top of page

മടക്കയാത്ര അനിവാര്യം

Sep 18, 2019

3 min read

ഡ�ോ. മൈക്കിള്‍ കാരിമറ്റം

the old man walking

എല്ലാം ഒരാഘോഷമാക്കാന്‍ നമുക്കുള്ള കഴിവ് അത്ഭുതാവഹമെന്നേ പറയാന്‍ കഴിയൂ. കുരിശിന്‍റെ നിഴലില്‍ ഇരുന്ന് ശിഷ്യന്മാരുമൊത്ത് യേശു ആചരിച്ച അവസാനത്തെ പെസഹാ ഇന്ന് വിശുദ്ധ കുര്‍ബ്ബാനയായി, ബലിയായി ദിവസേന ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നു. ഇവിടെയും ആഘോഷങ്ങള്‍ അര്‍ത്ഥം ചോര്‍ത്തിക്കളയുന്നില്ലേ എന്ന സംശയം തല പൊക്കുന്നു. രാജകീയമായ വേഷഭൂഷാദികള്‍ അണിഞ്ഞ് നൃത്ത-സംഗീത നാടകത്തിന്‍റെ അന്തരീക്ഷം ജനിപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെ, അര്‍പ്പിക്കപ്പെടുന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യബലികള്‍, യേശുവിന്‍റെ ആത്മബലിയേക്കാള്‍ പാട്ടുകച്ചേരിയുടെയും നാടകമേളയുടെയും പ്രതീതിയാണ് ജനിപ്പിക്കുന്നത് എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അയാളെ ദോഷൈകദൃക്കോ, നിരീശ്വരനോ, ക്രിസ്തുവിരോധിയോ ആയി മുദ്രകുത്തേണ്ടതില്ല. 

പെരുന്നാളുകളെ വീണ്ടും തിരുനാളുകളായി തിരിച്ചുകൊണ്ടുവരേണ്ടതില്ലേ? ആഘോഷങ്ങള്‍ക്കായുള്ള അമിതാവേശത്തില്‍ നഷ്ടപ്പെട്ടു പോകുന്ന ആത്മീയതയെ തിരിച്ചുപിടിക്കാന്‍ സഭാധികാരികളും വിശ്വാസിസമൂഹവും ഒന്നടങ്കം, നിശിതമായ ഒരാത്മശോധനയ്ക്കും ആത്മവിമര്‍ശനത്തിനും തയ്യാറാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇസ്രായേല്‍ ജനത്തിന്‍റെ ആദിപാപമായി അറിയപ്പെടുന്നത് സീനായ് മലയുടെ അടിവാരത്തുവച്ച് നടത്തിയ വിഗ്രഹാരാധനയാണ്. അതിനു നേതൃത്വം നല്കിയതാകട്ടെ, ഇസ്രായേലിലെ ആദ്യ പുരോഹിതന്‍ എന്നറിയപ്പെടുന്ന അഹറോന്‍. "അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത് എന്‍റെ അടുത്തു കൊണ്ടുവരുവിന്‍... അവന്‍ അവ വാങ്ങി, മൂശയിലുരുക്കി, ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദൈവങ്ങള്‍. അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിഞ്ഞിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്‍റെ ഉത്സവദിനം ആയിരിക്കും. അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനബലികളും അര്‍പ്പിച്ചു. ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളില്‍ ഏര്‍പ്പെട്ടു"(പുറ 32, 1-6).

മോശപിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ ഒഴിഞ്ഞുമാറാനാണ് ആ ആദ്യപുരോഹിതശ്രേഷ്ഠന്‍ ശ്രമിച്ചത്(പുറ 32, 22-24). ജനം സ്വര്‍ണ്ണം കൊണ്ടുവന്നു, ഞാനതു തീയിലിട്ടു, അപ്പോള്‍ ഒരു കാളക്കുട്ടി പുറത്തു വന്നു എന്ന അഹറോന്‍റെ മറുപടി  മാറ്റമല്ലാതെ മറ്റെന്ത്? ദൈവം വിമോചിപ്പിച്ച്, മരുഭൂമിയിലൂടെ നയിച്ചുകൊണ്ടു വന്ന "ഈ ജനത്തിന്‍റെ മേല്‍ ഈ വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?" (പുറ 32, 21) എന്ന ചോദ്യം അന്നത്തേതുപോലെ ഇന്നും പ്രസക്തമാണ്. ജനങ്ങള്‍ക്കു താല്‍പര്യമാണ്, അവര്‍ ആവശ്യപ്പെടുന്നു എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍ നല്കി ഒഴിഞ്ഞുമാറാന്‍ നേതാക്കള്‍ക്ക് ആവില്ല. കത്തോലിക്കാസഭയില്‍, പ്രത്യേകിച്ചും മതാത്മകകാര്യങ്ങളില്‍, പുരോഹിതര്‍ക്കാണല്ലോ നിര്‍ണ്ണായകമായ അധികാരമുള്ളത്. നേര്‍വഴിക്കു നയിക്കേണ്ടവര്‍ക്കു തന്നെ ദിശാബോധം നഷ്ടപ്പെട്ടാലോ?

അനേകം തിരുനാളുകള്‍ക്കും മതാത്മകമായ ആഘോഷങ്ങള്‍ക്കും നിര്‍ദ്ദേശം നല്കുന്ന പഴയ നിയമത്തില്‍ത്തന്നെ നേതാക്കന്മാര്‍ക്ക് ഉണ്ടാകുന്ന അപചയത്തെപ്പറ്റി ശക്തമായ താക്കീതും അവര്‍ നേരിടേണ്ടി വരുന്ന കഠിനമായ ശിക്ഷാവിധിയും അനേകം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഉടമ്പടിയുടെ സകല പ്രമാണങ്ങളും ലംഘിച്ച്, സമൂഹത്തില്‍ അക്രമവാഴ്ച അരങ്ങേറുമ്പോള്‍ താക്കീതുമായി കടന്നുവരുന്ന ഹോസിയാ പ്രവാചകന്‍റെ വാക്കുകള്‍ ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു: "ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരാഹിതാ, നിനക്കെതിരെയാണ് എന്‍റെ ആരോപണം.... അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍നിന്ന് നിന്നെ ഞാന്‍ തിരസ്കരിക്കുന്നു... പുരോഹിതനെപ്പോലെ തന്നെ ജനവും"(ഹോസി 4, 4-9).

ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ ദൈവം തന്നെ ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച ഉപകരണങ്ങള്‍ കാലക്രമത്തില്‍ വിഗ്രഹങ്ങളായി പരിണമിക്കാമെന്നും അപ്പോള്‍ അവ എന്തു ചെയ്യണമെന്നും വ്യക്തമാക്കുന്ന ഒരു ഉദാഹരണം ബൈബിളില്‍ ഉണ്ട്. ഹെസെക്കിയാ (ബി. സി. 716-687) രാജാവിന്‍റെ മതനവീകരണ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം പ്രത്യക്ഷമാകുന്നത്: "മോശ ഉണ്ടാക്കിയ നെഹുഷ്താല്‍ എന്നു വിളിക്കപ്പെടുന്ന ഓടുസര്‍പ്പത്തിന്‍റെ മുമ്പില്‍ ഇസ്രായേല്‍ ജനം ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2 രാജാ. 18: 47).

മരുഭൂമിയില്‍വച്ചു പാമ്പുകടിയേറ്റവര്‍ മരിക്കാതിരിക്കാന്‍ വിശ്വാസത്തോടെ നോക്കേണ്ട ഒരു ഉപകരണമായിട്ടാണ് ഓടുകൊണ്ട് സര്‍പ്പത്തിന്‍റെ രൂപമുണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്താന്‍ കര്‍ത്താവു കല്പിച്ചത്(സംഖ്യ 21, 8). പ്രതിമയോ സര്‍പ്പമോ അല്ല, ദൈവമാണ് സൗഖ്യം നല്കുന്നത്. അതു സ്വീകരിക്കാന്‍ ജനത്തെ ഒരുക്കുന്നത് അവരുടെ വിശ്വാസമാണ്. വിശ്വാസത്തിലേക്കു നയിക്കുന്ന ഉപകരണം മാത്രമാണ് സര്‍പ്പപ്രതിമ. എന്നാല്‍ ഈ സത്യം മറന്ന് സര്‍പ്പപ്രതിമ തന്നെ രക്ഷയുടെ ഉറവിടം എന്നു കരുതുമ്പോള്‍ അന്ധവിശ്വാസം ജനിക്കുന്നു. വിഗ്രഹാരാധന ഉടലെടുക്കുന്നു. അപ്പോള്‍ ആ വിഗ്രഹം തച്ചുടയ്ക്കുക തന്നെ വേണം എന്നല്ലേ

ഹെസെക്കിയായുടെ പ്രവൃത്തി രേഖപ്പെടുത്തുന്നതിലൂടെ ദൈവം ആവശ്യപ്പെടുന്നത്? 

പഴയനിയമത്തില്‍ ജനം സര്‍പ്പപ്രതിമയ്ക്കു നല്കിയതുപോലെ അമിതപ്രാധാന്യം ഇന്ന് തിരുശേഷിപ്പുകള്‍ക്കു നല്കുന്നതായി കാണാം. ദൈവപ്രമാണങ്ങള്‍ വീരോചിതമായി ജീവിച്ച് മാതൃക നല്കിയവരാണ് വിശുദ്ധര്‍. അവരുടെ ശരീരത്തിന്‍റെ ഭാഗങ്ങളോ, അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അംശങ്ങളോ ഒക്കെ തിരുശേഷിപ്പുകളായി സൂക്ഷിക്കുകയും വണങ്ങുകയും കത്തോലിക്കാസഭയില്‍ പതിവാണ്. ഇതിന്‍റെ സാധുതയ്ക്കു ബൈബിളില്‍ തന്നെ സാക്ഷ്യങ്ങളുണ്ട്. "ഏലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എണീറ്റുനിന്നു"(2രാജാ 13, 21). എഫേസൂസില്‍ വച്ച് പൗലോസിന്‍റെ "ശരീര സ്പര്‍ശമേറ്റ തൂവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തു വരികയും ചെയ്തിരുന്നു"(അപ്പ 19,12).

എന്നാല്‍ ഇവിടെയും അമിതാവേശവും അന്ധവിശ്വാസങ്ങളും കടന്നുവന്ന് ഭക്തിക്കു മാര്‍ഗ്ഗഭ്രംശം സംഭവിക്കുന്നില്ലേ എന്നു സംശയിക്കണം. വിശുദ്ധരായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നത് എങ്ങനെ രക്ഷണീയമാകും? വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സംഭരിക്കുന്നതില്‍ ചില ഭക്തികേന്ദ്രങ്ങള്‍ മത്സരബുദ്ധിയോടെ ശ്രമിക്കുന്നതായി തോന്നും. തങ്ങളുടെ പ്രാര്‍ത്ഥനാലയത്തില്‍ ഇരുന്നൂറോളം വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നു എന്ന് വീരവാദം മുഴക്കുന്നവര്‍ ഉണ്ട്.

വിശുദ്ധരായി ജീവിക്കുന്നതിനു പകരം വിശുദ്ധരെക്കൊണ്ടു ജീവിക്കാനുള്ള ശ്രമവും നടക്കുന്നതു പോലെ തോന്നും. തീര്‍ത്ഥാടക-സന്ദര്‍ശകരുടെ എണ്ണമാണല്ലോ വിശുദ്ധരുടെ മാധ്യസ്ഥശക്തിക്കു മാനദണ്ഡമായി പരിഗണിക്കപ്പെടുക. എല്ലാം വാണിജ്യവല്ക്കരിക്കപ്പെടുകയാണോ? 

ഭൗതിക ലാഭം എല്ലായിടത്തും വഴി നയിക്കുന്നുവോ? വിശുദ്ധരോടുള്ള ഭക്തിയില്‍പോലും? 

അടയാളങ്ങള്‍ അടയാളങ്ങളായിത്തന്നെ നില്ക്കണം. ആദരവ് ആരാധനയായി മാറിക്കൂടാ. ആചാരങ്ങള്‍ അനാചാരങ്ങളായി മാറരുത്. പ്രതിമകള്‍ വിഗ്രഹങ്ങളായി തീരരുത്. എന്നാല്‍ ഇതു വലിയൊരു പരിധിവരെ നമ്മുടെ പെരുന്നാളാഘോഷങ്ങളിലും ഭക്തിപ്രകടനങ്ങളിലും സംഭവിക്കുന്നില്ലേ എന്ന് സൂക്ഷ്മമായി പരിശോധിക്കണം. "മേഘങ്ങളെ കീഴടങ്ങുവിന്‍" എന്ന കവിതയില്‍ മധുസൂദനന്‍നായരുടെ ഒരു പരാമര്‍ശമുണ്ട്: "യജ്ഞം പിഴച്ച് ആഭിചാരമായി" എന്ന്. വിശുദ്ധമായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന കര്‍മ്മങ്ങള്‍ ഇടയ്ക്കുവച്ച് വഴി തെറ്റി ആരാധാഭാസങ്ങളായി മാറുന്നത് അത്യന്തം ആപല്ക്കരമാണ്. 

മധ്യകേരളത്തിലെ ഒരു പുരാതന ദേവാലയത്തില്‍ റഫായേല്‍ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ച് 'തുള്ളല്‍' എന്നൊരു ചടങ്ങ് അരങ്ങേറിയിരുന്നു. ബാധിച്ചിരുന്ന പിശാച് വിട്ടുപോകുന്നതിന്‍റെ അടയാളമാണ് ഈ തുള്ളല്‍ എന്നു കരുതപ്പെട്ടിരുന്നു. യുവതികളാകും അധികപങ്കും ഇപ്രകാരം തുള്ളല്‍ നടത്തുക. അത് അത്ര ആശാസ്യമല്ല എന്നു മനസ്സിലാക്കിയ രൂപതാധ്യക്ഷന്‍ കല്പനയിറക്കി, തുള്ളല്‍ നിരോധിച്ചു. ആദ്യമാദ്യം കുറെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായി. എന്നാല്‍ മെത്രാന്‍ കല്പന പിന്‍വലിച്ചില്ല. സാവധാനം പ്രതിഷേധം കെട്ടടങ്ങി. ഭക്തിപ്രകടനങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അനാചാരങ്ങളും എതിര്‍സാക്ഷ്യങ്ങളും നിര്‍ത്തലാക്കാന്‍ കഴിയും എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ഇത്. അതിന് കൃത്യമായ ദിശാബോധവും ദൃഢമായ ഇച്ഛാശക്തിയും വിശ്വാസത്തില്‍ അടിയുറച്ച ആര്‍ജ്ജവത്വവും ഉണ്ടാകണം. "അന്യായ സമ്പത്തില്‍നിന്നുള്ള ബലി പങ്കിലമാണ്" (പ്രഭാ 34,18) എന്ന കാര്യം മറക്കാതിരിക്കാം. 


ഉപസംഹാരം