top of page

പള്ളി ഒരു ഓഡിറ്റോറിയമല്ല

Nov 10, 2023

3 min read

ജോയി മാത്യു

A marriage function

കാലമിത്രയും കൊണ്ട് സഭ മാത്രമല്ല വളര്‍ന്നിട്ടുള്ളത്. സഭയോടൊപ്പം സഭ നേരിടുന്ന വെല്ലുവിളികളും വളര്‍ന്നിട്ടുണ്ട്. വരുന്ന 5 വര്‍ഷങ്ങളില്‍ കേരളത്തിലെ സഭ നേരിടാന്‍ പോകുന്ന പ്രധാന വെല്ലു വിളികള്‍ എന്തെല്ലാമായിരിക്കും? ഒരു കുടുംബ നാഥന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ കാണുന്നത് വിശ്വാസ മാര്‍ഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളുടെ വ്യതിചലനമായിരിക്കും അവയില്‍ ഏറ്റവും പ്രധാനമെന്നാണ്.

ദാമ്പത്യത്തെ നിര്‍വചിക്കുന്നതിലുണ്ടാകുന്ന വ്യതിചലനങ്ങളാണ് ഇവയില്‍ ഒന്നാമത്തേത്. വരനും വധുവും ക്രിസ്തുവും ചേര്‍ന്ന് തുടങ്ങുന്ന ദാമ്പത്യം എന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനിന്‍റെ നിര്‍വചനം സ്വീകാര്യമല്ലാത്ത ഒരു തലമുറ രൂപപ്പെട്ടു വരുന്നുണ്ട്. കൂദാശ എന്നതില്‍ നിന്നും മാറി ദാമ്പത്യമൊരു കരാര്‍ മാത്രമായി മാറുന്നു. പങ്കാളി എന്തു വിശ്വസിക്കുന്നു, എന്തു പ്രാര്‍ത്ഥിക്കുന്നു, എന്ത് ആചരിക്കുന്നു എന്നത് പരിഗണനാ വിഷയമേയല്ല എന്നു വരുന്നു. ദാമ്പത്യത്തിനകത്ത് ഉണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങള്‍ മുതല്‍ ഗൗരവമേറിയ പ്രശ്നങ്ങള്‍ക്കു വരെ 'പ്രോബ്ളം സോള്‍ വര്‍' ആയി നിലനിന്നു പോന്നത് ജീവിതത്തെ വിശ്വാസത്തിന്‍റെ കണ്ണിലൂടെ കാണാനുളള കഴിവും, കൂദാശകളിലൂടെ അതിനെ പവിത്രീകരിക്കാനുള്ള വിവേകവും കൊണ്ടാണ്. ദാമ്പത്യം കൂദാശയല്ല കരാര്‍ മാത്രമാണെന്നു വന്നാല്‍ പിരിയുക എന്ന ഒറ്റ ഓപ്ഷന്‍ മാത്രമേ ബാക്കിയുണ്ടാകൂ. ഈ പശ്ചാത്തലത്തില്‍, കുടുംബങ്ങളെ സ്നേഹത്തിലും വിശ്വാസത്തിലും ഉറപ്പിക്കുന്നതില്‍ സഭയ്ക്കും സഭാ ശുശ്രൂഷകര്‍ക്കും ഉത്തരവാദിത്വം കൂടുകയാണ്.

ദാമ്പത്യേതര ബന്ധങ്ങള്‍ക്ക് സ്വീകാര്യത വരുന്നു. അവയൊക്കെ മനുഷ്യന്‍റെ സഹജവാസനയും പ്രകൃതവുമായി വ്യാഖ്യാനിക്കപ്പെടുന്നു. അവനും അവള്‍ക്കും ആകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂട എന്ന വിശുദ്ധിയുടെ പഴയ നിര്‍വചനത്തിന് പകരം പാപത്തിനുള്ള പുതിയ വ്യാഖ്യാനമായി ഇതു മാറുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവനെക്കുറിച്ചുള്ള വി.ഗ്രന്ഥ പരാമര്‍ശമൊക്കെ ഡിജിറ്റല്‍ പോര്‍ണോഗ്രഫിയുടെ കാലത്ത് 'സദാചാര പോലീസിംഗ്' ആയി വിമര്‍ശിക്ക പ്പെടുന്നു. വിശ്വാസപരിശീലന ക്ലാസുകളോ സെമിനാറുകളോ ഞായറാഴ്ച 'ഹോമിലി'കളോ തലയില്‍ വെളിച്ചം വീഴാന്‍ മാത്രം സ്വാധീനിക്കുന്നില്ല എന്നതാണ് വസ്തുത. ലൈംഗികതയുടെ ധാര്‍മിക മൂല്യം വിശ്വാസികളെ വിശ്വസിപ്പിക്കുക എന്നതാണ് സഭയും അതിന്‍റെ ശുശ്രൂഷകരും ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളികളില്‍ മറ്റൊന്ന്.

വിവാഹം എന്നാല്‍ 'വിശേഷേന വഹിക്കല്‍' ആയിരുന്നു എങ്കില്‍ ഇന്നത് പാടുപെട്ട് ഒരാളെ സഹിക്കല്‍ ആയി മാറിയിട്ടുണ്ട്. അങ്ങനെ സഹിക്കേണ്ടതില്ല എന്ന കാഴ്ചപ്പാടില്‍ പങ്കാളിയെ വേണ്ട എന്നു വയ്ക്കാനും ഒഴിവാക്കാനുമുള്ള താല്‍പര്യങ്ങള്‍ ഏറിവരുന്നു. ഒരാളോടൊത്ത് ഒരു ജീവിത കാലം മുഴുവന്‍ കഴിയുന്നത് ബാധ്യതയാകുമെന്ന് ചിന്തിക്കുന്ന, ബയോളജിക്കല്‍ ആവശ്യങ്ങള്‍ക്കു വേണ്ടി വിവാഹം കഴിക്കണമെന്നുണ്ടോ എന്നു സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന ഒരു ചിന്താധാരയുണ്ട്. കൂടാതെ, വിവാഹം എന്നത് സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന, കൈകാലുകളില്‍ വിലങ്ങ് വീഴുന്ന ഒരേര്‍പ്പാടാണ് എന്നും പരമാവധി സ്വാതന്ത്ര്യത്തില്‍ ജീവിച്ചശേഷം പിന്നീട് എപ്പോഴെങ്കിലും വിവാഹിതരായാല്‍ മതി എന്ന ചിന്ത മറുവശത്ത് വളരുന്നു. സൂചനയിലെ 'സ്വാതന്ത്ര്യവും വിലങ്ങും' വലിയ ഒരു ചിന്താവിഷയമായി മാറേണ്ടതുണ്ട്. ഗുരുതരവും അപകടം പിടിച്ചതുമായ ഒരേര്‍പ്പാടായി വിവാഹത്തെ കാണുന്നതു തന്നെ, അതിനെ വസ്തു നിഷ്ഠമായും കൗദാശികമായും മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതിന്‍റെ സൂചനയാണ്.

'സെറ്റില്‍ഡ്' ആയ ശേഷം മാത്രം വിവാഹം എന്നതും ആശയക്കുഴപ്പമുണ്ടാക്കുന്ന ചിന്തയാണ്. ഒരാള്‍ക്ക് എത്രയടി മണ്ണു വേണം എന്ന ടോള്‍ സ്റ്റോയ് കഥ യിലെ ചോദ്യം പോലെ, ഒരാള്‍ 'സെറ്റില്‍ഡ്' ആയി വിവാഹത്തിനു പാകമായി എന്നു പറയണമെങ്കില്‍ എത്ര സ്ക്വയര്‍ ഫീറ്റ് വീട് സ്വന്തമായി ഉണ്ടാകണം, ബാങ്ക് അക്കൗണ്ടില്‍ എത്ര ഉണ്ടാകണം, ഏതു വാഹനം സ്വന്തമായി ഉണ്ടാകണം, എത്ര മാസവരുമാനം ഉണ്ടാകണം എന്ന ചോദ്യങ്ങളും ഉയര്‍ന്നു വരുന്നു. ഇത്തരത്തില്‍ 'സെറ്റില്‍ഡ്' ആയി വരുമ്പോഴേക്കും പ്രായം നാല്‍പ്പതുകളിലെത്തുമെന്നതില്‍ തര്‍ക്കമില്ല. വിവാഹം കഴിച്ച് പതിയെ സെറ്റില്‍ഡാകാം എന്നു ചിന്തിക്കാനും മാത്രം ധൈര്യം ലഭിക്കാതെ വരുന്നത്, അതിനു വേണ്ടിവരുന്ന അധ്വാനത്തെക്കുറിച്ചുള്ള ഭയം കൊണ്ടാവുമോ? അതോ ദൈവവും കൂടി ചേര്‍ന്ന് പണിയുന്ന ഈ കുടുംബത്തിന് ദൈവം സഹായമരുളും എന്ന വിശ്വാസം ഇല്ലാതെ ആകുന്നതോ?

ഉപരിപഠനവും ജോലിയുമായി ബന്ധപ്പെട്ട യുവാക്കളുടെ വിദേശ കുടിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന കുടുംബ ക്രമത്തിലെ വ്യതിയാനങ്ങളാണ് ചിന്തയില്‍ ഉയര്‍ന്നു വരുന്ന രണ്ടാം ഭാഗം. മക്കളുടെ ശോഭനമായ ഭാവി സ്വപ്നം കാണുന്ന മാതാപിതാ ക്കള്‍ വാര്‍ധക്യത്തില്‍ ഭാവിയറ്റവരായി മാറുമോ എന്ന ആശങ്ക പെരുകുന്നു. ഒന്നുകില്‍ മക്കള്‍ ക്കൊപ്പം നാടുകടന്ന് അന്യനാട്ടില്‍ തടവിലെന്ന പോലെ കഴിയുക. അല്ലെങ്കില്‍ പരമ്പരാഗത വീടിന്‍റെയും പറമ്പിന്‍റെയും കാവല്‍ക്കാരായി നാട്ടില്‍ത്തന്നെ ഏകാന്ത വാര്‍ധക്യത്തില്‍ കഴിയുക എന്ന രണ്ട് ചോയ്സുകളല്ലാതെ മൂന്നാമതൊരു ചോയ്സില്ലാത്തവരായി വയോജനങ്ങള്‍ മാറുന്നു. അവരില്‍ തന്നെ വൈധവ്യ ദുഃഖം പേറുന്നവരുടെ ജീവിതം കൂടുതല്‍ സങ്കടകരമാകുന്നു. സഭാ ശുശ്രൂഷയുടെ ശ്രദ്ധ വരുംനാളുകളില്‍ ചെന്നു പറ്റേണ്ട ഇടമായി അതിനെ കണ്ടേ മതിയാകൂ. ഉന്‍മേഷവും സന്തോഷവുമറ്റ വാര്‍ധക്യത്തോളം വേദനാജനകമായ അവസ്ഥ മറ്റൊന്നില്ലതന്നെ. പകല്‍ അവര്‍ക്ക് ഒരു മിച്ചു കൂടാന്‍ പറ്റുന്ന പകല്‍ വീടുകളെക്കുറിച്ചുപോലും മാറിച്ചിന്തിക്കേണ്ട കാലമായി.

മൂന്നാമത്തെ ചിന്ത 'ജെന്‍ഡര്‍ റോള്‍'നെ ക്കുറിച്ചാണ്. ദാമ്പത്യമെന്നാല്‍ അടിമ-ഉടമ ബന്ധ മെന്ന മിഥ്യാബോധം തകരാറിലാക്കുന്ന കുടുംബ ങ്ങളെ കാണാതെ പോവുക വയ്യ. താലിച്ചരട് കഴുത്തില്‍ വീഴുന്ന നിമിഷം മുതല്‍ ജനിച്ച വീട് അന്യ വീടാവുകയും, ചെന്നു കയറുന്ന വീട്ടില്‍ എന്നും അന്യയെ പോലെ കഴിയുകയും ചെയ്യേണ്ടി വരുന്ന പെണ്ണിനോളം അരക്ഷിതത്വം നേരിടുന്ന മറ്റാരുണ്ട്! പുരുഷന്‍ വിവാഹിതനായാലും അവന്‍റെ ജീവിതരീതികളിലും, സൗഹൃദങ്ങളിലും, സാമൂഹ്യ ബന്ധങ്ങളിലുമൊന്നും മാറ്റം വരുന്നില്ല. എന്നാല്‍ ഇവയെല്ലാം പൂര്‍വാശ്രമത്തിലെന്ന പോലെ ഉപേക്ഷിച്ച് ഒരു വീടിന്‍റെയും അടുക്കളയുടെയും പരിവൃത്തത്തിനുളളില്‍ കഴിയേണ്ടി വരുമെന്നും, ചോദ്യം ചെയ്താല്‍ നിഷേധിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തപ്പെടും എന്ന ഭയമല്ലേ വിവാഹം ഒരു കെണിയാണ് എന്ന് ചിന്തിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് ? അത് കേവലമൊരു ഭയമല്ല എന്നു സാക്ഷ്യപ്പെടുത്തുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീ-പുരുഷ തുല്യത എന്നാണ് പ്രസംഗവേദി വിട്ട് കുടുംബങ്ങളിലെത്തുക ! ബാല്യം മുതല്‍ വീട്ടിലും കാറ്റക്കിസം ക്ലാസിലും പഠിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന വിഷയമാകുക !

അതിനോട് ചേര്‍ന്ന് ചിന്തിക്കേണ്ടത് - വിവാഹി തരായ മക്കളുടെ ജീവിതത്തില്‍ എത്തി നോക്കു കയും ഇടപെടുകയും അഭിപ്രായം പറയുകയും, അവരെ ഹൈസ്കൂള്‍ കുട്ടികളെ പോലെ അടക്കി ഭരിക്കുകയും ചെയ്യുന്നതില്‍ നിന്ന് എപ്പോള്‍ പിന്തി രിയണം എന്ന് മാതാപിതാക്കള്‍ക്ക് അത്യാവശ്യമായ 'അഡള്‍ട്ട് എഡ്യുക്കേഷന്‍' നല്‍കേണ്ടതും പുതിയ കാലമാവശ്യപ്പെടുന്ന സഭാ ശുശ്രൂഷ തന്നെ. വൃദ്ധ മാതാപിതാക്കളും മക്കളും തമ്മിലുള്ള അസ്വാ രസ്യങ്ങള്‍ കുറയ്ക്കാന്‍ ഇത് നല്ല മാര്‍ഗവുമാകും.

നാലാമതൊരു കാര്യം കൂടി പറഞ്ഞ് അവസാ നിപ്പിക്കാം. അത് കുടുംബ ബഡ്ജറ്റിംഗ് ആണ്. ദാരിദ്ര്യത്തിന്‍റെ കാലത്ത് സഭയുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ ചെലവ് ചുരുക്കാനും, മിച്ചം വയ്ക്കാനും, അധിക വരുമാനം കണ്ടെത്താനും കുടുംബങ്ങളെ ഉപദേശിച്ചിരുന്നു, പഠിപ്പിച്ചിരുന്നു, പരിശീലിപ്പിച്ചിരുന്നു. ഇന്ന് കൈ നീട്ടുന്നിടത്തു നിന്നെല്ലാം കടം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ കടം കൊണ്ട് ജീവിക്കുന്നതിന് കുടുംബങ്ങള്‍ക്ക് മടിയില്ല. കടം ഒരു കൊലക്കയര്‍ പോലെ കഴുത്തില്‍ മുറുകുന്ന ഇക്കാലത്ത് ആ പരിശീലനത്തിനു പ്രസക്തിയേറി വരികയാണ്. അഭിമാന ബോധം ദുരഭിമാനമായി പരിണമിക്കുന്നതിലും വലിയ ദുരന്തമില്ല തന്നെ. പുലര്‍ച്ചെ എണീറ്റാല്‍ മുതല്‍ പാതിരാവ് വരെ ഭയചകിതരായി ഓടി നടന്ന് അധ്വാനിക്കുന്നവരായി മാറുന്ന ഒരു ജനതയുടെ മുമ്പില്‍ കര്‍ത്താവില്‍ ആശ്രയിച്ചും ലളിതമായും ജീവിക്കാന്‍ പറയുക എന്നതാകണം കാലഘട്ടം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സുവിശേഷ പ്രഘോഷണ ദൗത്യം.

ദാമ്പത്യത്തിന്‍റെ കൗദാശിക മൂല്യം, വൃദ്ധമാ താപിതാക്കളുടെ സന്തോഷം, ദാമ്പത്യത്തിലെ സ്ത്രീപുരുഷ തുല്യത, കുടുംബത്തിന്‍റെ സാമ്പ ത്തിക അച്ചടക്കം എന്നീ നാലു പ്രഘോഷണങ്ങള്‍ നമ്മുടെ വീടുകളുടെ ഇനിയും ഇരുണ്ട അറകളില്‍ വീണ്ടും എത്തിക്കുക എന്നതില്‍ കവിഞ്ഞ് പുതിയ പ്രഘോഷണ ദൗത്യങ്ങള്‍ ഒന്നും ബാക്കിയില്ല. എക്കാലവും അതു തന്നെയാണ് പ്രസക്തം.

ആവശ്യപ്പെടുമ്പോള്‍ വിവാഹവും മാമോദീ സയും മൃതസംസ്കാരവും നടത്തി തരേണ്ട ഒരിടം മാത്രമായി പള്ളിയെ കാണുന്നിടത്ത് അത് സഭ എന്ന തലത്തില്‍ നിന്നും ഓഡിറ്റോറിയം മാത്രമായി താഴ്ത്തപ്പെടുന്നു. സഭ എന്ന വലിയ കുടുംബമായി അതിനെ ഉയര്‍ത്തിക്കാട്ടുവാന്‍ സഭാ ശുശ്രൂഷ കര്‍ക്കും, സഭയെന്ന കുടുംബത്തിലെ അംഗമാണ് എന്ന അഭിമാനത്തോടെ അതിന്‍റെ മൂല്യങ്ങളില്‍ പങ്കു ചേരുവാനുള്ള എളിമയും കൃപയും സഭാത നയര്‍ക്കും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ കൂടി പള്ളിക്കൂദാശക്കാലം പ്രേരണ നല്‍കുന്നു.

Featured Posts