top of page

ഗെയിം

Oct 1, 2015

2 min read

Assisi Magazine
Couple holding hands.

ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപിക ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആലസ്യത്തോടെ ക്ലാസ്സില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളെ ഉന്മേഷരാക്കാന്‍ അദ്ധ്യാപിക പറഞ്ഞു :


"ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ....?"


"എന്ത് ഗെയിം ..?" എല്ലാവരും ആകാംക്ഷ യോടെ ചോദിച്ചു...!!


"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപിക മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ അടുത്തേക്ക് വിളിച്ചു..!


"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 വ്യക്തികളുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപിക ആവശ്യപ്പെട്ടു...!!


കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.


"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള അഞ്ച് പേരുകള്‍ മായിക്കൂ" അദ്ധ്യാപിക പറഞ്ഞു.


അഞ്ച് സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.


"ഇനി ഇതില്‍നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍കൂടി മായിക്കൂ..!!!" അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.


ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കുന്നതുവരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....!!!!


അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്‍റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലേക്കും പകര്‍ന്നു....!!!!


"ഇനി ഇതില്‍നിന്ന് രണ്ടു പേരുകള്‍കൂടി മായിക്കൂ" അദ്ധ്യാപിക പറഞ്ഞു


ഏറെനേരത്തെ ആലോചനക്കുശേഷം കാര്‍ത്തിക മനസ്സില്ലാമനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു....!!!!


"ഇനി ഇതില്‍ നിന്ന് ഒരു പേര് കൂടി മായിക്കൂ."


വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപിക സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...!!


ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപിക അവളോടു ചോദിച്ചു :


"ജന്മം നല്‍കിയ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചുകളഞ്ഞു ..?"


"നീ തന്നെ ജന്മം നല്‍കിയ, ജീവന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു...?"


"ഈ നാലുപേരില്‍ മാതാപിതാക്കള്‍ക്കും മകനും പകരമാവാന്‍ ഒരിക്കലും വേറെ ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാദ്ധ്യവുമാണ്. എന്നിട്ടും എന്തുകൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു?"


ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !!!!!


എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തു. കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു :


"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും. അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടുപോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ അവസാനം എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."

ഒരുനിമിഷത്തെ നിശബ്ദതക്കുശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റുനിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു!

Featured Posts

Recent Posts

bottom of page