ശരീരത്തിന്റെ ഉയിർപ്പ്
- ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

- Jul 1, 2007
- 3 min read

"ശരീരത്തിന്റെ ഉയിർപ്പ്" (Resurrection of the Dead) എന്നതുകൊണ്ട് എന്താണു ഉദ്ദേശിക്കുന്നതെന്നത് ദൈവശാസ്ത്രജ്ഞന്മാർക്കിടയിൽ സജീവമായ ഒരു ചർച്ചാവിഷയമാണിന്ന്. ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളായിരുന്ന എല്ലും മാംസവും മസിലുകളുമെല്ലാം വീണ്ടും ജീവനുള്ളവയായിത്തീരും, അങ്ങനെ സ്വന്തമായിരുന്ന ഭൗതിക ശരീരത്തോടുകൂടി മനുഷ്യൻ വീണ്ടും ജീവിക്കും, എന്ന രീതിയിലാണ് പലരും ഇതു മനസ്സിലാക്കുക. ജീവിതകാലത്തു തന്നെ കുറച്ചു കൊല്ലങ്ങൾക്കുള്ളിൽ മനുഷ്യശരീരം മുഴുവൻ സമ്പൂർണ്ണമായി മാറുമെന്നും ഒരൊറ്റ ആറ്റംപോലും അതേപടി നിലനില്ക്കുന്നില്ലെന്നുമുള്ളത് ശാസ്ത്രത്തിന്റെ ഒരു ഉൾക്കാഴ്‌ചയാണ്. എങ്കിൽ, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല, ലക്ഷോപലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നവരും മരിച്ചു മണ്ണോടു മണ്ണായിത്തീർന്നവരുമായ എല്ലാവരുടെയും ഭൗതികാവശിഷ്‌ടങ്ങൾ വീണ്ടും ഒരുമിച്ചുകൂട്ടി അവയ്ക്കും ജീവൻ നല്‌കി പഴയ ശരീരങ്ങളായി ലോകാവസാനത്തിൽ ദൈവം മരിച്ചവർക്കു തിരിച്ചു നല്‌കുമെന്നു കരുതുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല.
പിന്നെ എന്താണു ശരീരത്തിന്റെ ഉയിർപ്പ് എന്നും പറയുന്നതിൻ്റെ അർത്ഥം? ശരീരരഹിതമായ ഒരാത്മാവല്ല ലോകത്തിൽനിന്നു വേർപിരിഞ്ഞുപോയി.ദൈവത്തിൽ പൂർത്തീകരണം കണ്ടെത്തുന്നത്. പ്രത്യുത ലോകവും സമൂഹവുമായി ആന്തരികമായി ഇഴുകിച്ചേർന്ന ആ വ്യക്തിത്വമാണ്. സ്വതന്ത്രമായ തീരുമാനങ്ങളിലും പ്രവൃത്തികളിലും കൂടിയാണ് ദൈവഹിതമനുസരിച്ച് അയാൾ ചരിത്രത്തിൽ സ്വയം സാക്ഷാത്ക്കരിച്ചത്. ഈ തീരുമാനങ്ങളിലും തിരഞ്ഞെടുപ്പുകളിലും സാക്ഷാത്ക്കാരത്തിലും അയാളുടെ ശരീരവും ചരിത്രവും ലോകവുമെല്ലാം പങ്കുചേർന്നിരുന്നു. അതുവഴി അവയും ഉദാത്തീകരിക്കപ്പെട്ടു. ഭൗതികമായത് (matter) അരൂപിയായ (spirit) വ്യക്തിത്വത്തിലൂടെയാണല്ലോ പൂർത്തീകരിക്കപ്പെടുന്നത്. ഇതു മനസ്സിലാക്കിയാൽ, ശരീരത്തിന്റെ ഉയിർപ്പ് ഭൗതികാവശിഷ്ടങ്ങളിൽ സംഭവിക്കുന്ന എന്തോ അത്ഭുതകരമായ പ്രതിഭാസമായി കരുതേണ്ടകാര്യമില്ല. ശരീരത്തിലും ചരിത്രത്തിലും ലോകത്തിലും കൂടി താനായിത്തീർന്ന ആ പൂർണ്ണ വ്യക്തിത്വമാണ് അഥവാ പൂർണ്ണമനുഷ്യനാണ് ആത്യന്തികമായി പൂർത്തീകരണത്തിലെത്തുകയെന്ന യാഥാർത്ഥ്യമാണ് ശരീരത്തിന്റെ ഉയിർപ്പ് അർത്ഥമാക്കുന്നത്. ഇതു നമ്മുടെ ബുദ്ധിയുടെയും ഭാവനയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ടു മനസ്സിലാക്കുക അത്ര എളുപ്പമല്ല. മരണത്തിനപ്പുറത്തുള്ള ജീവിതം നമുക്ക് അനുഭവവേദ്യമല്ലല്ലോ..
ഈ പറഞ്ഞത് അല്‌പം കൂടി വ്യക്തമാക്കുന്നതിനു ലഡിസ്ലാവൂസ് ബോറോസ് (Ladislaus Boros) എന്ന ദൈവശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിക്കുന്ന ഒരു മോഡൽ സഹായകമായേക്കാം. പരിണാമാത്മകമായ ഈ പ്രപഞ്ചത്തിൽ എതിർ ദിശകളിലേയ്ക്കു നയിക്കുന്ന രണ്ടു പ്രക്രിയകൾ കാണുവാൻ കഴിയും. ഒന്നാമത്തേത്, സ്വയം അതിശയിക്കുന്ന (Self -Transcending) ആരോഹണ പ്രക്രിയയാണ്. പരിണാമവിധേയമായ പ്രപഞ്ചത്തിൽ കാണുന്ന പ്രത്യേകതയാണല്ലോ ചെറുതിൽ നിന്നു വലുതും കേവലമായതിൽനിന്നു സങ്കീർണ്ണമായതും ഉത്ഭവിക്കുകയെന്നത്. രണ്ടാമത്തേത്, അവരോഹണ പ്രക്രിയയ (entropy). ഭൂമിയിൽ മനുഷ്യൻ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പരിണാമത്തിൻറെ എത്രയോ തലങ്ങളാണ് നിലവിൽ വരുകയും അപ്രത്യക്ഷമാകുകയും ചെയതത്. അവസാനം അവയെല്ലാം ഒതുങ്ങിച്ചുരുങ്ങി സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ പരിണാമത്തിനു രംഗ സംവിധാനം ചെയ്യുകയും ചെയ്തു.
ഓരോ മനുഷ്യന്റെ ജീവിതത്തിലും ഈ രണ്ടു പ്രക്രിയകളും ആവർത്തിക്കപ്പെടുന്നുവെന്നു പറയാം. മനുഷ്യൻറെ പരിണാമത്തിനു വേണ്ടി പ്രപഞ്ചത്തിന്റെ ഊർജ്ജം ഉപയോഗിക്കപ്പെടുകയും ചുരുങ്ങി തീവ്രമാകുകയും ചെയ്തതുപോലെ, ഓരോ മനുഷ്യന്റെ ജീവോർജ്ജവും ഉപയോഗിക്കപ്പെടുകയും അതുവഴി മനുഷ്യത്വത്തിലേക്ക് അവൻ ഉയരുകയും ചെയ്യുന്നു. വിജ്ഞാനത്തിന്റെ വികാസത്തിലൂടെ, സുഹൃദ്ബന്ധങ്ങളിലുടെ, സ്വയം ദാനത്തിലൂടെ, പക്വതയിലേക്ക് അവൻ നിരന്തരം വളരുന്നു; സ്വയം വലുതാകുന്നു. മനുഷ്യൻ ലോകത്തിലേക്കു വളരുന്നതുവഴി ലോകം മനുഷ്യനിലേക്കും വളരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ, ലോകം അവനിൽ ആന്തരീകരിക്കപ്പെടുന്നു, ഉദാത്തീകരിക്കപ്പെടുന്നു. ലോകവുമായുള്ള ബന്ധത്തിലൂടെയാണ് മനുഷ്യൻ പക്വതയും വ്യക്തിത്വവും നേടുന്നത്. ലോകത്തിൽ അവൻ ചെയ്തതും സഹിച്ചതും സ്വയം നിയന്ത്രിച്ചതും ത്യജിച്ചതും ക്ഷമിച്ചതും സ്നേഹിച്ചതുമെല്ലാം അവൻ്റെ വ്യക്തിത്വത്തിന്റെയും പക്വതയുടെയും മുദ്രകളാണെന്നു പറയാം. മനുഷ്യനിലേക്കുള്ള ലോകത്തിൻ്റെ വളർച്ചയോടൊപ്പം എതിർദിശയിലേക്കുള്ള ഒരു പ്രക്രിയയുമുണ്ട്: ജീവോർജ്ജം ഉപയോഗിച്ചുതീർന്നു. വയസ്സായി, മനുഷ്യൻ മരിക്കുന്നു. ഈ രണ്ടു പ്രക്രിയകളും വളരെ ബന്ധപ്പെട്ടാണു പോകുന്നത്.
ഏറെക്കുറെ ഈ രണ്ടു പ്രക്രിയകളുടെ മോഡലിൽ സത്യത്തിൽ ബാഹ്യമായ ഊർജ്ജം നഷ്ടപ്പെട്ട് മനുഷ്യൻ മരിക്കുന്നു. അപ്പോഴേയ്ക്കും അയാൾക്കു പക്വതയും വ്യക്തിത്വവും നല്‌കിയ ലോകം അയാളിൽ ആന്തരീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോകത്തിൻ്റെ ഒരു ഭാഗം അയാളിലും അയാളുടേതുമായിരിക്കുന്നു. മരണത്തിനപ്പുറത്ത് ദൈവം പുതുജീവൻ നല്‌കുമെന്ന പ്രത്യാശ ഒരു ആദ്ധ്യാത്മിക സത്തയായ ആത്മാവിനെ മാത്രമല്ല ബാധിക്കുക. പിന്നെയോ ലോകവുമായുള്ള ബന്ധത്തിലൂടെ, ശാരീരികമായ അസ്തിത്വത്തിലൂടെ, താനായിത്തീർന്ന മുഴുമനുഷ്യനെയുമാണ്. ഈ മുഴുമനുഷ്യനിൽ ആത്യന്തികമായി ലോകവും ശരീരവും ഒന്നായി തീർന്നിരിക്കയാണ്. ലോകത്തിന്റെ ഒരു ഭാഗം അവനിൽ ഉൾച്ചേർന്നു നില്ക്കുന്നു. അവന്റെ ലോകവും അവന്റെ ചരിത്രവും അവനിൽ എന്നേയ്ക്കുമായി അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ മുഴു മനുഷ്യനാണ് ദൈവം മരണത്തിനപ്പുറത്ത് ഒരു ഭാവി നൽകുന്നത്, അല്ലാതെ ശരീരത്തിൽ നിന്നു വേർപെട്ട ആത്മാവിനല്ല. ശരീരവും ലോകവും ചരിത്രവുമെല്ലാം മരണത്തോടെ അപ്രത്യക്ഷമാവുകയല്ല ചെയ്യുന്നത്, പ്രത്യുത ആന്തരികമായി മനുഷ്യനിൽ ലയിച്ച് ഉദാത്തമാവുകയാണു ചെയ്യുന്നത്. അതി നാൽ ഭാവിയെപ്പറ്റിയുള്ള പ്രത്യാശ ശാരീരിക ജീവിയായ മുഴു മനുഷ്യന്റെയും ഉയിർപ്പിലാണു കാണേണ്ടത്; അല്ലാതെ ആത്മാവിന്റെ അമർത്യതയിലല്ല.
എപ്പോഴാണ് ഉയിർപ്പു സംഭവിക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പരമ്പരാഗതമായി കരുതപ്പെട്ടിരുന്നത്, മരണത്തിൽ ആത്മാവു ശരീരത്തിൽ നിന്നു വേർപിരിയുകയും ലോകാവസാനത്തിനുശേഷം വീണ്ടും ശരീരവുമായി യോജിക്കയും ചെയ്യുമെന്നായിരുന്നുവല്ലോ. ശരീരത്തിൻ്റെ ഉയിർപ്പ് മേൽപറഞ്ഞ വിധം മനസ്സിലാക്കുമ്പോൾ പരമ്പരാഗതമായ ചിന്താഗതിയോടു വിടപറയാൻ വിഷമം തോന്നേണ്ടതില്ല. ജോസഫ് റാറ്റ്സിങ്ങർ (ബെനഡിക്റ്റ് 16- മൻ മാർപാപ്പാ) ഉൾപ്പെടെയുള്ള പ്രാമാണികരായ ദൈവശാസ്ത്രജ്ഞന്മാരുടെ കാഴ്ചപ്പാടിൽ, ഉയിർപ്പു സംഭവിക്കുന്നതു മരണത്തിന്റെ നിമിഷത്തിൽ തന്നെയാണ്. ശരീരത്തിൻ്റെ ഉയിർപ്പ് എന്നു പറയുന്നത് മൃതശരീരത്തിന്റെ ഉയർപ്പല്ല.മരിച്ച മനുഷ്യന്റെ അവയവങ്ങളിൽ വീണ്ടും ജീവൻന്റെ തുടിപ്പുണ്ടായി അവൻ എണീറ്റു വരുമെന്നുമല്ല അതിനർത്ഥം. ശരീരത്തിൻ്റെ ഉയിർപ്പ് അർത്ഥമാക്കുന്നത്, മരണത്തിനു വിധേയനായ മുഴു മനുഷ്യൻതന്റേതായിത്തീർന്ന ചരിത്രത്തോടും ലോകത്തോടും കൂടി ദൈവത്തിൽ നിന്ന് ഒരു പുതിയ ഭാവി സ്വീകരിക്കുന്നുവെന്നാണ്. ഈ ഭാവി എപ്രകാരമുള്ളതായിരിക്കുമെന്നു മനസ്സിലാക്കുവാൻ നമുക്കു സാധിക്കുകയില്ല. കാരണം നമ്മുടെ ചരിത്രത്തിന്റെയും ലോകത്തിൻറെയും സ്ഥിതിഗതികൾക്ക് അത് അതീതമാണ്. അതുമനസ്സിലാക്കുക നമുക്കാവശ്യവുമില്ല. നമുക്ക് ആവശ്യമായിരിക്കുന്നത് ജീവൻ്റെയും മരണത്തിന്റെയും നാഥനായ ദൈവം തന്നെയാണു നമ്മുടെ ഭാവി എന്ന ഉറച്ച വിശ്വാസമാണ്.
ഓരോരുത്തരുടെയും വ്യക്തിപരമായ ഭാവി പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും സാർവ്വത്രികമായ ഭാവിയുമായി ആഴത്തിൽ ബന്ധപ്പെട്ടതാണ്. ചരിത്രത്തിലെ തൻ്റെ ജീവിതവും പ്രവർത്തനങ്ങളും വഴി വ്യക്തിപരമായ പക്വതയിലേക്കും തനിമയിലേക്കും വരുക മാത്രമല്ല ഒരുവൻ ചെയ്യുന്നത്, പിന്നെയോ ചരിത്രത്തിൽ നിന്നു നീക്കിക്കളയാനാവാത്ത നിർണ്ണായകമായ ഫലങ്ങൾ അയാൾ അവശേഷിപ്പിക്കുന്നുമുണ്ട്. മനുഷ്യസമൂഹത്തിലും സഹജീവികളുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലും മായാത്ത മുദ്രകളാണ് അയാൾ പതിപ്പിച്ചിട്ടുള്ളത്. ദൈവത്തിൽ നിർണ്ണായകവും വ്യക്തിപരവുമായ ഭാവി അയാൾ നേടിക്കഴിഞ്ഞാലും, ഈ പ്രപഞ്ചവും ചരിത്രവുമായുള്ള അയാളുടെ ഐക്യം നിലയ്ക്കുന്നില്ല. മറ്റുള്ളവരുടെ ജീവിതവും പ്രവർത്തനങ്ങളും അയാളെയും ആഴത്തിൽ ബാധിക്കുന്നുണ്ട്.
ചരിത്രവും സമുഹവും ലോകവുമെല്ലാം മായാത്ത മുദ്രകളാണ് നാം ഒരോരുത്തരിലും പതിപ്പിക്കുന്നത്. മരിച്ച വ്യക്തിയെ ചരിത്രത്തിൽനിന്നും സമൂഹത്തിൽ നിന്നുമെല്ലാം പറിച്ചു മാറ്റുന്ന ഒരു വ്യക്തിഗത സംഭവമല്ല മരണവും ഉയിർപ്പും മറിച്ച് തുടർചരിത്രവുമായി ആഴത്തിൽ ബന്ധപ്പെടുത്തുന്ന ഒരു പൊതുസംഭവമാണ്. വ്യക്തിയുടെ ഉയിർപ്പിൽ ചരിത്രത്തിന്റെ ഒരു ഭാഗം പൂർത്തീകരിക്കപ്പെടുന്നു; ഈ ചരിത്രത്തിൽ അവൻ്റെ സാന്നിദ്ധ്യം തുടരുകയും ചെയ്യുന്നു. അങ്ങനെ വ്യക്തികളും സമുഹവും ചരിത്രവും ലോകവുമെല്ലാമായി ആഴത്തിൽ ബന്ധപ്പെടുന്ന സാർവ്വത്രികമായ ഒരു പ്രക്രിയയത്രേ ഉയിർപ്പ്. ആത്യന്തികമായി എല്ലാ യാഥാർത്ഥ്യവും സ്നേഹത്തിൽ ഐക്യപ്പെടുന്ന, പൂർത്തീകരിക്കപ്പെടുന്ന ഒരു പ്രക്രിയ. ദൈവം തന്നെയാണ് ഈ പൂർത്തീകരണ പ്രക്രിയയുടെ ആരംഭവും തുടർച്ചയും ആത്യന്തികമായ ലക്ഷ്യവും.
ശരീരത്തിന്റെ ഉയിർപ്പ്
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, ജൂലൈ 2007

























































