

ഇന്നു നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ദ്രിയം കണ്ണുകളാണ്. മനുഷ്യന്‍റെ ഏറ്റവും വികസിച്ച ഇന്ദ്രിയവും അതുതന്നെ. നമ്മുടെ ഓര്‍മ്മകള്‍, അനുഭവങ്ങളൊക്കെ എത്ര മിഴിവാര്‍ന്ന ചിത്രങ്ങളാണ്. നമ്മള്‍ സ്വപ്നങ്ങള്‍ പോലും കാണുകയാണ്, കേള്‍ക്കുകയല്ല. കൂടുതല്‍ കാര്യങ്ങളും നമ്മുടെ ബോധമണ്ഡലത്തിലേക്ക് എത്തുന്നതു കാഴ്ചയിലൂടെയാണ്. അതുകൊണ്ടുതന്നെ വ്യക്തമായ കാഴ്ചയാണ് നമ്മുടെ വ്യക്തിത്വത്തെ തീരുമാനിക്കുന്നത്, നിശ്ചയിക്കുന്നത്.
കടല്‍ കാണുന്ന കുട്ടിയും കമിതാക്കളും കവിയും വൃദ്ധരും ഒക്കെ കാണുന്നത് ഒരേ കടലും തിരയും ചക്രവാളങ്ങളും തന്നെയാണെങ്കിലും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കുട്ടിക്ക് കൂടെ കളിക്കുന്ന തിരകള്‍, കമിതാക്കള്‍ക്കു സമുദ്രത്തേക്കാള്‍ ആഴമുള്ള തങ്ങളുടെ സ്നേഹം, ചക്രവാളസീമകളില്‍ വര്‍ണം വിതയ്ക്കുന്ന സൂര്യന്‍റെ രശ്മികള്‍ കവിക്ക് കവിത, പോയകാലത്തിന്‍റെ ഓര്‍മ്മകളുടെ സൂക്ഷിപ്പുകാരിയായ കടല്‍ വൃദ്ധര്‍ക്ക്. അങ്ങനെ ഒരേ കാഴ്ചതന്നെ വ്യത്യസ്തമായ അനുഭവങ്ങള്‍ ആണ് മനുഷ്യനു സമ്മാനിക്കുന്നത്. ഈ അനുഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നാണ്. അവര്‍ കണ്ട കാഴ്ചകള്‍, അറിഞ്ഞ നൊമ്പരങ്ങള്‍ അങ്ങനെയങ്ങനെ... കണ്ണുകള്‍ക്കു മുന്‍പിലെത്തുന്ന ഓരോ ദൃശ്യങ്ങളും ഉള്ളിലുണര്‍ത്തുന്ന ഓര്‍മ്മകളും ചിന്തകളും അറിവുകളും അനുഭൂതികളും ഒക്കെ ചേര്‍ന്നാണു കാഴ്ചകള്‍ രൂപപ്പെടുന്നത്. അതായതു പുറമേയുള്ള കണ്ണുകള്‍പോലെതന്നെ ഒരു ഉള്‍ക്കണ്ണും നമുക്കുണ്ട്.
