top of page

കളിമണ്ണ്

Jul 11

2 min read

George Valiapadath Capuchin
brain image

നമ്മുടെ മസ്തിഷ്കത്തിന്റെ അവസാനമായി വികസിച്ച ഭാഗമാണ് ഫ്രണ്ടൽ കോർട്ടെക്സ് എന്നാണ് പറയപ്പെടുന്നത്. അതായത്, നമ്മളെ മനുഷ്യരാക്കിയത് തലച്ചോറിന്റെ ഈ ഭാഗമാണത്രേ. മനുഷ്യന്റെ ഏതെങ്കിലും പ്രവർത്തനം മസ്തിഷ്കത്തിൻ്റെ ഒരു ഭാഗം ഒറ്റയ്ക്ക് ചെയ്യുന്നില്ല. ഏതൊരു പ്രവർത്തനവും ചെയ്യുന്നതിന് തലച്ചോറിന്റെ ഒന്നിലധികം ഭാഗങ്ങൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രധാനമായും ഫ്രണ്ടൽ കോർട്ടെക്സ് പ്രധാനമായും ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. അവയിൽ, ഇന്നത്തെ ഈ ചിന്തക്ക് ഉതകുന്ന ചിലത് മാത്രം ഫോക്കസ് ചെയ്യാൻ ശ്രമിക്കുകയാണ്. ലോജിക്കൽ യുക്തി, സംസാര ഉത്പാദനം, വൈകാരികവും പെരുമാറ്റപരവുമായ നിയന്ത്രണം, ശ്രദ്ധ കേന്ദ്രീകരിക്കൽ, സംതൃപ്തി വൈകിപ്പിക്കൽ, സാമൂഹിക ഇടപെടലിന് ദിശനല്കൽ, സാമൂഹിക ഐക്യം സ്വരൂപിക്കൽ, വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിക്കൽ, ആവേശകരമായ പ്രതികരണങ്ങൾ ഒഴിവാക്കൽ, വ്യക്തിത്വവും സ്വയം അവബോധവും രൂപപ്പെടുത്തൽ, ആസൂത്രണം ചെയ്യലും തീരുമാനമെടുക്കലും എന്നിവയെല്ലാം നമ്മുടെ മസ്തിഷ്കത്തിലെ ഫ്രണ്ടൽ കോർട്ടെക്സിൻ്റെ ഉത്തരവാദിത്തത്തിലാണ് നടക്കുന്നത്.


ആത്മീയതയോ മതമോ സാധാരണയായി കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളാണിവയെന്ന് ഞാൻ പറയും. ('മതം' എന്ന വാക്ക് ഉപയോഗിക്കുമ്പോൾ മതത്തിൻ്റെ സംഘടനാരൂപമല്ല ഞാൻ അർത്ഥമാക്കുന്നത്).


രീതികൾ വ്യത്യസ്തമാണെങ്കിലും യാഥാർത്ഥ്യത്തിന്റെ വ്യത്യസ്ത മേഖലകളെയാണ് അവ അഭിസംബോധന ചെയ്യുന്നതെങ്കിലും, ലോജിക്കൽ യുക്തി മതത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും അടിസ്ഥാനമാണ്. ശാസ്ത്രം പരീക്ഷണങ്ങളെയും നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കുമ്പോൾ, മതം നിരീക്ഷണങ്ങളെയും സംഗ്രഹീകരണത്തെയും (abstraction) ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ രണ്ട് ശ്രമങ്ങൾക്കും യുക്തി പൊതുവായതാണ് എന്നുസാരം.


സംസാര ഉത്പാദനമെന്നത് നമ്മുടെ ഫ്രണ്ടൽ കോർട്ടെക്സിന്റെ ഒരു പ്രവർത്തനമാണ്. ഏറ്റവും പ്രതീകാത്മകമായ പ്രവർത്തനം എന്നത് വാക്കാണ്. അതിൽ അർത്ഥനിർമ്മിതിയാണുള്ളത്. മതം അടിസ്ഥാനപരമായി ചെയ്യുന്നത് അർത്ഥനിർമ്മിതിയാണ്.


ഫ്രണ്ടൽ കോർട്ടെക്സിന്റെ മറ്റൊരു മേഖല വൈകാരികവും പെരുമാറ്റപരവുമായ നിയന്ത്രണമാണ്. വീണ്ടും, ഇവ മതം വ്യാപരിക്കുന്ന മേഖലകൾ തന്നെയാണ് എന്നത് വ്യക്തം. ഒരു നിശ്ചിത അളവിലെങ്കിലും വികാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം നേടിയ ആളാവും ഒരു യഥാർത്ഥ മതവിശ്വാസി.


ശ്രദ്ധ നിലനിർത്തുക എന്നത് നമ്മുടെ ഫ്രണ്ടൽ കോർട്ടെക്സിന്റെ പരിധിയിൽ വരുന്ന മറ്റൊരു കാര്യമാണ്. അവബോധം വളർത്തൽ, വിചാരപൂർണമാവൽ, ധ്യാനം എന്നിവയിലൂടെ ശ്രദ്ധ നിലനിർത്താൻ മതം ആളുകളെ സജ്ജരാക്കുന്നു.


മരണാനന്തര സമ്മാനം വാഗ്ദാനം ചെയ്യുന്നതായി സംഘടിത മതം പലപ്പോഴും നിന്ദിക്കപ്പെട്ടിട്ടുണ്ട്. ഏറ്റം വൈകിയെത്തുന്ന ഈ സംതൃപ്തിക്ക് അമിതമായി ഊന്നൽ നല്കിയാൽ അത് സാമ്പത്തികവും സാമൂഹികവുമായ അപകടമാകാമെങ്കിലും, സംതൃപ്തി വൈകിപ്പിക്കുന്നത് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് വളരെ അടിസ്ഥാനപരമാണെന്നത് ഒരു വസ്തുതയാണ്. ഇപ്പോൾ നിക്ഷേപിക്കാനും വൈകിയെത്തുന്ന സംതൃപ്തിക്കായി കാത്തിരിക്കാനും നമ്മെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഫ്രണ്ടൽ കോർട്ടെക്സ്. എല്ലാവരും തൽക്ഷണ സംതൃപ്തി മാത്രം നോക്കുന്നവരായാൽ, പഠനമോ ഗവേഷണമോ വികസനമോ ശാസ്ത്രം പോലുമോ ഉണ്ടാകില്ല.


സാമൂഹിക ഇടപെടലുകൾക്ക് ദിശ നല്കുന്നതും സാമൂഹിക അനുസ്യുതിക്കായി നമ്മെ പ്രാപ്തരാക്കുന്നതും ഫ്രണ്ടൽ കോർട്ടെക്സാണ്. മതം അതിൻ്റെ പഠനങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും, ആളുകളിൽ നിർമ്മിച്ചെടുക്കുന്ന കഴിവുകളാണിവ.


വൈകാരികമായ പ്രതികരണങ്ങളെ തടയുക എന്നതും ക്ഷിപ്രമായ പ്രതികരണങ്ങളെ മയപ്പെടുത്തുക എന്നതും ഫ്രണ്ടൽ കോർട്ടെക്സ് ചെയ്യുന്ന കാര്യങ്ങളാണ്. മതം വിവിധങ്ങളായ അതിൻ്റെ ഉപദേശങ്ങളിലൂടെയും കല്പനകളിലൂടെയും മനുഷ്യരിൽ നിർമ്മിച്ചെടുക്കുന്ന കാര്യങ്ങൾ തന്നെയാണിവ.


വ്യക്തിത്വം രൂപപ്പെടുത്തുന്നതും സ്വയാവബോധം വളർത്തുക എന്നതും മതത്തിന്റെ രണ്ട് പ്രധാന ധർമ്മങ്ങളാണ്. നമ്മുടെ ഫ്രണ്ടൽ കോർട്ടെക്സ് എന്ന ഫാക്കൽറ്റി ചെയ്യുന്ന കാര്യങ്ങളുമാണവ.


ആസൂത്രണവും തീരുമാനമെടുക്കലും സാധാരണയായി മതവുമായി ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങളല്ല. പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ വിഭവങ്ങൾ തൻ്റെ കൈവശം ഉണ്ടോ എന്ന് ആദ്യമേ ഇരുന്ന് കണക്കുകൂട്ടേണ്ടതുണ്ടെന്നും, തുടർന്ന് മുന്നോട്ട് പോകുന്നതിന് ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും യേശു ഒരു ഘട്ടത്തിൽ പറയുന്നുണ്ട്. സത്യമാണ്: സ്നേഹിക്കുക എന്നതുപോലും ഒരാൾ എടുക്കേണ്ട ഗൗരവമേറിയ ഒരു തീരുമാനമാണ്. ഫ്രണ്ടൽ കോർട്ടെക്സ് നടത്തുന്ന ഈ ആസൂത്രണത്തിനും തീരുമാനമെടുക്കലിനും മതപരമായ ഒരു വശവുമുണ്ട് എന്നത് വ്യക്തമല്ലേ?


മനുഷ്യ രൂപീകരണത്തിൽ തലച്ചോറിന്റെ ഈ ഭാഗമാണ് ഏറ്റവും അവസാനമായി പരിണമിച്ച് വികസിച്ചത് എന്ന് പറഞ്ഞതുപോലെ, മനുഷ്യ വ്യക്തിയുടെ വികാസത്തിലും ഇത് അവസാനമാണ് വികസിക്കുന്നത്. അതായത്, തലച്ചോറ് അവിടെ ഉണ്ടെങ്കിലും കുട്ടികളിൽ തലച്ചോറിന്റെ ഈ ഭാഗം വേണ്ടത്ര വികസം പ്രാപിച്ചിട്ടുണ്ടാവില്ല. ഇരുപത്തിയഞ്ച് വയസ്സെങ്കിലും ആകുമ്പോഴേ ഒരാളിൽ ഈ ഭാഗം വികസിക്കുന്നുള്ളൂ. കുട്ടികൾക്ക് യുക്തിബോധം കുറവായിരിക്കും - കൂടുതൽ വൈകാരികമായിട്ടായിരിക്കും അവരുടെ പ്രതികരണങ്ങൾ; ആവേശം കൂടുതലായിരിക്കും; ശ്രദ്ധ കേന്ദ്രീകരണം കുറവായിരിക്കും; ആനന്ദാന്വേഷണം കൂടുതലായിരിക്കും; വൈകിപ്പിച്ച സംതൃപ്തിയോട് താൽപര്യം കാണില്ല; തൽക്ഷണ സംതൃപ്തിക്കാരായിരിക്കും അവർ; സ്വന്തം വ്യക്തിത്വം സംബന്ധിച്ച് ആശയക്കുഴപ്പം കൂടുതലായിരിക്കും; നാളെയെക്കുറിച്ചുള്ള ആസൂത്രണം കുറവായിരിക്കും.


ഒരു ചെറുപ്പക്കാരനാകുമ്പോഴേക്കും ഫ്രണ്ടൽ കോർട്ടെക്സ് വികസിക്കുകയും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങുകയും, ആവേശം കുറയുകയും, കൂടുതൽ സ്വയം നിയന്ത്രിക്കാൻ പഠിക്കുകയും, കൂടുതൽ നന്നായി പെരുമാറുകയും, സാമൂഹികമായി ക്രമീകരിക്കപ്പെടുകയും, വൈകിയ സംതൃപ്തികൾക്കും കൂടുതൽ ആസൂത്രണത്തിനും കഴിവുള്ളവയാളായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ ഒരു നാൽപ്പത് വയസ്സൊക്കെ കഴിഞ്ഞതിനു ശേഷമായിരിക്കാം ആത്മീയമായ പക്വതയിലേക്കെല്ലാം ഒരാൾ എത്തിച്ചേരുക. കാര്യങ്ങൾ കൂടുതൽ വൈകാനും ഈ പ്രക്രിയ തുടരാനും മതി. അതിനെല്ലാം അർത്ഥം ഒരാൾ തന്റെ ഫ്രണ്ടൽ കോർട്ടെക്സിനെ അതിന്റെ പരമാവധിയിലേക്ക് സജീവമാക്കുന്നു എന്നാണ്.


ഇതിനകം നാം തിരിച്ചറിഞ്ഞതോ തിരിച്ചറിയാത്തതോ ആയ കാരണങ്ങളാൽ, മനുഷ്യചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ ആളുകൾ അവരുടെ ഫ്രണ്ടൽ കോർട്ടെക്സിനെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല എന്നുവച്ച്, ഇനിയങ്ങോട്ട് എന്നേക്കും അവർ അങ്ങനെയേ ചെയ്യൂ എന്നുമാത്രം ദയവായി എന്നോട് പറയരുത്!

Recent Posts

bottom of page