

ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ച് പഴയ നിയമത്തിൽ അങ്ങിങ്ങ് സൂചനകൾ ഉണ്ട്. പ്രഭാഷകൻ്റെ പുസ്തകത്തിലും പുറപ്പാടിൻ്റെ പുസ്തകത്തിലും മറ്റും അത്തരം ഭാഗങ്ങളുണ്ട്.
എങ്കിലും, പുതിയ നിയമത്തിൽ യേശു പ്രസ്താവിക്കും പോലെ അർത്ഥശങ്കക്കിടയില്ലാത്തവിധം പഴയനിയമം അക്കാര്യം പ്രതിപാദിക്കുന്നില്ല എന്നുവേണം പറയാൻ.
പക്ഷേ, ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള നല്ലൊരു നിബന്ധമാണ് യോനായുടെ പുസ്തകം എന്നാണ് തോന്നുന്നത്. പഴയ നിയമ ചരിത്രമനുസരിച്ച് വിജാതീയ രാജ്യങ്ങളായ ബാബിലോണിയക്കാരും അസ്സീറിയക്കാരും ഫിലിസ്ത്യരും പലതവണ ഇസ്രയേലിനെ ആക്രമിക്കുകയും ആദ്യത്തെ രണ്ടു കൂട്ടരും ഇസ്രയേല്യരെ പ്രവാസികളായി കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, മേൽപ്പറഞ്ഞ മൂന്ന് രാജ്യക്കാരോടും, പ്രത്യേകിച്ച് ബാബിലോണിയക്കാരോടും അസ്സീറിയക്കാരോടും ഇസ്രായേൽ ജനതക്ക് തീർത്താൽ തീരാത്ത കലിയും ശത്രുതയുമുണ്ടായിരുന്നു. അങ്ങനെയുള്ള അസ്സീറിയ എന്ന ശത്രുരാജ്യത്തിലേക്ക് പോകാനാണ് യോനായോട് ദൈവം കല്പിക്കുന്നത്. അതുകേട്ടതേ അയാൾ താർശിഷിലേക്ക് ഒളിച്ചോടുന്നു. വഴിക്കുവച്ച് വട്ടംപിടിച്ച് എടുത്തുകൊണ്ടുവന്ന് അവിടേക്ക് എത്തിച്ചുകഴിയുമ്പോൾ, അന്നാട്ടുകാരുടെ നാശമാണയാൾ ആഗ്രഹിക്കുന്നത്. എന്നാൽ, ദൈവം അയാളോട് കലഹിക്കുകയും, അവരും തൻ്റെ പ്രിയപ്പെട്ടവരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
സ്വർഗ്ഗമാണ് തന്നെ അയച്ചതെന്നതിന് ഒരു അടയാളം ചോദിക്കുമ്പോൾ ഇതു തന്നെയല്ലേ യേശു പറയുന്നത്? യോനായുടെ അടയാളമല്ലാതെ മറ്റാെരടയാളം നല്കപ്പെടുകയില്ല. "യോനാ നിനവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രനും ഈ തലമുറക്ക് അടയാളമായിരിക്കും." (ലൂക്ക 11:30)
'മൂന്നുനാൾ മത്സ്യത്തിനകത്ത് ആയിരുന്ന' യോനാ പുറത്തുവരുമ്പോൾ നിനവേയിൽ പോയി പ്രസംഗിക്കുന്നതുപോലെ മനുഷ്യപുത്രനും മൂന്നാം നാൾ ആ വലിയ മത്സ്യത്തിൽനിന്ന് പുറത്തുവരുമ്പോൾ യഹൂദർക്കുമാത്രമല്ല എല്ലാ "നിനവേക്കാർക്കും" അടയാളം ആയിത്തീരും; കാരുണ്യമായിത്തീരും!




















