
ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം
Oct 2, 2022
2 min read

നാം ജീവിക്കുന്ന കാലഘട്ടം അസ്സീസിയിലെ ഫ്രാന്‍സിസിനെ പല നിലകളിലും ആവശ്യപ്പെടുന്നു. കലാപങ്ങളും ക്രൂരതകളും മൃഗീയതകളും നിറഞ്ഞ ഈ കാലത്തിന് ശമനം നല്‍കുവാന്‍ കഴിയുക പുണ്യപുരുഷന്മാരുടെ സ്മരണകള്‍ക്കു മാത്രമാണ്. സാന്ത്വനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശം ലോകത്തിനു നല്കിയെന്നതിനാല്‍ത്തന്നെ അസ്സീസിയിലെ പുണ്യവാളന്‍റെ ഓര്‍മ്മ മുറിവേറ്റ കാലത്തിന് അത്യന്തം അനിവാര്യമത്രേ.
ഏറ്റം വിശിഷ്ടമത്രെ സാന്ത്വനമെന്ന പദം. തന്‍റെ ഏറ്റവും വിശിഷ്ടമായ കവിതയില്‍ വാള്‍ട്ട് വിറ്റ്മാന്‍ പ്രാര്‍ത്ഥിക്കുക, തന്നിലൂടെ "ദുഃഖിതരുടെ, പാപികളുടെ, തടവറയില്‍ കഴിയുന്നവരുടെ, രോഗികളു ടെ ശബ്ദം" ഉയരട്ടെ എന്നാണ്. പിന്നീട് 'രോഗികളുടെ' എന്നതിനൊപ്പം 'കുഷ്ഠരോഗികളുടെ ശബ്ദം' എന്നദ്ദേഹം പ്രത്യേകം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമൂഹമൊന്നടങ്കം ബഹിഷ്കരിച്ചിരുന്ന പാപികളെന്നു മുദ്രകുത്തി ഭ്രഷ്ട് കല്പിച്ചിരുന്ന കുഷ്ഠരോഗികളില്‍ ഈശ്വരനെ കാണുകയും അവരെ ആശ്ലേഷിക്കുകയും ചുംബിക്കുകയും അതുവഴി അവരുടെ മനുഷ്യപദവിയും അവരിലെ ഈശ്വരമഹത്വവും വിളംബരം ചെയ്യുകയും ചെയ്ത അസ്സീസിയിലെ പുണ്യവാളനെയാണ് വാള്‍ട്ട് വിറ്റ്മാന്‍റെ കവിത അത് വായിക്കുമ്പോഴൊക്കെയും എന്നെ ഓര്‍മ്മിപ്പിക്കുന്നത്.
