top of page

ജഡമോ ജീവനോ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Dec 23, 2025
  • 1 min read

ഇന്ന് ഒരു സുഹൃത്തുമായുള്ള സംഭാഷണമദ്ധ്യേ റോമാക്കാർക്കുള്ള ലേഖനത്തിലെ 8-ാം അദ്ധ്യായം 22-ാം തിരുവചനം സാന്ദർഭികമായി ചർച്ചയായി. "സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം." എന്നതാണ് ആ വചനം.

സംസാരിക്കുമ്പോൾ പലപ്പോഴും ഞാൻ ഏറെയൊന്നും ആലോചിക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞുപോകും. പിന്നീടാണ് അതേക്കുറിച്ച് കൂടുതൽ ആലോചിക്കുക. മേല്പറഞ്ഞ വചനം കേൾക്കുമ്പോൾ അഥവാ ഭാവന ചെയ്യുമ്പോൾ, മനുഷ്യ ശിശുവിൻ്റെ ജനനമല്ല, ഒരു ചിത്രശലഭം അതിൻ്റെ പ്യൂപ്പക്കവചം കീറി പുറത്തുവരുന്ന ചിത്രമാണ് എൻ്റെ മനസ്സിൽ തെളിയാറ് എന്ന് ഞാൻ പറഞ്ഞു. കാരണം, മനുഷ്യ ശിശുവിൻ്റെ ജനനത്തിൽ ശിശു ഏതാണ്ട് പൂർണ്ണമായും നിഷ്ക്രിയമാണല്ലോ. അമ്മയാണ് ഏറെ വേദനിച്ചും ആയാസപ്പെട്ടും അതിനെ തള്ളി പുറത്തെത്തിക്കുന്നത്. എന്നാൽ, ചിത്രശലഭം പ്യൂപ്പ എന്ന അതിൻ്റെ പ്രകൃതി-കവചത്തിന് ഉള്ളിൽനിന്ന് ആയാസപ്പെട്ട് അത് കീറി അതിൻ്റെ ശരീരം വേദനിച്ച് പുറത്തെടുക്കുകയാണ്. അങ്ങനെയാവണം നമ്മിലെ നവമാനവനെ പുറത്തെത്തിക്കേണ്ടത് എന്ന് ഞാൻ മൊഴിഞ്ഞു.

പക്ഷേ, പിന്നീട് ആലോചിക്കുമ്പോൾ എനിക്കുതന്നെ സംശയം. ഞാൻ അകത്തെ ചിത്രശലഭമാണോ അതോ ഞാൻ പ്യൂപ്പയാണോ എന്ന്.

പ്യൂപ്പ ജഡമാണ്. ഞാനല്ല, ക്രിസ്തുവാണ് പുറത്തുവരേണ്ടത് എങ്കിൽ അത് എൻ്റെ പ്രവൃത്തിയാവില്ലല്ലോ! "സൃഷ്ടി മാത്രമല്ല, (ആത്മാവിൻ്റെ ആദ്യ ഫലം ലഭിച്ചിരിക്കുന്ന) നാമും നമ്മുടെ ശാരീരിക വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു" എന്നാണ് അടുത്തു വരുന്ന വാക്യം. ആന്തരികമായ വിലാപം മാത്രമാണ് നമ്മുടേത്. അതുപോലും നാമല്ല (26) ചെയ്യുന്നത് എന്നാണ് !

ആന്തരിക വ്യഥയാണ് പ്രധാനം എന്നത് തീർച്ച. എന്നാൽ, സൃഷ്ടിയുടെ ഭാഗം എന്ന നിലയിൽ ആന്തരിക വിലാപം നമ്മെ ഈറ്റുനോവിലേക്കും എത്തിക്കും എന്നു തോന്നുന്നു.

ഇതൊന്നും അനുഭവം ആയിട്ടില്ലാത്തതിനാൽ തല്ക്കാലം ഭാവന ചെയ്യാനേ കഴിയൂ!


bottom of page