top of page

മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്‍ഗ്ഗരേഖ (Mater Populi Fidelis)

Nov 15, 2025

4 min read

മാത്യു പൈകട കപ്പൂച്ചിൻ
St Mary

1. ആമുഖം:

2025 നവംബര്‍ 4-ാം തീയതി വത്തിക്കാനിലെ വിശ്വാസകാര്യാലയത്തിന്‍റെ പ്രീഫെക്ട് കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍നാണ്ടസ്, മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ കത്തോലിക്കാ സഭയില്‍ നിലവിലിരിക്കുന്ന മരിയ ഭക്തിയെക്കുറിച്ച് ഒരു മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിക്കയുണ്ടായി. ഇതിന്‍റെ ഉള്ളടക്കത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ കുറെയേറെ ചര്‍ച്ചകള്‍ നടന്നു- ചിലര്‍ സ്വാഗതം ചെയ്തു; മറ്റു ചിലര്‍ അതിനെ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്തു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവും ഏതാനും ധ്യാനഗുരുക്കന്മാരും വിവിധ സാമൂഹ്യ-സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ രംഗത്തു വരികയുണ്ടായി. ഇങ്ങനെ ഒരു മാര്‍ഗ്ഗരേഖ വത്തിക്കാനില്‍ നിന്നും നല്‍കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


2. മാര്‍ഗ്ഗരേഖയും പശ്ചാത്തലവും


29 പേജുകളുള്ള മാര്‍ഗ്ഗ രേഖയുടെ ആദ്യ പേജിലുള്ള ആമുഖത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വത്തിക്കാനിലും പ്രത്യേകിച്ച് വിശ്വാസ കാര്യാലയത്തിലും ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ മാര്‍ഗ്ഗരേഖ എന്നു കാര്‍ഡനൽ വ്യക്തമാക്കിയിരിക്കുന്നു. ഏകദേശം മുപ്പതു വര്‍ഷത്തെ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് പ്രത്യേകിച്ച് ലെയോ 14-ാമന്‍ മാര്‍പ്പാപ്പയുടെയും മൂന്നു മുന്‍ഗാമികളുടെയും അഭിപ്രായങ്ങളും സ്വാംശീകരിച്ചാണ് ഈ രേഖ തയ്യാറാക്കിയത്.


29 പേജുകളുള്ള ഈ മാര്‍ഗ്ഗരേഖയുടെ അവസാനത്തെ 11 പേജുകളും പ്രബോധനത്തിന്‍റെ ആധികാരികതയെ വ്യക്തമാക്കുന്ന അടിക്കുറിപ്പുകളാണ് -ദൈവവചനത്തില്‍ നിന്നും സഭാപാരമ്പര്യത്തില്‍ നിന്നും ദൈവശാസ്ത്ര ലിഖിതങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികള്‍.


ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്: ഇതുവരെ സഭയുടെ മരിയന്‍ ഭക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങളിലെ ഏതെങ്കിലും തെറ്റു തിരുത്തുവാനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാനോ അല്ല, ഈ മാര്‍ഗ്ഗരേഖ നല്‍കപ്പെട്ടത്. സഭയിലെ മരിയഭക്തിയില്‍ കടന്നു കൂടിയിരിക്കുന്ന ചില തെറ്റിദ്ധാരണകളെ, ദൈവവചന - ദൈവശാസ്ത്ര അടിസ്ഥാനത്തിലും ശരിയായ സഭാപാരമ്പര്യമനുസരിച്ചും ചൂണ്ടിക്കാണിക്കാനും ശരിയായ അര്‍ത്ഥവും ദിശാബോധവും വിശ്വാസികള്‍ക്ക് നല്‍കാനും വേണ്ടിയാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. അപ്പോള്‍, അറിഞ്ഞോ അറിയാതെയോ സഭാപാരമ്പര്യത്തിനും ദൈവവചനത്തിനും നിരക്കാത്ത എന്തു തെറ്റിദ്ധാരണകളാണ് മരിയന്‍ ഭക്തിയില്‍ കടന്നു കൂടിയിരിക്കുന്നത്?


ഒന്നാമത്തേത് പരിശുദ്ധ മാതാവിനെ സൂചിപ്പിക്കാനായി ക്ലിപ്തവും കൃത്യവുമല്ലാത്ത, തെറ്റിദ്ധാരണാജനകമായ ചില പദപ്രയോഗങ്ങളാണ്. ഉദാ: 'സഹരക്ഷക' (co-redemptrix) 'മധ്യസ്ഥ' (mediatrix), 'കൃപാവരങ്ങളുടെ മാതാവ്' ( Mediatrix of all Graces ) തുടങ്ങിയവ. ഇവയുടെ അപര്യാപ്തതയും തെറ്റിദ്ധാരണാസാധ്യതയും ചൂണ്ടിക്കാണിക്കുന്നതിനൊപ്പം കൂടുതല്‍ വചനാധിഷ്ഠിതവും ദൈവശാസ്ത്രപരമായി സമഗ്രവുമായ മറ്റു പല പദങ്ങളും ഇവിടെ നിര്‍ദേശിച്ചിട്ടുണ്ട്.


രണ്ടാമതായി, കത്തോലിക്കാസഭയില്‍ ലോകമെമ്പാടുമുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ ഒന്നു ശ്രദ്ധിക്കുക. ഈ മാര്‍ഗ്ഗരേഖയില്‍ സൂചിപ്പിക്കുന്നില്ലെങ്കിലും, ഇവയുടെ ബാഹുല്യവും വലിപ്പവും പ്രചാരണവും, കത്തോലിക്കാസഭയിലെ പ്രാര്‍ത്ഥനയും ആരാധനയുമെല്ലാം മരിയഭക്തി കേന്ദ്രീകൃതമാണ് എന്ന് ഒരു തെറ്റായ പ്രതീതി ജനിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ലൂര്‍ദിലും ലൊരേറ്റൊയിലും ഫാത്തിമയിലും, പോളണ്ടില്‍ ചെസ്റ്റൊഖോവായിലും ബൊസ്നിയയിലെ മെഡ്ജെഗൊറിയിലും, മെക്സിക്കോയില്‍ ഗ്വദേലുപ്പെയിലും, ബ്രസീലില്‍ അപ്പാരസിഡൊയിലും ഇന്ത്യയില്‍ വേളാങ്കണ്ണിയിലും, ബാന്ദ്രയിലും മാഹിയിലും പൂണ്ടിയിലും, ബാദേലിലും, ഇങ്ങു കേരളത്തില്‍ത്തന്നെ കൊരട്ടിമുത്തിയും വല്ലാര്‍പാടത്തമ്മയും കുറവിലങ്ങാട്ടമ്മയും കൃപാസനമാതാവുമെല്ലാം ഏകരക്ഷകനായ ഈശോമിശിഹായെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് രക്ഷകന്‍റെ മാതാവാണ് എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.


മൂന്നാമതായി നമ്മുടെ തിരുനാളാഘോഷങ്ങളും തീര്‍ത്ഥാടനങ്ങളും കൃത്യമായി പരിശോധിച്ചാല്‍ കത്തോലിക്കാസഭയിലെ പ്രാര്‍ത്ഥനയും ഭക്തിയും വിശ്വാസവുമെല്ലാം പരിശുദ്ധ മാതാവിലേക്ക് ചുരുങ്ങുകയാണോ എന്നു സംശയിച്ചുപോകും! തിരുസഭയിലെ ആദ്യകാല തീര്‍ത്ഥാടനങ്ങളെല്ലാം അപ്പസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും കല്ലറകളിലേക്കും യേശുവിന്‍റെ കല്ലറ കണ്ടെത്തിയശേഷം ജറുസലേമിലേക്കും പാലസ്തീനയിലേക്കുമായിരുന്നു!


ഇവിടെയെല്ലാമുള്ള പ്രശ്നം, ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഏകമധ്യസ്ഥനായ ഈശോമിശിഹായ്ക്ക് ഒപ്പമോ, അതിനു മുകളിലോ, പരിശുദ്ധ മാതാവിനെ പ്രതിഷ്ഠിക്കുന്നത് ദൈവവചനത്തിനും ദൈവിക വെളിപാടിനും സഭാപാരമ്പര്യത്തിനും വിരുദ്ധമാണ് എന്നതു തന്നെ. മനുഷ്യാവതാരം ചെയ്ത ദൈവപുത്രന് ഒപ്പം പ്രതിഷ്ഠിക്കുന്നത് പരിശുദ്ധ മാതാവിനു പോലും സ്വീകാര്യമാവുകയില്ല. അപ്പോള്‍ എന്താണ് മാതാവിനെപ്പറ്റിയുള്ള സഭയുടെ ഔദ്യോഗിക പ്രബോധനം?


3. അംഗീകൃത മരിയന്‍ പ്രബോധനം - ഇന്നലെയും ഇന്നും:


1965 ല്‍ പൂര്‍ത്തിയായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'തിരുസഭ' (Lumen Gentium) എന്ന പ്രമാണരേഖയില്‍ എട്ടാം അധ്യായം മുഴുവനും മരിയഭക്തിയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. "മനുഷ്യാവതാരം ചെയ്ത വചനത്തിന്‍റെയും മൗതിക ശരീരത്തിന്‍റെയും രഹസ്യത്തില്‍ ഭാഗ്യവതിയായ പരിശുദ്ധ കന്യകയുടെ സ്ഥാനവും, മിശിഹായുടെ അമ്മയും മനുഷ്യരുടെ, പ്രത്യേകിച്ച് വിശ്വാസികളുടെ, അമ്മയുമായ ദൈവമാതാവിനോട് രക്ഷിതരായവരുടെ കടമയും" (LG 54) കൗണ്‍സില്‍ വ്യക്തമായി വിശദീകരിക്കുന്നു. ഏക മധ്യസ്ഥനായ മിശിഹായുടെ പരിത്രാണകര്‍മ്മത്തില്‍ അമലോത്ഭവയും കന്യകയും, ദൈവമാതാവുമായ മറിയത്തിന്‍റെ പൂര്‍ണ്ണ സഹകരണത്തിനാണ് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതായത്, ദൈവമാതാവു തന്നെയായിരുന്നു രക്ഷകനായ ഈശോയുടെ പ്രഥമശിഷ്യയും വിശ്വാസികളുടെയെല്ലാം മാതാവും മാതൃകയും. 1997 ല്‍ പ്രസിദ്ധീകരിച്ച "കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം" കൂടുതല്‍ വിശദമായും സമഗ്രമായും മനുഷ്യകുലത്തിന്‍റെ രക്ഷാകരപദ്ധതിയിലെ പരിശുദ്ധ മറിയത്തിന്‍റെ സ്ഥാനത്തെപ്പറ്റിയും വിശ്വാസ-ആദ്ധ്യാത്മിക ജീവിതത്തില്‍ തിരുസഭാമക്കള്‍ക്കു വേണ്ടിയുള്ള ഈ മാതാവിന്‍റെ മാധ്യസ്ഥത്തെപ്പറ്റിയും മാതൃകയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. (CCC Nos. 484 -508; 721-726; 963-975; 2617 -2622; 2673 -2682).


മാറ്റമില്ലാതെ ഇന്നും നിലനില്ക്കുന്ന നാലു വിശ്വാസസത്യങ്ങളാണ് മരിയന്‍ വിജ്ഞാനീയത്തിന്‍റെ അടിത്തറ.

1. പരി. മറിയം ദൈവമാതാവാണ് (എഫേസൂസ് സൂനഹദോസില്‍ വച്ച് 431 ല്‍ പ്രഖ്യാപിച്ചു.)

2. പരി. മറിയം നിത്യകന്യകയാണ് (553 ല്‍ കോൺസ്റ്റാൻ്റിനോപ്പിളിൽ അംഗീകരിച്ചതാണ്).

3. പരി. മറിയം അമലോത്ഭവയാണ്. (9-ാം പീയൂസ് മാര്‍പ്പാപ്പ 1853 ല്‍ പ്രഖ്യാപിച്ചതാണ്).

4. പരി. മറിയം സ്വര്‍ഗ്ഗോരോപിതയാണ്. (6-ാം നൂറ്റാണ്ടു മുതല്‍ ഓറിയന്‍റല്‍ സഭകളില്‍ നിലവിലിരുന്ന വിശ്വാസം 1950- ല്‍ 12-ാം പീയൂസ് മാര്‍പ്പാപ്പ വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.) ഇവിടെ പരിഗണിക്കുന്ന പുതിയ വത്തിക്കാന്‍ മാര്‍ഗ്ഗരേഖയില്‍ ഈ വിശ്വാസ സത്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു കാണാം.


രക്ഷാകര കര്‍മ്മത്തിന്‍റെ കർതൃത്വം പൂര്‍ണ്ണമായും യേശുക്രിസ്തുവില്‍ നിക്ഷിപ്തമാണെന്നും, അതെ സമയം, മറ്റേതൊരു വ്യക്തിയെക്കാളും ഉന്നതമായ സഹകരണം പരിശുദ്ധ മറിയത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും സംശയത്തിനിടയില്ലാത്ത വിധം ഈ രേഖ സമര്‍ത്ഥിക്കുന്നു. ( MPF No. 3) രക്ഷാകര പദ്ധതിയിലെ പരി. മറിയത്തിന്‍റെ സഹകരണം അഥവാ ഭാഗഭാഗിത്വത്തിന് രണ്ടു വശങ്ങള്‍ ഉണ്ട്:


1. മംഗളവാര്‍ത്ത സ്വീകരിക്കുന്നതു മുതല്‍, പരസ്യജീവിതത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ടും, കുരിശുമരണത്തിനും ഉത്ഥാനത്തിനും സജീവ സാക്ഷിയായിക്കൊണ്ടും, പന്തക്കുസ്താവരെ ശ്ലീഹന്മാരുടെ നേതൃത്വം വഹിച്ചുകൊണ്ടും ഈശോമിശിഹായുടെ രക്ഷാകര്‍മ്മത്തില്‍ ഭാഗഭാഗിത്വം വഹിച്ച മറ്റൊരു വ്യക്തിയില്ല.


2. ഈശോമിശിഹായിലൂടെ രക്ഷിക്കപ്പെട്ടവരുടെ സമൂഹമായ തിരുസഭയിലെ അംഗങ്ങളുടെ വിശ്വാസജീവിതത്തില്‍ ഇന്ന് പരിശുദ്ധമറിയത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിയും(MPF No. 4-8; 13 -14).


'തിയോട്ടൊക്കോസ്' (Theotokos) എന്ന പദം 'ദൈവമാതാവ്' എന്ന് വിവര്‍ത്തനം ചെയ്യുമ്പോഴും, സഭാപിതാക്കന്മാര്‍ വിഭാവനം ചെയ്ത അര്‍ത്ഥം 'God bearer', അതായത്, "പൂര്‍ണ്ണമായും ദൈവവും മനുഷ്യനുമായ ഈശോമിശിഹായെ "സ്വന്തം ഗര്‍ഭത്തില്‍ സംവഹിച്ചവള്‍" എന്നാണെന്ന കാര്യം ഓർമ്മയിൽ സൂക്ഷിക്കണം(MPF No. 15). പരിശുദ്ധ മാതാവിനെ വിളിച്ചപേക്ഷിക്കാനുപയോഗിക്കുന്ന "കരുണയുടെ മാതാവ്", "പാവങ്ങളുടെ പ്രത്യാശ", "ക്രിസ്ത്യാനികളുടെ സഹായം", "നിത്യസഹായമാതാവ്" എന്ന വിശേഷണങ്ങള്‍ തികച്ചും ഉചിതവും തെറ്റിദ്ധാരണയ്ക്ക് ഇടയില്ലാത്തതുമാണ്( MPF No. 16). "രക്ഷകന്‍റെ മാതാവ്" എന്നു വിളിച്ചുതുടങ്ങിയെങ്കിലും പത്താം നൂറ്റാണ്ടായപ്പോഴേയ്ക്കും മാതാവിനെ 'രക്ഷക' എന്നു പോലും അഭിസംബോധന ചെയ്തെങ്കിലും, ക്രമേണ അതു കുറയുകയും പതിനെട്ടാം നൂറ്റാണ്ടില്‍ പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വി. ബര്‍ണാര്‍ഡ് ഉപയോഗിച്ചു തുടങ്ങിയ 'സഹരക്ഷക' എന്ന വിശേഷണം വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ കാലം വരെ തുടര്‍ന്നെങ്കിലും ബെനഡിക്ട് 16 -ാം മാര്‍പ്പാപ്പയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അതു ശരിയായ പദമായി സ്വീകരിച്ചില്ല, എന്നു മാത്രമല്ല, ദൈവശാസ്ത്രപരമായ അനൗചിത്യം ചൂണ്ടിക്കാണിക്കയും ചെയ്തു ( MPF No. 17-27).


"വിശ്വാസികളുടെയെല്ലാം മാതാവ്" എന്ന നിലയില്‍ സ്വപുത്രനായ മനുഷ്യരക്ഷകന്‍റെ പക്കല്‍ തന്‍റെ പ്രിയ മക്കള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന "ആത്മീയമാതാവ്" എന്ന പദപ്രയോഗത്തിലും അനൗചിത്യം കാണാനാവില്ല. ഇവിടെ 'Mediation' എന്ന വാക്കിനെക്കാള്‍ 'Intercession' എന്ന പദമാകും കൂടുതല്‍ അനുയോജ്യമാകുക ( MPF No 38-42). എല്ലാ കൃപാവരങ്ങളുടെയും ഏകസ്രോതസ് ദൈവമായതിനാല്‍ പരിശുദ്ധ മാതാവിനെ "കൃപാവരങ്ങളുടെ മാതാവ്" എന്നും, മനുഷ്യന് കൃപ ലഭിക്കാന്‍ ഈശോമിശിഹായല്ലാതെ മറ്റൊരു മധ്യസ്ഥന്‍റെ ആവശ്യമില്ലാത്തതിനാല്‍ "കൃപാവരങ്ങളുടെ മധ്യസ്ഥ" എന്നുമുള്ള വിശേഷണങ്ങള്‍ സാധാരണ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍, ഉപേക്ഷിക്കുന്നതാകും ഉചിതം (MPF No. 45-49). അതുപോലെ തന്നെ "ജീവജലത്തിന്‍റെ അരുവി" എന്ന പ്രയോഗവും, രക്ഷാകര-വിശുദ്ധീകരണ കൃപാവരദാനങ്ങളുടെ സ്രോതസ്സ് ദൈവം മാത്രമാണെന്ന ബോധ്യത്തില്‍ വേണം ഉപയോഗിക്കാന്‍ (MPF No. 56-57).


സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതിലൂടെയും പുത്രന്‍റെ രക്ഷാകര കര്‍മ്മത്തില്‍ സഹകാരിണി ആകുന്നതിലൂടെയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനായി സ്വയം വിട്ടുനല്‍കുന്നതിലൂടെയും പരിശുദ്ധ മറിയം സഭാമക്കള്‍ക്കെല്ലാം ഏറ്റവും ഉദാത്തമായ മാതൃകയായിത്തീര്‍ന്നു. വി. ആഗസ്തീനോസിന്‍റെ വാക്കുകളില്‍ "ക്രിസ്തുവിന്‍റെ മാതാവ് എന്നതിലേറെ ക്രിസ്തുവിന്‍റെ ശിഷ്യയാണ് എന്നതാണ് സുപ്രധാനം". ഈ അര്‍ത്ഥത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ മനസ്സിലാക്കേണ്ടത്. "പരിശുദ്ധ മറിയം ക്രിസ്തുവിന്‍റെ അമ്മ എന്നതിലേറെ ക്രിസ്തുവിന്‍റെ ശിഷ്യയായിരുന്നു"; "ക്രിസ്തുശിഷ്യരില്‍ പ്രഥമസ്ഥാനവും ഏറ്റവും ഔന്നത്യവും പരി. മറിയത്തിനാണ്". സ്നേഹാര്‍ദ്രമായ ഹൃദയത്തോടെ, സഭാതനയരുടെ എല്ലാ വേദനകളും ആകുലതകളും ഏറ്റെടുത്ത്, പരി. മറിയം ദൈവജനത്തിന്‍റെ മുഴുവനും മാതാവായിത്തീര്‍ന്നു; അതോടൊപ്പം, സ്നേഹ-കാരുണ്യ പ്രവര്‍ത്തികളിലൂടെ ഫലം പുറപ്പെടുവിക്കുന്ന, മാതൃകാശിഷ്യയും (MPF No. 73-77).


മരിയഭക്തി ഇനിയും പ്രസക്തമോ?


രക്ഷകനായ യേശുക്രിസ്തുവിലേക്കു നയിക്കുന്ന മരിയന്‍ ഭക്തി എന്നും പ്രസക്തവും വിലപ്പെട്ടതുമാണ്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തു മാത്രമാണ് മനുഷ്യകുലത്തിന് രക്ഷ പ്രദാനം ചെയ്തത് എന്ന വിശ്വാസ സത്യത്തിന് കോട്ടം വരാത്ത വിധത്തില്‍, ഒരേസമയം ദൈവമാതാവും യേശുക്രിസ്തുവിന്‍റെ പ്രഥമശിഷ്യയുമായ പരിശുദ്ധ മറിയത്തിന്‍റെ സഹകരണം രക്ഷാകര പദ്ധതിയില്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, 'വിശ്വാസികളുടെ മാതാവും മാതൃകയും' എന്ന നിലയില്‍ എല്ലാ ക്രൈസ്തവരുടെയും വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കാനും പരിശുദ്ധ കന്യകാമറിയത്തിനു സാധിക്കും. നിത്യസഹായ സന്നദ്ധയായ ഈ മാതാവിന് നമ്മെ തന്‍റെ പുത്രനും നമ്മുടെ രക്ഷകനുമായ ഈശോയിലേക്കു നയിക്കാന്‍ സാധിക്കും.


ഓരോ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും നമുക്കു ലഭിക്കുന്ന സന്ദേശം ഹൃദയപരിവര്‍ത്തനത്തിനും പ്രാര്‍ത്ഥനയ്ക്കും പരിത്യാഗത്തിനുമുള്ള ആഹ്വാനമാണ്. ലോകത്തിന്‍റെ എല്ലാ കോണുകളിലും കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രേഷിതരാകാനാണ് ഈ മാതാവ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ ജപമാലയും ലുത്തനിയയും നോവേനയും നമുക്കു തുടരാം. ഏതെങ്കിലും ഒരു സ്ഥലത്തിനോ ഒരു പ്രാര്‍ത്ഥനയ്ക്കോ യാന്ത്രികഫലമോ മാന്ത്രികശക്തിയോ ഉണ്ടെന്നുള്ള അന്ധവിശ്വാസത്തില്‍പ്പെടാതെ, സര്‍വ്വോപരി പരിശുദ്ധ മറിയത്തിന്‍റെ ഉദാത്തമാതൃക നമുക്കും പിന്തുടരാന്‍ കഴിയട്ടെ.


മാത്യു പൈകട, കപ്പുച്ചിന്‍.

Mob. 9495525078

(Also Published in Assisi Magazine December2025)

Nov 15, 2025

3

420

Recent Posts

bottom of page