

എല്ലാ മതങ്ങളിലും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും എന്നുതോന്നുന്നു. വിശ്വാസമില്ലാത്തവരുടെയും മതം ഉപേക്ഷിച്ചവരുടെയും കാര്യമല്ല പറയുന്നത്. ('വിശ്വാസം ഉപേക്ഷിച്ചവർ' എന്ന് ചിലർ ഉപയോഗിക്കാറുണ്ട്. ആ പ്രയോഗം ശരിയാണെന്ന് തോന്നുന്നില്ല. ആർക്കെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മതമായിരിക്കണം അവർ ഉപേക്ഷിച്ചത്. അങ്ങനെയുള്ളവർക്ക് ഒരിക്കലും വിശ്വാസം ഉണ്ടായിരുന്നിരിക്കില്ല!).
ആത്മീയനേതൃത്വത്തെക്കുറിച്ചാണ് പറയാൻ ആലോചിച്ചത്. കത്തോലിക്കാ സഭയിൽ ഞാൻ കണ്ടിടത്തോളം - സന്ന്യസ്തരായാലും വൈദികരായാലും അല്മായരായാലും, വിശ്വാസം ഉണ്ടെന്ന് കരുതപ്പെടുന്നവർക്ക് എല്ലാവർക്കും വിശ്വാസം ഉണ്ടാവണമെന്നില്ല. പലർക്കും വിശ്വാസമെന്നാൽ ചില അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും മാമൂലുകളുമാണ്. അതിനപ്പുറത്തേക്ക് അവർ പോയിട്ടില്ല. ചിലർക്ക് ബൗദ്ധികമായ കുറേ ബോധ്യങ്ങളുണ്ട്. ബൗദ്ധികമായ ബോധ്യങ്ങൾ പോലും അവരെ മെച്ചപ്പെട്ട വിശ്വാസികളാക്കുന്നില്ല. ഉൾക്കാഴ്ചകളുള്ള മനുഷ്യരുണ്ട്. അവർക്ക് ദൈവം ഒരു അവബോധമാണ്. പക്ഷേ, വിശ്വാസത്തെ അധികരിച്ച് പറഞ്ഞാൽ അവരും ഏറെയൊന്നും മുന്നോട്ട് പോയിട്ടുള്ളവരല്ല. അവബോധത്തിൻ്റെ തലത്തിലോ ബൗദ്ധികമായോ വിശ്വാസം ഉള്ളവർക്ക് പ്രീച്ചേഴ്സ് ആവാനും ധ്യാന പ്രസംഗകരാകാനും എഴുത്തുകാരാകാനും സോഷ്യൽ മീഡിയയിൽ കോൺടൻ്റ് ക്രിയേറ്റഴ്സ് ആകാനും കഴിയും. എന്നാൽ, ദൈവവുമായി പ്രണയത്തിലായവർ എന്ന് പറയുന്നത് മേല്പറഞ്ഞതൊന്നുമല്ല. ക്രിസ്തു പത്രോസിനോട് ആവർത്തിച്ച് ചോദിക്കുന്നത് അതാണ്. "ഇവരെ(യെ)ക്കാളധികമായി നീ എന്നെ സ്നേഹിക്കുന്നുവോ?". മറ്റുള്ള എല്ലാറ്റിനെയുംകാൾ അധികമായ സ്നേഹമാണ് പ്രണയത്തിലാവുക എന്നത്. To fall in love with God! അത് ഏറ്റവും വിരളമാണ്.
പ്രാർത്ഥന നയിക്കുമ്പോഴും പാട്ടു പാടുമ്പോഴും ബലിയർപ്പിക്കുമ്പോഴും ദൈവവുമായി പ്രണയത്തിലാണ് എന്ന വിധത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടില്ല. അസ്തിത്വം മൊത്തത്തിൽ അവിടേക്ക് എത്തിക്കുന്നത് അത്ര എളുപ്പമല്ല. ഇസ്രയേലിൻ്റെ ഷേമായും അതുതന്നെയാണല്ലോ ആവശ്യപ്പെടുന്നത്. "നീ നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും സർവ്വശക്തിയോടും കൂടി സ്നേഹിക്കുക".
സമ്മതിക്കാം. നാമൊന്നും അവിടെ എത്തിയിട്ടില്ലെന്ന്. ചുരുക്കം ചില വിശുദ്ധർ മാത്രമേ അങ്ങനെ സ്നേഹിച്ചിട്ടുള്ളതായി കാണുന്നുള്ളൂവെന്ന്!






















