

എന്തായിരുന്നു 33 സംവത്സരം ഭൂമിയോടൊപ്പം പാര്‍ത്ത് ഒറ്റ മുറിവായി ഒടുവില്‍ മടങ്ങിപ്പോകുമ്പോള്‍ ആ ചെറുപ്പക്കാരന്‍ മന്ത്രിച്ചത്: 'അച്ഛാ, അങ്ങേ കരങ്ങളില്‍ എന്‍റെ പ്രാണനെ ഞാന്‍ അര്‍പ്പിക്കുന്നു.'
പഴയ നിയമത്തിലെ ഇയോബിന്‍റെ നിഴല്‍ വീണ ഭാഗമാണിത്. നിഴലെന്നും (shadow) പൊരുളെന്നും (substance)രണ്ടായി വേദപുസ്തകത്തെ സമീപിക്കുന്ന രീതിയുണ്ട്. സൂര്യനെ മുഖാമുഖം കണ്ടിരുന്ന ഒരാളെന്ന നിലയില്‍ അയാളിലേക്ക് കുറേ അധികം പഴയ നിയമ സൂചനകളുടെ നിഴല്‍ പതിയുന്നു. പ്രശ്നം നല്ലവരുടെ സഹനം തന്നെയാണ്. ഇയോബിനെ ചില കിളുന്ത് കുസൃതിചോദ്യങ്ങള്‍ കൊണ്ടാണ് ദൈവം നേരിട്ടത്. സംഭാഷണം അവസാനിച്ചത് ഇങ്ങനെയാണ്: 'ഒരിക്കല്‍ ഞാന്‍ മിണ്ടി. ഇനി ഞാന്‍ മിണ്ടുകയില്ല.' അത് അക്ഷരാര്‍ത്ഥത്തിലുള്ള കീഴടങ്ങലായിരുന്നു. ചെറുചോദ്യങ്ങള്‍ക്കു പോലും ഉത്തരമില്ലാത്ത ഒരാളെന്ന നിലയില്‍ ഭൂമിയുടെ നിഗൂഢതകളും സമസ്യകളും തിരയാന്‍ ഞാനാര്!
ഇയോബ് എത്തിയ പ്രകാശത്തെ ഒരു ഗ്രന്ഥകാരന്‍ ഭംഗിയായി സംഗ്രഹിക്കുന്നുണ്ട്.
ഒന്ന്, ദൈവത്തിന് അവകാശമുണ്ട്-right.
രണ്ട്, അവിടുത്തേക്ക് കൃത്യമായ ലക്ഷ്യമുണ്ട്-purpose.
മൂന്ന്, നമുക്കു വേണ്ടി ഒടുവില്‍ ചില ഉപഹാരങ്ങള്‍ കരുതിവച്ചിട്ടുണ്ട്-reward.
