top of page
'അമേരിക്കന്‍ ഐക്യനാടുകളുടെ വളരെയേറെ പ്രദേശങ്ങളില്‍ ഇപ്പോള്‍ വസന്തത്തിന്‍റെ വരവ് പക്ഷികളുടെ തിരിച്ചുവരവിന്‍റെ അകമ്പടിയില്ലാതെയാണ്. ഒരിക്കല്‍ പക്ഷികളുടെ കൂജനങ്ങള്‍ക്കൊണ്ടു നിറഞ്ഞിരുന്ന ഉഷസ്സുകള്‍ ഇന്ന് അസാധാരണമാം വിധം നിശ്ശബ്ദമാണ്... പ്രകൃതിവ്യവസ്ഥയില്‍ പ്രകൃതിദത്തമായ ഹരിതസസ്യങ്ങള്‍ക്ക് അവയുടേതായ നിര്‍ണ്ണായക സ്ഥാനമുണ്ട്. നാട്ടിന്‍പുറങ്ങളിലെ പാതയോര വേലിച്ചെടികളും തൊടികള്‍ക്കു ചുറ്റുമുള്ള വേലിച്ചെടികളും, ആഹാരവും പുതയും പക്ഷികള്‍ക്ക് ചേക്കേറാനിടവും ചെറുജീവികള്‍ക്ക് ആവാസവ്യവസ്ഥയും പ്രദാനം ചെയ്യുന്നു." -റേച്ചല്‍ കാഴ്സണ്‍
'ജൈവവൈവിധ്യങ്ങളുടെ നഷ്ടം' എന്ന പ്രൊഫ. പി. ജെ. സഞ്ജീവരാജിന്‍റെ ലേഖനത്തിലെ 'ഏകാന്തതയുടെ യുഗം' എന്ന സൂചന (ദ ഹിന്ദു, സെപ്തംബര്‍ 23, 2012) റേച്ചല്‍ കാഴ്സണിന്‍റെ 'നിശ്ശബ്ദ വസന്ത'ത്തിലെ 'ഒരു പക്ഷിയും പാടുന്നുമില്ല' എന്ന 8-ാം അദ്ധ്യായത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജൈവവൈവിധ്യത്തെ ഇല്ലായ്മ ചെയ്തതിന്‍റെ പേരില്‍ 1962-ന് മുന്‍പുതന്നെ അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന 'വികസിത' രാജ്യം ഈ ഏകാന്തത അനുഭവിച്ച് തുടങ്ങിയിരുന്നു. 1962 ലാണ് 'നിശ്ശബ്ദ വസന്തം' ആദ്യം പ്രകാശനം ചെയ്യുന്നത്. 'വികസിത' മനുഷ്യന്‍ പ്രകൃതിയെ മനുഷ്യകേന്ദ്രീകൃതമായി വെട്ടിയൊതുക്കുന്നതുമൂലം തനിക്കുതന്നെ വരുത്തിവെച്ച ഭയാനകമായ ഏകാന്തതയെക്കുറിച്ചാണ് 'നിശ്ശബ്ദ വസന്ത'ത്തിന്‍റെ പ്രതിപാദ്യം.
അലാബാമയില്‍ നിന്നൊരു സ്ത്രീ ഒരു പക്ഷിശാസ്ത്രജ്ഞന് എഴുതിയ കത്തിനെ ഉദ്ധരിച്ചുകൊണ്ട് കാഴ്സണ്‍ ഇങ്ങനെ എഴുതുന്നു: "അരനൂറ്റാണ്ടിലേറെക്കാലമായി ഞങ്ങളുടെയിടം അസ്സലൊരു പക്ഷിസങ്കേതമായിരുന്നു. 'എന്നത്തെക്കാളും കൂടുതല്‍ പക്ഷികളുണ്ടെന്ന്' കഴിഞ്ഞ ജൂലൈയിലാണ് ഞങ്ങളെല്ലാം അഭിപ്രായപ്പെട്ടത്. എന്നാല്‍ ആഗസ്റ്റ് രണ്ടാം വാരത്തോടെ അവയെല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. ഒരു കുഞ്ഞു പിറന്ന എന്‍റെ പ്രിയപ്പെട്ട പെണ്‍കുതിരയെ ലാളിക്കാന്‍ വളരെ നേരത്തെ എഴുന്നേല്ക്കുകയെന്നത് എന്‍റെ ശീലമായിരുന്നു. ഒരൊറ്റ പക്ഷിയുടെ പാട്ടിന്‍റെ നാദവും അപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. അത് വിചിത്രവും ഭയാനകവുമായിരുന്നു. ഞങ്ങളുടെ സമ്പൂര്‍ണ്ണവും സുന്ദരവുമായ ലോകത്തോട് മനുഷ്യന്‍ എന്താണ് ചെയ്തിരിക്കുന്നത്?"
കേരളത്തിലെ എന്‍റെ ഗ്രാമത്തില്‍ നാട്ടുമരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഏക്കറുകണക്കിന് നെല്‍വയലുകളും കരനിലങ്ങളുമുണ്ടായിരുന്നു. അവിടെ കുളക്കോഴികളും തിത്തിരിപ്പക്ഷികളും അരിപ്രാവുകളും കാടകളും പലതരത്തിലുള്ള പാട്ടുകാരന്‍ പക്ഷികളുമുണ്ടായിരുന്നു. കുളക്കോഴികളും തിത്തിരിപ്പക്ഷികളും നീര്‍ത്തടപക്ഷികളാണ്. അവയ്ക്ക് അതിജീവിക്കണമെങ്കില്‍ നെല്‍വയലുകള്‍ കൂടിയേതീരൂ. നെല്‍ക്കൃഷി അന്യം നിന്നതോടെ ഇപ്പോള്‍ കുളക്കോഴികളുടെയും തിത്തിരിപ്പക്ഷികളുടെയും കൂജനം കേള്‍ക്കാനേയില്ല.
കാടകളുടെയും അരിപ്രാവുകളുടെയും ബുള്‍ബുളുകളുടെയും ആവാസവ്യവസ്ഥ കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ വിശാലമായ കരനിലങ്ങളാണ്. ഒരു കാലത്ത് അരിപ്രാവുകളുടെ ചിലമ്പലുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിറഞ്ഞുനിന്നിരുന്നു. ബുള്‍ബുളുകള്‍ വള്ളിപ്പടര്‍പ്പുകളില്‍നിന്നും കുറ്റിക്കാടുകളിലെ കൊച്ചുചെടികളില്‍നിന്നും മരങ്ങളുടെ ചുവട്ടില്‍നിന്നും ചെറുപഴങ്ങള്‍ കൊത്തിപ്പെറുക്കി നടക്കുന്നത് കാണാമായിരുന്നു. കാടകള്‍ ഒരു കുറ്റിക്കാട്ടില്‍നിന്ന് ഗ്രാമവഴികളെ മുറിച്ച് കടന്ന് മറ്റൊരു കുറ്റിക്കാട്ടിലേക്ക് ചാടിനടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. തറയില്‍ കൂടുകൂട്ടുന്ന കുളക്കോഴിയും തിത്തിരിപ്പക്ഷികളും കാടകളും എങ്ങനെയാണ് അവയുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും പാമ്പ്, കീരി, കുറുക്കന്‍ മുതലായ ഹിംസ്രജന്തുക്കളില്‍നിന്ന് സംരക്ഷിക്കുന്നതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
രാത്രികളില്‍ കുറുക്കന്‍റെ ഓരിയിടലും മൂങ്ങകളുടെ മൂളലും എപ്പോഴും കേള്‍ക്കാമായിരുന്നു. ഹിംസ്രജന്തുക്കളുണ്ടായിരുന്നിട്ടും മുട്ടകളും കുഞ്ഞുങ്ങളുമൊക്കെ അതിജീവിക്കുകതന്നെ ചെയ്തു. എന്നാല്‍ അവയുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍റെ പ്രകൃതിവിരുദ്ധമായ കൈകടത്തലിനെ അതിജീവിക്കാന്‍ പക്ഷികള്‍ക്കോ ഈ ഹിംസ്രജന്തുക്കള്‍ക്കുപോലുമോ കഴിഞ്ഞില്ല. ഇന്ന് കുറുക്കന്മാരുടെ ഓരിയിടല്‍ കേള്‍ക്കാനില്ല. മൂങ്ങകളുടെ മൂളിച്ചയില്ല. കുളക്കോഴികളെയോ അരിപ്രാവുകളെയോ തിത്തിരിപ്പക്ഷികളെയോ കാണാനോ കേള്‍ക്കാനോ ഇല്ല. എല്ലാം പോയി... കാടകളും... പാമ്പുകളും... കുറുക്കന്മാരും... ബുള്‍ബുളുകളും... മരങ്ങളും... കുറ്റിക്കാടുകളും... കരിമ്പനകളും... നെല്ലും... നെല്‍വയലുകളുമെല്ലാമെല്ലാം.
കാഞ്ഞിരം, പൊടികണ്ണി, മുണ്ടിപ്പരുക്ക്, പ്ലാച്ചി, മരുത്, ഞാവല്‍, മഞ്ഞപ്പാവുട്ട, കശുമാവ് ഇവയൊക്കെ കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പുവരെ ഞങ്ങളുടെ ചുറ്റുപാടുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന നാട്ടുമരങ്ങളാണ്. ഇവയൊന്നും ഇപ്പോള്‍ കാണാനില്ല. കാരണം അവകൊണ്ടൊന്നും നമുക്ക് 'ഉപയോഗ'മില്ലല്ലോ.
ഈ മരങ്ങളില്‍ ചേക്കേറിയിരുന്ന ചിലപ്പാങ്കാടകള്‍ക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടെന്നിരിക്കലും ഭാഗ്യവശാല്‍ ഇന്നും അവയെ അവിടങ്ങളില്‍ കാണാം. എന്‍റെ ബാല്യകാലത്ത് ഞാന്‍ എല്ലാ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന പക്ഷികളില്‍ ചിലപ്പാങ്കാടകളെ മാത്രമേ ഇന്നും കാണാനുള്ളൂ. (തീര്‍ച്ചയായും കാക്കകള്‍ ഇപ്പോഴുമുണ്ട്). മഞ്ഞക്കിളികളെയും കുറച്ച് ബുള്‍ബുളുകളെയും വായാടിക്കുരുവികളെയും മൈനകളെയും പൊന്‍മാനുകളെയും ചെമ്പോത്തുകളെയും അവിടങ്ങളില്‍ ഇപ്പോഴും കാണാം. അതിന്‍റെ അര്‍ത്ഥം നെല്ലും ധാന്യങ്ങളും ഭക്ഷിക്കുകയും ചേക്കേറാന്‍ വന്‍മരങ്ങളെ ആശ്രയിക്കുകയും ചെയ്തിരുന്ന കിളികളെയാണ് വികസനം കഠിനമായി ക്ഷതമേല്പിച്ചത്.
'നിശ്ശബ്ദവസന്ത'ത്തിന്‍റെ അവസാന ഖണ്ഡികയില്‍ കാഴ്സണ്‍ പറയുന്നതുപോലെ: 'പ്രകൃതിയെ നിയന്ത്രിക്കുക' എന്ന ശൈലി അഹങ്കാരത്തില്‍നിന്ന് ഉദ്ഭൂതമായതും പ്രകൃതി മനുഷ്യന്‍റെ സുഖസൗകര്യത്തിനുള്ളതാണെന്നു ധരിച്ചുവശായ നിയാന്‍ഡര്‍താല്‍ യുഗത്തിലെ ജീവശാസ്ത്രത്തില്‍നിന്നും തത്ത്വശാസ്ത്രത്തില്‍നിന്നും പരുവപ്പെട്ടതുമാണ്.
ഈ വൈകിയ വേളയിലെങ്കിലും 1962-ല്‍ കാഴ്സണ്‍ പറഞ്ഞത് മനസ്സിലാക്കുന്നില്ലെങ്കില്‍, ഇനിയും നമ്മുടെ ജൈവവൈവിധ്യത്തെ നാം സംരക്ഷിക്കുന്നില്ലെങ്കില്‍, വിവേകബുദ്ധിയുള്ള മൃഗങ്ങളായ നമ്മെ കാത്തിരിക്കുന്നത് ദിനോസറുകളുടെ വിധിയാണ് -അത് സര്‍വ്വനാശമാണ്. ദിനോസറുകളുടെ നിലനില്‍പ്പ് പരിസ്ഥിതിയുടെ താളംതെറ്റിക്കാന്‍ തുടങ്ങിയപ്പോഴാണ് അവ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടതെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇതൊരു ഊഹാപോഹമാണോ സത്യമാണോ എന്നറിഞ്ഞുകൂടാ. പക്ഷേ, ഒരു കാര്യം നിസ്സംശയം പറയാം, മനുഷ്യന്‍ ഭൂമിമാതാവിന്‍റെ സംതുലാവസ്ഥയുടെ താളംതെറ്റിച്ചിരുന്നു.