
ആമുഖം
മര്‍ക്കോസിന്‍റെ നാലാമധ്യായത്തില്‍ വിത്തിന്‍റെ മൂന്നുപമകളുണ്ട്: വിതക്കാരന്‍റെ ഉപമ (4:1-20), വിത്തിന്‍റെ ഉപമ (4:26-29), കടുകുമണിയുടെ ഉപമ (4:30-32). നാം ഇവിടെ പരിഗണിക്കുന്നത് രണ്ടാമത്തെ ഉപമയാണ്. അതു തുടങ്ങുന്നത് ഇങ്ങനെയാണ്: "അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം" (4:26). അപ്പോള്‍ ഈ ഉപമ ദൈവരാജ്യത്തെക്കുറിച്ചുള്ള പാഠമാണെന്നതു വ്യക്തം.
സമാന്തര സുവിശേഷങ്ങളിലെ ഒരു പ്രധാന പ്രമേയം "ദൈവരാജ്യം" ആണെന്നത് (മത്തായി മാത്രം "സ്വര്‍ഗരാജ്യം" എന്നു പറയും) എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മത്തായിയില്‍ 37 തവണയും മര്‍ക്കോസില്‍ 14 തവണയും ലൂക്കായില്‍ 32 തവണയും ഈ വാക്കു നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍, വ്യക്തവും കൃത്യവുമായി ദൈവരാജ്യം എന്താണെന്നതു സുവിശേഷങ്ങളില്‍ ഒരിടത്തുപോലും നിര്‍വചിക്കപ്പെടുന്നില്ല. അതിനര്‍ത്ഥം, നിര്‍വചനം ആവശ്യമില്ലാത്ത വിധത്തില്‍, യേശുവിനും കേള്‍വിക്കാര്‍ക്കും സുവിശേഷകന്മാരുടെ വായനക്കാര്‍ക്കും ഏറെ പരിചിതമായ ഒരു പദമായിരുന്നു "ദൈവരജ്യം" എന്നതാണ്.
ദൈവത്തെ രാജാവായി കാണുന്ന വചനഭാഗങ്ങള്‍ പഴയനിയമത്തില്‍ അനേകമനേകമാണ്. "രാജത്വം കര്‍ത്താവിന്‍റേതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു" (സങ്കീ. 22 : 28); "അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്‍റെയും രാജാവാണ്. ദൈവം ഭൂമി മുഴുവന്‍റെയും രാജാവാണ്... ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്‍റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു" (സങ്കീ. 47 : 2, 7, 8); "കർത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്‍മാര്‍ക്കും അധിപനായ രാജാവാണ്" (സങ്കീ. 95 : 3); "ഇസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കര്‍ത്താവാണു ഞാന്‍" (ഏശ. 43 : 15); "ഇസ്രായേലിന്‍റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്" (ഏശ. 44 : 6).
ദൈവത്തിന്‍റെ രാജത്വവും അധികാരവും കാലദേശങ്ങള്‍ക്ക് അതീതമാണെന്ന് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്: "കര്‍ത്താവു തന്‍റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ്" (സങ്കീ. 103 : 19); "അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്" (സങ്കീ. 145 : 13).
പൂര്‍ണമായ രീതിയിലും അളവിലും ഈ ദൈവരാജ്യത്തിന്‍റെ സംസ്ഥാപനം നടക്കുന്നത് ഭാവിയിലായിരിക്കുമെന്നും വചനം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. "അത്യുന്നതന്‍റെ പരിശുദ്ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു" (ദാനി. 7 : 18); "അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപോലെ ഭൂമിയിലുമാകണമേ" (മത്താ. 6 : 10).
ദൈവരാജ്യത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളുടെയും പ്രതീക്ഷകളുടെയും പൂര്‍ത്തീകരണത്തിന് യേശുവിന്‍റെ ഇടപെടലുകളും ജീവിതവും ആരംഭം കുറിച്ചുവെന്നു സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്... അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു... നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4 : 18-21); "എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു" (മത്ത ാ. 12 : 28).
യേശുവിലൂടെ ഉത്ഘാടനം ചെയ്യപ്പെട്ട ദൈവരാജ്യത്തിന്‍റെ പൂര്‍ണമായ ആവിഷ്കാരം ഭാവിയിലാണെന്നാണ് വേദഗ്രന്ഥത്തിന്‍റെ നിലപാട്: "ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല" (അപ്പ. പ്രവ. 1 : 6-7); "മനുഷ്യപുത്രന്‍ ... തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍" (മത്താ. 25 : 31-34).
യേശുവിലൂടെ ആവിഷ്കൃതമായ ദൈവരാജ്യം ഒരേ സമയം പഴയനിയമപ്രതീക്ഷകളുടെ പൂര്‍ത്തീകരണവും, അതേസമയം അവയില്‍നിന്നു വ്യതിരിക്തവും ആണെന്നതാണ് പുതിയനിയമത്തിന്‍റെ നിലപാട്: "ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, അവന്‍ മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്" (ലൂക്കാ 17 : 20-21); "യേശു പറഞ്ഞു: എന്‍റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍റെ രാജ്യം ഐഹികമല്ല" (യോഹ. 18 : 36).
നാം ഇതുവരെ കണ്ട രീതിയിലുള്ള അനേകം വചനങ്ങള്‍ സുവിശേഷങ്ങളില ുണ്ട്. അവയില്‍നിന്നു ലഭിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള ധാരണകള്‍ ഒന്നു ക്രോഡീകരിക്കുന്നത് നന്നായിരിക്കും. ദൈവരാജ്യം ഈ ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും, അതേസമയം അത് ഈ ലോകത്തിന്‍റേതല്ല; ദൈവരാജ്യം നമ്മുടെ ഇടയിലുണ്ട്, എന്നാല്‍ അത് പൂര്‍ണമായ അളവിലല്ല; ദൈവരാജ്യം ഇസ്രായേല്യര്‍ക്കുള്ളതാണ്, ഒപ്പം സകല ജനതകള്‍ക്കും വേണ്ടിയുള്ളതാണ്; ദൈവരാജ്യം പ്രോത്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു, എന്നാല്‍ അതിന്‍റെ വ്യാപനം നടക്കേണ്ടതുണ്ട്; ദൈവരാജ്യം ദൈവത്തിന്‍റെ പ്രവൃത്തിയാണ്, എന്നാല്‍ അതു നമ്മുടെ സഹകരണം പ്രതീക്ഷിക്കുന്നു. വിപരീതങ്ങളെ "ദൈവരാജ്യം" സമന്വയിപ്പിക്കുന്നു എന്ന് ഇക്കണ്ടതില്‍നിന്നു വ്യക്തമാണല്ലോ.
വിപരീതങ്ങളെ ഉള്‍ക്കൊള്ളാന്‍ നിര്‍വചനങ്ങള്‍ക്കാകില്ല; എന്നാല്‍ കഥകള്‍ക്ക് അതിനുള്ള കഴിവുണ്ട്. ഉദാഹരണത് തിന്, നല്ലവനും കള്ളനും നിര്‍വചനപ്രകാരം വിപരീതങ്ങളാണ്. എന്നാല്‍ നല്ലവനായ കള്ളനെകുറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥയ്ക്കു പറയാന്‍ പറ്റും. "ദൈവരാജ്യ"ത്തെക്കുറിച്ച് സുവിശേഷങ്ങള്‍ നല്‍കുന്നത് നിര്‍വചനമല്ല, ഉപമകളാണ്. രണ്ട് ഉപമകള്‍ക്കിടയില്‍ വൈരുധ്യങ്ങള്‍ പോലുമുണ്ടാകും. അതുകൊണ്ട്, ഒരുപമയും ദൈവരാജ്യത്തെക്കുറിച്ച് പൂര്‍ണമായ ചിത്രം നല്‍കുന്നില്ല. അതേസമയം തന്നെ, ദൈവരാജ്യത്തെകുറിച്ചുള്ള സമഗ്രമായ ചിത്രം ലഭിക്കണമെങ്കില്‍ ഒരുപമയും ഒഴിവാക്കാവുന്നതുമല്ല.
ഉപമയുടെ ചില പിന്നാമ്പുറ വിശദീകരണങ്ങള്‍
1. മര്‍ക്കോസില്‍ കാണുന്ന ഈ ഉപമ (4:26-29) എന്തുകൊണ്ട് മറ്റു സുവിശേഷങ്ങളെല്ലാം ഒഴിവാക്കി എന്നതിനു തൃപ്തികരമായ ഒരുത്തരവും ഇതുവരെ നമുക്കു ലഭിച്ചിട്ടില്ല.
2. മര്‍ക്കോസ് 4:10 ല്‍നിന്ന് യേശു സംസാരിക്കുന്നത് പന്ത്രണ്ടു പേരോടും കൂടെയുള്ള കുറച്ചു പേരോടുമാണെന്നു നാം മനസ്സിലാക്കുന്നു. എന്നാല്‍, മര്‍ക്കോസ് 4:33-34 ല്‍ നാം ഇങ്ങനെ വായിക്കുന്നു: "അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്‍ മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു." തുടര്‍ന്ന് മര്‍ക്കോസ് 4:35-36 ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: "അന്നു സായാഹ്നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട് അക്കരയ്ക്കു പോയി." അപ്പോള്‍, 4:26-29 ലെ ഉപമ ശിഷ്യന്മാര്‍ക്കുമാത്രമുള്ളതല്ല, ജനക്കൂട്ടത്തിനു വേണ്ടിക്കൂടിയാണെന്നതു വ്യക്തം.
3. ഉപമയിലെ കര്‍ഷകന്‍ "ഉറങ്ങിയും ഉണര്‍ന്നും" കഴിയുന്നുവെന്നാണ് ഉപമയില്‍ നാം വായിക്കുന്നത്. ഹെബ്രായ പാരമ്പര്യത്തില്‍ ദിവസം തുടങ്ങുന്നത് വൈകുന്നേരമാണ്. അതുകൊണ്ട്, ഒരുവന്‍ തന്‍റെ ദിവസം തുടങ്ങുന്നത് ഉറങ്ങിക്കൊണ്ടാണ്! ഉപമയിലെ കര്‍ഷകനും ആദ്യം ഉറങ്ങുന്നു, പിന്നെ ഉണരുന്നു.
4. കൊയ്ത്തിന് അരിവാള്‍ വയ്ക്കുന്ന കാര്യമാണല്ലോ ഉപമയിലെ അവസാന വാക്യത്തില്‍ കാണുന്നത്. ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "അരിവാള്‍ എടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു... വിധിയുടെ താഴ്വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്വരയില്‍, കര്‍ത്താവിന്‍റെ ദിനം അടുത്തിരിക്കുന്നു" (3 : 13-14). അപ്പോള്‍, കൊയ്ത്തും വിളവെടുപ്പുമെല്ലാം രാജാവായ കര്‍ത്താവിന്‍റെ വിധി ദിവസത്തെ സൂചിപ്പിക്കുന്നുവെന്നതു വ്യക്തം. (ഹോസിയാ 6:11; മത്തായി 13:39; ഗലാ. 6:7-9; വെളിപാട് 14:14-20 തുടങ്ങിയ വചനങ്ങളൊക്കെ കൊയ്ത്തിനെ അന്ത്യ വിധിയുടെയും തുടര്‍ന്നുള്ള ദൈവരാജ്യ സംസ്ഥാപനത്തിന്‍റെയും സൂചകമായി ഉപയോഗിക്കുന്നുണ്ട്.)
ഉപമയുടെ വിശദീകരണം
ഉപമയിലെ വിതച്ചവനെകുറിച്ചും വിതക്കപ്പെട്ട വിത്തിനെ കുറിച്ചുമൊക്കെ ധാരാളം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിതക്കാരന്‍ ദൈവമാണെന്നു പറയുന്ന വ്യാഖ്യാതാക്കളുണ്ട്; അല്ല, അതു സ്നപക യോഹന്നാന്‍ ആണെന്നോ ക്രിസ്തുവാണെന്നോ അഭിപ്രായമുള്ളവരുണ്ട്; ശിഷ്യന്മാരാണെന്നു വാദിക്കുന്നവരുമുണ്ട്. വിതക്കാരന്‍ ഉറങ്ങുന്നതും ഉണരുന്നതും യേശുവിന്‍റെ മരണത്തെയും ഉത്ഥാനത്തെയും സൂചിപ്പിക്കുന്നത്രേ. ഉപമയില്‍, വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നത് വിതക്കാരന്‍ അറിയാതെയാണല്ലോ. യുഗാന്തത്തെക്കുറിച്ച് മനുഷ്യപുത്രനു പോലും അറിയില്ല (മര്‍ക്കോ. 13: 32) എന്ന വചനത്തോട് ഇതിനെ ചില വ്യാഖ്യാതക്കള്‍ ബന്ധിപ്പിക്കുന്നു. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് ധാന്യമണികള്‍ എന്നിങ്ങനെ വിത്തിന്‍റെ വളര്‍ച്ചക്ക് മൂന്നു ഘട്ടങ്ങള്‍ ഉപമയില്‍ പറയുന്നത്, യേശുവിന്‍റെ ജീവിതകാലം, സഭയുടെ ശുശ്രൂഷാകാലം, രണ്ടാം വരവ് എന്നീ മൂന്നു കാലഘട്ടങ്ങളുടെ സൂചകമായി കരുതുന്നവരുമുണ്ട്.
ഉപമയിലെ വിതക്കാരനില്‍ ഊന്നിയുള്ള ഇത്തരം വ്യാഖ്യാനങ്ങള്‍ ഉപമയുടെ കേന്ദ്രപ്രമേയത്തോടു നീതി പുലര്‍ത്താത്തതാണ്. ഉപമയുടെ ഗ്രീക്കു ഭാഷ്യത്തില്‍ 14 വാക്കുകളാണ് വിതക്കാരനെകുറിച്ചു പറയുന്നത്; എന്നാല്‍ വിത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ളത് 29 വാക്കുകളാണ്. കൊയ്ത്തിനെ കുറിച്ചുള്ളത് 8 വാക്കുകളാണ്. ഈ സ്റ്റാറ്റിസ്റ്റിക്സ് തന്നെ കാണിക്കുന്നത് ഉപമയുടെ ഫോക്കസ് വിതക്കാരനല്ല, വിത്തിന്‍റെ വളര്‍ച്ചയാണ് എന്നാണല്ലോ.
ഉപമയുടെ ആദ്യ വാക്യത്തില്‍ "ഒരുവന്‍ ഭൂമിയില്‍ വിത്തു വിത"ച്ചുവെന്നാണു നാം വായിക്കുന്നത്. എന്നാല്‍ അതിന്‍റെ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങനെയാണ്:"A man scatters seed on the ground.' അയാള്‍ വിത്ത് വിതയ്ക്കുകയല്ല, എറിയുകയാണ്. ഗ്രീക്കു ഭാഷയില്‍ വിതയ്ക്കുന്നതിന് "സ്പെയ്റോ" എന്നും, എറിയുന്നതിന് "ബല്ലോ" എന്നും പറയും. മര്‍ക്കോ. 4:26 ലെ വാക്ക് "ബല്ലോ"യാണ്. ഒരുവന്‍ ഭൂമിയില്‍ വിത്തെറിയുകയായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഉപമ തുടങ്ങുമ്പോള്‍ ആ പ്രവൃത്തി ഉപമയില്‍ പ്രധാനപ്പെട്ടതല്ലെന്ന് സുവിശേഷകന്‍ സൂചിപ്പിക്കുകയാണ്.
വിതക്കാരന്‍ ദൈവമോ, സ്നാപകയോഹന്നാനോ, യേശുവോ, ശിഷ്യരോ ആണെന്നു കരുതുക. അങ്ങനെയെങ്കില്‍ അവര്‍ ഉപമയിലെ വിതക്കാരനെപോലെ അശ്രദ്ധമായി വിതയ്ക്കുമെന്നും, അതിനുശേഷം ചുമ്മാതെ കിടന്നുറങ്ങുമെന്നും കൂടി നാം കരുതേണ്ടിവരും! അവരെക്കുറിച്ചുള്ള നമ്മുടെ സാമാന്യബോധം അത് അനുവദിച്ചുതരുമെന്നു കരുതുന്നില്ല.
വാക്കുകളുടെ സ്റ്റാറ്റിസ്റ്റിക്സില്‍ മുന്‍പു കണ്ടതുപോലെ, നിലത്തു വീണ വിത്തും അതിന്‍റെ സ്വാഭാവിക വളര്‍ച്ചയും ഫലം ചൂടലും തുടര്‍ന്നുള്ള കൊയ്ത്തുമാണു ഉപമയുടെ കേന്ദ്രപ്രമേയം. നമുക്ക് ഏശയ്യായുടെ കവിത തുളുമ്പുന്ന പ്രവചനം ഒന്നു കാണാം. "മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും" (ഏശയ്യാ 55 : 10-11). മഴയും മഞ്ഞും ഭൂമിയില്‍ പരാജയപ്പെടാത്തതുപോലെ, ദൈവത്തിന്‍റെ അധരത്തില്‍നിന്നും വീഴുന്ന ഒന്നും പരാജയപ്പെടുകയില്ല തന്നെ. സമാനമായ പ്രതീക്ഷയാണു നമ്മുടെ ഉപമ നമുക്കു നല്‍കുന്നത്. വിതയ്ക്കപ്പെട്ട വിത്ത് ഫലം ചൂടി, വിളവെടുപ്പിന് പാകമാകുന്നതുപോലെ, ദൈവരാജ്യം (മര്‍ക്കോ. 4:26) വളര്‍ന്നു വികസിക്കുകതന്നെചെയ്യും. ഈ വളര്‍ച്ചയും വികാസവും പടിപടിയായിട്ടായിരിക്കും സംഭവിക്കുക. (എത്ര പടികളുണ്ട് എന്നതും ഉപമയുടെ പ്രധാന സന്ദേശത്തിന് ഒട്ടുമേ പ്രസ്കതമല്ല.)
വിതക്കാരനല്ല, വിത്താണ് ഉപമയുടെ ഫോക്കസ് എന്നതാവര്‍ത്തിക്കുന്നു. അതുകൊണ്ട് അയാളുടെ ക്ഷമയോ, കാത്തിരിപ്പോ, അധ്വാനമോ ഒന്നും ഉപമയുടെ പാഠമല്ല. (അതിനെക്കുറിച്ചൊന്നും ഉപമ പറയുന്നതേയില്ല. കാലത്തിന്‍റെ പോക്ക് കാണിക്കാനുള്ള ഒരു സങ്കേതമായിട്ടുമാത്രമാണ് അയാള്‍ ഉറങ്ങുകയും ഉണരുകയും ചെയ്തുവെന്നു പറയുന്നത്.) ഭൂമി സ്വയം (The earth produces of itself)ഫലം പുറപ്പെടുവിക്കുന്നുവെന്നാണ് മര്‍ക്കോ. 4 : 28. തുറുങ്കില്‍ അടയ്ക്കപ്പെട്ട പത്രോസിന്‍റെ മുമ്പില്‍ ഇരുമ്പു കവാടം സ്വയം തുറന്നുവെന്ന് അപ്പ. പ്രവ. 12 : 10 ല്‍ നാം വായിക്കുന്നു. പ്രസ്തുത ഭാഗത്തു നിന്നു നമുക്കു മനസ്സിലാകുന്നത്, കവാടം സത്യത്തില്‍ ദൈവത്തിന്‍റെ ദൂതന്‍ തുറന്നു എന്നാണ്. സമാനമായ രീതിയില്‍, ഭൂമി സ്വയം ഫലം പുറപ്പെടുവിക്കുന്നതിന്‍റെ പിന്നില്‍ ദൈവത്തിന്‍റെ കരം സുവിശേഷകന്‍ കാണുന്നുണ്ടാകണം. എറിയപ്പെട്ട വിത്തിനെ ദൈവം ഫലം ചൂടിക്കുന്ന കണക്ക്, ദൈവം ദൈവരാജ്യത്തെ അതിന്‍റെ ഫലപ്രാപ്തിയില്‍ എത്തിക്കുകതന്നെ ചെയ്യുമെന്ന് ഉപമ സംശയമേതുമില്ലാതെ വായനക്കാരന് ഉറപ്പു നല്‍കുന്നു.
യേശുവിന്‍റെ ശിഷ്യഗണത്തില്‍പോലും തീവ്രവാദികളുടെ സാന്നിധ്യം നമ്മള്‍ കാണുന്നുണ്ടല്ലോ ("തീവ്രവാദിയായ ശെമയോന്‍" ലൂക്കാ 6 : 15). "സോളമന്‍റെ സങ്കീര്‍ത്തനം" എന്ന അപ്പോക്രിഫല്‍ പുസ്തകത്തില്‍ (17 : 21-24) ജറുസലെമില്‍നിന്നു വിജാതീയരെ ഉച്ചാടനം ചെയ്യുമെന്നുള്ള പ്രതീക്ഷയും പ്രാര്‍ഥനയുമുണ്ട്. ഇക്കൂട്ടരുടെ ഫ്രെയിം വര്‍ക്കിലുള്ള ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തിന് റോമാക്കാരുടെ പരാജയം അവശ്യം സംഭവിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെയും ദൈവത്തിന്‍റെ തെരഞ്ഞടുക്കപ്പെട്ട ഇസ്രായേലിന്‍റെയും ശത്രുക്കള്‍ക്കുള്ള കൊടിയ ശിക്ഷയുമായിട്ടായിരിക്കും മിശിഹാ വരിക. പക്ഷേ, യേശുവിന്‍റെ ഇടപെടലുകളിലും വര്‍ത്തമാനങ്ങളിലുമെല്ലാം മുഴച്ചു നിന്നത് കാരുണ്യമായിരുന്നല്ലോ. അങ്ങനെ, യേശുവാണ് മിശിഹായെന്നു കരുതിയ കുറേ പേര്‍ നിരാശപ്പെട്ടു പിന്‍വാങ്ങിപ്പോയി. പിന്നീട്, നീറോ ചക്രവര്‍ത്തി ആരംഭിച്ച കൊടിയ പീഡനത്തില്‍ നട്ടം തിരിഞ്ഞ റോമി ലെ സഭാംഗങ്ങള്‍ക്കിടയിലും വിശ്വാസം ഉപേക്ഷി ച്ചുപോയവര്‍ ധാരാളമുണ്ടായിരുന്നു. മിശിഹായുടെ വരവോടെ അവശ്യം ചില മാറ്റങ്ങള്‍ ഇക്കൂട്ടരൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും കാണാതെ വന്നപ്പോള്‍, ദൈവരാജ്യത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ടാകണം. അവര്‍ക്കെല്ലാംവേണ്ടിയാണ് ഈ ഉപമ പറയപ്പെട്ടത്. "സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു" എന്നു യാക്കോബ് ശ്ലീഹാ (5 : 78) പറഞ്ഞതുതന്നെയാണ് ഉപമയുടെ സഹായത്തോടെ മര്‍ക്കോസും പഠിപ്പിക്കുന്നത്.
ഉപസംഹാരം
വിതക്കാരന്‍ ഒന്നും ചെയ്തില്ലെന്നു പറയാന്‍ ഉപമ പ്രത്യേകം ശ്രദ്ധിക്കുന്നതുപോലെ നമുക്കു തോന്നും. ഉപമയുടെ ശ്രദ്ധ മുഴുവന്‍ ഭൂമി സ്വയം ഫലം പുറപ്പെടുവിച്ചുവെന്ന് ഊന്നിപ്പറയുന്നതിലാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ എന്തു ചെയ്യണമെന്നതല്ല ഈ ഉപമയുടെ വിഷയം; ദൈവരാജ്യം എങ്ങനെ സംസ്ഥാപിതമാകും എന്നതാണ് അതിന്‍റെ വിഷയം.
അമിത ഉത്സാഹവും നിരാശയും കാര്യങ്ങളെല്ലാം മനുഷ്യന്‍റെ കൈയിലാണെന്നുള്ള തോന്നലില്‍ നിന്നുളവാകുന്നതാണ്. മാറ്റങ്ങള്‍ കൊണ്ടു വരാന്‍ (നാട്ടില്‍, വീട്ടില്‍, സ്വന്തം ജീവിതത്തില്‍) ചിലര്‍ അഹോരാത്രം പണിയെടുക്കുന്നു. മറ്റു ചിലരാകട്ടെ, മനുഷ്യന്‍റെ കഴിവിലും നന്മയിലും പ്രതീക്ഷ നഷ്ടപ്പെട്ട്, "എല്ലാം മുടിഞ്ഞു നാശമാകും" എന്ന വിചാരത്തില്‍ ജീവിതം തള്ളിനീക്കുന്നു. ഇരു കൂട്ടരും പരിഗണന നല്‍കാത്തത് ദൈവത്തിനാണ്. കാര്യങ്ങളൊന്നും ഒട്ടും ശുഭമല്ലാതിരുന്ന കാലത്താണ് മര്‍ക്കോസിന്‍റെ സുവിശേഷം എഴുതപ്പെട്ടത്. എന്നിട്ടും, ദൈവരാജ്യം ഇവിടെ ഉറപ്പായും വരുമെന്ന പ്രതീക്ഷയില്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ ജീവിക്കാന്‍, ദൈവത്തിന്‍റെ സമയത്തിനു വേണ്ടി കാത്തിരിക്കാന്‍, യേശു കൊടുത്ത ഒരു വിത്തിന്‍റെ സുവിശേഷത്തെ മര്‍ക്കോസ് പൊക്കിയെടുക്കുകയാണ്. നമ്മുടെ കാലത്തും നമുക്കതു ശരിക്കും കേള്‍ക്കേണ്ടതുണ്ട്.