ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
സ്വന്തം അമ്മാവനാണ് ഗീതയെ ഒരപരിചിതനു വില്‍ക്കുന്നത്. അന്നവള്‍ക്ക് ഒന്‍പതുവയസ്സായിരുന്നു പ്രായം. ഏറെദൂരം യാത്ര ചെയ്ത് സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികടന്ന് ഇന്ത്യയില്‍, ചെന്നുകയറിയ വീട്ടില്‍ അവളെപ്പോലെ അനേകം പെണ്‍കുട്ടികളുണ്ടായിരുന്നു. താനെവിടെയാണെന്നും എന്താണവിടെ നടക്കുന്നതെന്നും താനെന്താണ് ചെയ്യുന്നതെന്നും അറിവാകും മുമ്പ് പ്രതിദിനം അറുപതോളം ആണുങ്ങളെ അവള്‍ക്ക് തൃപ്തിപ്പെടുത്തേണ്ടി വന്നു. അതിനായി പാതിരാത്രി രണ്ടുമണിയോളം ഉണര്‍ന്നിരിക്കേണ്ടിയിരുന്നു. മുഖം കറുപ്പിച്ചപ്പോളൊക്കെ വീട്ടുടമസ്ഥ കേട്ടാലറയ്ക്കുന്ന ശകാരം വര്‍ഷിച്ചു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ പിന്നെ സംസാരിച്ചിരുന്നത് കമ്പും ചാട്ടവാറും ചുട്ടുപഴുപ്പിച്ച കരണ്ടിയുമൊക്കെയായിരുന്നു. ഇന്ന് ഇരുപത്താറാം വയസ്സില്‍ തന്റെ ബാല്യകൗമാരങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഗീതയ്ക്ക് ആകെയൊരു മരവിപ്പാണ്. നരകയാതനയുടെ അഞ്ചു സംവത്സരങ്ങള്‍ക്കിപ്പുറം ഒരു പോലീസുദ്യോഗസ്ഥന്റെ സഹായത്തോടെ അവളെ രക്ഷിച്ച് 'മൈത്തിനേപ്പാ'ളിന്റെ അഭയഗൃഹത്തിലെത്തിക്കുകയായിരുന്നു. നേപ്പാള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വേശ്യാഗൃഹങ്ങളില്‍ നിന്ന് മൈത്തി നേപ്പാള്‍ രക്ഷിച്ചെടുത്ത ആയിരക്കണക്കിന് പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു ഗീത.
'മൈത്തി നേപ്പാള്‍' എന്നപദത്തിനര്‍ഥം നേപ്പാളിലെ അമ്മവീട് എന്നാണ്. അനുരാധ കൊയ്രാള എന്ന സ്കൂള്‍ ടീച്ചറാണ് രണ്ടര പതിറ്റാണ്ടുമുമ്പ് മൈത്തി നേപ്പാളെന്ന സന്നദ്ധസംഘടനയ്ക്ക് രൂപം നല്‍കുന്നത്. കാഠ്മണ്ഡുവിലെ വിവിധ വിദ്യാലയങ്ങളില്‍ ഇംഗ്ലിഷ് അദ്ധ്യാപികയായി ഇരുപതുകൊല്ലത്തോളം സേവനമനുഷ്ഠിച്ച അനുരാധ പലപ്പോഴും ഹൃദയഭേദകമായ അനുഭവങ്ങള്‍ക്കാണ് സാക്ഷിയായത്. തന്റെ വിദ്യാര്‍ഥിനികളില്‍ പലരും മാംസവ്യാപാരത്തിന്റെ ഇരകളാകുന്നത് നടുക്കത്തോടെയാണവര്‍ കണ്ടുനിന്നത്. കഴുകന് കണ്ണുകളുമായി നടക്കുന്ന കൂട്ടിക്കൊടുപ്പുകാര്‍ കൗമാരമെത്താത്ത കുട്ടികളെപ്പോലും വേട്ടയാടിയിരുന്നു. അനു രാധയുടെ അമ്മമനസ്സ് വല്ലാതെ നൊന്തു. ഈ കുട്ടികളെ അവരുടെ ദുരിതക്ക യത്തില്‍നിന്ന് കരകേറ്റാനായെങ്കിലെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെയായിരുന്നു ആ 'അമ്മവീടി'ന്റെ പിറവി.
ഏഴുമുതല്‍ ഇരുപത്തിനാലുവരെ പ്രായമുള്ള പതിനയ്യായിരത്തോളം പെണ്‍കുട്ടികള്‍ നേപ്പാളില്‍ പ്രതിവര്‍ഷം ലൈംഗികത്തൊഴിലിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ഇവരില്‍ അധികം പേരെയും അതിര്‍ത്തികടത്തി ഇന്ത്യന്‍നഗരങ്ങളിലെ വേശ്യാഗൃഹങ്ങളിലേക്കാണ് എത്തിക്കുന്നത്. നമ്മുടെ മഹാനഗരങ്ങളിലെ വേശ്യാലയങ്ങളില്‍ മൂന്നുലക്ഷത്തോളം നേപ്പാളി പെണ്‍കുട്ടികളുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ബഹുഭൂരിപക്ഷവും അക്ഷരാര്‍ഥത്തില്‍ തടങ്കലിലാണ്. നിശ്ശബ്ദം നോവുതിന്ന് ഇരുളറകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍... രോഗവും ദുരിതവും അവരുടെ കൂടപ്പിറപ്പുകളായിരുന്നു.
ഏറെ വിശാലവും നിഗൂഢവും സങ്കീര്‍ണ്ണവുമായിരുന്നു എക്കാലത്തും നേപ്പാളിലെ ലൈംഗികവ്യാപാരശൃംഖല. അതിന്റെ വേരുകള്‍ കൊടിയ അര്‍ബ്ബുദമായി നേപ്പാളിന്റെ ജനതയ്ക്കുമേല്‍ ആഴത്തില്‍ വേരാഴ്ത്തിയിരുന്നു. തനിക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച ആ ദുരിതക്കാഴ്ച്ചകള്ക്കെതിരേ പോരാടാനുറച്ച അനുരാധ തന്റെ രണ്ടുപതിറ്റാണ്ടു നീണ്ട അദ്ധ്യാപനകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചാണ് 1993ല്‍ മൈത്തി നേപ്പാളിന്റെ ആദ്യ അഭയകേന്ദ്രം യാഥാര്‍ഥ്യമാക്കുന്നത്. രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ഇന്ന്, അനുരാധ നയിക്കുന്ന മൈത്തി നേപ്പാള്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അമ്മവീടാണ്. അവര്‍ ആ പെണ്‍കുട്ടികള്‍ക്ക് ദിജ്ജുവാണ്. ദിജ്ജു എന്നാല്‍ നേപ്പാളി ഭാഷയില്‍ ചേച്ചി എന്നര്‍ഥം.
നേപ്പാളില്‍ ഒക്കല്ദുംഗ ജില്ലയിലെ രുംജതാര് ഗ്രാമത്തില്‍ കേണല്‍ പ്രതാപ് സിംഗ് ഗുരുംഗിന്റെയും ലക്ഷ്മി ഗുരുംഗിന്റെയും മകളായി 1949 ഏപ്രില്‍ 14നാണ് അനുരാധയുടെ ജനനം. വിദ്യാഭ്യാസകാലം കലിംപൊങ്ങിലെ സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂളിലായിരുന്നു. മാനവസേവനത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചതും അവിടെനിന്നുതന്നെ. മദര്‍ തെരേസയായിരുന്നു എന്നും അവള്‍ക്ക് പ്രചോദനം. കാഠ്മണ്ഡുവിലെ അധ്യാപനകാലഘട്ടത്തിലും ഇതല്ല മറ്റൊന്നാണ് തന്റെ വഴിയെന്ന ചിന്തയുടെ കനല് അവളുടെ ഉള്ളില്‍ ജ്വലിച്ചുനിന്നു. പിന്നീട് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലും അനുഭവങ്ങളിലും നിന്ന് ഊര്‍ജ്ജമാവാഹിച്ച് അവള് ഊതിത്തെളിച്ചെടുത്ത ആ കനലാണ് മൈത്തി നേപ്പാള്‍ എന്ന പ്രകാശഗോപുരമായത്.
ഉടല്വ്യാപാരത്തിന്റെ ചെളിക്കുണ്ടില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ പെണ്‍കുട്ടികളെയാണ് അനുരാധയുടെ അമ്മവീട് കരകയറ്റിയത്. നാലരലക്ഷം പെണ്‍കുട്ടികളെ അതിര്‍ത്തിയിലെ മനുഷ്യക്കടത്തിന് ഇരകളാകാതെ സംരക്ഷിക്കുകയും ചെയ്തു. ആയിരത്തിലേറെ കുട്ടികള്‍ക്ക് പ്രതിദിനം നേരിട്ട് സഹായമെത്തിക്കുന്നു. മൂന്ന് പ്രിവെന്‍ഷന്‍ ഹോമുകള്‍, പതിനൊന്ന് ട്രാന്‍സിറ്റ് ഹോമുകള്‍ ഒരു വിദ്യാലയം എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇന്ന് മൈത്തി നേപ്പാളിനുണ്ട്. മോചിതകളായ ഇരകളുള്‍പ്പെടെ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ നേപ്പാളിലുടനീളവും അതിര്‍ത്തി പ്രദേശങ്ങളിലും വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനുമെതിരേ തികഞ്ഞ ജാഗ്രതപുലര്‍ത്തുന്നു. ഒരു വേശ്യാലയം കണ്ടെത്തിയാല്‍ അമ്മവീടിന്റെ പ്രവര്‍ത്തകര്‍ സ്ഥലത്തെ നിയമപാലകരുടെ സഹായത്തോടെ റെയ്ഡ് നടത്തി പെണ്‍കുട്ടികളെയും സ്ത്രീകളെയും മോചിപ്പിച്ചെടുക്കുന്നു. അവര്‍ക്ക് വേണ്ട വൈദ്യസഹായവും നിയമസഹായവും നല്കുന്നു. കുടുംബത്തിലേക്ക് തിരികെപ്പോകാനാകാത്തവര്ക്ക് അമ്മവീട് അഭയമേകുന്നു. തുന്നല്‍, കരകൗശലപ്പണി, ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണം, ആഭരണനിര്‍മ്മാണം, കൃഷി, പാചകം എന്നിങ്ങനെ താല്‍പ്പര്യമുള്ള മേഖലയില്‍ അവര്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്നു.
രാജ്യത്തെ വേശ്യാലയ നടത്തിപ്പുകാരെയും അതിര്‍ത്തി കടന്നെത്തുന്ന കൂട്ടിക്കൊടു പ്പുകാരെയും കണ്ടെത്താനും നിയമത്തിന്റെ മുന്നിലെത്തിക്കാനും മൈത്തി നേപ്പാള്‍ പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. ഇക്കാലയളവിനിടയില്‍ അഞ്ഞൂറിലേറെപ്പേര്‍ ഇത്തരത്തില്‍ ജയിലറയ്ക്കുള്ളിലായിട്ടുണ്ട്.
മനുഷ്യക്കടത്തിനും മാംസവ്യാപാരത്തിനുമെതിരേ ജനമനസ്സാക്ഷിയെ ജാഗ്രതപ്പെടു ത്തുവാന്‍ പാട്ടും കഥയും നാടകവുമൊക്കെ ഇവര്‍ ആയുധമാക്കുന്നുണ്ട്. മോചിതകളായ പെണ്‍കുട്ടികള്‍ തന്നെയാണ് ഇത്തരം കലാരൂപങ്ങളുടെയും അവതാരകര്‍.അനന്യമായ മനുഷ്യസേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ അനുരാധ കൊയ്രാളയെ തേടിയെത്തിയിട്ടുണ്ട്.
സി എന്‍ എന്‍ ചാനല്‍ അന്തര്‍ദ്ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പിലൂടെ 2010 ലെ സി എന്‍ എന്‍ ഹീറോ ആയി തെരഞ്ഞെടുത്തത് അനുരാധയെയായിരുന്നു. ജര്‍മ്മന്‍ യൂണിഫെം പുരസ്ക്കാരം, മദര്‍ തെരേസ അവാര്‍ഡ്, ക്വീന്‍ സോഫിയ സില്‍വര്‍ മെഡല്‍, മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള നേപ്പാള്‍ സര്‍ക്കാരിന്റെ അവാര്‍ഡ് തുടങ്ങിയവ കൂടാതെ ഇന്ത്യാ ഗവണ്മെന്റിന്റെ ഈ വര്‍ഷത്തെ പദ്മശ്രീ പുരസ്ക്കാരവും അനുരാധയ്ക്ക് ലഭിച്ചു.മൈത്തി നേപ്പാളിന്റെ ഉദയം മുതലിന്നോളം അതിന്റെ ഊര്‍ജ്ജപ്രവാഹിനി അനുരാധ തന്നെയാണ്. ആ ദൗത്യം തുടരുകയുമാണ്. സ്വന്തം മകളായിരുന്നു ഈ ഓരോ പെണ്‍കുട്ടിയുടെയും സ്ഥാനത്തെങ്കിലെന്ന് ഒന്നു സങ്കല്‍പ്പിക്കൂ, അപ്പോള്‍ ഇവരെ സംരക്ഷിക്കാനുള്ള അപ്രമേയമായ ഒരു ശക്തി ഉള്ളില്നിന്നുയര്ന്നുവരുന്നതായി നിങ്ങള്‍ക്കുതന്നെ അനുഭവിക്കാനാകും. ആ ശക്തിയാണ് എന്നെ എന്നും നയിക്കുന്നത്. പെണ്ണുടലുകള്‍ വില്‍പ്പനച്ചരക്കല്ലാത്ത ഒരു സമൂഹമാണ് എന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കാണ് എന്റെ പ്രയാണം അവര്‍ പറയുന്നു.