

ചില ബന്ധങ്ങളുടെ ആഴം വെറുംവാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സൗഹൃദം, മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്. കൊടുക്കല്‍വാങ്ങലുകളില്ലാതെ, ലാഭനഷ്ടങ്ങളില്ലാതെ, ഹൃദയം ഹൃദയത്തെയറിയുന്ന നേര്. ആത്മാവിന്‍റെ ഭാഷയാണത്. ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല. പക്ഷേ ഇന്നിലെ ചില സൗഹൃദത്തിന് ആത്മാവ് നഷ്ടമാവുന്നപോലെ. പുതിയ സംസ്ക്കാരം ഇന്നിന്‍റെ യുവത്വത്തിനു മുന്നില്‍ തുറന്നുവയ്ക്കുന്ന ചാറ്റ് ജാലകങ്ങളും, മെയിലുകളുംചേര്‍ന്ന് ആത്മാര്‍ത്ഥസൗഹൃദത്തെ തീരെ ചെറുതാക്കുന്നുണ്ടോ?
സ്നേഹം, പ്രണയം, വൈകാരികം, സൗഹൃദം, വാല്‍സല്യം ഇവയൊക്കെ ഒരു പരിധി വരെയെങ്കിലും വര്‍ണനീയം തന്നെയാണ്. എന്നാല്‍ ഇവയ്ക്കും അപ്പുറമുള്ള അവര്‍ണനീയമായ ആത്മബന്ധത്തെ എന്ത് പേര് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്? വര്‍ണനാതീതമായ ഈ ആത്മബന്ധം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു എന്ന താണ് സങ്കടകരമായ ഒരു വസ്തുത. മറ്റെല്ലാത്തിലും ഉപരിയായി പരസ്പരം തന്നെ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ് ഏറെ വിഷമകരമായി അനുഭവപ്പെടുന്നതും. ഒരിക്കലും പരസ്പരം അറിയാനിടയില്ലാത്ത, ലോകത്തിന്‍റെ ഏതോ കോണിലുള്ള രണ്ടു ജന്മങ്ങള്‍ മുന്‍ജന്മപ്രേരണയാലെന്നപോലെ സ്വയം അറിയാതെ അടുക്കുമ്പോഴും പരസ്പരം പോലും പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല ഈ ആത്മാനുഭൂതി. എന്നെങ്കിലും ഒരിക്കല്‍ സാഹചര്യങ്ങളുടെ പ്രേരണയാല്‍ പരസ്പരം ഒന്ന് വിടപറയാന്‍പോലും നിര്‍വാഹമില്ലാതെ വേര്‍പിരിയേണ്ടിവരുമ്പോഴും മനസില്‍ കാലങ്ങളോളം കെടാതെ കത്തുന്ന കൈത്തിരിയായി തീരുന്നു ഈ അപൂര്‍വ സൗഹൃദങ്ങള്‍..
പുരാണങ്ങളിലും ചരിത്രങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞ് കാണാം ആഴമേറിയ സൗഹൃദങ്ങള്‍. സുഹൃദ്ബന്ധങ്ങളില്‍ പ്രവാചകരും പുരാണേതിഹാസ നായകന്‍മാരും പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥത കണ്ണുനിറയ്ക്കുന്നവയാണ്.
ഹൈന്ദവ ധര്‍മ്മത്തില്‍ പുരാതന കാലം മുതല്‍ സൗഹൃദങ്ങളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ഒന്ന് ശ്രദ്ധിച്ചാല്‍ സൗഹൃദമെന്ന ആശയത്തിന് പൗരാണികകാലം മുതല്‍ ലഭിച്ചുവന്നിരുന്ന വലിയ സ്വീകാര്യതയെ തിരിച്ചറിയാനാകും.
മഹാഭാരതത്തില്‍, വിവിധ തരത്തിലുള്ള സൗഹൃദങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അര്‍ജ്ജുന ന്‍റെയും ഭഗവാന്‍ കൃഷ്ണന്‍റെയും സുപരിചിതമായ സൗഹൃദത്തെക്കുറിച്ചും ഭംഗിയായി പരാമര്‍ശിക്കു ന്നുണ്ട്. അത് നര-നാരായണ ബന്ധമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള അത്യുജ്ജ്വലമായ കര്‍മബന്ധം. അര്‍ജ്ജുനന്‍ ആശയക്കുഴപ്പത്തിലായപ്പോള്‍, പിന്തുണയ്ക്കും വ്യക്തതയ്ക്കും പ്രോത്സാഹനത്തിനുമായി അദ്ദേഹം തന്‍റെ ഉറ്റവനും ദിവ്യനുമായ സുഹൃത്തിലേക്ക് തിരിയുന്നു. ഏതൊരു സൗഹൃദത്തിലും ഒരു ദിവ്യമായ അതീതസൗന്ദര്യം നമുക്ക് ദര്‍ശിക്കാവുന്നതാണ്. നമ്മെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന സുഹൃത്ത് ദേവതുല്യന്‍ തന്നെ!
കുചേലനും കൃഷ്ണനും തമ്മിലുള്ള സൗഹൃദം അതിരുകളില്ലാത്ത, തളിര്‍പച്ചയുള്ള മനോഹരഭൂമിയെ പോലെയാണ്. ദരിദ്രന്മാരില്‍ ദരിദ്രനായ, സുദാമാവും യാദവകുലത്തിന്‍റെ രാജാവായ നന്ദന്‍റെ മകന്‍ കൃഷ്ണനും തമ്മില്‍ നല്ല കൂട്ടായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞതോടെ കൃഷ്ണന്‍ വളര്‍ത്തച്ഛന്‍റെ വീട് വിട്ടു ദ്വാരകയിലേക്കു പോയതോടെ കൂട്ടുകാര്‍ക്കു തമ്മില്‍ കാണാന്‍ സാധിക്കാതെയായി. അങ്ങനെ കാലമേറെ കഴിഞ്ഞു. കൃഷ്ണന്‍ രാജാവായില്ലെങ്കിലും രാജകാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെ നോക്കി കഴിയാന്‍ തുടങ്ങി. എന്നാല്‍ സുദാമാവോ? കൂടുതല്‍ കൂടുതല്‍ ദരിദ്രനായി. കീറിയ വസ്ത്രം ധരിച്ചു മാത്രം കണ്ടുകൊണ്ടിരുന്ന സുദാമാവിന്‍റെ പേര് തന്നെ എല്ലാവരും മറന്നു. പകരം കു'ചേലന്‍' എന്ന പേരായി. പത്നി സുശീലയുടെ ആവശ്യ പ്രകാരം മടിച്ചുമടിച്ചാണെങ്കിലും സുദാമാവ് തന്നാല്‍ കഴിയുന്ന, അവില്‍ നനച്ചതുമായി കൃഷ്ണനെ കാണാന്‍ പോയി. കുചേലന്‍റെ തലവെട്ടം ദൂരെക്കണ്ട് കൃഷ്ണന്‍ മട്ടുപ്പാവില്‍ നിന്നോടിയ ആ ഓട്ടവും, കൃഷ്ണന്‍റെ വരവ് കണ്ടമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും, അവില്‍പ്പൊതിതട്ടിപ്പറിച്ചെടുത്ത് കൃഷ്ണന്‍ വാരിവാരിത്തിന്നതും, രുക്മിണി 'മതിയെന്‍റെ കൃഷ്ണാ'യെന്ന് പറഞ്ഞതും ചന്തമേറിയ സൗഹൃദ കഥയാണ്. 'മാറത്തെവിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ/മാറത്തുണ്മയൊടുചേര്‍ത്തു ഗാഢം പുണര്‍ന്നു' എന്ന രാമപുരത്തുവാര്യരുടെ വരികള്‍ മാത്രം മതി ആ സൗഹൃദത്തിന്‍റെ വ്യാപ്തി അറിയാന്‍.
പല ഭാരതീയ നൃത്തരൂപങ്ങളും രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ഉറ്റ സൗഹൃദത്തെ ചിത്രീ കരിക്കുന്നതായി കാണാം. നായികയായ സ്ത്രീയും അവളുടെ സഹകാരിയായ സഖിയും. മദനനെ ഓര്‍ത്തുഴലുന്ന ലീലയ്ക്കുവേണ്ടി തോഴിയായ മാധവിയെയാണ് കുമാരനാശാന്‍ അയയ്ക്കുന്നത്. അവള്‍ തിരിച്ചുവന്ന് പറയുന്ന വാക്കുകള്‍ മലയാളിയുടെ കാതിനിമ്പമായി: 'പ്രണയപരവശേ ശുഭം നിനക്ക്, ഉണരുക, ഉണ്ടൊരു ദിക്കില്‍ നിന്‍ പ്രിയന്‍!'
സൗഹൃദത്തെയും സ്നേഹബന്ധങ്ങളെയും സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു സൗകര്യ പൂര്‍വം ഓര്‍ക്കുകയും മറക്കുകയും ചെയ്യുന്ന ഒരുകൂട്ടമാളുകളില്‍ നിന്നും വ്യത്യസ്തമായി മഗ്ദലനമറിയത്തി ന്‍റെയും യേശുവിന്‍റെയും ദിവ്യമായ സ്നേഹസൗഹൃദം നിലനില്‍ക്കുന്നു. 'ഏതുതരം സ്ത്രീയാണ് ഇവള്‍ എന്ന് അറിയാമോ' എന്ന് വിമര്‍ശിക്കുന്ന ശിമയോനോട് യേശു പറയുന്നത് ഇതാണ് 'ശിമയോനെ, ഇവളെക്കാള്‍ വലിയ സ്നേഹം ഭൂമിയില്‍ ആര്‍ക്കുമില്ല.' ഇതിനേക്കാള്‍ വലിയൊരു വാഴ്ത്ത് ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും കാംക്ഷിക്കേണ്ടതായിട്ടുണ്ടോ?
കുറ്റാരോപണങ്ങളുടെ നെരിപ്പോടില്‍ വെന്തു നീറിയ ജീവിതത്തില്‍, കരുണയുടെ സ്നേഹ സ്പര്‍ശം കൊണ്ട് ആ നീറ്റലിനെ ശമിപ്പിച്ച ക്രിസ്തുവിനോട് പാപിനിയായ സ്ത്രീക്ക് കനല്‍ കെടാത്ത സ്നേഹമായിരുന്നു. 'ആരും നിന്നെ വിധിച്ചില്ലേ, ഞാനും നിന്നെ വിധിക്കുന്നില്ല' എന്ന ഗുരുവിന്‍റെ തിരുമൊഴികളെ അവളുടെ ജീവിതത്തിന്‍റെ വരമൊഴിയായി അവള്‍ മാറ്റി. സ്ത്രീക്കും പുരുഷനുമിടയില്‍ രൂപപ്പെടാവുന്ന ഗാഢവും നിര്‍മ്മല വുമായ ചില സ്നേഹബന്ധങ്ങള്‍ ഉണ്ടല്ലോ... ചപലതകളുടെ കല്ലറയില്‍ നിന്നും വിശുദ്ധിയുടെ ജീവിതത്തിലേക്ക് അവള്‍ ഉത്ഥാനം ചെയ്തു. പ്രത്യാശയുടെ ചിറകുകളുമായി അവള്‍ പറന്നുയര്‍ന്നു.'മണ്ണ് ശുദ്ധം, മഴയും ശുദ്ധം. പിന്നെയെ ങ്ങനെ ചെളി ഉണ്ടായി...?' മണ്ണും മഴയും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പനിനീര്‍പ്പൂക്കളെ എന്തേ കാണാതെ പോകുന്നു....
മതങ്ങളിലും വിശ്വാസങ്ങളിലും സൗഹൃദങ്ങള്‍ക്കും ആത്മാര്‍ത്ഥതയ്ക്കും ഒരേ സ്വരമാണ്, ഒരേ രൂപമാണ്. യഥാര്‍ത്ഥസുഹൃത്തുക്കള്‍ വജ്രം പോലെയാണ്. അത് അമൂല്യവും അപൂര്‍വവുമാണ്. എന്നാല്‍ കപടസൗഹൃദം ശരത്കാല ഇലകള്‍ പോലെയാണ്, അവ എല്ലായിടത്തും കാണപ്പെടുന്നു.
