top of page
പരിസ്ഥിതിയുടെ മൂല്യം
ജൈവം, കാവേരിയുടെ പുരുഷന്‍, മായാപുരാണം എന്നീ നോവലുകളുടെ തുടര്‍ച്ചയായി പി. സുരേന്ദ്രന്‍ രചിച്ച പാരിസ്ഥിതിക നോവലാണ് 'ജിനശലഭങ്ങളുടെ വീട്'. "എന്‍റെ ഹരിതാന്വേഷണങ്ങളുടെ തുടര്‍ച്ചയാണ് ഈ നോവലും. മായാപുരാണത്തില്‍ നിന്ന് ജിനശലഭങ്ങളുടെ വീട്ടില്‍ അവസാനിക്കുന്ന ഒരു യാത്ര" എന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ ലോകജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പരിസ്ഥിതിയെ ആത്മാവുകൊണ്ടു തൊടുന്ന നോവലാണിത്. ഹരിത ആത്മീയതയ്ക്കൊരു പുതിയ തലം പ്രദാനം ചെയ്യാന്‍ പി. സുരേന്ദ്രനു സാധിക്കുന്നു.
ബാല്യത്തില്‍ അനാഥാലയങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട രാമാനുജനും ധനലക്ഷ്മിയുമാണ് ഈ നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. അവര്‍ സങ്കല്പത്തിലുള്ള ഹരിതഭൂമി അന്വേഷിച്ചു പുറപ്പെടുന്നു. അതിനിടയില്‍ തരിശാക്കപ്പെടുന്ന ഭൂമിയുടെ, മലകളുടെ, പുഴകളുടെ, വയലുകളുടെ രോദനം അവര്‍ കേള്‍ക്കുന്നു. സങ്കല്പഭൂമി അകന്നകന്നു പോകുന്നു. ലോകം നേരിടുന്ന പാരിസ്ഥിതികാഘാതങ്ങളെ സൗന്ദര്യാത്മകമായി പുനസൃഷ്ടിക്കുകയാണ് പി. സുരേന്ദ്രന്‍. നമ്മുടെ വികസനസങ്കല്പങ്ങളും മതവിചാരങ്ങളും ആത്മീയതയുമെല്ലാം പ്രശ്നവത്കരിക്കപ്പെടുകയാണിവിടെ. നാം ജീവിക്കുന്ന ജീവിതവും വ്യാജമാണ്, ഉള്ളില്ലാത്തതാണ്, പൊള്ളയാണ്.
ഇനിയെത്രകാലം ഈ യാത്ര തുടരാനാവുമെന്ന സന്ദേഹം 'ജിനശലഭങ്ങളുടെ വീട്' അവശേഷിപ്പിക്കുന്നു. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് പിന്നില്‍ അവശേഷിക്കുന്നത് തരിശുനിലമാണോ എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്.
വികസനം വലിയ നിര്‍മ്മിതികളാണ് എന്നു നാം കരുതുന്നു. ഇതിനു പകരമാണ് ഷൂമാക്കര്‍ 'ചെറുതു സുന്ദരം' എന്ന് വിളിച്ചു പറഞ്ഞത്. വീടുകളും കാറുകളുമെല്ലാം വലുതാകുമ്പോള്‍ നാം വലുതായതുപോലെ നമുക്കു തോന്നും. "ഭാരമേറിയ വീടുകളൊക്കെ കടങ്ങളാണ്" എന്നാണ് രാമാനുജന്‍ പറയുന്നത്. കുറേക്കൂടി ലളിതമാകാന്‍ സാധിച്ചാല്‍ എത്രയധികം പ്രകൃതിവിഭവങ്ങളാണ് നമുക്ക് വരും തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കാനാവുക! ഓരോ നിര്‍മ്മിതിയും നമ്മെ പ്രകൃതിചൈതന്യത്തില്‍ നിന്ന് അകറ്റിക്കളയുകയും ആത്മീയമായി നാം ദരിദ്രരാവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
വീടുവെയ്ക്കാനുള്ള സ്ഥലം അന്വേഷിക്കുന്നതിനിടയില്‍ രാമാനുജനും ധനലക്ഷ്മിയും പരസ്യങ്ങളുടെ ചതിക്കുഴിയില്‍ ചെന്നുവീഴുന്നു. പരസ്യങ്ങളുടെ മധ്യത്തില്‍ ജീവിക്കുന്ന നാം ചില നുണകളില്‍ പ്രലോഭിതരാകുന്നു. "മനുഷ്യരെ ചതിക്കുന്ന ഉദാരമായ നുണകളായിരുന്നു പരസ്യങ്ങള്‍" എന്ന് നോവലിസ്റ്റ് എഴുതുമ്പോള്‍ ഇന്നിന്‍റെ വര്‍ണശബളമായ രസക്കൂട്ടുകളെയാണ് തൊടുന്നത്. പരസ്യങ്ങള്‍ നമ്മെ മോഹിപ്പിക്കുകയും മറ്റൊരു ജീവിതമാണ് അഭികാമ്യം എന്ന് പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഒരോട്ടപന്തയത്തിലെ കഥാപാത്രങ്ങളായി നാടങ്ങനെ മാറുന്നു. പ്രകൃതിയും ചുറ്റുപാടുകളുമെല്ലാം നാണയത്തുട്ടിനായി പണയപ്പെടുത്തുന്നു. മുച്ചൂടും നശിപ്പിക്കുന്ന നവനാഗരികതയ്ക്ക് സംവേദനത്തിന്‍റെ സ്പര്‍ശിനികള്‍ വിനഷ്ടമാകുന്നു. "പ്രകൃതിയുടെ ക്രമം തെറ്റുന്നതുപോലും മനുഷ്യന്‍റെ ആര്‍ത്തിക്കു തടയിടാനാണ്. പ്രകൃതിയുടെ ക്ഷോഭങ്ങളൊക്കെ താക്കീതുകളാണ്. അനുസരിച്ചു വിനീതരായാല്‍ ഒരമ്മയുടെ വാത്സല്യം കാണിക്കും. പ്രകൃതിയിലെ സമസ്തജീവജാലങ്ങള്‍ക്കും നോവുകളുണ്ട്. മറ്റു ജീവജാലങ്ങളുടെ നോവുകളറിയാന്‍ മനുഷ്യന്‍ ശീലിക്കണം എന്ന് നോവലിസ്റ്റ് വിളിച്ചുപറയുന്നു. ഇത് നിലവിലുള്ള സംസ്കാരത്തിനു ബദലായ സുസ്ഥിര സംസ്കാരത്തിനായുള്ള അന്വേഷണമാണ്. ഇതാണ് യഥാര്‍ത്ഥ ആത്മീയതയും.
നോവലിലെ കപിലന്‍ എന്ന കഥാപാത്രത്തിന്‍റെ വാക്കുകള്‍ എടുത്തുപറയേണ്ടതാണ്. കുടിയേറ്റവും മതവും സംസ്കാരവുമെല്ലാം അയാളുടെ വാക്കുകളില്‍ കടന്നു വരുന്നു. "അമ്മയുടെ ഗര്‍ഭപാത്രമാണ് ഭൂമിയിലെ ശേഷിക്കുന്ന വനങ്ങള്‍. ജീവന്‍റെ തുടിപ്പുകള്‍ അവിടെ നിന്ന് തന്നെ ഉണ്ടാകുന്നു. എന്നാല്‍ നമ്മളിപ്പോള്‍ പെറ്റതള്ളയുടെ ഗര്‍ഭപാത്രം തിന്നുതീര്‍ക്കുകയാണ്. കുടിയേറ്റക്കാരായ മനുഷ്യര്‍ക്കും മുന്‍പ് ഇവിടെയുള്ളതാണ് വനവും വന്യജീവികളും. പിന്നെയെപ്പോഴാണ് നമ്മള്‍ അധികാരികളായത്? ഈ ഭൂമുഖത്തെ മറ്റൊരു ജീവിയും മനുഷ്യനോളം ഭൂമിക്ക് പരിക്കേല്പിച്ചിട്ടില്ല" എന്നാണ് കപിലന്‍ പ്രസ്താവിക്കുന്നത്. "വേദപുസ്തകത്തില്‍ നിന്നും ഭൂമിയുടെ കരച്ചില്‍ കേള്‍ക്കാനാവണം; ചീവിടിന്‍റെ മനോഹരമായ പാട്ടും. മനുഷ്യര്‍ക്കുവേണ്ടി മാത്രം സംസാരിക്കുന്ന ഒരു മതവും ഭൂമിയില്‍ നിലനില്‍ക്കരുത്" എന്നാണ് അയാള്‍ തുടര്‍ന്നു പറയുന്നത്. മതത്തെയും അധികാരവ്യവസ്ഥകളെയും പുതിയൊരു പരിപ്രേക്ഷ്യത്തില്‍ കാണാനുള്ള ദര്‍ശനമാണ് നോവലിസ്റ്റ് ഇവിടെ വെളിപ്പെടുത്തുന്നത്.
നോവലിലെ കഥാപാത്രങ്ങള്‍ യാത്രയിലൂടെ ചില തിരിച്ചറിവുകളിലെത്തുന്നു. "യാത്രയിലുടനീളം അവര്‍ കണ്ടത് കീറിപ്പറിഞ്ഞ പര്‍വതങ്ങളും ഉഷ്ണക്കാറ്റ് നായാടുന്ന തരിശുകളുമായിരുന്നു. പച്ചപ്പുകളുടെ പ്രാര്‍ത്ഥനകള്‍ എവിടെയുമില്ലായിരുന്നു." ഈ പ്രാര്‍ത്ഥന നഷ്ടമാകുമ്പോള്‍ നമുക്ക് ജീവിതം തന്നെയാണ് നഷ്ടമാകുന്നത്. നവമായ സംസ്കാരത്തിനും മതത്തിനും ആത്മീയതയ്ക്കും വേണ്ടിയുള്ള അന്വേഷണമായി നോവല്‍ മാറുകയാണിവിടെ. "സമസ്തജീവജാലങ്ങളുടെയും താളാത്മകമായ പൊരുത്തപ്പെടലിലൂടെ മാത്രമേ മനുഷ്യര്‍ക്കു ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂവെന്നും അതിനാധാരമായ ഭൗതികപ്രകൃതിയുടെ നിലനില്പ് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നമുക്കു സൗഖ്യവും ആനന്ദവും ലഭ്യമാകുന്നുള്ളൂ എന്നും അനാഥരുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ ആവിഷ്കരിക്കുന്നതില്‍ സുരേന്ദ്രന്‍ വിജയിച്ചിരിക്കുന്നു" എന്ന എ. മോഹന്‍കുമാറിന്‍റെ നിരീക്ഷണം അന്വര്‍ത്ഥമാണ്.
(ജിനശലഭങ്ങളുടെ വീട് - പി. സുരേന്ദ്രന്‍, മാതൃഭൂമി ബുക്സ്)
നവോത്ഥാനത്തിന്‍റെ സമാന്തരചരിത്രം
കേരളീയ നവോത്ഥാനത്തിന് ഭിന്നമുഖങ്ങളുണ്ട്. എന്നാല്‍ നവോത്ഥാനത്തിന്‍റെ ചരിത്രം രേഖപ്പെടുത്തിയവര്‍ ചില പാര്‍ശ്വധാരകളെ കണ്ടില്ലെന്നു നടിക്കുകയോ തമസ്കരിക്കുകയോ ചെയ്തു. ഈ തമസ്കരണത്തെ മറികടക്കുകയും അരികുസത്യങ്ങള്‍ക്ക് ജീവന്‍ നല്കുകയുമാണ് പ്രകൃതിചരിത്രം രചിക്കുന്നവന്‍റെ ഉത്തരവാദിത്വം. ഇന്ത്യയൊട്ടാകെ ഇന്നു നടക്കുന്ന ഇത്തരം അന്വേഷണങ്ങള്‍ പ്രാന്തവത്കരിക്കപ്പെട്ടവന്‍റെ സംസ്കാരവും ചരിത്രവും അവതരിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ ആദ്യനോവല്‍ (നിര്‍ഭാഗ്യവശാല്‍ അവസാനത്തേതും) 'എരി' പ്രസക്തമാകുന്നത്. കേരളത്തിലെ നവോത്ഥാനചരിത്രത്തിന്‍റെ ഇഴകള്‍ പരിശോധിക്കുന്ന നോവലിസ്റ്റ് സമാന്തരരചനയാണ് സാധ്യമാക്കുന്നത്.
"ഓരോ മനുഷ്യനും അവരവരുടേതായ പങ്ക് ഓരോ ചരിത്രപ്രക്രിയയിലും അനുഷ്ഠിക്കുന്നുണ്ട് എന്നാണെന്‍റെ വിശ്വാസം. എന്നാല്‍ നമ്മുടെ ചരിത്രങ്ങളില്‍ അവയില്ല. അങ്ങനെയുള്ള ഒരു മനുഷ്യനാണ് എരി. അയാള്‍ക്ക് ഒരു ചരിത്രമുണ്ട്. അത് സ്ഥാപിക്കുകയാണ് എന്‍റെ ലക്ഷ്യം" എന്ന് ആഖ്യാതാവായ ഗവേഷകന്‍ പറയുന്നത് സുപ്രധാനമാണ്. ചരിത്രത്തില്‍ കാണാതെ പോയവനെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കുകയാണ് നോവലിസ്റ്റ്. ചരിത്രത്തിന്‍റെ മുഖ്യധാരകള്‍ക്കു പകരം മറ്റൊരു പാര്‍ശ്വവത്കൃതചരിത്രം ഇതള്‍വിടര്‍ത്തുന്നു. മറ്റൊരു ചരിത്രം അങ്ങനെ ഇരമ്പിവരുന്നു. കേരളീയ നവോത്ഥാനത്തിന്‍റെ അന്തസത്തയിലേക്കാണ് നോവലിസ്റ്റ് കണ്ണുപായിക്കുന്നത്. "ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലെ വടക്കന്‍ കേരളത്തിന്‍റെ ചരിത്രത്തിലേക്കാണ്" നോവലിസ്റ്റിന്‍റെ സഞ്ചാരം. തന്‍റെ വംശത്തിനു തനതായി ലഭിച്ച ജ്ഞാനരൂപങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രധാനകഥാപാത്രമായ എരി. തന്‍റെ പരമ്പരയുടെ ദുരിതവും നിലവിളിയും ചരിത്രത്തിന്‍റെ ഭാഗമല്ലെന്ന് അയാള്‍ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് അയാളുടെ വഴിവെളിച്ചം. തന്‍റെ ജ്ഞാനം കര്‍മ്മങ്ങളിലൂടെ എരി വെളിപ്പെടുത്തുന്നു. എരിയുടെ ജീവിതത്തിന് ചില നിയോഗങ്ങളുണ്ടായിരുന്നു. ജാതിയാണ് പലരെയും ചതിച്ചതെന്നതാണ് സത്യം. ഈ സത്യത്തിനു മുന്‍പില്‍ എരി ചില നിലപാടുകളെടുക്കാന്‍ തയ്യാറാകുന്നു. മിത്തിന്‍റെ പരിവേഷമുള്ള കഥാപാത്രമായി എരി മാറുകയാണിവിടെ. 'ആരുമില്ലാത്തവന് പാട്ട് കൂട്ട്. അവര്‍ ജീവിതം പാടുന്നു' അങ്ങനെ പാടുന്ന ജീവിതത്തില്‍ സമാന്തരചരിത്രം ലയിച്ചുകിടക്കുന്നു.
നോവലിലെ ഗവേഷകന്‍റെ ചരിത്രാന്വേഷണം പലപ്പോഴും വഴിമുട്ടി നില്‍ക്കുന്നു. ഇരുട്ടില്‍ തപ്പുന്നതുപോലെ ഒരനുഭവം. അരികില്‍ ജീവിക്കുന്നവന്‍റെ ചരിത്രം എവിടെയാണ് അന്വേഷിക്കുക? "പലര്‍ക്കും എഴുതപ്പെട്ട ചരിത്രമില്ല. അവരുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു." ഓര്‍മ്മകളില്‍ നിന്ന് ചരിത്രം ഖനനം ചെയ്യേണ്ട സാഹചര്യത്തില്‍ മറവിയുടെ അടരുകളില്‍ നിന്ന് ചരിത്രനിമിഷങ്ങളെ പുനര്‍ജനിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അടിമത്തത്തിന്‍റെയും അശുദ്ധിയുടെയും നാളുകള്‍ തെളിഞ്ഞുവരുന്നു. വെളിച്ചത്തില്‍ ഇറങ്ങിനടക്കാത്തവന്‍റെ ദയനീയചരിത്രം രേഖപ്പെടുത്തുമ്പോള്‍ നമ്മുടെ പല ധാരണകളും കടപുഴകുന്നു. സ്ഥൂലചരിത്രത്തിലൂടെയല്ല, മനുഷ്യന്‍റെ ഓര്‍മ്മകളിലൂടെയും വാമൊഴികളിലൂടെയും നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ചരിത്രത്തിന്‍റെ മറ്റൊരു നയം തെളിഞ്ഞുവരുന്നു. "പരാജയപ്പെട്ട മനുഷ്യരുടെ എണ്ണമറ്റ കണ്ണീര്‍തുള്ളികളില്‍ നിന്നാണ് യഥാര്‍ത്ഥചരിത്രം തുടങ്ങുന്നതെന്ന" തിരിച്ചറിവ് നോവലിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.
ഇരുട്ടുനിറഞ്ഞ ചരിത്രഭൂമികകളില്‍ നിന്ന് ചെറിയ വെളിച്ചങ്ങളുടെ തുരുത്തുകള്‍ കണ്ടെത്തുകയാണ് ഗവേഷകന്‍. "എരി ഒരു മിശ്രജാതി സന്തതിയാണ്. അയാളിലെ തീജ്വാലയുടെ പാരമ്പര്യം ചരിത്രപരമാണ്. മനുഷ്യനില്‍ സ്വയം സൃഷ്ടിക്കപ്പെടുന്ന ചോദനകളുടെ സൃഷ്ടികൂടിയാണ് സമൂഹവും ചരിത്രവും. പരിവര്‍ത്തനോന്മുഖതയുടെ ബീജം എരിയില്‍ ജനനത്തിനു മുമ്പേതന്നെ പ്രവര്‍ത്തിക്കുന്നുണ്ടാവണം" എന്ന് ഗവേഷകന്‍ തിരിച്ചറിയുന്നു. എരിയിലെ തീജ്വാല മാറ്റങ്ങളുടെ കഥകള്‍ വിരചിക്കുകയാണ്. ഇത് തന്‍റെ കാലത്തെ വിചാരണ ചെയ്യുക എന്ന കര്‍ത്തവ്യത്തിലേക്ക് അയാളെ എത്തിക്കുന്നു. പേരു മറന്നുപോകുന്നവര്‍ക്കിടയില്‍ സ്വന്തം പേരു നിലനിര്‍ത്തുന്നവനായി എരി വളരുന്നു. പറയന്‍ അങ്ങനെ പറയുന്നവനും ചെയ്യുന്നവനുമാകുന്നു. ആത്മബോധം നേടിയവന്‍ പുതിയ വഴികള്‍ തുറക്കുന്നു. ആശ്രിതചരിത്രത്തില്‍നിന്ന് സ്വന്തം വംശത്തെ അയാള്‍ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്നു. "മതം മാറിയതുകൊണ്ടോ, ജാതി മാറിയതുകൊണ്ടോ മാറാത്തതെന്തോ നമ്മളിലുണ്ട്" എന്ന ബോധം ചില തീരുമാനങ്ങളെടുക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു.
ചരിത്രത്തിന്‍റെ സാമ്പ്രദായിക രൂപങ്ങളെ നോവലിസ്റ്റ് വിമര്‍ശനവിധേയമാക്കുന്നു. അറിവിന്‍റെ രൂപപ്പെടലിന് വ്യവസ്ഥകളോ നിയതരൂപങ്ങളോ ഇല്ലെന്ന തിരിച്ചറിവ് പുതിയ അന്വേഷണത്തിന് ഹേതുവാകുന്നു. അറിവ് ആയുധമാകുന്നത് അങ്ങനെയാണ്. പൊതുജീവിതത്തിന്‍റെ അനുബന്ധമായി ജീവിക്കുന്നവരെ ചരിത്രത്തിന്‍റെ പ്രധാന ഘടകമാക്കുന്ന പ്രവര്‍ത്തനമാണ് നോവലിസ്റ്റിന്‍റേത്. അദൃശ്യതയില്‍ നിന്ന് ദൃശ്യതയിലേക്ക് ഒരു വിഭാഗമാളുകള്‍ കടന്നുവരുന്നു. മനുഷ്യന്‍റെ വീണ്ടെടുപ്പാണിത്.
പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ സമാന്തരാന്വേഷണങ്ങളുടെ ശരിയായ ഫലമാണ് 'എരി' എന്ന നോവല്‍. നമ്മുടെ സംസ്കാര, ചരിത്രവിചാരങ്ങളെ തിരുത്താന്‍ ശക്തിയുണ്ട് ഈ കൃതിക്ക്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭാശാലിയായ എഴുത്തുകാരന്‍റെ ഈ നോവല്‍ പുതിയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും കാരണമാകട്ടെ.
(എരി, പ്രദീപന്‍ പാമ്പിരിക്കുന്ന്, , ഡി. സി. ബുക്സ്)
കാബൂളിലെ പെണ്‍കുട്ടികള്‍
സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ജീവിതം എല്ലാക്കാലത്തും പ്രശ്നഭരിതമാണ്. മതവും രാഷ്ട്രവും സമൂഹവും സംസ്കാരവുമെല്ലാം പലപ്പോഴും അവളെ വളഞ്ഞുവയ്ക്കുകയാണ്. നാം ഏറെ പുരോഗമിച്ചുവെന്നു പറയുമ്പോഴും സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ പിന്നിലേക്കു നോക്കാനാണ് നമുക്കു താല്പര്യം. ഈ സാഹചര്യത്തില്‍ ജെന്നി നോര്‍ദ്കബര്‍ഗിന്‍റെ 'കാബൂളിലെ പെണ്‍കുട്ടികള്‍'( The Underground Girls of Kabul) എന്ന പുസ്തകം ചര്‍ച്ചചെയ്യേണ്ടിവരുന്നു.
പൊതുവിടങ്ങള്‍ വിലക്കപ്പെട്ട പെണ്‍സമൂഹത്തിന്‍റെ അതിജീവനസമരങ്ങളാണ് ഈ പുസ്തകത്തില്‍ വന്നുനിറയുന്നത്. പല ദേശങ്ങളിലും സ്ത്രീത്വം മറച്ചുവെച്ച്, സാമൂഹ്യപദവിയും ജീവിതസ്വാതന്ത്ര്യവും തിരിച്ചുപിടിക്കാന്‍ പുരുഷവേഷം കെട്ടിയ സ്ത്രീകളുണ്ട്. ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ ഈ സമ്പ്രദായം അഫ്ഗാനിസ്ഥാനില്‍ ഇന്നും നിലനില്‍ക്കുന്നു. സ്ത്രീയുടെ ജീവിതവും ആണ്‍വേഷം കെട്ടുന്ന പെണ്‍കുട്ടികളുമെല്ലാമാണ് ഈ പുസ്തകത്തില്‍ സൂക്ഷ്മമായി ആവിഷ്കരിക്കുന്നത്.
റോയ കാബൂളിന്‍റെ കവിതയോടെയാണ് പുസ്തകം തുടങ്ങുന്നത്. "ലോകത്തില്‍ എന്തുമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സ്ത്രീയൊഴിച്ചെന്തും" എന്നാണ് കവിത തുടങ്ങുന്നത്. 'ഒരു അഫ്ഗാന്‍ പെണ്ണാകാന്‍ ഞാനില്ല" എന്ന് റോയ തുടരുന്നു. "ശക്തിയാണ് ന്യായം, ഞാനൊരു പെണ്ണാണ്, എല്ലായ്പ്പോഴും തനിയെ, എല്ലായ്പ്പോഴും ദൗര്‍ബല്യത്തിന്‍റെ ആള്‍രൂപം, നോവുകളുടെ ഭാരത്താല്‍ തൂങ്ങുന്നെന്‍റെ ചുമലുകള്‍" എന്ന റോയയുടെ വാക്കുകള്‍ ഈ ഗ്രന്ഥത്തെ സാധൂകരിക്കുന്നതാണ്.
"ഈ സമൂഹത്തില്‍ സ്ത്രീ ഒരു മനുഷ്യജീവിയായി പരിഗണിക്കപ്പെടണമെങ്കില്‍ ഏറെക്കാലം കഴിയണം" എന്നാണ് കാബൂളിലെ പെണ്‍കുട്ടികള്‍ പറയുന്നത്. ജീവിത അനുഭവങ്ങളാണ് അവളെക്കൊണ്ട് ഇപ്രകാരം പറയിപ്പിക്കുന്നത്. ആണ്‍കുഞ്ഞിന്‍റെ പിറവി ഒരു വിജയവും പെണ്‍കുഞ്ഞിന്‍റേത് നാണക്കേടുമായി മാറുന്ന സമൂഹത്തില്‍ പെണ്‍കുട്ടിക്ക് എന്തു വിലയാണ് ഉള്ളത്? സ്ത്രീയെന്നും ജന്മനാല്‍ വിവേകശൂന്യയായി കരുതപ്പെടുന്നു. "ഭരണകൂടങ്ങളേക്കാള്‍ ഗോത്രനിയമങ്ങളും കര്‍ക്കശമായ പിതൃകേന്ദ്രികൃത പാരമ്പര്യങ്ങളും സുസ്ഥിരത നല്‍കുന്ന ഒരു രാജ്യത്ത് ഇങ്ങനെയെല്ലാമാണ് കാര്യങ്ങള്‍. തുറന്ന ആകാശവും ആത്യന്തികമായ മരണവുമൊഴിച്ച് മറ്റൊന്നുംതന്നെ ഇവിടെ സുനിശ്ചിതമല്ല" എന്നാണ് ഗ്രന്ഥകാരി കുറിക്കുന്നത്.
ആണ്‍വേഷം കെട്ടി ജീവിച്ച പലരെയും ഗ്രന്ഥകാരി കണ്ടുമുട്ടുന്നു. അവരുടെ അനുഭവങ്ങള്‍ നമ്മെ പുതിയ ചിന്തകളിലേക്ക് നയിക്കുന്നു. ജീവിതത്തിന്‍റെ പല സൗന്ദര്യങ്ങളും വിലക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ വാഴ്വ് എത്ര അസുന്ദരമെന്ന് നാം മനസ്സിലാക്കുന്നു. ലിംഗഭേദവും അധികാരവും തമ്മിലുള്ള അഭേദ്യബന്ധം ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ നിയന്ത്രണങ്ങളും സ്ത്രീകളെ വലിഞ്ഞുമുറുക്കുന്ന ചങ്ങലകളായി മാറുന്നു. "ഒരു ലിംഗം മാത്രം വെറുക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍, പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം വേണ്ടെന്നു വയ്ക്കുമ്പോള്‍ വളര്‍ന്നവരുന്ന ഒരു മനുഷ്യജീവിയുടെ മനസ്സും ശരീരവും സ്ത്രീയാകുന്നതിനെതിരെ പ്രതിഷേധിച്ചെന്നിരിക്കും" എന്നാണ് ജെന്നി സൂചിപ്പിക്കുന്നത്. ഹിതകരമല്ലാത്ത ഒരു സത്യത്തിന്‍റെ മുഖമാണ് ഇവിടെ വെളിപ്പെടുന്നത്.
"ഒരു വ്യക്തിയുടെ ലിംഗം ജന്മനാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. എന്നാല്‍ ലിംഗപദവി അങ്ങനെയല്ല. അത് പരിശീലിപ്പിക്കപ്പെടുന്നതും പ്രകടനത്തിലൂടെ ഏറ്റെടുക്കപ്പെടുന്നതുമാണ്" എന്ന യാഥാര്‍ത്ഥ്യം ഗ്രന്ഥകാരി എടുത്തുകാണിക്കുന്നു. ചരിത്രത്താല്‍ വലിച്ചെറിയപ്പെട്ട സാഹചര്യങ്ങളോട് പരമാവധി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവളുടെ അനുഭവങ്ങളാണ് 'കാബൂളിലെ പെണ്‍കുട്ടികള്‍.'
(കാബുളിലെ പെണ്‍കുട്ടികള്‍-ജെന്നി നോര്‍ദ്ബര്‍ഗ് വിവ- കബനി, സമത് തൃശൂര്‍)