

"ലിയോ സഹോദരാ, നമ്മളിപ്പോള്‍ മഴ നനഞ്ഞ്, തണുത്തു വിറച്ചു നടക്കുകയാണെന്നു വിചാരിക്കൂ."
ലിയോ സഹോദരന്‍ മറുപടിയൊന്നും പറഞ്ഞില്ല. രണ്ടുപേരും പെറൂജിയയില്‍ നിന്ന് പോര്‍സ്യൂങ്കുളായിലേക്ക് മടങ്ങുന്ന വഴിയിലാണ് ഫ്രാന്‍സിസ് പിതാവ് ലിയോ സഹോദരനെ സങ്കല്പലോകത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്.ലിയോ സഹോദരാ, നമ്മുടെ ദേഹത്താകെ ചെളി പുരണ്ടിരിക്കുന്നു. വിശന്നിട്ടാണെങ്കില്‍ ഒന്നും വയ്യ താനും...
ലിയോ അതും കേട്ടു.
സഹോദരാ, നമ്മള്‍ ഇപ്പോള്‍ ഒരു ആശ്രമവാതില്‍ക്കലെത്തിയെന്നു വിചാരിക്കുക. ക്ഷീണിതരായ നമ്മള്‍ മണി അടിക്കുന്നു. വാതില്‍ സാവകാശം തുറന്ന് ഒരു സഹോദരന്‍ പ്രത്യക്ഷപ്പെടുന്നു. നനഞ്ഞുകുതിര്‍ന്നു ചെളിയില്‍ കുഴഞ്ഞു നില്‍ക്കുന്ന നമ്മളോട് നീരസത്തോടെ അദ്ദേഹം ചോദിക്കുന്നു: "ആരാണ്? എന്തു വേണം?"
സഹോദരാ, ലിയോ നമ്മള്‍ അപ്പോള്‍ പറയും, 'ഈ സഭയിലെ തന്നെ രണ്ടു സഹോദരന്മാരാണ് ഞങ്ങള്‍.' എന്നിട്ടുപോലും ആ സഹോദരന്‍ നമ്മളെ ശകാരിച്ച്, കള്ളന്മാരെന്നും വഞ്ചകരെന്നും മറ്റും വിളിക്കുന്നു. വാതില്‍ വലിച്ചടയ്ക്കുന്നു.
പാപികളായ നമ്മുടെ പാപപരിഹാരത്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു കരുതി, പിറുപിറുപ്പും നിരാശയും ക ൂടാതെ ഇത്തരത്തിലുള്ള ക്രൂരതയും അനീതിയും നിന്ദനവും സഹിച്ചാല്‍ അതാണ് ലിയോ, പൂര്‍ണസന്തോഷം (Joy).
ലിയോ സഹോദരാ, ഇനിയും ഇത്തിരികൂടി സങ്കല്പിക്കൂ. നമുക്കു വിശപ്പും തണുപ്പും സഹിക്കാന്‍ പറ്റുന്നില്ല. ആട്ടിയോടിക്കപ്പെട്ട ആശ്രമവാതിലില്‍ നമ്മള്‍ വീണ്ടും പ്രതീക്ഷയോടെ മുട്ടുന്നു.
"നികൃഷ്ടരായ കൊള്ളക്കാരെ, നിങ്ങള്‍ പോയില്ലേ, വേഗം സ്ഥലംവിട്ടോ. വല്ല സത്രത്തിലും വേണമെങ്കില്‍ ചെന്നുകിടക്ക്. ഇവിടുന്നൊന്നും നിങ്ങള്‍ക്കു തിന്നാനോ, കുടിക്കാനോ തരില്ല. ഇവിടെ കിടത്തുകയുമില്ല."
നമ്മള്‍ വീണ്ടും നാണംകെട്ട് തിരിച്ചിറങ്ങുമ്പോള്‍ ഉള്ള ില് പകയില്ല, വെറുപ്പില്ല, മാനസിക പിരിമുറുക്കമില്ല. വൈരാഗ്യമൊട്ടുമേ ഇല്ല. നമ്മുടെ ഈ അവസ്ഥയാണ് പരിപൂര്‍ണസന്തോഷം (Perfect Joy).
ലിയോ നമുക്കു വീണ്ടും വിശപ്പ് സഹിക്കാന്‍ വയ്യാതാകുന്നു. തണുത്തു വിറങ്ങലിക്കാന്‍ തുടങ്ങുന്നു. മൂന്നാമതും ആശ്രമവാതില്ക്കലെത്തി കാവല്‍ക്കാരന്‍ സഹോദരനെ വിളിച്ച് ഉച്ചത്തില്‍ കരയുന്നു: "സഹോദരാ, ദൈവസ്നേഹത്തെപ്രതി ഞങ്ങളെ അകത്തു പ്രവേശിക്കാനനുവദിക്കൂ, എന്തെങ്കിലും കഴിക്കാന്‍ തരൂ."
