Delicia Devassy
Oct 21
മിഷന്‍ ലീഗില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാല്യകാലം. രൂപതാതലത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുവാന്‍ കൂട്ടുകാര്‍ക്കൊപ്പം ഞാനുമുണ്ട്. ക്ലാസെടുക്കുന്നത് കുഞ്ഞേട്ടനാണെന്ന് കേട്ടു. മിഷന്‍ലീഗിന്‍റെ സ്ഥാപകനായ കുഞ്ഞേട്ടനെ നേരിട്ട് കാണാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമാണല്ലോ. പക്ഷേ ക്ലാസെടുക്കാന്‍ വന്നത് കുറെയേറെ നേരമായി കുട്ടികളും മറ്റുള്ളവരുമായി തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന ഒരു വല്യപ്പനാണ്. കുഞ്ഞേട്ടന്‍ എത്തിച്ചേരാത്തതുകൊണ്ട് ഈ വല്യപ്പനെ നിര്‍ബന്ധിച്ച് ക്ലാസെടുപ്പിക്കുന്നതായിരിക്കാം. ഒരു ബോറന്‍ ക്ലാസിന് തയ്യാറെടുത്തിരുന്നു. പക്ഷേ സ്വാഗതം ആശംസിച്ച വ്യക്തി അദ്ദേഹത്തെ പരിചയപ്പെടുത്തിയതും കുഞ്ഞേട്ടനെന്നായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടനയുടെ സ്ഥാപകന്‍ ഈ എളിയ മനുഷ്യനോ? എന്തോ ഒരു പൊരുത്തമില്ലായ്മ അനുഭവപ്പെട്ടു. പക്ഷേ ക്ലാസ് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലെ ചിന്തകളെല്ലാം മാറിമറിഞ്ഞു. അത്ര ആകര്‍ഷകമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. എളിമയോടും വിനയത്തോടും എന്നാല്‍ സംശയലേശമെന്യേയുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
മിഷന്‍ ലീഗിന്‍റെ ആരംഭനാളുകളില്‍ ചില ഇടവക വികാരിമാര്‍ മിഷന്‍ലീഗിനെ സംശയപൂര്‍വ്വം വീക്ഷിച്ചതുകൊണ്ട് തങ്ങളുടെ ഇടവകകളില്‍ അത് ആരംഭിക്കുവാന്‍ അനുവദിച്ചിരുന്നില്ല. പക്ഷേ വീണ്ടും വീണ്ടും അവരെ സന്ദര്‍ശിച്ച്, കേണപേക്ഷിച്ച് കൊണ്ടൊക്കെയാണ് അങ്ങനെയുള്ള പല ഇടവകകളിലും മിഷന്‍ലീഗ് ശാഖകള്‍ ആരംഭിക്കുവാന്‍ അനുവദിക്കുന്നത്. ഒരിക്കല്‍ ഒരു വികാരിയച്ചന്‍ അദ്ദേഹത്തെ തിരിച്ചയച്ചപ്പോള്‍, കുഞ്ഞേട്ടന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ കിടന്ന് കൊണ്ട് പറഞ്ഞു: അച്ചന്‍ മിഷന്‍ലീഗിന് ഇവിടെ അനുവാദം തരണം, ഇല്ലെങ്കില്‍ എന്നെ ചവിട്ടി കടന്ന് പൊക്കോള്ളുക. അപ്പോള്‍ തന്നെ അച്ചന്‍ അവിടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ അനുവദിച്ചു. ഇങ്ങനെ മിഷന്‍ പ്രവര്‍ത്തനത്തിന് വേണ്ടി അദ്ദേഹം കാണിച്ച ഈ തീക്ഷ്ണത, ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ പ്രചോദനമായിട്ടുണ്ട്.
അതിന്‍റെ ഫലമായാണ് ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടനയായി, ഈ സംഘടന മാറിയതും. മിഷന്‍ലീഗിലും സഭയിലും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാതെ ഉത്തരവാദിത്വബോധത്തോടെ ഈ സാധാരണക്കാരന്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി, 39 മെത്രാന്‍മാരും, ആയിരക്കണക്കിന് വൈദികരും പതിനായിരക്കണക്കിന് സിസ്റ്റേഴ്സും ഈ സംഘടനയിലൂടെ കടന്നുവന്ന് ദൈവവിളി സ്വീകരിച്ചു.
കുട്ടികളുടെ കളിക്കൂട്ടുകാരനായി മാറിയ അദ്ദേഹം കുഞ്ഞുങ്ങളെപ്പോലെ മധുരപ്രിയനായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തെള്ളകത്തുള്ള കപ്പൂച്ചിന്‍ ആശ്രമത്തില്‍ വന്നപ്പോള്‍ എനിക്കൊപ്പം അദ്ദേഹം വീട്ടിലേക്ക് വന്നതും, പച്ചവെള്ളത്തില്‍ ധാരാളം മധുരമിട്ടു കുടിക്കാന്‍ കൊടുക്കണമെന്ന് പറഞ്ഞതും ഓര്‍ക്കുന്നു. നഗ്നപാദുകനായി കിലോമീറ്ററുകള്‍ നടന്ന് നീങ്ങുവാന്‍ 85-ാം വയസിലും അദ്ദേഹത്തിന് ബുദ്ധിമുട്ടുകളില്ലായിരുന്നു. സ്നേഹവും, ത്യാഗവും, സേവനവും, സഹനവും മിഷന്‍ലീഗിന്‍റെ മാത്രമല്ല, ഓരോ ക്രൈസ്തവന്‍റെയും മുദ്രാവാക്യമാകണമെന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളോടും, മാതാപിതാക്കളോടും സമര്‍പ്പിതരോടും വൈദികരോടും മെത്രാന്മാരോടും തന്‍റെ എഴുത്തുകളില്‍ വിശുദ്ധരാകണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സഭയില്‍ ഒരു വല്യേട്ടന്‍ സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞേട്ടനായി നിലകൊണ്ടു എന്നതാണ് പി. സി. അബ്രാഹം പല്ലാട്ടുകുന്നേല്‍ എന്ന കുഞ്ഞേട്ടനെ അനശ്വരനാക്കുന്നത്.