ്ഞു മാറുന്നു. 

ഇവിടെ നിന്നും യാഴ്നിയെ നമുക്ക് പരിചയപ്പെടാം. അരുളിനെ വിവാഹം കഴിക്കുന്നതോടെ തന്‍റെ ജീവിതത്തിനെ മറ്റൊരു തലത്തിലേക്ക് പറിച്ചു നടാമെന്ന സ്വപ്നത്തില്‍ നിന്നും തീര്‍ത്തും വിദൂരമായ ഒരു ജീവിതത്തിന് അടിമപ്പെടുകയാണ് യാഴ്നി. കുടുംബമെന്ന തടവറയില്‍ നിന്നും മനസ്സിനെയും ശരീരത്തെയും മോചിപ്പിക്കാന്‍ അവള്‍ക്ക് അരുളില്‍ നിന്നു പിരിഞ്ഞതിനു ശേഷവും സാധിക്കുന്നില്ല. കുടുംബമെന്ന വ്യവസ്ഥാപിത ആണധികാര പരിധിയില്‍ പുതിയൊരു ജീവിതത്തെ സ്വപ്നം കാണുകയാണ് വീണ്ടും യാഴ്നി. 

കഴിഞ്ഞു പോയ കാലത്തിന്‍റെ എല്ലാ തിരസ്കാരങ്ങളും പേറി മീനാക്ഷി, തളര്‍ന്നു കിടക്കുന്ന സമയത്താണ് അവര്‍ക്ക് കിട്ടാതെ പോയ കരുതലുകള്‍ ഭര്‍ത്താവില്‍ നിന്നു ലഭിക്കുന്നത്. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്‍റെ കൈയ്യിലെ ക്ലാവു പിടിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ പോലെയാണ്. 

ഈ മൂന്നു പെണ്‍ കഥാപാത്രങ്ങളെ ഒന്നാകെ വായിക്കുമ്പോള്‍, പുരുഷ നിയന്ത്രിത മെന്‍റാലിറ്റിയില്‍ കണ്ടീഷണ്‍ഡ് ആയ ഒരു സമൂഹത്തിന്‍റെ ബാക്കിയാവുകയാണ് ഇവരെന്ന് തിരിച്ചറിയുന്നു. 

ആ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ് ഇരൈവി. പെണ്‍ സ്വാതന്ത്ര്യത്തിനു ആരെതിരു നില്‍ക്കുന്നുവെന്നതിന് ഉത്തരവും അവിടെയുണ്ട്. മഴ നനയുന്നതില്‍ നിന്നും സ്വയം വിലക്കുന്ന പൊന്നിയെ പിന്നീട് ഭര്‍ത്താവ് വിലക്കുന്നതും കാണുന്നുണ്ട്. വളരെ പ്രതീകാത്മകമായ മറ്റൊരു രംഗത്തില്‍, മഴ നനഞ്ഞാലോ എന്ന് യാഴ്നി തന്‍റെ കൂട്ടുകാരിയോടു ചോദിക്കുമ്പോള്‍, നനയില്ലേ എന്ന ഉത്തരത്തിനും അവിടെ വരെയുള്ളൂ നമ്മുടെ സ്വതന്ത്ര്യവും ആഗ്രഹവും എന്ന യാഴ്നിയുടെ മറുപടിയില്‍ അവള്‍ പലതും തിരിച്ചറിയുന്നുണ്ട്. ആണ്‍ വ്യവസ്ഥിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന യാഴ്നിയെ, ഇരൈവി ശില്പങ്ങളോട് ഉപമിക്കുന്നുണ്ട്. ഒരേ ചോദ്യം, ഒരേ ഉത്തരം, സ്വയം തടവറ ഒരുക്കുന്ന പെണ്‍സമൂഹത്തെയാണ് രണ്ടു പേരും നല്‍കുന്ന ഒരേ ഉത്തരത്തിലൂടെ ധ്വനിപ്പിക്കുന്നത്.  

പെണ്ണിന്‍റെ പ്രണയ സങ്കല്‍പ്പങ്ങളും കാമവിചാരങ്ങളുമെല്ലാം ആണ്‍ വിധേയത്തിലുള്ളതായിരുന്നു, ഇക്കാലമത്രയും. എന്നാല്‍ മലര്‍മിഴിയുടെ കഥാപാത്രം ഇത്തരത്തിലുള്ള പുരുഷാധിഷ്ഠിതമായ സങ്കല്പങ്ങളെ, പാതിവ്രത്യത്തിന്‍റെ പെണ്‍യുക്തിയെ പൊളിച്ചെഴുതുന്ന സൃഷ്ടിയാണ്. 

ഭര്‍ത്താവു മരിച്ചതിനു ശേഷം മൈക്കലുമായി ലൈംഗിക താല്പര്യത്തോടെ മാത്രം സൗഹൃദം സ്ഥാപിക്കുന്ന മലര്‍ അയാളുടെ പ്രണയത്തെ നിരസിക്കുകയും, Its just fuck എന്നു തുറന്നു പറയുന്നതിലൂടെയും പൊതുധാര സമൂഹത്തിന്‍റെ കപട സദാചാരത്തിനെ പരിഹസിക്കുകയും, പെണ്ണിന്‍റെ കാമവിചാരങ്ങളെ തുറന്നു പറയാന്‍ വിലക്കുകള്‍ നല്‍കുന്ന സമൂഹത്തിനെ ധിക്കരിക്കുകയും ചെയ്യുന്ന ധീരമായ നിലപാടുള്ള സ്ത്രീയാണ്. ഭര്‍ത്താവിന്‍റെ ഫോട്ടോയുള്ള അതേ മുറിയിലാണ് അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും. തന്‍റെ പ്രണയത്തെ തുറന്നു പറയുമ്പോള്‍, നീ ഇത്രയും കാലം നിന്‍റെ ഭാര്യയെ തൊടാതിരുന്നോ എന്ന ചോദ്യത്തിലൂടെ ആണിന്‍റെ ഇരട്ടമുഖത്തെ പുച്ഛിക്കുന്നുണ്ട് മലര്‍മിഴി. കാമത്തിനെയും പ്രണയത്തിനെയും രണ്ടു തലങ്ങളില്‍ നിര്‍വചിക്കാനാവുന്നു നമുക്കിവിടെ. 

ഇനി ജഗനിലേക്ക് തിരികെയെത്താം. അതുവരെ ഉണ്ടായിരുന്ന കഥാപാത്ര സൃഷ്ടിയില്‍ നിന്നും ജഗന്‍ വ്യത്യസ്തനാവുന്നത് ഇവിടെനിന്നുമാണ്. ഇരട്ടമുഖമുള്ള ഇരൈവിയുടെ ബിംബിവല്‍ക്കരണം ഇവിടെ എത്രത്തോളം ആഴത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് മറ്റൊരു രംഗത്തില്‍ ജഗന്‍റെ സംഭാഷണത്തെ സൂചിപ്പിച്ചു കൊണ്ട് അവതരിപ്പിക്കാമെന്നു തോന്നുന്നു. 

"ഒരു തലൈയപ്പതിപ്പ് അതിന്‍റെ മതിപ്പ് തെരിയാതെയിടത്തിലെ ഇരിക്ക കെടാത്" വ്യക്തം!!!

പ്രതീകാത്മക രംഗങ്ങളിലൂടെ കാഴ്ചക്കപ്പുറത്തെ അര്‍ത്ഥം നല്‍കുന്ന ഇരൈവിയിലെ മഴയെ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് സൂചിപ്പിച്ച പോലെ സഹകഥാപാത്രമെന്നോണമാണ് സിനിമയില്‍ പ്ലെയ്സ് ചെയ്തിരിക്കുന്നത്. പെണ്ണരുതുകളുടെ ലോകത്ത് അവളുടെ സ്വത്വസ്വാതന്ത്ര്യത്തിന്‍റെ പ്രതീകമാണ് ഇരൈവിയിലെ മഴ. വിരഹം, പ്രണയം, നൊസ്റ്റാള്‍ജിയ എന്നിങ്ങനെ ഒരു കാല്പനിക ഭാവമായിരുന്നു മഴകള്‍ക്കെന്നും. പെണ്ണോടുപമിച്ചാലും പെണ്ണിനെന്നും മഴ അന്യമായിരുന്നു. ശരീരത്തിന്‍റെ രാഷ്ട്രീയവും സ്വയം സൃഷ്ടിച്ചെടുത്ത അടിമബോധവും ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ഇരൈവി പ്രേക്ഷകരെ കാഴ്ചകള്‍ക്കപ്പുറമുള്ള അനുഭവ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒരു പ്രതീകമെന്നതിലും അപ്പുറം മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ മഴക്കും തുല്യ പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇരൈവിയുടെ ആകര്‍ഷണീയത. വളരെ ക്രിയാത്മകമായി മഴയെ ഇവിടെ അവതരിപ്പിക്കുന്നു. 

മഴയില്‍ നിന്നുമാണ് ഇരൈവി തുടങ്ങുന്നത്. മഴയില്‍ നനച്ചു കൊണ്ട് പൊന്നിയെന്ന കഥാപാത്രം തന്‍റെ വിവാഹ സങ്കല്‍പ്പങ്ങളെ പറ്റി കൂട്ടുകാരോട് സംസാരിക്കുകയാണ്. വിവാഹത്തിനു ശേഷം ഭര്‍ത്താവിന്‍റേതായ ലോകത്തില്‍ ഒതുങ്ങിക്കൂടണമെന്നു സ്വപ്നം കാണുന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയില്‍ നിന്നും യാഴ്നിയെന്ന രണ്ടാമത്തെ സ്ത്രീയിലേക്കെത്തുമ്പോള്‍ വിവാഹത്തിനു ശേഷം 'ടെംപ്ലേറ്റ് ലൈഫ്' ആഗ്രഹിക്കാത്ത പൊന്നിയില്‍ നിന്നു വ്യത്യസ്തമായ നിലപാടെടുക്കുന്ന, തന്‍റെ ജീവിതത്തെ വളരെ ധൈര്യപൂര്‍വ്വം സമീപിക്കുന്ന ഐഡന്‍റിറ്റിയിലാണ് അവതരിപ്പിക്കുന്നത്, തന്‍റേതല്ലാത്ത കാരണത്താല്‍ ഭര്‍ത്താവിന്‍റെ വഴക്കിനു പാത്രമാവുന്ന മീനാക്ഷിയിലേക്കെത്തുന്നതോടെ ഒരേ മഴയുടെ തുടര്‍യില്‍ ആണ്‍ മേല്‍ക്കോയ്മയുടെ അടിമകളായ മൂന്നു പെണ്ണുങ്ങളെ അവതരിപ്പിക്കുന്നു. മഴ നനഞ്ഞാലോ എന്ന ചോദ്യത്തിന്, ആശയാര്ക്ക് ആനാ നനഞ്ഞിടു വോമേ? (ആഗ്രഹമുണ്ട്, പക്ഷെ നനയില്ലേ?) എന്ന പൊന്നിയുടെ ഉത്തരത്തില്‍ നിന്നു തന്നെ സ്വന്തം സ്വാതന്ത്ര്യത്തിനെ വിലക്കുന്ന, എന്നാല്‍ അത് തങ്ങളുടെ അസ്വാതന്ത്ര്യമാണെന്ന് മനസ്സിലാക്കാനാവത്തവര്‍ ആണ് അവര്‍. 

കഥാപാത്രത്തിന്‍റെ സൃഷ്ടിയില്‍ മാത്രമല്ല, അവരുടെ അവതരണത്തിലൂടെ ഇരൈവി തന്‍റെ സൂക്ഷ്മമായ രാഷ്ട്രീയത്തെ നമ്മിലേക്കെത്തിക്കുന്നു എന്നു വേണം കരുതാന്‍. ആണ്‍ മേധാവിത്വ മനോഭാവമുള്ള രണ്ടു കഥാപാത്രങ്ങളാണ് അരുളും മൈക്കലും. ആണ്‍ ധാര്‍ഷ്ഠ്യത്തിന്‍റെ മറ്റൊരു മുഖം, പ്രൊഡ്യൂസറുമായുള്ള തര്‍ക്കത്തില്‍ തന്‍റെ സിനിമ ഇല്ലാതായി പോവുന്ന അവസ്ഥയിലും, ഒരു കുട്ടി വയറ്റിലിരിക്കെ, മറ്റൊരു കുട്ടിയെ പ്രസവിക്കാനാവില്ലയെന്നും പറയുന്ന അരുള്‍ യാതൊരു വിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാവുന്നില്ല. മാപ്പ് പറയുകയെന്നതില്‍ നിന്നും അരുളിനെ വിലക്കുന്നത് ഒരു പക്ഷെ ഈ മേല്‍ക്കോയ്മ മനോഭാവമാണെന്നും പറയാം. ഒരു പക്ഷെ എന്നല്ല, അതു തന്നെ. 

മഴക്കും അവള്‍ക്കുമിടയില്‍ ഒരു അന്യതാ ബോധമുണ്ടായി. മഴ നനയുന്നതില്‍ നിന്നും അവള്‍ തന്നെത്തന്നെ വിലക്കി. 

നനയുമോ എന്ന ഭയത്തില്‍ സ്വയം അരുതുകള്‍ ഉണ്ടാവുകയും സ്നേഹമെന്ന വികാരത്തില്‍ സ്വയം കല്പിച്ചെടുത്ത അതിരുകളുണ്ടാക്കുകയും ചെയ്യുന്ന പെണ്ണിടങ്ങളില്‍ നിന്നു കൊണ്ട് നമുക്ക് ഇരൈവിയിലെ മഴയെ പെണ്‍സ്വാതന്ത്ര്യത്തിന്‍റെ മാത്രമായ ഒരു പശ്ചാത്തലത്തില്‍ നിന്നല്ലാതെ വായിച്ചെടുക്കാം. എന്തെന്നാല്‍ ഇവിടെ ആണിന് മഴ നനയാന്‍ വിലക്കുകള്‍ ഒന്നും തന്നെയില്ല. മലരിനെ കാണാന്‍ മൈക്കലെത്തുന്നത് മഴ നനഞ്ഞുകൊണ്ടാണ്. നിലനില്‍ക്കുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന വളമിരുന്നിട്ടു കൂടിയും മലരിനു മഴ അന്യമാണ് ഇരൈവിയില്‍. പിന്നെ എവിടെയാണ് മഴ സ്വത്വ സ്വാതന്ത്രത്തിന്‍റെ പ്രതീകമാവുന്നത്? 

രണ്ടു ചോദ്യങ്ങളിലൂടെ - "നീ അവകൂടെയൊന്നും പടുക്കലെയെ?" എന്ന മൈക്കലിന്‍റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അതറിയാതെ യെന്നോടൊപ്പം ജീവിക്കാന്‍ സാധിക്കുമെങ്കില്‍ സമുക്കൊരന്നിച്ചു ജീവിക്കാമെന്ന പൊന്നിയുടെ തുറന്ന സ്വാതന്ത്ര പ്രഖ്യാപനത്തിനു പുറകില്‍ മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ട്. ഒടുവില്‍ മൈക്കലിന്‍റെ മരണത്തോടെ ആണ്‍പോരിമയില്‍ നിന്നും മുക്തി നേടിയ, അല്ലെങ്കില്‍ ഇത്രയം കാലം താന്‍ അടിമയായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മകളോട് മഴ നനയണമോയെന്നു ചോദിക്കുന്ന പൊന്നിയും, മകളോടൊപ്പം സ്വാതന്ത്രത്തിന്‍റെ മഴ നനയുന്നു, അതവളുടെ സ്വാതന്ത്ര പ്രഖ്യാപനമായിരുന്നു. 'എവ്ളോ കേവല മാന പിറെവികള്‍ നമ്മെ' എന്ന അരുളിന്‍റെ ചോദ്യവും തിരിച്ചറിവുകളുടെ ബാക്കിയാണ്. അപ്പോഴും തന്‍റെ മകളെ മഴ നനയിക്കുന്നതില്‍ നിന്നും വിലക്കുന്ന യാഴ്നി തന്‍റെ തന്നെ തടവറകളിലാണ്. മീനാക്ഷയാവട്ടെ ഭൂതകാലത്തിന്‍റെ ബാക്കി ശേഷിപ്പായി, മഴയെ നിശബ്ദം ശ്രവിക്കുകയാണ്. 

കച്ചവട സിനിമയുടെ ജനപ്രിയ ചേരുവകളില്‍ നിന്നുകൊണ്ടു തന്നെ ഇരൈവി മുന്നോട്ടു വയ്ക്കുന്നത് വളരെ ശക്തമായ രാഷ്ട്രീയമാണ്. പ്രകടമായ മുദ്രകളെ, സന്ദേശ പ്രഖ്യാപനങ്ങളോ ഇല്ലാതെ ഇരൈവി ശക്തമായ ഒരു സ്ത്രീപക്ഷ സൃഷ്ടിയാവുകയാണ്. 


കടപ്പാട് - അബു ഫിലിപ്പ്, ശേഖരന്‍കുട്ടി



Featured Posts

bottom of page