top of page

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു പ്രാര്‍ത്ഥന

May 3, 2022

4 min read

ഫാ. ഷിജുപോള്‍ എസ്. വി. ഡി.
migrants settle in tent

2022 മാര്‍ച്ച് 31 അര്‍ധരാത്രിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഏര്‍പ്പെടുത്തിയ ഒഴിപ്പിക്കല്‍ പരിശീലനത്തില്‍ ഞാന്‍ പങ്കെടുത്തു. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുമ്പോള്‍ എല്ലാവരും ഒരു ചെറിയ സഞ്ചിയും കൈയിലെടുത്ത് രണ്ടുമിനിറ്റിനകം തങ്ങളുടെ സുരക്ഷാമുറിയിലേക്കു  കുതിക്കണം. കനത്ത ഇരുമ്പുവാതിലും അടച്ചുറപ്പിച്ച ജനാലകളുമുള്ള, വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ഭദ്രമാക്കിയ സുരക്ഷിത ഇടങ്ങളാണ് സുരക്ഷാമുറികള്‍. വെടിയുണ്ടകളില്‍നിന്നും ഗ്രനേഡുകളില്‍നിന്നും അതു ഞങ്ങളെ കാക്കുമെന്നാണ് വയ്പ്. യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും ഒരു കുപ്പി വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള സാമഗ്രികളും അത്യാവശ്യം ലഘുഭക്ഷണവും ഒരു ജോഡി വസ്ത്രങ്ങളും ചെറുബാഗില്‍ കരുതിയിരിക്കണം. യു. എന്‍. സമാധാനസേന ഒഴിപ്പിക്കാന്‍ എത്തുന്നതുവരെ പിടിച്ചുനില്ക്കണം. യു. എന്നിന്‍റെ അധീനതയിലുള്ള പ്രദേശത്തേയ്ക്കോ വ്യോമതാവളത്തിലേക്കോ അവര്‍ ഞങ്ങളെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. അവിടെ നിന്ന് സമാധാനത്തിലേക്കും. സംഘര്‍ഷഭൂമിയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഇങ്ങനെയാണ് എന്‍റെ ജീവിതം. അവിടേയ്ക്കു നിങ്ങള്‍ക്കും സ്വാഗതം.

ദക്ഷിണ സുഡാനിലെ അപ്പര്‍ നൈല്‍ സംസ്ഥാനത്ത് അഭയാര്‍ത്ഥികള്‍ക്കൊപ്പം ഞാന്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്‍റെയും കൂട്ടക്കൊലയുടെയും കേന്ദ്രമായ ബ്ലൂനൈല്‍ സംസ്ഥാനവുമായി അത് അതിര്‍ത്തി പങ്കിടുന്നു. ജസ്യൂട്ട് ദൗത്യ (Jesuit Refugee Service - JRS)ത്തില്‍ പങ്കുചേരാനുള്ള ഞങ്ങളുടെ ജനറലേറ്റിന്‍റെ ആഹ്വാനത്തിന് 2020ല്‍ ഞാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നു. എന്‍റെ സന്ന്യാസ സമൂഹത്തിലെ ആരും ഇവിടെയില്ല. 2016 ജൂലൈ 29ന് ഒരു സംഘം സായുധതീവ്രവാദികള്‍ മിഷന്‍കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി നടത്തിയ വെടിവയ്പില്‍ യൂത്ത്സെന്‍ററില്‍ താമസിച്ചിരുന്ന  രണ്ടു യുവാക്കള്‍ മരിച്ചതോടെ സൊസൈറ്റി ഓഫ് ഡിവൈന്‍ വേള്‍ഡിന്‍റെ(എസ്. ഡി. വി.) മിഷനറിമാര്‍ ദക്ഷിണ സുഡാന്‍ വിട്ടിരുന്നു. അതിനു മുന്‍പുതന്നെ ഞങ്ങളുടെ താമസസ്ഥലങ്ങള്‍ ചുട്ടെരിക്കപ്പെട്ടിരുന്നു. 2016 മെയ് 20 ന് സൈനികര്‍ നടത്തിയ വെടിവയ്പില്‍ സ്ലോവാക്യക്കാരിയും മെഡിക്കല്‍ ഡോക്ടറുമായിരുന്ന ഞങ്ങളുടെ ഒരു കന്യാസ്ത്രീ മരണപ്പെട്ടിരുന്നു. എസ്. ഡി. വി. മിഷനറിമാര്‍ സ്വയരക്ഷാര്‍ത്ഥം കെനിയായിലെ നെയ്റോബിയിലേക്ക് കടന്നു. പിന്നീടവര്‍ ഉഗാണ്ടയിലെ ബിഡി-ബിഡി അഭയാര്‍ത്ഥിക്യാമ്പിലെത്തി. ദക്ഷിണസുഡാനില്‍ നിന്നും മറ്റുമുള്ള അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന ബിഡി ബിഡി അഭയാര്‍ത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്.

സുവിശേഷഭാഗ്യമെന്നത് നമുക്ക് വസിക്കാന്‍ ലഭിക്കുന്ന സ്ഥലമാണ്. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക് ശരിയായ വാസസ്ഥലം ലഭിക്കും. അവര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ വാസസ്ഥലത്താണെന്നുറപ്പ്. സുവിശേഷഭാഗ്യം ആത്മീയമല്ല അവ ഭൗതികമാണ്. നമ്മുടെ ഭൂപ്രദേശമാണ്. ഫലഭൂയിഷ്ടമായ മണ്ണും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ബ്ലൂനൈല്‍ സംസ്ഥാനം. ബ്ലൂനൈല്‍ നദി സുഡാനില്‍ പ്രവേശിക്കുന്നത് ഈ സംസ്ഥാനത്തിലൂടെയാണ്. ബ്ലൂനൈലിന്‍റെ കാര്‍ഷിക സമൃദ്ധിയും മേച്ചില്‍പ്പുറങ്ങളും സ്വര്‍ണവും ക്രോമിയവും അടങ്ങുന്ന ഖനിജങ്ങളും വനങ്ങളും നൈല്‍നദിയിലെ വെള്ളവും അടങ്ങുന്ന പ്രകൃതിവിഭവങ്ങളും ആഫ്രിക്കന്‍ വന്‍കരയെ മാത്രമല്ല ലോകത്തെതന്നെ കൊതിപ്പിക്കും. സുഡാന്‍ സ്വതന്ത്രമാകുന്ന 1956നു മുന്നേതന്നെ ഈ സമൃദ്ധിയുടെ അധികാരത്തിനായി ബ്ലൂനൈലിലെ ആദിമഗോത്രജനതയും അറബ് വംശജര്‍ക്ക് മേല്‍ക്കോയ്മയുള്ള വടക്കന്‍ സുഡാനും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും നിലനിന്നിരുന്നു. വിഭജനത്തെതുടര്‍ന്ന് ദക്ഷിണ സുഡാന്‍ കൈവശപ്പെടുത്തിയ എണ്ണപ്പാടങ്ങള്‍ക്കു പകരംവയ്ക്കാന്‍ ബ്ലൂനൈല്‍ സംസ്ഥാനത്തെ സ്വര്‍ണപാടങ്ങളും ജലവൈദ്യുതപദ്ധതികള്‍ക്ക് ഉപയുക്തമാകുന്ന നൈല്‍നദിയിലെ വെള്ളവും വടക്കന്‍സുഡാനിലെ വരേണ്യവര്‍ഗത്തിനാവശ്യമായിരുന്നു. 1955 മുതല്‍ രാഷ്ട്രീയമായ ഒറ്റപ്പെടുത്തലിനെതിരായ ചെറുത്തുനില്പിലും സാമ്പത്തിക ഉപരോധത്തിലും ഇരുപത്തഞ്ച് ലക്ഷത്തിലേറെ മനുഷ്യജീവന്‍ ഇവിടെ പൊലിഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും നീണ്ട ആഭ്യന്തരയുദ്ധം ഇന്നും തുടരുന്നു.


കൂടാരങ്ങളിലെ കുടികിടപ്പുകാര്‍