top of page

ഒരുമിച്ച്

May 7, 2025

1 min read

George Valiapadath Capuchin
Synod on synodality
Synod on synodality

"Pay, Pray & Obey" (പ്രാർത്ഥിക്കുക, സംഭാവന നൽകുക, അനുസരിക്കുക) എന്നതാണ് സഭയിലെ അല്മായരുടെ ദൗത്യമെന്ന് വിമർശകർ കളിയാക്കി പറയാറുണ്ട്. അതായത് പള്ളിയുടെ ഭരണകാര്യങ്ങളിൽ അഥവാ തീരുമാനമെടുപ്പുകളിൽ അവർക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ല എന്നതാണ് സൂചന. ഒരു തരത്തിൽ നോക്കിയാൽ അത് ശരിയാണ്. എന്നാൽ മറ്റൊരു വിധത്തിൽ നോക്കിയാൽ സഭയിൽ, പ്രത്യേകിച്ച് ഇടവക തലത്തിൽ പള്ളി യോഗങ്ങളും പള്ളിക്കമ്മിറ്റികളും തീരുമാനമെടുക്കൽ പ്രക്രിയകളിൽ എപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്.

(പല ജനാധിപത്യ രാജ്യങ്ങളിലും പാർലമെന്റ് ചർച്ചകളിൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തത് കേൾക്കാൻ പോലും ഭരണപക്ഷം തയ്യാറാകുന്നില്ല എന്നതാണ് ജനാധിപത്യത്തിന്റെ വർത്തമാനകാല യാഥാർത്ഥ്യം.)


അധികാരത്തിന്റെ ക്രൈസ്തവ രൂപം എന്നത് എല്ലാവരെയും കേൾക്കലും പരിഗണിക്കലും മനസ്സിലാക്കലും ശുശ്രൂഷചെയ്യലും അതിലൂടെ സാമൂഹികമായി ദൈവേഷ്ടമാരായലും ആണ്. ദൗർഭാഗ്യവശാൽ അങ്ങനെയല്ല മിക്കപ്പോഴും നടന്നുവരുന്നത്. ഒരു നൂറു വർഷം മുമ്പ്, 1925-ൽ പോലും പ്രാർത്ഥിക്കുക, സംഭാവന ചെയ്യുക, അനുസരിക്കുക, എന്ന അല്മായ ജീവിതത്തിൻ്റെ സാമൂഹികരൂപത്തെ സഭയിലെ അംഗങ്ങളിൽ ഒത്തിരി പേർ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. സഭാമേലധ്യക്ഷന്മാരോ വൈദികരോ സന്ന്യസ്തരോ തങ്ങളെക്കാൾ അറിവുള്ളവരോ ജ്ഞാനമുള്ളവരോ വിശുദ്ധിയുള്ളവരോ അല്ല എന്ന് അല്മായ സമൂഹം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. കാലം മുന്നോട്ടുപോകുന്നതനുസരിച്ച്, മറ്റുള്ളവരാരും ആർക്കും മുകളിലല്ല എന്ന ചിന്ത ലോകത്ത് ആകമാനം പ്രബലമായിക്കൊണ്ടിരിക്കുകയുമാണ്. ഇന്ന് വളർന്നുവരുന്ന യുവതലമുറയിൽ അത്തരമൊരു ദർശനം കൂടുതൽ രൂഢമൂലമാകുന്നുണ്ട് എന്ന് കാണാം. അതുകൊണ്ടുതന്നെ, ഇടക്കാലത്ത് സഭയിൽ വന്നുഭവിച്ച അധികാര കേന്ദ്രീകരണത്തിൻ്റെ അപഭ്രംശങ്ങൾ മാറ്റിക്കളഞ്ഞ്, കൂടുതൽ സുവിശേഷാത്മകമായ, ശ്രവണത്തിൻ്റെയും അഭിപ്രായം ആരായലിൻ്റെയും ദാസ്യത്വ ശുശ്രൂഷയുടെയും സാമൂഹികമായ ദൈവേഷ്ടമാരായലിൻ്റെയും രൂപഭാവങ്ങൾ സഭയിൽ രൂപപ്പെട്ടേ മതിയാവൂ.

അതുകൊണ്ടുതന്നെ, പരിശുദ്ധാത്മാവ് തുടങ്ങിവച്ച സിനൊഡാലിറ്റിയെക്കുറിച്ചുള്ള ചിന്തകളും ചർച്ചകളും മുന്നോട്ടുപോകുക തന്നെ വേണം.


Recent Posts

bottom of page