'ആ മരം പറുദീസയുടെ മരമായിരുന്നു. ആ മരം മുഴുവന്‍ ഒരു ഗാനമായിത്തീര്‍ന്നു. മഹത്തരമായ, ക്ലേശം നിറഞ്ഞ, തൃഷ്ണയുള്ള, തീക്ഷ്ണവികാരത്തിന്‍റെ തരളഭാവം നിറഞ്ഞ മധുരോദാത്തമായ ഒരു ഗാനം. ഈ പൂവിടുന്ന മരം എന്‍റെ ഉദരത്തില്‍നിന്ന് മുളച്ചുവരുന്നു. വേരുകള്‍ എന്‍റെ ശരീരമാകെ കീഴടക്കി മുലകുടിക്കുന്നു. എന്‍റെ ജീവിതത്തിന്‍റെ എല്ലാ ആഹ്ലാദങ്ങളും ദുരിതങ്ങളും പക്ഷികളായി മാറി പാടുകയായിരുന്നു.' (God’s Pauper by Nikos Kazantzakis)
ദുഃഖങ്ങളേയും ദുരന്തങ്ങളേയും പൂക്കളായും ഗാനമായും മാറ്റുന്നവള്‍ - ഷീബ അമീര്‍ - മുമ്പില്‍ ഇരിക്കുമ്പോള്‍, തല പിളര്‍ക്കുന്ന വേനല്‍ച്ചൂടിന്‍റെ കാഠിന്യത്തിലും ദൈവം ഒരിളംകാറ്റായി എന്നെ തഴുകുന്നു. സ്നേഹത്തിന്‍റെ നേര്‍ത്ത ഇഴകള്‍കൊണ്ട് ഒരുക്കിയ സാന്ത്വനത്തിന്‍റെ (SOLACE) സ്വപ്നക്കൂട് പതിവു കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിയമത്തിന്‍റെ ചട്ടക്കൂടുകള്‍ക്കും അതീതമാണ്. കൂമ്പാരംപോലെ അംഗീകാരങ്ങളും അവാര്‍ഡുകളും കൈവരുമ്പോഴും (നാഷണല്‍ വുമണ്‍ ഓഫ് ദ ഇയര്‍ 2011, ഐ.ബി.എന്‍- സി.എന്‍.എന്‍ Real Hero അവാര്‍ഡ്... etc.) അമരക്കാരി ഷീബ അമീര്‍ (തൃശൂര്‍ക്കാരുടെ ഷീബച്ചേച്ചി) കൂടുതല്‍ വിനയാന്വിതയാകുന്നു. ഈ ചെയ്യുന്നതൊന്നും കാരുണ്യമല്ല കടമയാണെന്നും, അപരന്‍റെ വേദന എന്‍റേതാണെന്നും, അവിടെ പകരാന്‍ സ്നേഹത്തിന്‍റെ അമൃത് എന്ന് കുറയുന്നോ അന്നീ പ്രസ്ഥാനം മണ്ണോടുമണ്ണായി മാറണമെന്നും ആഗ്രഹിക്കുന്ന ഈ സ്ത്രീ, കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്ന ഈ കാലത്തില്‍ വേറിട്ടകാഴ്ചയാവുകയാണ്. അസ്സീസിക്കുവേണ്ടി ഷീബ അമീറുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍:-
പ്രശസ്തയാകുംതോറും പച്ചയായ ജീവിതഗന്ധങ്ങളില്‍നിന്ന് പിന്‍വാങ്ങി മാധ്യമങ്ങളുടെ, പ്രശസ്തിയുടെ നിഴലില്‍ ഒതുക്കപ്പെടുക എന്നത് സംഭവിക്കാവുന്ന അപകടങ്ങളില്‍ ഒന്നാണ്. ഈ സംഭാഷണംപോലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ, സ്വത്വത്തെ ചുരുക്കുന്ന ഒന്നായി തോന്നുന്നുണ്ടോ ?
ഷീബ അമീര്‍: ഇല്ല, കാരണം SOLACE ഉം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശസ്തി ആഗ്രഹിക്കുന്നില്ല, ഈ സംഭാഷണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഞങ്ങള്‍ ചെയ്യുന്നതും ആഗ്രഹിക്കുന്നതും ഈ ലോകത്തില്‍ കൂടുതല്‍ പ്രചാരം നേടുന്നു. അത് നന്മനിറഞ്ഞ നാളേക്കുവേണ്ടി ഒരുപറ്റം പുതിയമനുഷ്യരെ വാര്‍ത്തെടുക്കാനുള്ള വഴിയായി മാറാം, മാറണം. അതിനാല്‍ ഇത് തികച്ചും ന്യായയുക്തം തന്നെ.
SOLACEന്‍റെ ആരംഭത്തെക്കുറിച്ച് പങ്കുവെയ്ക്കാമോ ?
ഷീബ അമീര്‍: സമൃദ്ധിയുടെയും സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റേയും മടിത്തട്ടില്‍ പിറന്നുവീണ ഞാന്‍ 18-ാം വയസ്സില്‍ വിവാഹിതയായി, ആഡംബരത്തിന്‍റെ അവസാനവാക്കുകളായ ഗള്‍ഫ്നാടുകളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മനംമടുപ്പിച്ചപ്പോള്‍ നിലാവിനേയും സൂര്യനേയും സ്വപ്നങ്ങളേയും ഇഷ്ടംപോലെ കാണാനായി നാട്ടിലൊരു കൂടൊരുക്കി. കൂടെ മക്കളായ നിഖിലും നിലൂഫയും. ഭര്‍ത്താവ് അമീര്‍ അലി ഗള്‍ഫില്‍ ജോലിയില്‍ തുടര്‍ന്നു. നാട്ടിലെത്തി അല്പനാളാകുന്നതിനുമുമ്പേ ഞങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കാത്ത ഒരു അതിഥി സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ട് കടന്നെത്തി. 13 വയസ്സുകാരി മകള്‍ നിലൂഫയ്ക്ക് ഒരിക്കലും വിട്ടുമാറാത്ത രക്താര്‍ബുദം. പണത്തിന്‍റെ പിന്‍ബലംകൊണ്ട് മുംബൈ ടാറ്റാ ഹോസ്പിറ്റലിലേക്ക് പറന്നു. പിന്നീടുള്ള മൂന്നുവര്‍ഷം ചികിത്സയുടെ കാലയളവില്‍ കണ്ടതും അനുഭവിച്ചതും വേദനകളായിരുന്നു. എന്‍റെ മാത്രമല്ല, സമാനദുഃഖിതരുടെ ഒരു നീണ്ടനിരതന്നെ അവിടെ ഉണ്ടായിരുന്നു. വാര്‍ഡിലെ സ്ക്രീനിന് അപ്പുറം കിടക്കുന്ന കൊച്ചുമകള്‍ക്ക് പണത്തിന്‍റെ അപര്യാപ്തതകൊണ്ട് അര്‍ബുദത്തിന്‍റെ വിഷവിത്തുകളെ ചെറുക്കാനാവാത്ത അവസ്ഥ, രോഗിയായ മകന്‍റെ മുടിയിഴകളില്‍ തഴുകുവാനാവാതെ, അവനായി ഇഷ്ടപ്പെട്ട അന്നം ഒരുക്കാനാകാതെ ജീവിതത്തിന്‍റെ അറ്റം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന അമ്മ. ഈ വേദനകളൊക്കെ എന്‍റെ ഉള്ളില്‍ കിടന്ന് കത്തി. ആ തീച്ചൂളയുടെ ചൂട് എന്നെ ഇന്നും ഊര്‍ജ്ജസ്വലയാക്കുന്നു, സ്നേഹത്തിന്‍റെ, അലിവിന്‍റെ ഊര്‍ജ്ജം. മകളുടെ നിയന്ത്രണവിധേയമാക്കിയ രോഗവുമായി ഞങ്ങള്‍ തിരിച്ചെത്തിയ, അന്നുമുതല്‍ കണ്ടതും അനുഭവിച്ചതും സ്വന്തം വേദനമാത്രമല്ല. എന്‍റെ ചുറ്റുമുള്ള സഹോദരങ്ങളുടെ വേദന എന്‍റേതുകൂടിയാണെന്ന തിരിച്ചറവില്‍ രോഗികള്‍ക്കായി, പ്രത്യേകിച്ച് മാറാരോഗത്തിന് അടിമയായവര്‍ക്ക് ആശ്വാസമേകുന്ന തൃശൂര്‍ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി 6 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. അവിടെയും ഞാന്‍ ശ്രദ്ധിച്ചു, വളരെ കുറച്ച് കുഞ്ഞുങ്ങള്‍ മാത്രമെ പെയിന്‍ & പാലിയേറ്റീവ് കെയറില്‍ എത്തുന്നുള്ളു. കാരണം ഓരോ അപ്പനും അമ്മയ്ക്കും കുഞ്ഞ് ഒരു പ്രതീക്ഷയാണ്. രോഗിയായ കുഞ്ഞിനുവേണ്ടി അവസാനംവരെ സൗഖ്യദായകമായ ചികിത്സ അവര്‍ നല്‍കിക്കൊണ്ടിരിക്കും. അതിന് പറ്റാത്ത അവസ്ഥ അതിഭീകരമാണ്. ഉള്ളിലെ ആഗ്രഹം വീണ്ടും അണപൊട്ടിയൊഴുകി സ്നേഹോര്‍ജമായി പരണമിച്ചു. ക്യാന്‍സര്‍, സമാനമായ മാറാരോഗങ്ങള്‍ എന്നിവയുള്ള 18 വയസ്സും അതില്‍ത്താഴെയുമുള്ള കുട്ടികള്‍ക്കായി സാമ്പത്തിക-വൈകാരിക സാന്ത്വനം നല്‍കുകയെന്ന ലക്ഷ്യത്തോടുകൂടി 2006 ല്‍ SOLACE ആരംഭിച്ചു. കഴിഞ്ഞ 6 വര്‍ഷം കൊണ്ട് 350 ഓളം കുഞ്ഞുങ്ങള്‍ക്ക് ചികിത്സാസഹായം, മരുന്ന്, വസ്ത്രം, പഠനോപരണങ്ങള്‍ തുടങ്ങി കുടുംബത്തിനുവേണ്ട മറ്റ് സഹായങ്ങള്‍വരെ എത്തിച്ചുകൊടുക്കാന്‍ SOLACE ന് സാധിച്ചു. ഒരുമാസം രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ മാത്രം നല്‍കുന്നുണ്ട്. ഇന്ന് നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്ള സംഘടനയാണ് SOLACE. വീടുകളില്‍ ചെന്നും ആശുപത്രികളില്‍ ചെന്നും രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും എന്തിനും ഏതിനും ആശ്രയവും സാന്ത്വനവും അവര്‍ നല്‍കുന്നു. SOLACE ഉം കുട്ടികളും അവരുടെ ജീവിതപരിസരങ്ങളും ഇനിമുതല്‍ രണ്ടല്ല ഒന്നാവുകയാണ്, SOLACEന്‍റെ സ്വന്തമാവുകയാണ്.
ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന സംഘര്‍ഷങ്ങളെ സര്‍ഗാത്മകതയുടെ തലത്തിലേക്ക് നിങ്ങള്‍ ഉയര്‍ത്തി. സാധാരണക്കാരന് അന്യംവന്നുകൊണ്ടിരിക്കുന്ന ഈ യോഗ്യതയുടെ അടിസ്ഥാനം എന്താണ് ?
ഷീബ അമീര്‍: എന്‍റെ മുമ്പില്‍ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകില്‍ ദുരന്തത്തെ വിധിയായി പഴിച്ച്, വേദനിച്ച്, ദൈവത്തോട് പരാതിപ്പെട്ടിരിക്കുക. രണ്ട്, അപരന്‍റെ വേദനയില്‍ ആശ്വാസമായി മാറിക്കൊണ്ട് ആ വേദനകൂടി ഏറ്റെടുക്കുന്ന ആത്മീയതയിലേക്ക് ഉയരുക. രണ്ടാമത്തെ വഴി ഞാന്‍ തിരഞ്ഞെടുത്തു. അതാണെന്‍റെ പ്രാര്‍ത്ഥനയും. ഇതിനുള്ള ആര്‍ജ്ജവത്വം എനിക്ക് പകര്‍ന്നുകിട്ടിയത് എന്‍റെ വാപ്പ പി.കെ.എ. റഹീമിന്‍റെ ജീവിതദര്‍ശനങ്ങളില്‍നിന്നും വാത്സല്യത്തില്‍നിന്നുമാണ്. അപരന്‍റെ വേദന എന്‍റേതാണെന്ന അറിവും ആര്‍ദ്രതയും അവനവനാകലും എന്‍റെ പ്രാര്‍ത്ഥനയും കരുത്തുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
പ്രണയം, സ്വപ്നം, വാത്സല്യം ഇവയൊക്കെ ഒരു സ്ത്രീയുടെ - അമ്മയുടെ തലത്തില്‍ ആവിഷ്കരിക്കാനുള്ള സാധ്യതകള്‍ നിങ്ങളുടെ ഈ ജീവതിശൈലിക്കുണ്ടോ ?
ഷീബ അമീര്‍: തീര്‍ച്ചയായും. എന്താ പ്രണയം? എന്നെത്തന്നെ പൂര്‍ണമായും നല്‍കലല്ലേ അത്, ഞാനില്ലാതാകുന്ന - ഒന്നായി മാറുന്ന അവസ്ഥ. ഈ കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു, അവര്‍ക്കായി ഞാന്‍ ഇല്ലാതാകുന്നു. ഓരോ അമ്മയും ചെയ്യുന്നതും അതൊക്കെത്തന്നെ. തന്‍റെ വേദനിക്കുന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച്, കരളിനോട് ചേര്‍ക്കുന്നത്... പ്രണയസാഫല്യമാണ്. എന്‍റെ ജീവിതവഴികളിലും ഞാന്‍ ഈ ആത്മസാക്ഷാത്കാരം അനുഭവിക്കുന്നുണ്ട. അങ്ങനെ ഞാന്‍ കൂടുതല്‍ സമ്പന്നയാവുകയാണ്. പുരുഷനെക്കാള്‍ പ്രതിസന്ധികളില്‍ തളരാതെ അതിനെ ഉള്‍ക്കൊണ്ട് പ്രകൃതിയുടെ ഭാവം സ്വീകരിക്കുക സ്ത്രീയാണ്.
അങ്ങനെ വരുമ്പോള്‍ സ്ത്രീഭാവത്തിന് സൃഷ്ടിയുടെ, സ്നേഹത്തിന്‍റെ ആത്മീയതയുടെ ആഴമേറിയ ഒരു തലം ഉണ്ടോ ?
ഷീബ അമീര്‍: അതെ, ഈ പ്രണയസാഫല്യം ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മീയതയാണ്. ആത്മീയതയ്ക്ക് ഒരു സ്ത്രൈണഭാവമുണ്ട്, നിര്‍വചിക്കപ്പെട്ട മതാത്മകതയ്ക്കപ്പുറം ദൈവത്തിന്‍റെ ഭാവം സ്ത്രൈണമാണ്. നിങ്ങള്‍ ജീസസ്സ് ക്രൈസ്റ്റിനെ നോക്കൂ. അവിടുന്ന് വേദന, കുരിശ് സ്വയം ഏറ്റെടുക്കുന്നു. അമ്മ കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുന്നതുപോലെ ദൈവം മനുഷ്യനെ ചങ്കോട് ചേര്‍ക്കുകയാണ്, ഒരിക്കലും fed up ആകാതെ. ഞങ്ങളുടെ പക്കല്‍ വരുന്ന രോഗികളായ പല കുട്ടികളുടെയും അപ്പന്മാര്‍ അവരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പക്ഷേ അമ്മമാര്‍ക്ക് അതിന് കഴിയില്ല.
ഈ ജിവിതശൈലി ഷീബ അമീറിന്‍റെ ജീവിതത്തിലെ തിരിച്ചറിവിന്‍റെ ഒരു രണ്ടാം ഭാഗമാണോ, അതോ ചെറുപ്പംമുതലുള്ള ജീവിതവീക്ഷണത്തോട് കുറേക്കൂടി ആത്മാര്‍ത്ഥത പുലര്‍ത്താന്‍ മകളുടെ രോഗം നിമിത്തമായി മാറുകയായിരുന്നോ ?
ഷീബ അമീര്‍: എനിക്കിത് വ്യക്തമായി പറയാന്‍ പറ്റും, എന്‍റെ മകള്‍ക്ക് അസുഖം വന്നതുകൊണ്ടല്ല എനിക്കിത് ചെയ്യാന്‍ പറ്റിയത്. എന്‍റെ മകള്‍ക്ക് അസുഖം വന്ന സമയത്ത് എന്‍റെ ചുറ്റുപാടുകളിലെ മനുഷ്യരുടെ വേദന ഞാന്‍ കണ്ടു. അതുവഴി കൂടുതല്‍ പരിചയിച്ച സാഹചര്യങ്ങളില്‍ത്തന്നെ ആശ്വാസമായി മാറാന്‍ ശ്രമിക്കുന്നു. അപരന്‍റെ വേദനകളോട് സമരസപ്പെട്ട് അതിന് പരിഹാരം കാണാനുള്ള വെമ്പല്‍ കുഞ്ഞുന്നാളിലെ എന്നില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന് നന്ദിപറയേണ്ടത് വളര്‍ന്നുവന്ന സാഹചര്യങ്ങളോടും മാതാപിതാക്കളോടുമാണ്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാന്‍ ഇപ്രകാരം ഒരു സാഹചര്യം നോക്കി ഞാന്‍ നില്‍ക്കില്ല. കുറച്ചുകൂടി നേരത്തെ ചെയ്യണമായിരുന്നു എന്ന തോന്നല്‍ ശക്തമാണിന്നെനിക്ക്.
ആര്‍ദ്രമാകുന്ന മനസ്സ് ഷീബ അമീറിന്‍റെ സ്ഥായി ഭാവമാണോ ?
ഷീബ അമീര്‍: എന്താണെന്നറിയില്ല അപരന്‍റെ വേദനയോട് പെട്ടെന്ന് പ്രതികരിക്കും. എന്‍റെ ആര്‍ദ്രമായ മനസ്സിനെ ഇടക്കാലത്ത് കുടുംബത്തിന്‍റെ സാഹചര്യങ്ങളില്‍ അടക്കിവെച്ചിരുന്നത് ഇപ്പോള്‍ അണപൊട്ടി ഒഴുകുകയാണ്. കണ്‍മുന്നിലെ വേദനകളും അനീതികളും കണ്ണടച്ച് വിടാനാകില്ല. റോഡാക്സിഡന്‍റുകളില്‍പ്പോലും ചിലപ്പോള്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാറുണ്ട്. ഇത് ചെറുപ്പത്തില്‍ രൂപംകൊണ്ട മൂല്യബോധത്തില്‍നിന്ന് ഉടലെടുത്തതാണ്. ഒപ്പം എന്‍റെ മകന്‍, എന്‍റെ സൗഹൃദങ്ങള്‍ അവരൊക്കെ എന്‍റെ ജീവിതത്തില്‍ ഇടപെടലുകള്‍ക്ക് ധൈര്യം നല്‍കിയട്ടുണ്ട്.
ഷീബ അമീറിന്‍റെ പുസ്തകത്തില്‍ കൂടി കടന്നുപോകുമ്പോള്‍ പ്രകൃതിയും അതിജീവനവും അതിലെ പ്രധാന പ്രതിപാദന വിഷയമാണ്
ഷീബ അമീര്‍: കുഞ്ഞുനാളില്‍ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ ചില ചിത്രങ്ങളുണ്ട. അവയെല്ലാം തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടവയായിരുന്നു. വീട്ടുമുറ്റത്ത് വിരുന്നെത്തുന്ന ചകോരം, നീലക്കൊടുവേലിയും ചുള്ളിക്കമ്പുകളും വച്ച് കൂടുകൂട്ടുന്നത്, ആ കൂട്ടില്‍വച്ച് ചെമ്പുനാണയം സ്വര്‍ണമാക്കുന്നത,് അപകടത്തില്‍പ്പെട്ട കുഞ്ഞുങ്ങളുടെ ജീവന്‍ തിരിച്ചുനല്‍കുന്നത് തുടങ്ങി മിത്തുകളുടെ ഒരു പരമ്പര എനിക്ക് സമ്മാനിച്ചത് എന്‍റെ വേദനകളെ പ്രതീക്ഷയോടെ നേരിടാനുള്ള കരുത്തും പ്രത്യാശയുമാണ്. ഉതിര്‍മുല്ലയും കാക്കപ്പൂവും നീലപ്പൂക്കളും തെച്ചിപ്പഴവും പകരുന്ന ചിത്രങ്ങളും, മഴയും നിലാവും സൂര്യനും രൂപംനല്‍കുന്ന പ്രണയഭാവങ്ങളും എന്‍റെ ജീവിതത്തിന്‍റെ അച്ചാരമാണ്. എന്‍റെ സ്വത്വബോധത്തിന്‍റെ അടയാളങ്ങള്‍ ഈ പ്രകൃതിയില്‍ വായിച്ചെടുക്കാന്‍, സ്വപ്നം കാണാന്‍ എനിക്കാവുന്നുണ്ട്. അതാണെന്‍റെ അതിജീവനവും പുനര്‍ജനിയും.
വായന, എഴുത്ത് ?
ഷീബ അമീര്‍: എന്‍റെ സ്വകാര്യദുഃഖമാണത് - വായന ഇല്ലാതാകുന്നു, എഴുത്ത് നടക്കുന്നില്ല, ഇതിന് കാരണം കണ്ടുമുട്ടുന്ന സഹജീവികളുടെ വേദനകള്‍ കേട്ടുതീരുന്നില്ല. രാത്രികള്‍ കഴിയാന്‍ കാത്തുനിന്ന് വിളിക്കുന്നവര്‍. രാത്രിവരെയുള്ള പ്രവര്‍ത്തനങ്ങള്‍. ഇവയെനിക്ക് നഷ്ടപ്പെടുത്തുന്നത് വായനയുടെയും എഴുത്തിന്‍റെയും സുഗന്ധം. പക്ഷേ, മറ്റൊരര്‍ത്ഥത്തില്‍ എന്‍റെ കാര്യത്തില്‍ ഞാന്‍ മനുഷ്യനെ വായിക്കുന്നു. എന്നെ എഴുതുന്നു എന്ന പ്രക്രിയ നടക്കുന്നുണ്ട്.
ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികള്‍ ?
ഷീബ അമീര്‍: എന്‍റെ വാപ്പതന്നെ (ജ്വാല മാസികയുടെ എഡിറ്ററായിരുന്ന പി. കെ. എ. റഹീം). ഒപ്പം വാപ്പയുടെയും എന്‍റെയും സുഹൃത്തുക്കള്‍, വി.ടി. ഭട്ടതിരിപ്പാട്, കെ.പി. നാരായണപിഷാരടി, ഇടശ്ശേരി, മുണ്ടശ്ശേരി മാഷ്, ശ്രീകണ്ഠന്‍നായര്‍, ഗോവിന്ദന്‍... തുടങ്ങിയവര്‍
മറ്റുള്ളവരില്‍ ഇഷ്ടപ്പെടാത്ത വ്യക്തി വിശേഷങ്ങള്‍ ?
ഷീബ അമീര്‍: പൊയ്മുഖങ്ങള്‍, സത്യസന്ധത ബന്ധങ്ങളില്‍ ഇല്ലാത്താത്, മതത്തെ ബിംബവത്കരിച്ച് കറുപ്പാക്കിമാറ്റുന്ന അവസ്ഥകള്‍, 'നമ്മുടേതെന്ന്' പറയാനാവാതെ 'എന്‍റേതെന്ന്' മാത്രം പറയുന്ന ലോകവും സാമൂഹികക്രമവും.
ഇന്ന് കേരള സ്ത്രീത്വം നേരിടുന്ന വെല്ലുലിളികള്‍ ?
ഷീബ അമീര്‍: സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കെല്പ്പുള്ള സ്ത്രീകള്‍പ്പോലും പൈങ്കിളി സീരിയലുകളുടെയും സ്വര്‍ണവസ്ത്രവ്യാപാര പരസ്യങ്ങളുടെയും ഇരയായി മാറുന്നത് എന്നെ വേദനിപ്പിക്കുന്നു. സ്ത്രീ സ്വന്തം കരുത്തിനെ തിരിച്ചറിയണം. അവള്‍ക്ക് സംവരണമോ, സംരക്ഷണമോ വേണ്ടാത്ത ഉണര്‍വിലേക്ക് വന്നെത്തണം. സമൂഹത്തിന്‍റെ ബലഹീനതകളെ ഭയന്ന് ഏര്‍പ്പെടുത്തുന്ന സംരക്ഷണങ്ങള്‍ ഒന്നോ രണ്ടോ പേര്‍ക്കേ പ്രായോഗികമാകൂ. ഇതിന് ചെയ്യാവുന്നത് സ്ത്രീയെ സംരക്ഷിക്കുന്നതിനും അപ്പുറം സമൂഹത്തിന്‍റെ രോഗാവസ്ഥയെ ചികിത്സിക്കുക എന്നതാണ്.
സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ നേരിടുന്ന വെല്ലുവിളി ?
ഷീബ അമീര്‍: ഒരു പക്ഷേ വെല്ലുവിളി അല്ലെങ്കിലും എന്നെയും SOLACEനേയും വെറുമൊരു കാരുണ്യ പ്രവര്‍ത്തക, ചാരിറ്റി സ്ഥാപനം എന്ന ലേബലിലേക്ക് ചുരുക്കുന്നത് ഒരു കുറവായിത്തോന്നുന്നു. ഇവിടെ ഞാന്‍ എന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചില കടമകള്‍ നിര്‍വ്വഹിക്കുന്നു എന്നുമാത്രം, ഈ കാരുണ്യം എന്‍റെ കടമയാണ്. ഞാന്‍ ഇതുമാത്രമല്ല, അതിലുപരി സ്വപ്നം കാണുന്ന, സൂര്യനേയും നിലാവിനേയും പ്രണയിക്കുന്ന ഭൂമുഖത്തെ സ്നേഹസാഗരങ്ങളൊക്കെയും എന്‍റെ ചുറ്റിലുമുള്ളവരെ അനുഭവിപ്പിക്കാനാഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. സ്വന്തം മകളുടെ വേദനയെ - കുടുംബത്തിന്‍റെ ദുഃഖങ്ങളെ മറ്റുള്ളവരുടെ ദുഃഖത്തോടൊപ്പം ചേര്‍ത്തുവെച്ചു എന്നുമാത്രം. എന്നെ ഞാനായി കാണാതെ പോകുന്നത് ഒരു വെല്ലുവിളിതന്നെയാണെന്ന് നിസ്സംശയം പറയാം.
ഷിബാ അമീറിന്‍റെ കുടുംബത്തെപ്പറ്റി പറയാമോ ?
ഷീബാ: ഭര്‍ത്താവ് അമീര്‍അലി ഇപ്പോള്‍ എന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായ പിന്തുണ നല്‍കുന്നു. ഖത്തറില്‍ മറൈന്‍ബയോളജിസ്റ്റാണ്. മകന്‍ നിഖില്‍ അമീര്‍, ഭാര്യ രഹന. മകള്‍ നിലൂഫ അമീര്‍ (28 വയസായി, കഴിഞ്ഞ 13 വര്‍ഷമായി) അര്‍ബുദരോഗത്തോട് പൊരുതിക്കൊണ്ട് ജീവിതത്തെ പോസിറ്റീവായി കാണുന്നു. അതോടൊപ്പം ഗാനാലാപനം, പഠനം എന്നിവ തുടരുന്നു.
SOLACE ആറുവര്‍ഷം പിന്നിട്ടിട്ടും ഇതിന്‍റെ ഭാവി ഷീബാഅമീറിനോടുകൂടി കഴിയുമോ അതോ മുന്നോട്ട് പോകുമോ ?
ഷീബ: ഞാന്‍ ഒരു ചെടി നട്ടു. പക്ഷേ ആ ചെടിക്ക് വെള്ളവും വളവും നല്കിയത് ഈ സമൂഹമാണ്. അതിനാല്‍ SOLACE സമൂഹത്തിന്‍റെ ആവശ്യമാണ്. ഇനി ഇത് ഒരു വന്‍പ്രസ്ഥാനമായി വളര്‍ന്നുകാണണമെന്ന് എനിക്ക് ആഗ്രഹം ഇല്ല. ഇതൊരു പരിശ്രമമാണ്. സമൂഹത്തിന്‍റെ കനിവിനെ, പാരസ്പര്യത്തെ, പരസ്പരം ഉണര്‍ത്തുന്ന ആര്‍ദ്രതയുടെ ഒരു കൂടാരമാക്കി മാറ്റാനുള്ള ശ്രമം. ഇപ്പോള്‍ത്തന്നെ എറണാകുളത്ത് SOLACEന്‍റെ മറ്റൊരു ശാഖ മുളപൊട്ടുന്നു. ഇതിന്‍റെ നിസ്വാര്‍ത്ഥരായ വോളന്‍റിയേഴ്സും സ്നേഹിതരുമാണ് തുടരാനുള്ള ഊര്‍ജ്ജം. നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും അപ്പുറം കനിവിനും ആര്‍ദ്രതയിലുമാണ് അടിസ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നത്.
നിയമങ്ങളും ചട്ടക്കൂടുകളും ഏതൊരു പ്രസ്ഥാനത്തിനും ആവശ്യമല്ലേ? ഇനിയീ ചട്ടക്കൂട്ടുകള്‍ക്ക് കനിവിനേയും സ്നേഹത്തെയും എത്രമാത്രം ഉള്‍ക്കൊള്ളാനാവും ?
ഷീബാ: SOLACEന് നിയമങ്ങളും ചട്ടക്കുടുകളും ഇല്ലെന്നല്ല, അത് നിയമത്തിനും അപ്പുറം സ്നേഹത്തിൻറെ flexibility ആവശ്യപ്പെടുന്നു. ചില സാഹചര്യങ്ങളിലെങ്കിലും നിയമത്തിനും അതീതമായ കനിവ് കാട്ടേണ്ടിവരും. ഇപ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത് പഴയൊരു സിനിമാഗാനത്തിന്‍റെ ഈരടികളാണ്.
'കാതല്‍ ഇരുന്താല്‍ എന്തൈന്‍ കണ്ണോട് കലൈന്ത് വിട്,
കാലം തടുത്താല്‍ എന്നൈയ് മണ്ണോടു കലയ്ന്തുവിട്..
സ്നേഹമുണ്ടെങ്കില്‍ എന്നെ നിന്‍റെ കണ്ണുകളോട് ചേര്‍ക്കുക
എന്നീ സ്നേഹം വഴിമുട്ടുന്നുവോ അന്നെന്നെ മണ്ണിലേക്ക് തിരികെ ചേര്‍ക്കുക'.
സ്നേഹവും കനിവും ഇല്ലാത്ത നിയമങ്ങളുടെ നിയന്ത്രണം മാത്രമുള്ള SOLACE ഞങ്ങളുടെ സ്വപ്നം അല്ല. അഥവാ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അന്നീ പ്രസ്ഥാനം ഇല്ലാതാവാണം എന്നതാണെന്‍റെ പ്രാര്‍ത്ഥന. നിയമവും സ്നേഹവും അത്രമാത്രം balanced ആയി പോകണം. കേരളത്തിലെ മുഴുവന്‍ കുട്ടികളേയും SOLACEന്‍റെ കീഴില്‍ കൊണ്ടുവരണമെന്നോ, വന്‍പ്രസ്ഥാനം രൂപപ്പെടുത്തണമെന്നോ ഇല്ല.
അവസാനമായി ഷീബാ അമീര്‍ എന്ന എഴുത്തുകാരിയിലേക്ക് വരാം. നിങ്ങളുടെ രചനകളുടെ അടിസ്ഥാനം പ്രകൃതിയും ജീവകാരുണ്യവും പ്രണയവും സ്വപ്നങ്ങളുമാണ്. ഈ രചനകളില്‍ പലയിടത്തും വളരെ ശക്തമായി 'സൂര്യന്‍' കടന്നുവരുന്നുണ്ട്, ഒന്നു വിശദീകരിക്കാമോ ?
ഷീബാ: സൂര്യനോട് എനിക്ക് ഭയങ്കര പ്രണയമാണ്, സൂര്യകാന്തിയെ കടന്നുപോയ പ്രണയം. ഞാന്‍ രാവിലെ ഉണരുന്നതും സൂര്യന്‍ രാവിലെ ഉദിക്കുന്നതും പരസ്പരം കാണാമെന്ന പ്രതീക്ഷയിലാണ്. സൂര്യനെ നോക്കിക്കഴിഞ്ഞാല്‍പ്പിന്നെ മറ്റൊന്നും കാണാന്‍ പറ്റാത്ത അവസ്ഥ. അതിലേക്ക് എനിക്കെത്താന്‍ പറ്റില്ലതാനും. ഒരു asthetic distance അഥവാ സൗന്ദര്യാത്മകദൂരം ഞാന്‍ സൂര്യനുമായി കാത്തുസൂക്ഷിക്കുമ്പോള്‍ എന്‍റെ ജീവിതത്തിന്‍റെ ഇരുളിലേക്ക് തന്‍റെ സ്നേഹത്തെ പൊഴിക്കാന്‍ നിലാവെളിച്ചമായി അവന്‍ മാറുന്നു. അതാണെന്‍റെ ആശ്വാസം.
കുറേ വ്യക്തമായ നിലപാടുകളുള്ള ഈ കൊച്ചു സ്ത്രീ ഒരു നിലാവെട്ടമാണ്. ഒന്നിയേും പൊള്ളിക്കാതെ സൗമ്യമായി പ്രണയത്തിന്‍റെ ഊര്‍ജ്ജം സമസ്തജീവികളിലും ഭൂമുഖം മുഴുവനിലും പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്നവള്‍. ഷീബാ അമീര്‍ കണ്ടുമുട്ടുന്ന മാറാരോഗത്തിന് അടിമയായ ഓരോ കൊച്ചുകുട്ടിയും ഒരു പഴയ 'ചൈനീസ് പഴമൊഴി'യെ ഓര്‍പ്പിക്കുന്നു.
an invisible thread connects those who are destined to meet,
regardless of time , place, and circumstance.
The thread may strech or tangle. but it will never break"..
അതെ, ചിലരങ്ങനെയാണ്, നിയോഗംപോലെ, നീലക്കൊടുവേലിയുമായി, പറന്നെത്തുന്ന ചകോരത്തെപ്പോലെ, ഒരു മാലാഖയായി കുഞ്ഞുങ്ങളിലേക്ക് എത്തുന്നവര്‍... തീര്‍ച്ചയായും നക്ഷത്രങ്ങളെക്കാള്‍ ദീപ്തമായ വഴികാട്ടികള്‍.
(ഷീബാ അമീറിന്‍റെ രണ്ടുപുസ്തകങ്ങള്‍ - ആഴത്തില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍, നടന്നുപോയവള്‍ - കറന്‍റ് ബുക്സ്, തൃശൂര്‍).