top of page

ഉലയാത്ത വിശ്വാസം

Nov 1, 2011

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
The Holy Cross and the Bible.

വിശ്വസിക്കുന്ന മനുഷ്യര്‍ക്കു ജീവിതത്തില്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ കഴിയും. മോശയും അബ്രാഹവും പ്രവാചകന്മാരുമെല്ലാം ഇതാണു നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഏലിയാ പ്രവാചകന്‍. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍നിന്നടര്‍ത്തിയെടുത്ത ചില ചിന്തകളെ നമുക്കു ധ്യാനവിഷയമാക്കാം. ദൈവത്തിന്‍റെ വചനത്തിലുള്ള അടിയുറച്ച വിശ്വാസം നാം അദ്ദേഹത്തില്‍ കാണുന്നു. നിറവേറുമെന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളവയെല്ലാം ദൈവം നിശ്ചയിച്ച സമയത്തു നിറവേറുമെന്ന് ഏലിയാ പഠിപ്പിക്കുന്നു. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ 17-ഉം 18-ഉം അദ്ധ്യായങ്ങളില്‍ നാം ഇതു വായിക്കുന്നു. ഒരു പിതാവ് മകനോടു വാഗ്ദാനം ചെയ്യുന്നതുപോലെയാണ് ദൈവത്തിന്‍റെ വാഗ്ദാനം. അടുത്ത ഞായറാഴ്ച ഒരു സമ്മാനം കൊടുക്കാമെന്നു തിങ്കളാഴ്ച ഒരു പിതാവ് വാഗ്ദാനം ചെയ്താല്‍ ഞായറാഴ്ച വരെ മകന്‍ ആ വാഗ്ദാന പൂര്‍ത്തീകരണത്തിനായി കാത്തിരിക്കും. ബൈബിളില്‍ ദൈവം നല്‍കുന്ന ഓരോ വാഗ്ദാനവും കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ നിറവേറുമെന്ന പ്രത്യാശയോടെ നാം കാത്തിരിക്കണം.

ലോകം കാണാത്തതും ലോകം കേള്‍ക്കാത്തതും വിശ്വസിക്കുന്ന മനുഷ്യര്‍ കണ്ടെത്തും. മഴക്കാറിന്‍റെ സാദ്ധ്യത പോലുമില്ലാത്തിടത്തും മഴയുടെ സാദ്ധ്യതയെ ഏലിയാ കണ്ടെത്തി. പരാജയങ്ങളുടെ നടുവില്‍ വിജയത്തിന്‍റെ സാദ്ധ്യതയും തകര്‍ച്ചയുടെ നടുവില്‍ വിടുതലിന്‍റെ സാദ്ധ്യതയും മുള്‍ക്കിരീടങ്ങളുടെയിടയില്‍ മഹിമയുടെ കിരീടവും നാം കണ്ടെത്തണം. ലോകത്തിന് ഒരിക്കലും കണ്ടെത്താനാവാത്ത ദൈവത്തിന്‍റെ അനന്തസാദ്ധ്യതകള്‍ കാണുന്നതാണ് വിശ്വാസം. അങ്ങനെയുള്ള കാത്തിരിപ്പിന്‍റെ അവസാനം നാം വിശ്വസിച്ചതും പ്രതീക്ഷിച്ചതും കണ്ടെത്തും. വിശ്വസിക്കുന്ന വ്യക്തി തന്‍റെ പ്രാര്‍ത്ഥനയ്ക്കു വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞാലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ഏലിയായുടെ പ്രാര്‍ത്ഥനയുടെ ഫലമായി മഴ ലഭിച്ചു. ശക്തമായ മഴ ലഭിച്ചു കഴിഞ്ഞിട്ടും അദ്ദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നമ്മുടെ ജീവിതത്തില്‍ കാര്യസാദ്ധ്യം നടക്കുന്നതുവരെ പ്രാര്‍ത്ഥിക്കും. ആഗ്രഹിച്ച കാര്യം ലഭിച്ചു കഴിഞ്ഞാല്‍ നാം പ്രാര്‍ത്ഥന ഉപേക്ഷിക്കും. ഒരു തെളിവും ഉത്തരവും ദൈവത്തില്‍നിന്നു ലഭിക്കാത്തപ്പോഴും വിശ്വസിക്കുന്ന മനുഷ്യന്‍ ഉറച്ചു നില്‍ക്കും. അനേകപ്രാവശ്യം തന്‍റെ ദാസനോട് "മഴക്കാറുണ്ടോ" എന്നറിയുവാന്‍ പ്രവാചകന്‍ പറഞ്ഞയക്കുന്നു. "വീണ്ടും പോയി നോക്കുക" എന്നാണ് പറഞ്ഞത്. വീണ്ടും വീണ്ടും ദൈവത്തിന്‍റെ ഇടപെടലിനായി ക്ഷമയോടെ കാത്തിരിക്കുന്നതാണ് വിശ്വാസം. ആത്മാവിന്‍റെ ഇരുണ്ട രാത്രിയും വരള്‍ച്ചയും ഒക്കെ ആത്മീയ ജീവിതത്തിന്‍റെ അനുഭവമാണ്. അവയുടെ നടുവില്‍ തളരാതിരിക്കുന്നതിലാണ് വിശ്വാസത്തിന്‍റെ തിളക്കം. ഒരിക്കലും അനിശ്ചിതത്വത്തിന്‍റെ നടുവില്‍ ദൈവത്തെ 'വിട്ടുകളയരുത്.' പ്രാര്‍ത്ഥനയും ദൃഢനിശ്ചയവും വിട്ടുകളഞ്ഞാല്‍ നാം ഒന്നുമില്ലാതായിത്തീരും. ശരീരത്തിന്‍റെ രോഗവും, വാര്‍ദ്ധക്യത്തിന്‍റെ ഏകാന്തതയും, മറ്റുള്ളവരുടെ വിമര്‍ശനവും ഒന്നും നമ്മെ തളര്‍ത്തരുത്. അവയുടെയെല്ലാം നടുവില്‍ ദൈവത്തെ മുറുകെ പിടിക്കുക.

ചെറിയ മഴക്കാറു കണ്ടപ്പോള്‍ വലിയ മഴയെ സ്വപ്നം കണ്ടവനാണ് ഏലിയാ. ദൈവത്തിന്‍റെ ചെറിയ വെളിപ്പെടുത്തലുകളുടെ നടുവില്‍ അവിടുത്തെ വലിയ ഇടപെടലിനായി കാത്തിരിക്കണം. അതാണ് വിശ്വാസം. ഉണങ്ങിയ വടി ജലത്തിനുമീതെ നീട്ടിയ മോശയും, കാഹളമൂതി ജറീക്കോകോട്ടയ്ക്കു ചുറ്റും നടന്ന ജോഷ്വായും, അഞ്ചപ്പത്തിന്‍റെ മുന്നില്‍ നിന്ന യേശുവും പിതാവായ ദൈവത്തിന്‍റെ വലിയ ഇടപെടലുകളുടെ സാദ്ധ്യതയെ മുന്നില്‍ കണ്ടു. ശൂന്യതയില്‍ നിന്നാണ് സൃഷ്ടികര്‍മ്മം ആരംഭിച്ചത്. ഒന്നും വ്യക്തമല്ലാത്ത ശൂന്യതയില്‍ ദൈവത്തിലാശ്രയിക്കുക. അത്ഭുതകരമായ സൃഷ്ടികര്‍മ്മങ്ങള്‍ നമ്മുടെ ജീവിതത്തിലും ആരംഭിക്കും.

ദൈവം തന്‍റെ സന്ദേശങ്ങള്‍ ഏല്പിക്കുന്നതു വിശ്വസിക്കുന്ന മനുഷ്യരെയാണ്. അബ്രാഹവും മോശയും പ്രവാചകന്മാരും, പൂര്‍വ്വപിതാക്കന്മാരുമെല്ലാം അതിന്‍റെ തെളിവുകളായി നില്‍ക്കുന്നു. ബാലനായ സാമുവേലിനെയും ഇടയനായ ദാവീദിനെയുമൊക്കെ തന്‍റെ ദൗത്യമേല്‍പ്പിച്ചത് അവരുടെ വിശ്വാസവും വിശ്വസ്തതയും കണ്ടതുകൊണ്ടാണ്. ഇടംവലം നോക്കാതെ ദൈവത്തില്‍ വിശ്വസിച്ച മറിയത്തെയാണ് രക്ഷകന്‍റെ അമ്മയായി ദൈവം തെരഞ്ഞെടുത്തത്. ഇന്നല്ലെങ്കില്‍ നാളെ നാം ഓരോരുത്തരും മരിക്കും. എങ്കില്‍പ്പിന്നെ ദൈവത്തെ വിശ്വസിച്ച് ദൈവത്തോടൊപ്പം യാത്ര ചെയ്ത് ഈ ലോകയാത്ര ധന്യമാക്കി കൂടെ?

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts