

പന്ത്രണ്ട് ഗോത്രങ്ങൾ ചേർന്നതാണ് ഇസ്രായേൽ എന്ന ജനത. ഒരപ്പൻ്റെ പന്ത്രണ്ട് മക്കളിൽ നിന്നാണ് പന്ത്രണ്ട് ഗോത്രങ്ങൾ രൂപമെടുക്കുന്നത്. ആ പന്ത്രണ്ട് സഹോദരന്മാരുടെയും പിതാവ് യാക്കോബായിരുന്നു. അബ്രാഹമിൻ്റെ പൗത്രൻ. അബ്രാഹത്തിന് ദൈവത്തിൻ്റെ വാഗ്ദാനപ്രകാരം ഒരു പുത്രനേ ഉണ്ടായുള്ളൂ - ഇസഹാക്ക്. ഇസഹാക്കിനാകട്ടെ ജനിച്ചത് ഇരട്ടകളായിരുന്നു. ഏസാവും യാക്കോബും. റബേക്കയുടെ ഉദരത്തിൽ നിന്ന് ആദ്യം ഇറങ്ങി വന്നത് ഏസാവായിരുന്നു. എന്നാൽ, അവൻ്റെ കാലിൽ പിടിച്ചുകൊണ്ട് പിന്നാലെ വന്നു, യാക്കാേബ്. കുതികാലിൽ പിടിച്ച് വന്നവൻ - പിൻഗാമി എന്ന അർത്ഥത്തിലാണ് അവർ അവന് ആ പേരിടുന്നത്.
തലക്കുഞ്ഞായ ഏസാവ് കായികമായി കരുത്തനായിരുന്നു. യാക്കോബാവട്ടെ ദുർബലനും. എന്നാൽ, ഇളയവൻ ബൗദ്ധികമായി മിടുക്കനായിരുന്നു. ചേട്ടനായ തൻ്റെ ഇരട്ട സഹോദരൻ വേട്ടക്ക് പോയി വിശന്ന് തിരിച്ചുവന്നപ്പോൾ അനിയൻ-ഇരട്ട ചൂടുപായസം മൊത്തിക്കുടിക്കുകയാണ്. ചേട്ടനങ്ങനെയാണ് - വിശന്നാൽ കണ്ണുകാണില്ല. നിൻ്റെ കടിഞ്ഞൂൽപ്പുത്ര പദവി എനിക്കു തന്നാൽ പായസം നിനക്കുതരാം എന്ന് അനിയൻ. 'കടിഞ്ഞൂലവകാശമൊക്കെ നീയെടുത്തോളൂ, പായസം എനിക്ക് താ" എന്ന് ചേട്ടൻ. അങ്ങനെ ഒരു കോപ്പ പായസത്തിന് ചേട്ടൻ്റെ കടിഞ്ഞൂൽപ്പുത്രത്വം അനിയൻ വാങ്ങി. അപ്പന് പ്രായമായി. മരിക്കാറായപ്പോൾ അമ്മയോടു കൂട്ടുചേർന്ന് ചേട്ടന് അവകാശപ്പെട്ട അപ്പൻ്റെ അനുഗ്രഹവും അനിയൻ അടിച്ചെടുത്തു. കരുത്തനായ ചേട്ടൻ്റെ ഒരു കൈക്ക് ഉള്ളതില്ല അനിയൻ. അവൻ്റെ പ്രാണരക്ഷാർത്ഥം അമ്മ മകനെ പറഞ്ഞുവിടുന്നത് സ്വന്തം ചേട്ടൻ്റെ അടുത്തേക്കാണ്. അങ്ങനെ, അപ്പനെ കബളിപ്പിച്ച് ഉടപ്പിറന്നോനെ കബളിപ്പിച്ച് നാടുവിട്ടവന് അറിയില്ലല്ലോ, ചതിയുടെ തറവാട്ടിലേക്കാണ് താൻ ചെല്ലുന്നതെന്ന്. അവിടെ വച്ച് അമ്മാവൻ മരുമകനെ തലങ്ങും വിലങ്ങും കബളിപ്പിച്ചു. അപ്പോഴേക്കും അമ്മായിയപ്പൻ കൂടി ആയിത്തീർന്ന അമ്മാവനോട് പിടിച്ചുനില്ക്കാൻ മരുമകനും അടവുകൾ പുറത്തെടുത്തു.
അതൊക്കെ യാക്കോബിൻ്റെ കൗമാര-യൗവ്വനങ്ങൾ. പതുക്കെ പതുക്കെ അയാളിൽ മാറ്റം വന്നു. ഇരുപതു വർഷങ്ങൾക്കു ശേഷം അയാൾ സത്യത്തെ അഭിമുഖീകരിക്കാനായി തിരികെ വന്നു. യാക്കോബ് ദൈവ വിശ്വാസത്തിലേക്കും ഭക്തിയിലേക്കും നീങ്ങിവന്നു. ദൈവം അയാൾക്ക് പുതിയൊരു പേരുനല്കി: ഇസ്രായേൽ. അങ്ങനെയാണ് അയാളിൽ നിന്നുത്ഭവിച്ച ജനതക്കും ആ പേര് സിദ്ധിക്കുന്നത്.
പരിപൂർണനൊന്നുമായിരുന്നില്ല തങ്ങളുടെ പൂർവ്വപിതാവ് എന്ന് ഇസ്രായേൽ ജനത പറയും. ഒരു പച്ച മനുഷ്യനായിരുന്നു, അയാൾ; എന്നാൽ, അദ്ദേഹം ദൈവവഴിയിലേക്ക് വന്നു. ദൈവത്തിൻ്റെ പ്രീതി നേടി അദ്ദേഹം.
സത്യത്തിന് നേർനില്ക്കാതെ ആർക്കും ശാന്തിയാവില്ല. ഇസ്രായേലിൻ്റെ ആ സാധ്യത എപ്പോഴുമുണ്ട്. എല്ലാവർക്കും ഉണ്ടത്.
ഇസ്രായേലിനും ഉണ്ട് ആ സാധ്യത!
