

എന്ത് കൊലചതിയാണ് ഫ്രാന്‍സിസ്കോ അങ്ങ് ചെയ്തത്?
എല്ലാം കുട്ടിച്ചോറാക്കിയിട്ട് ഒന്നുമറിയാത്തതുപോലെ സ്ഥലം വിട്ടിരിക്കുന്നു. അങ്ങ് എന്താ തുടങ്ങി വച്ചതെന്ന് അങ്ങേക്കറിയുമോ? അങ്ങ് കൊളുത്തിയ അഗ്നിയുടെ തീക്ഷ്ണത അങ്ങേക്കറിയുമോ?
അങ്ങു കടന്നു വരും വരെ എന്‍റെ വിശ്വാസ ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. പന്ത്രണ്ടു വര്‍ഷം മുന്‍പ് ഒരു വെള്ളക്കുപ്പായവും ധരിച്ച് ഫ്രാ ന്സിസ്കോ എന്ന പേരും എടുത്ത് അങ്ങ് വരുന്നതുവരെ. ഇന്നിപ്പം എല്ലായിടത്തും ആ പേരേ കേള്‍ക്കാനുള്ളു. 'ഫ്രാന്‍സിസ്കോ, പുറമ്പോക്കുകാരുടെ മാര്‍പാപ്പ'.
അങ്ങ് എന്താണീ ചെയ്തത് ഫ്രാന്‍സിസ്കോ?
സ്വസ്ഥനായ ക്രിസ്ത്യാനി ആയിരുന്നു ഞാന്‍. ഞായറാഴ്ചകളില്‍ മുടങ്ങാതെ പള്ളിയില്‍ പോകുന്ന, കൊന്തയും കുരിശുരൂപവും ധരിക്കുന്ന ക്രിസ്ത്യാനി. പ്രാര്‍ത്ഥനയിലെ ക്രിസ്ത്യാനി. ആ സൗകര്യത്തില്‍ നിന്ന്, ആ സുഖ ശീതളിമയില്‍ നിന്ന് പുറത്തുവരാന്‍ അങ്ങ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ജീവിക്കുന്ന ക്രിസ്ത്യാനി അല്ലെന്ന് അങ്ങ് പറഞ്ഞു.
അങ്ങ് എന്താണ് എന്നോട് ചെയ്തത് ഫ്രാന്‍സിസ്കോ?
അങ്ങ് എന്‍റെ സമാധാനം കെടുത്തി. സൗകര്യപൂര്‍വം ഞാന്‍ സൃഷ്ടിച്ച ശാന്തത അങ്ങ് തകര്‍ത്തു. ഞാന്‍ മാത്രമല്ല , ആയിരക്കണക്കിന് പേര്‍ ഇപ്പോള്‍ ചോദിക്കുന്നു, ഞങ്ങള്‍ ശരിക്കും കത്തോലിക്കരായി ജീവിക്കുകയായിരുന്നോ അതോ കുറ്റബോധത്തില്‍ നിന്ന് രക്ഷപെടാന്‍ എന്തൊക്കെയോ ചെയ്തു കൂട്ടുകയായിരുന്നോ എന്ന്.
ലോകത്തെ നോക്കിക്കാണാന്‍ അങ്ങ് എന്നോട് ആവശ്യപ്പെട്ടു. എന്‍റെ സങ്കല്‍പ്പലോകത്തെയല്ല. ഞാന്‍ സൃഷ്ടിച്ച കുമിളയെയല്ല. യഥാര്‍ത്ഥ ലോകത്തെ. ലോകത്തിന്‍റെ യാഥാര്ത്ഥ്യത് തെ. അതിനെ അറിയാന്‍, അനുഭവിക്കാന്‍, പ്രതികരിക്കാന്‍.
ഫ്രാന്‍സിസ്കോ അങ്ങ് എന്താണീ ചെയ്തത്? ആതുരരെ, പാപികള്‍ എന്ന് വിളിക്കപ്പെട്ടവരെ, ആലിംഗനം ചെയ്യുക മാത്രമല്ല അങ്ങ് ചെയ്തത്. അവരുടെ കണ്ണുകളില്‍ നോക്കി, അവരെ തൊടാന്‍ അങ്ങ് മടിച്ചില്ല. സ്നേഹിക്കാന്‍ മടിച്ചില്ല. അവര്‍ക്ക് അവരുടെ അന്തസ് അങ്ങ് മടക്കി നല്‍കി.
വീടില്ലാത്തവര്‍ക്കൊപ്പമായിരുന്നു അങ്ങ്. അവരെ അങ്ങ് അങ്ങയുടെ വിരുന്നു മേശയിലേക്ക് വിളിച്ചു. അങ്ങ് അവര്‍ക്ക് വീടിന്‍റെ സുരക്ഷിതത്വം നല്‍കി. എന്നിട്ടോ, എന്നോടും അത് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഏതാനും നാണയങ്ങള്‍ എറിഞ്ഞു കൊടുത്തതുകൊണ്ടായില്ല. അവര്ക ്ക് പുഞ്ചിരി നല്‍കണം. അവരോട് സംസാരിക്കണം. അവരെ ശുശ്രൂഷിക്കണം.
ഫ്രാന്‍സിസ്കോ എന്താണ് അങ്ങ് ചെയ്തത്?
അങ്ങ് തടവറകളില്‍ പോയി. അഭയാര്‍ത്ഥികളുടെ ക്യാമ്പുകളില്‍ പോയി. അവരുടെ പാദങ്ങള്‍ കഴുകി. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് അങ്ങ് ചോദിച്ചില്ല . അവരുടെ മതമേതെന്ന് ആരാഞ്ഞില്ല. അവര്‍ മുസ്ലീമോ ഹിന്ദുവോ മതമില്ലാത്തവരോ ആയിരുന്നാലും അങ്ങ് അത് കാര്യമാക്കിയില്ല. അവരെല്ലാം അങ്ങേക്ക് ദൈവമക്കളായിരുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ പ്രതിരൂപങ്ങളായിരുന്നു. ഇന്ന് അഭയാര്‍ത്ഥികള്‍ കപ്പലിറങ്ങുന്ന തുറമുഖങ്ങളില്‍ അവരടിഞ്ഞു കൂടുന്ന തെരുവുകളില്‍ ഞാനെന്‍റെ സഹോദ രരെ തെരയുന്നു. എന്‍റെ വാഹനത്തിന്‍റെയും ഹൃദയത്തിന്‍റെയും വാതില്‍ അവര്‍ക്കായി തുറക്കുന്നു. അവര്‍ക്ക് സ്വാഗതമരുളുന്നു. അവരെ ഊട്ടുന്നു. അവര്‍ അനാഥരല്ലെന്ന്, അവര്‍ക്ക് ഉടപ്പിറന്നവരുണ്ടെന്ന് അവരെ അറിയിക്കുന്നു.
ഫ്രാന്‍സിസ്കോ അങ്ങ് എന്താണീ ചെയ്തത്?

തമ്മില്‍ ശത്രുക്കളായ ആഫ്രിക്കന്‍ നേതാക്കളുടെ കാല്‍ക്കല്‍ വീണ് അങ്ങ് ചുംബിച്ചു. പരസ്പരം പൊറുക്കാനും സമാധാനത്തില്‍ ജീവിക്കാനും യാചിച്ചു. യുദ്ധമവസാനിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് അങ്ങയുടെ ശവംസ്കാരത്തിന് ശേഷം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഒത്തുചേരാന്‍ ലോക നേതാക്കളെ പ്രേരിപ്പിച്ച് മരണശേഷവും അങ്ങ് അത്ഭുതം പ്രവര്‍ത്തിച്ചു. അപ്പോള്‍ പ്രഭോ, എനിക്കെങ്ങ ിനെ എന്‍റെ ശത്രുവിനെ വെറുക്കാനാകും? അകറ്റി നിര്‍ത്തിയവര്‍ക്കു നേരേ ആദ്യ ചുവട് എനിക്കെങ്ങിനെ വയ്ക്കാതിരിക്കാനാകും? എന്‍റെ അഹന്ത ഉപേക്ഷിക്കാന്‍ അങ്ങ് എന്തിനെന്നെ നിര്‍ബന്ധിച്ചു? പത്തി മടക്കാന്‍, പൊറുതി തേടാന്‍ എന്തിനെന്നെ പ്രേരിപ്പിച്ചു?
ഫ്രാന്‍സിസ്കോ എന്തിന് അങ്ങ് ഇത് ചെയ്തു?
ദൈവത്തിന്‍റെ പേര് നീതി എന്നാണെന്ന് ഞാന്‍ ധരിച്ചിരിക്കെ 'കരുണയാണ് ദൈവനാമം' എന്നൊരു പുസ്തകം അങ്ങ് എഴുതി . വ്യത്യസ്ത ജീവിതങ്ങളെ അഭിമുഖീകരിക്കാന്‍, വ്യത്യസ്തമായ ആഭിമുഖ്യങ്ങളാല്‍ പരിഹസിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍, 'പാപി' കളെന്ന് മുദ്രകുത്തപ്പെട്ടവരെ ആശ്ലേഷിക്കാന്‍, അങ്ങ് അതിനാല്‍ മടിച്ചില്ല. ആ 'പരസ്യ പാപികള്‍' ക്കായി അങ്ങ് സഭയുടെ വാതിലും അങ്ങയുടെ ഹൃദയവും തുറന്നു കൊടുത്തു. സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, വേശ്യകള്‍ ! അങ്ങ് എന്താണീ ചെയ്തു കൂട്ടിയത് ഫ്രാന്‍സിസ്കോ ? അല്ല അങ്ങ് ആരാന്നാ അങ്ങയുടെ വിചാരം ? അത് എനിക്ക് എത്ര വലിയ പ്രഹരമെന്ന് അങ്ങയ്ക്ക് അറിയുമായിരുന്നോ? അവരുടെ പാപം പരസ്യമാണെങ്കില്‍ എന്‍റെ പാപം ഒളിപ്പിച്ച് വച്ച് ഞാന്‍ സ്വയവും മറ്റുള്ളവരെയും കബളിപ്പിക്കുകയാണെന്ന് അങ്ങെന്നെ ഓര്‍മ്മപ്പെടുത്തി. 'പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ' എന്ന യേശു വചനം എനിക്ക് നേരേയാണ് വിരല്‍ ചൂണ്ടുന്നതെന്ന് അങ്ങെന്നെ താക്കീതു ചെയ്തു.
ഫ്രാന്‍സിസ് അങ്ങ് എന്തിനിത് ചെയ്തു?
അങ്ങ് കുട്ടികളെ കളിപ്പിച്ചു. അങ്ങയുടെ സദസില്‍ അത് അസ്വസ്ഥതയ്ക്ക് കാരണമായത് അങ്ങ് വകവെച്ചില്ല . അങ്ങ് കുട്ടികളെ ഗോഷ്ഠി കാട്ടി ചിരിപ്പിച്ചു. അങ്ങയുടെ കൂടെയുള്ള മുതിര്‍ന്നവര്‍ അസ്വസ്ഥതയോടെ ദുര്‍ബലമായി ചിരിച്ചെന്ന് വരുത്തിയത് അങ്ങ് ശ്രദ്ധിച്ചില്ല. ആഘോഷങ്ങളില്‍ കുട്ടികളെ നിയന്ത്രിക്കാത്ത മാതാപിതാക്കളെ ഞാന്‍ ഇനി എങ്ങിനെ ശാസിക്കും? പള്ളിയുടെ തറയില്‍ കിടന്ന് കളിക്കുന്ന ആ കൊച്ചു വികൃതിയെ കണ്ട് ഞാനിനി എങ്ങിനെ ദേഷ്യം പിടിക്കും? എന്തൊരു ദുരവസ്ഥയാണിത് ഫ്രാന്‍സിസ്കോ? എന്തൊരു ദുരവസ്ഥ..
ഫ്രാന്‍സിസ്കോ അങ്ങ് എന്താണീ ചെയ്തത്?
സൗന്ദര്യവും ശരീരവും ആര്‍ഭാടവും കഴിവും പ്രദര്‍ശിപ്പിച്ച് സെലിബ്രിറ്റികളും കായിക താരങ്ങളും കലാകാരന്മാരും ഇന്‍ഫ്ളുവന്‍സര്‍മാരും ആയിരങ്ങളെ ആകര്‍ഷിക്കുമ്പോള്‍ വീല്‍ചെയറിലിരിക്കുന്ന അങ്ങയെ കാണാന്‍ ഫിലിപ്പെന്‍സില്‍ തടിച്ചു കൂടിയ 70 ലക്ഷത്തോളം ആളുകളോടും ലിസ്ബണില്‍ ഒത്തുചേര്‍ന്ന പതിനഞ്ചു ലക്ഷത്തിലേറെ യുവജനങ്ങളോടും അങ്ങയെ ആരാധിക്കുകയും അനുകരിക്കുകയും ചെയ്യരുതെന്ന് അങ്ങ് പറഞ്ഞതെന്തിന്? അധികാരവും ആദരവും മഹത്വവും ഒരാള്‍ക്കു മാത്രമെന്നും അനുകരണീയന്‍ ഒരാള്‍ മാത്രമെന്നും അങ്ങ് പറഞ്ഞതെന്തിന്? അവിടുത്തെ വൈദികനായി അങ്ങയെ തിരഞ്ഞെടുത്തത് അവനാണെന്ന് അങ്ങ് ചൂണ്ടിക്കാണിച്ചതെന്തിന് ?
ഫ്രാന്‍സിസ്കോ അങ്ങ് എന്തിനിത് ചെയ്തു?
88 വയസു വരെ അങ്ങ് ജോലി ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിന്‍റെ ഒടുവിലത്തെ ദിനം വരെ. വിശ്രമിക്കാന്‍, അവധിയെടുക്കാന്‍, ആരോഗ്യം ശ്രദ്ധിക്കാന്‍, ജീവിതം ശ്രദ്ധിക്കാന്‍ പറഞ്ഞവരെ അങ്ങ് വകവെച്ചില്ല . അങ്ങയുടെ ദൗത്യം അവര്‍ അറിഞ്ഞില്ല. അങ്ങയുടെ ഗുരുവിനെ പോലെ അങ്ങും അവസാന ശ്വാസം വരെ കീഴടങ്ങിയില്ല. വിട്ടുകൊടുത്തില്ല. ദൈവവേലയില്‍ പെന്‍ഷനും പെന്‍ഷന്‍ പ്ലാനുമില്ലെന്ന് അവിടുന്ന് എന്നെ പഠിപ്പിച്ചു. ദൈവരാജ്യത്തിലെ പാവം വേലക്കാര്‍ മാത്രമാണ് നാം എന്നറിയാനുള്ള അവകാശം മാത്രമാണ് ഏക പ്രതിഫലം എന്നും.
ഫ്രാന്‍സിസ്കോ അങ്ങ് എന്തിനിത് ചെയ്തു.?
കവര്‍സ്റ്റോറി, എന്തിനിത് ചെയ്തു ഫ്രാന്‍സിസ്കോ?,
ബ്ര. എസ്. ആരോക്യരാജ് OFS,
അസ്സീസി മാസിക ജൂണ്‍ 2025





















