top of page

അനാമിക

May 1, 2011

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Image : A portrait of Indian village women
Image : A portrait of Indian village women

അനാമികയെന്ന ബംഗാളി നാമത്തോട് എന്തോ ഒരു കൗതുകം പണ്ടേയുണ്ടായിരുന്നു. പേരില്ലാത്തവള്‍ എന്നു പേരിടുക. സ്വയം അജ്ഞാതരായി ജീവിക്കാന്‍ നിശ്ചയിച്ചവര്‍ക്കും അതുപോലെ എന്തോ ഒരഴക് ഉള്ളതായി തോന്നിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടു മിഴിയടയ്ക്കുവോളം തുടരുന്ന സാറ്റുകളിയില്‍ ഒരിക്കലും പിടി തരാത്തവര്‍. നിറഞ്ഞാടാന്‍ കൊതിക്കുന്ന പ്രദര്‍ശനപരതയെന്ന അശ്ലീലത്തില്‍ ഒരുളുപ്പും കൂടാതെ സദാ ഏര്‍പ്പെടുന്ന കുറെ അധികം മനുഷ്യരുടെ കാലത്തില്‍ ഇങ്ങനെ ചില മനുഷ്യര്‍ ഉണ്ടെന്നുള്ളത് ഒരു സുവിശേഷം തന്നെയല്ലേ?

തന്‍റെ ഉപാസകരില്‍ നിന്ന് ക്രിസ്തുവത് ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. കുറെയധികം മുക്കുവരെ തന്‍റെ സ്നേഹിതരായി തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ ചില തൊഴില്‍ പ്രത്യേകതകള്‍ ഒരു മൂലധനമായി അവിടുന്ന് എണ്ണിയിട്ടുണ്ടാവും. അതിലൊന്ന് മറഞ്ഞിരിക്കാനുള്ള അവരുടെ പ്രവണതയാവണം. നല്ലൊരു മുക്കുവനറിയാം ചൂണ്ടയിടുമ്പോഴും വലയിടുമ്പോഴും തന്‍റെ നിഴല്‍ പോലും ജലത്തിനുമീതെ പാളരുതെന്ന്. കടലില്‍ മാത്രമല്ല പിന്നീട് കരയിലും അവര്‍ അങ്ങനെതന്നെ നിന്നുവെന്ന് കരുതണം. സുവിശേഷാനന്തര ഭാഗങ്ങള്‍ വായിക്കുമ്പോള്‍ പത്രോസ് കാണെക്കാണെ മറഞ്ഞുപോകുന്നത് യാദൃച്ഛികമല്ലെന്നു തോന്നുന്നു. നിങ്ങള്‍ ഭൂമിയുടെ ഉപ്പാണെന്ന ക്രിസ്തുമൊഴികള്‍ കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയവര്‍, അലിഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നതാവും തങ്ങളുടെ മോക്ഷമെന്നു കരുതിയിട്ടുണ്ടാവണം.

സ്വയം അത്തരമൊരു അജ്ഞാതമേഖലയിലായിരിക്കാന്‍ ക്രിസ്തു ശ്രമിച്ചിരുന്നുവെന്ന് തോന്നുന്നു. അതിന്‍റെ സൂചനകള്‍ സുവിശേഷം മുഴുവന്‍ ചിതറി കിടപ്പുണ്ട്. പന്ത്രണ്ടു വയസ്സുമുതല്‍ മുപ്പതു വയസ്സുവരെയുള്ള വത്സരങ്ങള്‍ പൂരിപ്പിക്കാത്ത ഇടങ്ങളായി പുതിയ നിയമം നിലനിര്‍ത്തുന്നതുപോലും അത്തരമൊരു ആഭിമുഖ്യത്തിലാവണം. പിന്നീടുള്ള കാലം അതിനിടയില്‍ ഒരു പാലം പണിയാനുള്ള ശ്രമത്തില്‍ എന്തൊക്കെ വിചിത്രമായ ഭാവനകള്‍ക്കാണു ഭൂമിയിലെമ്പാടും രൂപം നല്‍കിയത്. അതിലേറ്റം പഴക്കമുള്ളത് ടിബറ്റില്‍ നിന്നാണ്. ഇസ്സയെന്ന ഒരു യോഗി അവിടത്തെ പുരാതന ആശ്രമങ്ങളിലൊന്നില്‍ ദീര്‍ഘമായ കാലം അന്തേവാസിയായിരുന്നുവെന്ന്. നിക്കോളാസ് നോടോവിച്ച് എന്നൊരു റഷ്യന്‍ സഞ്ചാരി ആ പാരമ്പര്യത്തെ ഗൗരവമായെടുത്ത് ഹിമിന്‍ മോണസ്ട്രിയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന ചില രേഖകളുമായി 1894-ല്‍ ക്രിസ്തുവിന്‍റെ അറിയപ്പെടാത്ത ജീവിതമെന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അടുത്തയിടെ പുറത്തിറങ്ങിയ ദീപക് ചോപ്രായുടെ ഒരു പുസ്തകവും ക്രിസ്തുവിന്‍റെ അജ്ഞാത സംവത്സരങ്ങളെ തന്നെയാണ് ലക്ഷ്യമാക്കുന്നത്. എന്തായാലും ചരിത്രപരമായോ, ദൈവശാസ്ത്രപരമായോ ഏറെ സാധുതയനുഭവപ്പെടാത്ത സാമാന്യ വര്‍ണ്ണഭരിതമായ ഭാവനയായിത്തന്നെ അതിനെ ഗണിച്ചേ പറ്റൂ.

ക്രിസ്തുവോളം പഴക്കമുള്ള ആ ലളിതമായ പാരമ്പര്യം തന്നെയാണ് അവിടുത്തെ സ്വഭാവത്തിനും സമീപനത്തിനും നിരക്കുന്നതെന്ന് തോന്നുന്നു. ആരുടെയോ കീഴില്‍ ചിന്തേരിട്ട്, പിന്നെ ചെറിയ ചെറിയ തടിത്തരങ്ങള്‍ സ്വയം ചെയ്ത് ഒരു മരയാശാരിയുടെ യൗവനത്തിലേക്കെത്തിയ ഒരാള്‍. രേഖപ്പെടുത്താന്‍ മാത്രം മഹത്വമുള്ളതല്ല ഒരു മരയാശാരിയുടെ ജീവിതം. ആശാരിയുടെ മാത്രമല്ല ചെറിയ ചെറിയ പണികളിലേര്‍പ്പെടുന്ന എല്ലാവരുടെയും തലവരയതാണ്. അവര്‍ക്കൊരു പേരുപോലുമില്ലെന്നു നിങ്ങള്‍ നിരീക്ഷിച്ചിട്ടില്ലേ. ഉദാഹരണത്തിന് വീട്ടില്‍ പത്രമിടുന്ന ആ മകന്‍റെ പേരെന്താണ്? പത്രക്കാരന്‍! അവന് നാളെയൊരു അപകടം സംഭവിച്ചാല്‍ നിങ്ങളറിയുമോ? എന്തിനറിയണം, പത്രം കൃത്യമായി കിട്ടുന്നുണ്ടല്ലോ. പേരില്ലാത്തവരുടെ തലവരയില്‍ പങ്കുചേരുന്നയൊരാള്‍ നിശ്ചയമായും തിരശ്ശീലയ്ക്ക് പിന്നില്‍ത്തന്നെ നില്ക്കണം.

തന്‍റെ പാഠങ്ങളിലും ക്രിസ്തു അത്തരമൊരു ദീപ്ത അടര് സൂക്ഷിച്ചു. ഇടതുകരം ചെയ്തത് വലതു കരമറിയരുത് തുടങ്ങിയ പാഠങ്ങള്‍ ശ്രവിക്കുക. തന്നെത്തന്നെ ഉപേക്ഷിക്കുകയെന്ന് മറ്റൊരിടത്ത്. ഉപവാസം തുടങ്ങിയ സുകൃതങ്ങള്‍ പോലും മറച്ചുപിടിക്കണമെന്ന് വേറൊരിടത്ത്, ശിരസ്സില്‍ എണ്ണതേച്ചും, മുഖം പ്രസാദിപ്പിച്ചും വേണമത്. അത്ഭുത രോഗശാന്തികള്‍ സമ്മാനിച്ചതിനുശേഷം ഇത് മറ്റാരോടും പറയരുതെന്ന് പലയിടങ്ങളില്‍ ! ഒരു ബദല്‍ സംസ്കാരമാണ് സുവിശേഷജീവിതം. അതില്‍ നിശ്ചയമായും എല്ലാ കര്‍മ്മങ്ങള്‍ക്കുശേഷവും - പകല്‍ മുഴുവന്‍ പാടത്ത് പണിചെയ്ത്, അന്തിയില്‍ ദാസര്‍ക്ക് വെച്ചുവിളമ്പി, രാത്രിയിലെപ്പോഴോ വരുന്ന യജമാനനുവേണ്ടി വിളക്കുകൊളുത്തി കാത്തുനിന്ന്, ഒടുവില്‍ അവന്‍റെ മേശയ്ക്കുവിളമ്പി - ഇതാ അയോഗ്യരായ ദാസര്‍ എന്നു പറഞ്ഞ് ശ്രദ്ധയില്‍ നിന്ന് മാറിനില്ക്കുന്ന കുറെയധികം മനുഷ്യരുടെ കാലം വരാനിരിക്കുന്നതേയുള്ളൂ. അപ്പസ്തോലന്മാരുടെ നടപടിപുസ്തകത്തില്‍ പറയുന്നതുപോലെ ആ മനുഷ്യരാണ് നമ്മുടെ പൊള്ളയായ ലോകത്തെ കീഴ്മേല്‍ മറിക്കേണ്ടത്.

ക്രിസ്തുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് തന്‍റെ പേര് വേണ്ടെന്ന് നിശ്ചയിച്ച ഒരാളെക്കൂടി ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. യോഹന്നാനാണത്. ഒരു ചിത്രം വരച്ചാല്‍പോലും ഒരു വശത്തായി തങ്ങളുടെ രേഖാചിത്രം കോറിയിടുന്നവരുടെ ഒരു കാലത്തില്‍ വാമൊഴിയായോ വരമൊഴിയായോ സുവിശേഷത്തെ കൈമാറുമ്പോള്‍ അതിന് അവകാശപ്പെട്ട ചില കാര്യങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ പ്രകാശം കിട്ടിയ അയാള്‍ തന്‍റെ പേരു രേഖപ്പെടുത്തുന്നേയില്ല. വളരെ നീതിപൂര്‍വ്വമായി തന്‍റെ പേര്‍ പരാമര്‍ശിക്കേണ്ട ഇടങ്ങളില്‍പ്പോലും ക്രിസ്തു സ്നേഹിച്ചിരുന്ന ശിഷ്യന്‍ എന്നൊക്കെ പറഞ്ഞ് മറഞ്ഞ് നില്‍ക്കാനാണ് അയാള്‍ക്ക് താല്പര്യം. ശിഷ്യന്മാരുടെ പട്ടിക അടയാളപ്പെടുത്തുമ്പോള്‍ പോലും (അതും ശ്രദ്ധിക്കണം. അപ്പോസ്തലനെന്ന വിശേഷണത്തോടും അയാള്‍ക്ക് പ്രിയമില്ല. പകരം ശിഷ്യനെന്ന പദമാണ് ഉപയോഗിക്കുന്നത്. കാരണം ആ വാക്കില്‍ അറിഞ്ഞോ അറിയാതെയോ ഒരധികാരത്തിന്‍റെ ടിന്‍റ് ഉണ്ട്) അതങ്ങനെയാണ്.

മേനിക്ക് വേണ്ടി ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് തിരികെ ചോദിക്കാം. മേമ്പൊടിക്ക്, ഒരു റോസാപ്പൂവിനെ എന്തുപേര് വിളിച്ചാലും അത് അതുതന്നെയാണെന്നൊക്കെ ഷേക്സ്പിയറിനെ ഉദ്ധരിക്കാം. എന്നിട്ടും ചങ്കില്‍ കൈവെച്ചു നോക്കുമ്പോള്‍ നമുക്കറിയാം അതത്ര ശരിയല്ലെന്ന്. ഒരു ഭാഷയിലെ ഏറ്റവും മധുരമായ വാക്കുകള്‍ പേരുകളാണെന്ന് ശ്രദ്ധിച്ചിട്ടില്ലേ. അതില്‍ സ്വന്തം പേരിന് ഹാ, അതിമധുരം. പേര് തെറ്റിച്ച് ആരെങ്കിലും നിങ്ങളെ പരാമര്‍ശിക്കുമ്പോള്‍ എത്ര പെട്ടെന്നാണ് നിങ്ങള്‍ അസ്വസ്ഥരാവുക. മഹത്വത്തിന്‍റെ ചില മുദ്രകള്‍ കളഞ്ഞു കിട്ടുമ്പോള്‍ പേര് നിലനിര്‍ത്തിയെന്നും, അപമാനിതരാവുമ്പോള്‍ പേരു പോയെന്നുമൊക്കെ എല്ലാ നാട്ടിലും മനുഷ്യര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഒരാള്‍ പേരു വേണ്ടെന്ന് തീരുമാനിച്ചതില്‍ നിശ്ചയമായും അഗാധമായ ആത്മീയതയുടെ പൊന്‍പരാഗങ്ങള്‍ ഉണ്ട്.

കൃത്യമായ ഒരു ദൈവശാസ്ത്ര പിന്‍ബലത്തില്‍ തന്നെയാവണം യോഹന്നാന്‍ അപ്രകാരം നിശ്ചയിച്ചത്. ദൈവത്തിന് പേരിടരുത് എന്ന് ശഠിച്ച ഒരു സംസ്ക്കാരത്തിന്‍റെ പശ്ചാത്തലമുണ്ടതില്‍. നീ ആരാണെന്ന് മോശ ചോദിക്കുമ്പോള്‍ 'ഞാന്‍ ആയിരിക്കുന്നവന്‍' എന്നു മാത്രമാണ് മറുപടി. പേരിടേണ്ടത് ദൈവമാണ്. ജീവജാലങ്ങള്‍ക്കൊക്കെ പേരിടാന്‍ മനുഷ്യനെ ഏല്‍പ്പിച്ചപ്പോഴും മനുഷ്യന് പേരിടാനുള്ള അവകാശം ദൈവം തന്നെ നിലനിര്‍ത്തി. ആ അവകാശം പലരുടെയും പേരു മാറ്റത്തിലൂടെ വേദത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അബ്രഹാം, പത്രോസ് തുടങ്ങിയ പേരുകളുടെ പശ്ചാത്തലം ഓര്‍മ്മിക്കുക. അതുകൊണ്ടുതന്നെ ദൈവം തനിക്ക് ഒരു പേരു തരുന്നതുവരെ കാത്തിരിക്കാന്‍ അയാള്‍ തയ്യാറാണ്.

ഒപ്പം വിനയത്തിന്‍റെ പുതിയ ആകാശവും പുതിയ ഭൂമിയുമാണിത്. ഓരോരുത്തരും ബാക്കിയുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി എണ്ണുന്ന നാളുകള്‍. ശ്രദ്ധിച്ചിട്ടുണ്ടാവുമോ യോഹന്നാന്‍, കുര്‍ബ്ബാന സ്ഥാപനത്തിന്‍റെ പാഠമായി കരുതുന്ന അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും വാഴ്ത്തി വിഭജിച്ചു നല്കല്‍ ബോധപൂര്‍വ്വം ഒഴിവാക്കി പാദം കഴുകല്‍ ശുശ്രൂഷ പകരം വയ്ക്കുന്നത്. അതിനുകാരണമായി പറയുന്നത് അപ്പം മുറിക്കല്‍ കര്‍മ്മം യോഹന്നാന്‍റെ കാലത്തുതന്നെ പൊങ്ങച്ചത്തിന്‍റെയും മത്സരത്തിന്‍റെയും ഊട്ടുപുരയായി. അതില്‍ മനം നുറുങ്ങി കുര്‍ബ്ബാനയുടെ അരൂപി എന്തെന്ന് പഠിപ്പിക്കുവാന്‍ ബോധപൂര്‍വ്വം ആ സംഭവത്തെ പ്രകാശിപ്പിച്ച് നിര്‍ത്തിയതാണെന്ന്. വരുംകാലത്തിന്‍റെ കുര്‍ബ്ബാന ഇനി ഇതാവണം. പേരോ ഊരോ ഇല്ലാത്ത അടിമകളനുഷ്ഠിക്കുന്ന പാദക്ഷാളനം. തന്‍റെ സ്വത്വം മറച്ചു പിടിക്കാന്‍ യോഹന്നാന്‍ കണ്ടെത്തിയ പദം ആത്മാവിനോട് മൃദുവായ എന്തോ സംവേദിക്കുന്നുണ്ട് - ക്രിസ്തു സ്നേഹിച്ച ശിഷ്യന്‍. അതിനെക്കാള്‍ മൂല്യം എന്തിനുണ്ട്. അല്ലെങ്കില്‍ അതല്ലാതെ മറ്റെന്ത് മൂല്യമൊരാള്‍ക്കുണ്ട്. ഏതെങ്കിലും തരത്തില്‍ ഞാന്‍ എന്നെ അടയാളപ്പെടുത്തണമെങ്കില്‍ നിന്‍റെ സ്നേഹപരിസരത്തില്‍ ഒരു പുല്‍നാമ്പായി നിന്നാല്‍ മതി. ഒരു പേരില്ലാത്തത് എത്ര നന്നായി എന്നു പോലും തോന്നുന്നു. അതോടുകൂടി ആ പുസ്തകം എന്‍റേതുകൂടി ആയി. വക്ഷസ്സില്‍ ചാരിക്കിടക്കുന്നതും കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നതുമൊക്കെ ഞാന്‍ തന്നെയാണ്. ആ പദം ഒരു സാര്‍വ്വലൗകീക മാനമുള്ളതുമാണ്. അയാള്‍ ഏത് ദേശക്കാരനുമാകാം. എന്തു ഭാഷയും സംസാരിക്കാം. സ്ത്രീയോ പുരുഷനോ ആകാം.

യോഹന്നാന്‍ മാത്രമല്ല ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരിലും കാര്യങ്ങള്‍ അങ്ങനെതന്നെ. അവന് വഴിയൊരുക്കാന്‍ വന്നവനോട് നീ ആരാണെന്നു ചോദിക്കുമ്പോള്‍ ഞാന്‍ ശബ്ദമാണെന്ന് അയാള്‍ മറുപടി പറയുന്നതു കേട്ടില്ലേ. ഇലച്ചാര്‍ത്തുകളുടെ മര്‍മ്മരം പോലെ, കാറ്റിന്‍റെ ചൂളം വിളി പോലെ, സാഗരഗര്‍ജ്ജനം പോലെ വെറുതെ ഒരു ശബ്ദം മാത്രം - വെറുമൊരു ശബ്ദം മാത്രം. ഒരാള്‍ ആരാണെന്നതിനെക്കാള്‍ പ്രധാനം ജീവിതം കൊണ്ട് അയാള്‍ അനുവര്‍ത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന നിയോഗം തന്നെ പ്രധാനമെന്ന് സാരം. അത്തരമൊരു വെട്ടത്തില്‍ സുവിശേഷകനായ യോഹന്നാന്‍ ക്രിസ്തുവിന്‍റെ അമ്മയുടെ പേരുപോലും എഴുതാന്‍ താല്പര്യപ്പെടുന്നില്ല.

കഴിഞ്ഞ വര്‍ഷമിറങ്ങിയ നല്ല ചിത്രങ്ങളില്‍ നിശ്ചയമായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയ്ന്‍റ് എന്ന രഞ്ജിത്തിന്‍റെ പടമുണ്ടാകണം. നമ്മുടെ പുതിയ കാലത്തിന്‍റെ ഭാഷയില്‍ എല്ലാ അര്‍ത്ഥത്തിലും സക്സസ് ഫുള്ളായ ഒരു മനുഷ്യന്‍ ഒരേയൊരു സങ്കടത്തില്‍ കെട്ടിയിട്ട പശുവിനെപ്പോലെ വട്ടംചുറ്റുകയാണ് - ഒരു പേരില്ല പുണ്യാളാ. അതുണ്ടാക്കാനുള്ള ശ്രമത്തില്‍ അയാള്‍ എന്തൊക്കെ കോമാളിവേഷങ്ങളാണ് ആടേണ്ടി വരിക. സങ്കടത്തിന്‍റെ അരികില്‍ ശകലം ഫലിതം പതപ്പിച്ചുവച്ചിട്ടുണ്ടെന്നേയുള്ളു. അത്രയൊന്നും രഞ്ജിത്ത് ഓര്‍ത്തിട്ടുണ്ടാവില്ല. കഥയിലെ പുണ്യാളന്‍റെ- സെന്‍റ് ഫ്രാന്‍സീസ് ആണത് - പ്രശ്നവും അതുതന്നെയായിരുന്നു. യുദ്ധത്തിനു പോയതുപോലും അതിനായിരുന്നു. വീരോചിതമായി മടങ്ങിയെത്തിയാല്‍ മാടമ്പിയെന്ന ടൈറ്റില്‍ കിട്ടും - ഒരുതരം പദ്മശ്രീ. അതിലൊന്നും ഒരു കാര്യമില്ലെന്ന് യൗവനത്തിന്‍റെ ആരംഭത്തിലേ അയാള്‍ക്ക് മനസ്സിലായി. അങ്ങനെ അയാള്‍ പുണ്യാളനായി. അതു മനസ്സിലാക്കാത്ത നമ്മള്‍ പ്രാഞ്ചിയേട്ടന്മാരുമായി. മാനം കാണിച്ചാല്‍ ഒരു മയില്‍പ്പീലിയും പെറ്റുപെരുകില്ലെന്ന കുട്ടിക്കാലത്തേ സങ്കല്പ്പങ്ങളെ ഇനി തിരികെ പിടിക്കാം. ഒരു കാര്യം ഉറപ്പാണ്. സ്വയം മറഞ്ഞു നില്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റാരേക്കാളും ഈശ്വരാംശത്തിന്‍റെ അളവ് കൂടുതലാണ്. മറഞ്ഞിരിക്കുന്നവനാണല്ലോ ഈശ്വരന്‍.

Featured Posts