

വസ്തുതകള്‍
ഒരു പേടിസ്വപ്നത്തിന്‍റെ മധ്യേ ഞെട്ടിയുണര്‍ന്ന് അപരിചിതമായൊരു നഗരത്തിലെ മഞ്ഞുകട്ടകള്‍ നിറച്ച കുളിത്തൊട്ടിയില്‍ ശരീരത്തിലൊരു നീളന്‍ മുറിപ്പാടുമായി കിടക്കവേ, തന്‍റെ വൃക്ക മോഷ്ടിക്കപ്പെട്ടു എന്നറിയുന്ന ഒരാളെക്കുറിച്ചുള്ള വിഭ്രാത്മക കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം കഥകള്‍ പക്ഷേ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിക്കുന്നുണ്ടെന്നും അധികമാരും അറിയുന്നില്ല. അവയവക്കടത്തിന്‍റെ ഭീതിദ ലോകത്തിലേക്ക് അവ നമ്മെ നയിക്കുന്നു.
നിങ്ങള്‍ കരുതുന്നതിലേറെ വ്യാപകവും ക്രൂരവ ും കോടികള്‍ മറിയുന്ന കച്ചവടവുമാണ് അനധികൃത അവയവകൈമാറ്റം. കടത്തുകാരാരും പിടിക്കപ്പെടുന്നില്ല. നിയമത്തിനു മുന്നില്‍ വരുന്ന പ്രശ്നം അതിനാല്‍ ഉദിക്കുന്നുമില്ല. നിയമവിധേയമായി അവയവം ലഭിക്കുംവരെ കാത്തിരിക്കാനാകാത്ത, അതിനു മുന്നേ മരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് അനധികൃത കച്ചവടത്തെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നതാണ് ഏറെ കഷ്ടം.
10. അവയവം മാറ്റിവയ്ക്കലില്‍ 90 ശതമാനം അനധികൃതം
ഓരോ വര്‍ഷവും ലോകമെമ്പാടും ഒരു ലക്ഷം അവയവ മാറ്റിവയ്ക്കലുകള്‍ നടക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന(WHO) കണക്കു കൂട്ടുന്നു. ഗവണ്മെന്‍റിന്‍റെ നയങ്ങളാലും അവയവ ദാനത്തെക്കുറിച്ചുള്ള വ്യക്തിപരമായ ധാരണക്കുറവാലും അവയവ കൈമാറ്റത്തിനിടയിലെ അപകട സാധ്യതകളാലും ആവശ്യമായ അവയവങ്ങള്‍ യഥാസമയം പക്ഷേ കിട്ടാറില്ല. ആവശ്യമായ അവയവങ്ങളുടെ പത്തിലൊന്നു മാത്രം ലഭ്യമാകുന്ന സാഹചര്യത്തില്‍ കരിഞ്ചന്ത സ്വാഭാവികം. ലോകത്തൊട്ടാകെ നടക്കുന്ന മുഴുവന്‍ അവയവം മാറ്റിവെക്കലുകളുടെയും അഞ്ചുമുതല്‍ പത്തു ശതമാനം വരെ മാത്രമാണ് നിയമവിധേയമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 90 ശതമാനവും നിയമവിരുദ്ധമായി നടക്കുന്നു. അതില്‍ 75 ശതമാനവും വൃക്കമാറ്റിവയ്ക്കലും.
9. വന്‍കച്ചവടം
അനധികൃത അവയവ കച്ചവട വിപണിയില്‍ മറ്റെല്ലാ കരിഞ്ചന്തയിലും എന്നപോലെ, ഉപഭോക്താവ് വന്‍വില ഒടുക്കേണ്ടിവരുന്നു. ദാതാക്കളുടെ പട്ടികയില്‍ മുന്നിലെത്തുന്നതിനു മുന്നേ മരിക്കുമെന്നുറപ്പുള്ള രോഗികള്‍ അനധികൃത അവയവ മാറ്റത്തിലെ അപകടസാധ്യതകളൊന്നും കണക്കാക്കാതെ അതിലേക്ക് എടുത്തു ചാടുന്നു. അത് അവയവങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വില ഈടാക്കാന്‍ കച്ചവടക്കാര്‍ക്ക് അവസരം ഒരുക്കുന്നു.
അവയവ കൈമാറ്റത്തിന്‍റെ ആഗോള വിപണിയുടെ ഒരു വര്‍ഷത്തെ ലാഭം 600 ദശലക്ഷം ഡോളര്‍ മുതല്‍ 1.2 ബില്യണ്‍ ഡോളര്‍ വരെയെന്ന് ഏകദേശ കണക്കുകള്‍ പറയുന്നു.
അയ്യായിരം ഡോളര്‍ വരെയൊക്കെ നല്‍കി ഫിലിപ്പൈന്‍സിന്‍റെ തലസ്ഥാനമായ മനില പോലുള്ള ദരിദ്ര പ്രദേശങ്ങളിലെ പാവങ്ങളില്‍ നിന്ന് എടുക്കുന്ന അവയവങ്ങള്‍, യു. എസില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെയുള്ള സമ്പന്നരായ രോഗികള്‍ക്ക് അവയവ കച്ചവടക്കാര്‍ നല്‍കുന്നത് രണ്ടു ലക്ഷം ഡോളറിനും മറ്റുമത്രേ. ഇത്ര ലാഭമുള്ള കച്ചവടം ലോകത്ത് മറ്റൊന്നുമുണ്ടാവില്ല.
8. ലഭ്യതയും ആവശ്യവും
