top of page

പ്രകൃതിബോധം വളര്‍ത്തുന്ന രണ്ടു ഗ്രന്ഥങ്ങള്‍

Jun 19, 2019

1 min read

പശ
the books stacked up

ഒരിക്കല്‍ ഒരു മീന്‍കുഞ്ഞിന് ഒരു സംശയം ഉണ്ടായിപോലും. എല്ലാവരും കടല്‍, കടല്‍ എന്നു പറയുന്നു. എന്താണീ കടല്‍? മീന്‍കുഞ്ഞ് സംശയം അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു: "നാം കടലിലാണു കഴിയുന്നത്. നമുക്കു ചുറ്റും കടലാണ്. നമ്മുടെ ഉള്ളിലും കടലുണ്ട്". അമ്മയുടെ ഉത്തരം കേട്ടിട്ടും വിശ്വാസം വരാതെ മീന്‍കുഞ്ഞു പറഞ്ഞു: "പക്ഷേ ഞാന്‍ ഒന്നും കാണുന്നില്ലല്ലോ".

കടലില്‍ കഴിയുമ്പോഴും കടലിനെ കാണാനാകാത്ത മീന്‍കുഞ്ഞിന്‍റെ അവസ്ഥയിലാണ് ലോകത്തെ ബഹുഭൂരിപക്ഷം മനുഷ്യരും. പ്രകൃതിയുടെ ഭാഗമായിട്ടും പ്രകൃതിയെ അറിയുന്നില്ല! പ്രകൃതിബോധമില്ലാതെ ജീവിക്കുന്നു! കഷ്ടം തന്നെ. അങ്ങനെയുള്ളവരുടെ കണ്ണുതുറപ്പിക്കാനായി ശ്രീ സി.എസ്. വര്‍ഗീസ് രചിച്ചിരിക്കുന്ന രണ്ടു ഗ്രന്ഥങ്ങളാണ് 'വിത്ത്', 'അമ്മേ ഭൂമി' എന്നിവ. രണ്ടും ജീവന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി, സരസമായി ഗ്രന്ഥകാരന്‍ പ്രകൃതിരഹസ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടു വിത്തുകള്‍ കഥപറയുന്ന രീതിയിലാണ് 'വിത്തില്‍' വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയിലെ വിവിധങ്ങളായ ജീവനാടകങ്ങളാണ് 'അമ്മേ ഭൂമി'യില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ശാസ്ത്രം പഠിപ്പിക്കുകയെന്ന യാന്ത്രികമായ ലക്ഷ്യത്തോടെയല്ല ഈ ഗ്രന്ഥങ്ങള്‍ ശ്രീ സി.എസ്. വര്‍ഗീസ് രചിച്ചിരിക്കുന്നത്. മറിച്ച് പ്രകൃതിശാസ്ത്രത്തിലൂടെ ലഭിക്കുന്ന പ്രകൃതിബോധത്തിലൂടെ വിവേകശാലികളായി വായനക്കാരെ മാറ്റുക എന്ന ലക്ഷ്യംകൂടി ഗ്രന്ഥകാരനുണ്ട്. പ്രകൃതി ഒരു അത്ഭുതസുന്ദര നാടകശാലയാണല്ലോ. നാമൊക്കെ അതിലെ നടീനടന്മാരും. ദിവ്യമായ ആ നാടകത്തിന്‍റെ മനോഹാരിതയും ശില്പവൈദഗ്ധ്യവും മഹത്ത്വവും ഉള്‍ക്കൊള്ളുമ്പോഴാണ് നമ്മുടെ മനസ്സ് വികസ്വരമാകുന്നത്. പ്രകൃതി നമുക്ക് ദിവ്യമായ അനുഭൂതിയാകുന്നത്. സൃഷ്ടിയുടെ മഹത്ത്വത്തിനു മുന്നില്‍ കൈകള്‍ കൂപ്പി നില്ക്കാനും അതിന്‍റെ മനോഹാരിത മനസ്സിലാക്കി അതിനെ രക്ഷിക്കാനും നമുക്കു കഴിയണം. ഈ ഗ്രന്ഥങ്ങള്‍ അതിന് വായനക്കാരെ സഹായിക്കുന്നു. വര്‍ഗീസ് സാറിനും ജീവന്‍ ബുക്സിനും അഭിനന്ദനങ്ങള്‍!


പശ

0

0

Featured Posts