top of page
No race can prosper till it bears there is as much dignity in tilling a field as in writing a poem. Booker T. Washington.
''വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂളുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി പൂരിപ്പിച്ചു നല്‍കുമ്പോള്‍ നമ്മുടെ ആളുകള്‍ സാധാരണ ചെയ്യാറുള്ളത്, അച്ഛന്റെ തൊഴില്‍ എന്ന സ്ഥലത്ത് കര്‍ഷകന്‍ എന്നെഴുതും. പല പരിപാടികള്‍ ഉണ്ടായിരുന്നിട്ടു കൂടി ഞാനും സ്വയം അടയാളപ്പെടുത്തിയിരുന്നത് കര്‍ഷകന്‍ എന്ന ലേബലിലാണ്. മകനൊരു അഡ്മിഷനായി നഗരത്തിലെ കോളേജിലെത്തിയപ്പോള്‍ അനുഭവിച്ച തിരിച്ചുവ്യത്യാസം എന്നെ അത്ഭുതപ്പെടുത്തി. അഡ്മിഷനായി വന്ന മാതാപിതാക്കള്‍ എല്ലാവരും തന്നെ ഏതെങ്കിലും പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍. അവര്‍ക്കുള്ള നിലവാരം വെറും കര്‍ഷകനായ എനിക്കില്ലല്ലോ? അല്ല, ഞാന്‍ ഒരു പ്ലാന്റര്‍ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും കഥ വ്യത്യസ്തമായേനേ.''
ഇത് കഴിഞ്ഞ ദിനങ്ങളില്‍ കേട്ട ഒരനുഭവമാണ്. കൃഷി, ഒരു തൊഴിലല്ല, ഒരു സംസ്‌കാരമാണെന്നും അന്നം വിളയാതെ ജീവന്‍ നിലനില്‍ക്കില്ലെന്നും കൃത്യമായി അറിയാവുന്ന നമ്മള്‍ എന്തിനു വേണ്ടി ഈ കര്‍ഷകനെ താഴ്ത്തികെട്ടുന്നു? കര്‍ഷകന്റെ നട്ടെല്ലൊടിഞ്ഞതും നിലനില്‍പ്പില്ലാതായതും എന്നു മുതലാണ്?
സാംസ്‌കാരിക കേരളത്തില്‍ കൃത്യമായ രൂപരേഖകളോ പദ്ധതികളോ പ്രായോഗിക തലത്തിലില്ലാതെ, കടലാസ്സുകളില്‍ കണക്കുകൂട്ടി കളികള്‍ക്കിറങ്ങുമ്പോള്‍ രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും സാമുദായിക നേതാവിനും കൃത്യമായി അറിയാം, അവര്‍ക്കുള്ളത് ഇതില്‍നിന്ന് കിട്ടുമെന്നും പാവം കര്‍ഷകന്‍ നടുവൊടിഞ്ഞില്ലാതാകുമെന്നും.
ഞാനും നിങ്ങളും ഉള്ളില്‍ രൂപപ്പെടുത്തിവച്ചിരിക്കുന്ന ചെളിപുരളാത്ത, മണ്ണിന്റെ ഗന്ധമില്ലാത്ത ധാരണകള്‍ക്കൊക്കെയും ഒന്നേ വിളിച്ചു പറയാനുള്ളൂ, കര്‍ഷകന്‍ താഴ്ന്നവനാണ്. അവന്റെ ജോലിക്കും ആഭിജാത്യത്തിന്റെ കുട പിടിക്കാനാവില്ല. ഇനി അവിടെയുമിവിടെയുമായി ഒഴുക്കിനെതിരെ നീന്തുന്ന 'ജൈവന്മാരും' 'കര്‍ഷകരു'മായ ഒരു കൊച്ചുസമൂഹം ഇന്നും കേരളത്തിനു സ്വന്തമായി ഉണ്ട്. അവര്‍ക്കൊരിക്കലും നിലനില്‍പുണ്ടാവരുതെന്ന് സമൂഹം വെറുതെയങ്ങ് ആഗ്രഹിച്ചു പോകുന്നു എന്നു തോന്നുംവിധമാണ് കാര്യങ്ങള്‍ ഇന്ന് മുന്നോട്ടു പോകുന്നത്.
കര്‍ഷകന്റെ പ്രാതിനിധ്യം സാമ്പത്തിക മേഖലകളില്‍ തുലോം തുച്ഛമാണെന്ന് ഇന്നു നാം വന്‍പു പറഞ്ഞേക്കാം. കാരണം, കേരളത്തിന്റെ സമ്പദ്ഘടനയുടെ മൂന്നിലൊന്നു മാത്രമാണ് കൃഷി വരുമാനത്തില്‍ നിന്ന് ലഭിക്കുക. എന്നാല്‍ ഇങ്ങനെയുള്ള കണക്കുകളെല്ലാം തന്നെ, വലിയൊരളവുവരെ യാഥാര്‍ത്ഥ്യത്തെ മൂടിവയ്ക്കുകയും താത്പര്യമുള്ളതിനെ മാത്രം മുന്‍പോട്ടു വയ്ക്കുകയും ചെയ്യുന്നവയാണ്. അപ്രിയ സത്യങ്ങള്‍ ആരും ഇഷ്ടപ്പെടേണ്ടെന്നു സാരം.
കര്‍ഷക മനസ്സ് ഇനിയും നഷ്ടപ്പെടാത്തവര്‍ക്കിനി ഒരുമിച്ചു കൂടി റാലികളും പ്രതിഷേധപ്രകടനങ്ങളും നടത്താം. സ്‌പോണ്‍സര്‍ ചെയ്യാനും ആളുണ്ടാകും. ഇത് നിലനില്‍പിനായുള്ള അധികാര പ്രബുദ്ധതകളുടെയും മാത്സര്യത്തിന്റെയും കക്ഷി ചേരാത്ത രാഷ്ട്രീയവും നിലനില്‍ക്കേണ്ട വ്യവസായിക താത്പര്യങ്ങളുടെയും സൃഷ്ടികളാണ്. ഒരു പക്ഷേ, അത്ര മടുത്തിട്ടാകാം കഴിഞ്ഞ മാര്‍ച്ചില്‍ മുപ്പത്തയ്യായിരത്തില്‍ അധികം വരുന്ന കര്‍ഷകന്‍ 180 - ല്‍ പരം കിലോമീറ്റര്‍ കാല്‍നടയായി നടന്ന് മുബൈയിലെ ആസാദി മൈതാനില്‍ ഒത്തുകൂടിയത്.
ഇത്രയധികം നിലനില്‍പ്പില്ലാത്ത തൊഴില്‍ വിഭാഗമായി ഇന്നു കര്‍ഷകന്‍ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍, കൃഷിഭൂമികള്‍ ഇനിയും കണ്ടിട്ടില്ലാത്ത നഷ്ടപരിഹാര തുകയുടെ ആളോഹരി പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും, വ്യാവസായികാടിസ്ഥാനത്തില്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വന്‍കിട ബഹുരാഷ്ട്ര കുത്തകകള്‍ മുതല്‍ ഞാനുള്‍പ്പെടുന്ന കൃഷിയെ 'ഇച്ചീച്ചി'യായി തള്ളിക്കളയുന്ന ഈ തലമുറക്കുംവരെ ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല എന്നതാണു സത്യം.
സൃഷ്ടിയെ സംബന്ധിച്ച ബൈബിളിലെ വിവരണമനുസരിച്ച്, ദൈവം താന്‍ സൃഷ്ടിച്ച തോട്ടം (ഉത്പ. 2:15) നിലനിര്‍ത്താന്‍ ('സംരക്ഷിക്കാന്‍') മാത്രമല്ല അതിനെ ഫലസമൃദ്ധമാക്കാനും ('കൃഷിചെയ്യാനും') മനുഷ്യനെ അവിടെയാക്കി. അങ്ങനെ തൊഴിലാളികളും കൃഷിക്കാരും കരകൗശലക്കാരും 'ലോകത്തിന്റെ ഘടന നിലനിര്‍ത്തുന്നു' (പ്രഭാ. 38:34). - (Laudato Si 124)
ഇനി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും സഭാ സാമൂഹിക സംഘടനകള്‍ക്കും ഈ അവസ്ഥയില്‍ ഏറെ ചെയ്യാനുണ്ട് എന്നത് വാസ്തവം തന്നെ. അവിടെയും ഇവിടെയും വന്‍ പരിപാടികള്‍ക്കു മുതിരാതെ ചെറിയ നല്ല തുടക്കങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുള്ളത് പ്രതീക്ഷയാണ്.
യാദൃച്ഛികമായി സാക്ഷിയായ ഒരു സംഭവമാണ്, വൈദികരുടെ ഒരു മാസധ്യാനത്തിനൊടുവില്‍ ഓടിക്കിതച്ചെത്തിയ വൈദികനോട് സുഹൃത്തുക്കളായ സഹവൈദികരുടെ ചോദ്യം, ''അച്ചാ, ഇന്നു ചക്കപ്പുഴുക്ക് കിട്ടിയില്ലേ?'' സംഭവമിതാണ്. പ്രസ്തുത വൈദികന്റെ ഇടവകയില്‍ എല്ലാ ദിവസവും കുടുംബയൂണിറ്റും പ്രാര്‍ത്ഥനായോഗവും ഉണ്ടാവും. ഓരോ സീസണിലും അതാതു നാടന്‍ വിഭവങ്ങള്‍ അവിടെ ഭക്ഷണമായി നല്‍കണമെന്നതും മറ്റു റെഡിമെയ്ഡ് ആഹാരങ്ങള്‍ പാടില്ല എന്നതും ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അങ്ങനെ ഇക്കാലത്ത് സ്വീകാര്യത കുറഞ്ഞ ചക്കയ്ക്കും കപ്പയ്ക്കും ഒക്കെ ഇടവക ജനത്തിനിടയില്‍ അദ്ദേഹം സ്വീകാര്യത ഉറപ്പു വരുത്തുന്നു.
പണിയില്ലാതാകുന്ന, പ്രായാധിക്യം മൂലം മണ്ണിലിറങ്ങാനാവാതായ കര്‍ഷകനും ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോള്‍ സമൂഹമായി നമുക്കു ചെയ്യാനാവുന്നത് ഏറെയല്ലേ? അസ്സീസി ഈ ലക്കം ചില ആശയങ്ങളും ചോദ്യങ്ങളും ചെറിയ ചില പരിഹാര മാര്‍ഗ്ഗങ്ങളും മുന്നോട്ടു വയ്ക്കുകയാണ്.
- നയങ്ങളും നിയന്ത്രണങ്ങളും കൊണ്ട് കെട്ടപ്പെട്ടു പോയ കര്‍ഷകര്‍ക്കായി, അവര്‍ നോക്കുകുത്തികളാവരുതെന്ന നിര്‍ബന്ധത്തോടെ....