

ഹാഗിയ സോഫിയ സന്ദർശിക്കാതിരുന്ന ലിയോ മാർപാപ്പ അതിന് തൊട്ടടുത്തുതന്നെയുള്ള ബ്ലൂ മാേസ്ക് സന്ദർശിച്ചതിനെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുറിച്ചിരുന്നു. അദ്ദേഹം തുർക്കിയിൽ നല്കിയ ഏറ്റവും സുന്ദരവും ശക്തവുമായ സന്ദേശം നവംബർ 29 -ന് ഈസ്റ്റാൻബൂളിലെ വോൾക്സ് വാഗൺ അരീനയിൽ മത രാഷ്ട്രീയ പ്രതിനിധികളോടായി നല്കിയ സന്ദേശമായിരുന്നു.
എന്തായിരുന്നു അവിടെ അദ്ദേഹം പറഞ്ഞത്? തൻ്റെ നേതൃത്വ സ്ഥാനത്തെ "പൊൻ്റിഫിക്കേറ്റ് " എന്ന പരമ്പരാഗത പദമാണുപയോഗിച്ച് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്. 'പോൻ്റിഫെക്സ്' എന്ന പദത്തിൻ്റെ വാച്യാർത്ഥം 'പാലം പണിക്കാരൻ' എന്നാണ്. അപ്പോൾ പോൻ്റിഫിക്കേറ്റ് എന്നതിന്, തൻ്റെ "പാലം പണിയുടെ കാലം" എന്നായിരിക്കും അർത്ഥം വരിക. പിന്നീട് അദ്ദേഹം പലതവണ ആവർത്തിച്ച് ഉപയോഗിച്ച ഒരു രൂപകം എന്നത് 'പാലം പണി'യുന്നതിനെ കുറിച്ചായിരുന്നു. യൂറൊപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന; പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന ഇടമാണ് ഈസ്റ്റാൻബൂളും തുർക്കിയും എന്നദ്ദേഹം അനുസ്മരിച്ചു. രണ്ട് വൻകരകളെ ബന്ധിപ്പിക്കാൻ ഈസ്റ്റാൻബൂളിന് മൂന്ന് പാലങ്ങളാണുള്ളത്. അവയിൽ ഡാർഡനെൽസ് എന്ന മുഖ്യ പാലത്തെ പേരെടുത്തു പറഞ്ഞ് ഒരു രൂപകമാക്കുകയായിരുന്നു അദ്ദേഹം. ഐക്യത്തിൻ്റെ, സമാധാനത്തിൻ്റെ, മനസ്സിലാക്കലിൻ്റെ കൂടുതൽ ഡാർഡനെൽസ് പാലങ്ങൾ പണിയേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.
"ഒരു സമൂഹം ജീവസ്സുറ്റതാകുന്നത് അതിൽ ബഹുസ്വരത ഉണ്ടാകുമ്പോൾ മാത്രമാണ്" എന്ന് മാർപാപ്പാ പറയുമെന്ന് ആരെങ്കിലും കരുതുമോ?
അദ്ദേഹം പറഞ്ഞ മറ്റൊരു വാചകം നോക്കൂ: "ഒരു സിവിൽ സമൂഹത്തെ അതാക്കിത്തീർക്കുന്നത് അതിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളാണ്. എന്നാൽ, സ്വയം വിഘടിപ്പിക്കുന്ന തീവ്ര നിലപാടുകളാൽ ഇന്ന് മനുഷ്യ സമൂഹങ്ങൾ കൂടുതൽ ധ്രുവീകരിക്കപ്പെടുകയും വിഭജിതമാക്കപ്പെടുകയും ചെയ്യുന്നു."
-അതേ. ഇക്കാലത്ത് അതാണല്ലോ ഫാഷൻ. പരമാവധി വിഘടിപ്പിക്കുന്ന, ധ്രുവീകരിക്കുന്ന തരത്തിലുള്ള അന്യവല്ക്കരണം വേണം.
അദ്ദേഹം ആദ്യം പറഞ്ഞ വാചകം കൂടുതൽ ശ്രദ്ധയർഹിക്കുന്നു. "ഒരു സിവിൽ സമൂഹത്തെ അതാക്കിത്തീർക്കുന്നത് അതിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളാണ്." നമ്മുടെ സിവിൽ സമൂഹങ്ങളെ അങ്ങനെ അല്ലാതാക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് പല ആത്മീയ കച്ചവടക്കാരും!
ഈ രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ നിന്ന് വിട്ടുനില്ക്കാതിരിക്കണമെന്ന് കത്താലിക്കരെ ഉദ്ബോധിപ്പിക്കാൻ ജോൺ 23-ാം പാപ്പാ നിരന്തരം അധ്വാനിച്ചു എന്ന് സ്മരിച്ച ലിയോ മാർപ്പാപ്പാ തുർക്കിക്ക് ഇങ്ങനെ ഒരു വാഗ്ദാനം നല്കാൻ പോലും സന്നദ്ധമായി എന്നുള്ളതാണ്. "നിങ്ങളുടെ രാജ്യത്തിന്റെ ഐക്യത്തിന് പോസിറ്റീവായി സംഭാവ ന നൽകാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് ഞാൻ സ്വയമേവ ഉറപ്പുതരുന്നു." എന്തൊരു ശക്തമായ പ്രസ്താവമാണത്! അങ്ങനെ ഒരു വാക്കു പറയാൻ മാർപാപ്പാക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. കാരണം ഐക്യത്തിനാണ് അവർ സംഭാവന നല്കുക. അനൈക്യത്തിനും വിഘടനവാദത്തിനുമല്ല. തങ്ങളല്ലാത്ത മറ്റേതെങ്കിലും ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുന്നതിനുമല്ല.
പക്ഷേ, തുർക്കിയിൽ അദ്ദേഹം നല്കിയതു പോലുള്ള ഉറപ്പ് എൻ്റെ സ്വന്തരാജ്യത്തോ എൻ്റെ ആതിഥേയ രാജ്യത്തോ അദ്ദേഹത്തിന് നല്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നുമില്ല!





















