

"അവിടന്ന് സൂത്രശാലികളുടെ ഉപായങ്ങളെ വിഫലമാക്കുന്നു. അവരുടെ കരങ്ങൾ വിജയം വരിക്കുന്നില്ല."
മേലുദ്ധരിച്ച വാക്യം ജോബിൻ്റെ പുസ്തകത്തിൽ നിന്നാണ് (5:12). "Craftiness" എന്നാണ് ഇംഗ്ലീഷിൽ. സമാനമായ ആശയത്തോടു കൂടിയ വാക്യങ്ങൾ സങ്കീർത്തനങ്ങളിൽ അങ്ങിങ്ങ് കാണാനാവും. ചരിത്രത്തിലെ ഒരു കേവല സത്യമാണിത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. "മനുഷ്യൻ്റെ ആലാേചനകൾ നിഷ്ഫലങ്ങളാണ് ", "ദുഷ്ടനെ ദൈവം പന പോലെ വളർത്തുന്നു" എന്നെല്ലാമായി വ്യത്യസ്തം എന്നു തോന്നാവുന്ന നിരവധി വേരിയൻ്റുകൾ അതിനുണ്ടാകും. വേദഗ്രന്ഥത്തിൽ ഉടനീളം കാണുന്ന പ്രത്യാശയാണത്.
കുടിലമായ ലക്ഷ്യങ്ങളോടെ മനുഷ്യർ ഒറ്റയ്ക്കും സംഘമായും ചെയ്യുന്ന സോഷ്യൽ എൻജിനീറിങിനെയാണ് അടപടലം മറിച്ചിടുന്നതായി ഇവിടെയെല്ലാം നാം വായിക്കുന്നത്. നന്മകൊണ്ടല്ല, പലപ്പോഴും തിന്മയായി തോന്നുന്ന കാര്യങ്ങൾ ഉപയോഗിച്ചാണ് ഇത്തരം മറിച്ചിടലുകൾ ദൈവം നടത്തുന്നത്. "അവിടുത്തെ സ്നേഹിക്കുന്നവർക്ക് ... അവിടന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു" എന്ന് പൗലോസ് എഴുതുന്നതും ഇതേ ശീലുപിടിച്ചാണല്ലോ. 'നോട്ട് ബന്ധി'യാവാം കോവിഡ് മഹാമാരിയാവാം, വെള്ളപ്പൊക്കമാവാം, ഒറ്റയൊരു ക്രൈം പാേലുമാവാം - അതുവരെ വർഷങ്ങളിലൂടെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന നാശകരമായ സംവിധാനങ്ങൾ ചുവടേ മറിയുന്നതിന് നാം നമ്മുടെ ജീവിതകാലത്തുതന്നെ എത്രയോ തവണ സാക്ഷ്യം വഹിച്ചിരിക്കുന്നു!
ദാനിയേലിൻ്റെ പുസ്തകത്തിൽ എത്ര സുന്ദരമായ ഒരു വാങ്മയചിത്രമാണുള്ളത്! തങ്കംകൊണ്ട് തലയും, വെള്ളികൊണ്ട് നെഞ്ചും കരങ്ങളും; ഓടുകൊണ്ട് ഉദരവും തുടകളും; കാരിരുമ്പുകൊണ്ട് കാലുകളും ഉള്ള പടുകൂറ്റൻ പ്രതിമ. പക്ഷേ, അതിൻ്റെ പാദങ്ങൾ ഇരുമ്പും കളിമണ്ണും ചേർത്ത്. എത്ര ദൃഢമായും ഉയർന്നും കവിഞ്ഞും നിന്നു അത്. പെട്ടന്നല്ലേ എതിർ വശത്തെ മലയിലെ പാറയിൽ നിന്ന് ഒരു ചീള് കല്ല് അടർന്ന് താഴോട്ട് വീണ്, ചാടിയും തെറിച്ചും വന്ന്, ഉയർന്നുകവിഞ്ഞുനിന്ന പ്രതിമയുടെ പാദത്തിൽ അടിച്ച് തെറിച്ചുപോകുന്നത്! അതാ അതിൻ്റെ പാദത്തിൽ ഒരു വിള്ളൽ. പ്രതിമയുടെ പാദം അതാ ഞെരിയുന്നു, പ്രതിമ അതിനെ സ്ഥാപിച്ചിരുന്ന ഉയർന്ന സ്തൂപത്തിൽ നിന്ന് താഴോട്ട് പതിച്ച് ചിതറി പൊടിയായി പോകുന്നു! അതിനെക്കാൾ പരിസ്ഫുടമായ മറ്റൊരു ചിത്രം എവിടെ നിന്ന് കിട്ടാൻ?!
എൻ്റെ ഈ കൊച്ചു ജീവിതത്തിനിടയിൽ ഞാനിത് എത്രയോ തവണ കണ്ടിരിക്കുന്നു. അതിനാലാണ് ബൈബിളിൽ ഏറ്റവുമധികം തവണ കാണും പോലെ- ഞാൻ ഭയപ്പെടാത്തത്.





















