top of page

പുണ്യപാദം കുഞ്ഞുങ്ങള്‍ക്ക് എന്നും സ്വന്തം

Jul 28, 2023

2 min read

ഫാ. ഷാജി CMI
Illustration of St Alphonsa in prayer

അന്നക്കുട്ടി എന്നായിരുന്നു അവളുടെ പേര്. ലോകവും അതിന്‍റെ മോഹങ്ങളും ക്ഷണികം എന്നു ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി. എല്ലാം നശ്വരങ്ങള്‍! നശ്വരമായതിനെ വിട്ട് അനശ്വരമായവയെ തേടണം എന്ന് അന്തരാത്മാവ് അവളോട് മന്ത്രിച്ചു. അങ്ങനെ അവള്‍ കന്യകാലയത്തിലേക്കു വന്നു. അന്നക്കുട്ടി അല്‍ഫോന്‍സയായി. വിശുദ്ധ അല്‍ഫോന്‍സായെക്കുറിച്ചുള്ള വിശുദ്ധ വിചാരത്താല്‍ ഭാരതം ഇന്നു കൂടുതല്‍ പ്രകാശമാനമാകുന്നു.


പാതിരാവില്‍ മിഴി തുറക്കുന്ന നിശാഗന്ധിപ്പൂക്കളെ എനിക്ക് ഏറെ ഇഷ്ടമാണ്. രാത്രിയില്‍ വിരിയുന്ന അവയ്ക്ക് എന്ത് ഭംഗിയാണ്. അല്‍പ്പം സുഗന്ധം കൂടിയുണ്ടായിരുന്നെങ്കിലോ... അല്‍ഫോന്‍സാമ്മയെ ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ചിന്തയാണ് മനസ്സില്‍ തെളിയുന്നത്. സഹനങ്ങളുടെ ഇരുണ്ട രാത്രിയില്‍ വിരിഞ്ഞ നിശാഗന്ധി, അല്‍ഫോന്‍ സാമ്മ. അല്‍ഫോന്‍സാമ്മയെന്നാല്‍ നമുക്ക് അയല്പക്കത്തെ ഭരണങ്ങാനവും ഭരണങ്ങാനമെ ന്നാല്‍ അയല്പക്കത്തെ അല്‍ഫോന്‍സാമ്മയുമാണ്. ഭാരതത്തിലെ ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും ചേര്‍ത്തു പിടിക്കുകയാണ്. അനേകായിരങ്ങളില്‍ സുവിശേഷത്തിന്‍റെ ഒരു പുത്തന്‍ ഉണര്‍വും ആവേശവും പകരാന്‍ ഈ കെടാവിളക്കിനു കഴിഞ്ഞു. വിശുദ്ധ അല്‍ഫോന്‍സ ഭാരതത്തിനു തനതായ ഒരു ആത്മീയവഴി ചൂണ്ടിക്കാ ണിക്കുന്നുണ്ട്. വേറിട്ടുനില്ക്കുന്ന ആത്മീയപാരമ്പര്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട്, അവള്‍ സുവിശേഷത്തെ കൂട്ടുപിടിച്ച ഒരു ജീവിതശൈലി രൂപീകരിച്ചു. ലളിതപൂര്‍ണ്ണവും സഹനബദ്ധവുമായ ആ ജീവിതം തന്നെ സുവിശേഷത്തിന്‍റെ ഒരു അനശ്വര വ്യാഖ്യാ നമാണ്. വെറും 36 കൊല്ലത്തെ ജീവിതം. അസാധാര ണമായത് ഒന്നും ആ 36 കൊല്ലങ്ങളില്‍ സംഭവിച്ചില്ല. പുറംലോകം അറിയുന്ന തരത്തിലുള്ള യാതൊന്നും ആ കന്യാസ്ത്രീ ചെയ്തില്ല. പക്ഷേ അവള്‍ സ്നേഹിച്ചു. തീക്ഷ്ണമായി സ്നേഹിച്ചു. സഹിച്ചു. അതി തീവ്രമായി സഹിച്ചു. സഹനബലിയായിരുന്നു ആ ജീവിതം. വേദനയുടെ ശരശയ്യയില്‍ വിശ്വാസ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കൂടുതല്‍ കുരിശുകള്‍ അവള്‍ ചോദിച്ചു വാങ്ങി. സ്നേഹിച്ചും സഹിച്ചും തളര്‍ന്ന ഒരുനാള്‍ ആ ദീപം പൊലിഞ്ഞു. പക്ഷേ സര്‍വ്വേശ്വരന്‍ അവളില്‍ വന്‍ കാര്യങ്ങള്‍ ചെയ്തിരുന്നു. ദൈവത്തിന്‍റെ ശക്തമായ ചിറകിന്‍കീഴില്‍ താഴ്മയോടെ നിന്ന അവളെ അവിടുന്ന് സമയത്ത് ഉയര്‍ത്തി. ആവൃതിക്കുള്ളില്‍ നിന്ന് ആ ധന്യജീവിതവും അതിന്‍റെ പരിമളവും പുറത്തേക്ക് പ്രവഹിച്ചു. ലോകഭൂപടത്തില്‍ ഒന്നുമല്ലാതിരുന്ന ഭരണങ്ങാനം അങ്ങനെ ലോക പ്രസിദ്ധമായി.


അല്‍ഫോന്‍സാമ്മയ്ക്ക് കുഞ്ഞുകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നു. അതുപോലെ തിരിച്ചു കുട്ടികള്‍ക്കും. മിക്കവാറും അല്‍ഫോന്‍സാമ്മ ധരിച്ചിരുന്നത് വെള്ളയുടുപ്പായിരുന്നു. വെള്ളയുടുപ്പിട്ട് നില്‍ക്കുന്ന അല്‍ഫോന്‍സാമ്മയെ കണ്ടാല്‍ മാലാഖയെപ്പോലെ തോന്നിക്കും എന്ന് നേരില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം വാത്സല്യത്തോടെയുള്ള സംസാരം.


വാകക്കാട് സെന്‍റ്പോള്‍ എല്‍. പി സ്കൂളില്‍ അധ്യാപികയായിരുന്നപ്പോഴും വലിയ സ്നേഹ ത്തോടെയാണ് കുട്ടികളോട് പെരുമാറിയിരുന്നത്. മൂന്നാം ക്ലാസിലാണ് പഠിപ്പിച്ചത്. ശാന്തമായി, പുഞ്ചിരി തൂകി പുസ്തകവും അടുക്കിപ്പിടിച്ച് ക്ലാസ്സിലേക്ക് കയറിവരുന്ന വെളുത്ത സുന്ദരിയായ കൊച്ചു സിസ്റ്ററിനെ കുട്ടികളില്‍ ആര്‍ക്കും മറക്കാ നാവില്ലായിരുന്നു. റോസാദളങ്ങള്‍ ഒട്ടിച്ചതുപോലെ മനോഹരവും നിഷ്കളങ്കവുമായിരുന്നു ആ മുഖം. ചിരിച്ചുകൊണ്ട് വേദനിപ്പിക്കാതെ കൈവെള്ളയില്‍ തല്ലുന്ന ടീച്ചറിനെ അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.


ഭരണങ്ങാനം ബോയ്സ് സ്കൂളിലെ കുട്ടികള്‍ ഉച്ചസമയത്ത് ക്ളാരമഠത്തില്‍ ചാമ്പങ്ങയും മള്‍ബറിപ്പഴവും പറിക്കാന്‍ പോകുന്നത് സാധാരണം ആയിരുന്നു. മരച്ചുവട്ടില്‍ വീണു കിടക്കുന്നത് പെറുക്കാന്‍ മാത്രമായിരുന്നു അനുവാദം. മരത്തില്‍ കയ റിയോ എറിഞ്ഞോ കുലുക്കിയോ പഴങ്ങള്‍ പറിക്കാന്‍ പാടില്ലെന്ന് മദര്‍ കര്‍ശനമായി വിലക്കിയിരുന്നു. ആണ്‍കുട്ടികള്‍ അല്ലേ! അവരുണ്ടോ അത് കാര്യമാക്കുന്നു. അവര്‍ എറിഞ്ഞും കുലുക്കിയും ചാമ്പങ്ങയും മള്‍ബെറിയും പറിക്കും. മദര്‍ അവരെ വഴക്കുപറഞ്ഞ് ഓടിക്കും. ഇത് പതിവായിരുന്നു. ഇത് കണ്ടു പുഞ്ചിരി തൂകി വരാന്തയില്‍ നില്‍ക്കുന്ന അല്‍ഫോന്‍സാമ്മ കുട്ടികളെ മാടിവിളിക്കും. വിഷമിക്കേണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. പിന്നീട് നിലത്ത് വീഴുന്ന ചാമ്പങ്ങ മുഴുവന്‍ പെറുക്കിവച്ച് അടുത്ത ദിവസം ചെല്ലുമ്പോള്‍ അത് അവര്‍ക്ക് നല്‍കും. ദിവസവും ഓരോ സുകൃതജപം ചൊല്ല ണം എന്ന് പറഞ്ഞാണ് അത് നല്‍കിയിരുന്നത്. തീപ്പെട്ടിക്കകത്ത് കുരുമുളക് ശേഖരിച്ചു കൊണ്ടുവരണമെന്നും, പെരുന്നാള്‍ കൂടാന്‍ കിട്ടുന്ന പൈസ സൂക്ഷിച്ചുവെച്ച് പാവപ്പെട്ടവരെ സഹായിക്കണമെന്നും അല്‍ഫോന്‍സാമ്മ അവരെ ഉപദേശിക്കുമാ യിരുന്നു. രോഗപീഡയാല്‍ ക്ലേശിച്ചിരുന്ന അല്‍ഫോന്‍സാമ്മയോട് ജ്വരക്കിടക്കയില്‍ നീ എന്ത് ചെയ്യുകയാണ് എന്ന് ചോദിക്കുമ്പോള്‍ ഒരുമാത്രപോലും ചിന്തിക്കാതെ അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'ഞാന്‍ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്' . അപ്പോള്‍ അവള്‍ക്കു ചുറ്റും സ്നേഹത്തിന്‍റെ മാലാഖമാര്‍ ചിറകു വീശിയിരുന്നു, വിശുദ്ധിയുടെ വെള്ളപ്പൂക്കള്‍ സൗരഭ്യം പൊഴിച്ചിരുന്നു.


തന്നെ കാണാന്‍ എത്തിയിരുന്നവരോടൊക്കെ ഒരു മെഴുകുതിരി അവള്‍ ചോദിച്ചുവാങ്ങു മായിരുന്നു. അവളത് വരാന്തകളിലും ഇടനാഴിക ളിലും ഒക്കെ കത്തിച്ചുവെക്കുമായിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു. ഇപ്പോള്‍ അവളുടെ മുന്‍പില്‍ തിരിനാളങ്ങള്‍ അണഞ്ഞ നേരമില്ല.


അല്‍ഫോന്‍സാമ്മയുടെ മരണത്തില്‍ ഏറെ ദുഃഖിച്ചത് കുട്ടികളാണ്. കബറിടത്തില്‍ മുറിത്തിരി കള്‍ കത്തിച്ച് അനുഗ്രഹത്തിനായി ആദ്യം പ്രാര്‍ത്ഥിച്ചു തുടങ്ങിയതും അവരാണ്. കബറിലെ വാടാത്ത പൂക്കള്‍ കണ്ടെത്തിയതും കുട്ടികളാണ്. പരീക്ഷാ വിജയം, സ്വപ്നദര്‍ശനം തുടങ്ങി അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ ആദ്യമായി ലഭിച്ചതും കുട്ടികള്‍ക്കാണ്. കുട്ടികളിലൂടെയാണ് അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗ പ്രവേശനം ലോകം അറിഞ്ഞത്.


വിശുദ്ധ അല്‍ഫോന്‍സ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥന ഇതായിരുന്നു.


'ഓ! ഈശോ നാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും വിമുക്തയാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷി ക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്ന തിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ ഈശോയേ, ലൗകികാശ്വാസങ്ങളെല്ലാം എനിക്കു കയ്പ്പായി പകര്‍ത്തണമേ. നീതിസൂര്യനായ ഈശോയെ, ദിവ്യകതിരിനാല്‍ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച്, സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമേ. ആമ്മേന്‍.'


മുള്ളുകള്‍ കൊണ്ട് മണ്ണ് നിറയുന്ന ഇക്കാലത്ത്, സങ്കടങ്ങളുടെ പെരുമഴ കൊണ്ട് കാഴ്ച മങ്ങുന്ന ഇക്കാലത്ത്, നിരാശയുടെ കരിമ്പടങ്ങള്‍ ദേഹത്ത് വീഴുന്ന ഇക്കാലത്ത് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ ജീവിതം കനലെരിയുന്ന നിശാഗന്ധിയായി നമ്മുടെ ഹൃദയങ്ങളില്‍ വിരിഞ്ഞുനില്‍ക്കട്ടെ. അയല്പക്കത്തെ ഭരണങ്ങാനത്തു വിരിഞ്ഞ അല്‍ഫോന്‍സാമ്മയെന്ന നിശാഗന്ധിയുടെ സുഗന്ധം നമ്മെ പൊതിഞ്ഞുനില്‍ക്കട്ടെ.

Recent Posts

bottom of page