പെസഹ: വെറും ആചാരമല്ല, ഒരു വിചാരണയാണ്


ക്രൈസ്തവർ ഇന്ന് പെസഹാ ത്രിദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിൻ്റെ ജീവിതം, മരണം, ഉത്ഥാനം എന്നീ രഹസ്യങ്ങളുടെ ഓർമ്മ പുതുക്കലാണ് ഈ ദിനങ്ങൾ. എന്നാൽ ഈ തിരുനാൾ ദിനങ്ങൾ വെറുമൊരു ആഘോഷമല്ല; ഇതൊരു കണ്ണാടിയാണ്. നമ്മൾ ആരാണ്, നമ്മൾ ആരായി മാറിയിരിക്കുന്നു, നമ്മൾ ആരാകണം എന്ന് നേർക്കുനേർ കാണിച്ചുതരുന്ന ഒരു വിചാരണക്കണ്ണാടി. ഈ കണ്ണാടിയിലേക്ക് സത്യസന്ധമായി നോക്കാനുള്ള ധൈര്യമാണ് ഈ കാലം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്.
യഹൂദ പാരമ്പര്യത്തിൽ പെസഹാ അടിമത്തത്തിൽ നിന്നുള്ള മോചനത്തിൻ്റെ ഓർമ്മ പുതുക്കലാണ്. ക്രൈസ്തവർക്ക് ഇത് ക്രിസ്തുവിൻ്റെ ബലിയർപ്പണത്തിൻ്റെ സ്മരണയും. എന്നാൽ ആ ക്രിസ്തു ഇന്ന് നമ്മോടു ചോദിക്കുകയാണ്: 'നിങ്ങൾ എന്നെ ആഘോഷിക്കുന്നുണ്ട്, പക്ഷേ എന്നെ പിന്തുടരുന്നുണ്ടോ?' ആ ചോദ്യത്തെ ധൈര്യത്തോടെ നേരിടാൻ ഈ പെസഹാ നമ്മെ പ്രേരിപ്പിക്കുന്നു. ആ പിന്തുടർച്ച വാക്കുകളിലല്ല, ജീവിതത്തിൽ പ്രകടമാകേണ്ടതാണ്.
പൗരോഹിത്യം — ഒരു ന്യൂനപക്ഷ പദവിയല്ല, ഒരു ജനകീയ ദൗത്യമാണ്
മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും പുരോഹിതനാണ് എന്ന സത്യം വെറുമൊരു ദൈവശാസ്ത്ര സംജ്ഞയല്ല; അതൊരു ഉത്തരവാദിത്തമാണ്. ക്രിസ്തുവിൻ്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കാളിയാകുക എന്നാൽ ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരുന്ന വെറുമൊരു വ്യക്തിയായി ജീവിക്കുക എന്നല്ല. മറിച്ച്, ഓരോ പുരോഹിതനും സകല ജനങ്ങളെയും ഒന്നിപ്പിക്കുന്ന സ്നേഹശക്തിയായി മാറേണ്ടവനാണ്. ഇവിടെ ഐക്യം എന്നാൽ ഒരേ അച്ചിൽ വാർത്തെടുത്ത അഭിപ്രായങ്ങളല്ല, മറിച്ച് അതൊരു കൂട്ടായ്മയുടെ അനുഭവമാണ്. വ്യത്യസ്തരായ മനുഷ്യരെയും വ്യത്യസ്തമായ അഭിപ്രായമുള്ളവരെയും ഒരേ ദൃഷ്ടിയോടെ കാണാനും, മനുഷ്യകുലത്തിൻ്റെ ഭാഗമായി എല്ലാവരെയും ഉൾക്കൊള്ളാനുമുള്ള വിശാലതയാണ് ഐക്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിന്റെ ഹൃദയം.
വിശുദ്ധ കുർബാന — "ഞങ്ങൾക്ക്" വേണ്ടിയല്ല, "എല്ലാവർക്കും" വേണ്ടി
ഇത് എൻ്റെ ശരീരമാകുന്നു; നിങ്ങൾക്കെല്ലാവർക്കും വേണ്ടി അർപ്പിക്കപ്പെടുന്നു.' ഈ വചനത്തിലെ 'എല്ലാവർക്കും' എന്ന വാക്ക് സമുദായങ്ങൾക്കും റീത്തുകൾക്കും പാരമ്പര്യങ്ങൾക്കും ദേശങ്ങൾക്കുമിടയിലുള്ള മതിൽക്കെട്ടുകളെ തകർക്കുന്നതാണ്; തകർക്കേണ്ടതാണ്. 'ഞങ്ങളുടെ ആളുകൾ' എന്ന് ഉൽഘോഷിക്കുന്ന ക്രൈസ്തവൻ ക്രിസ്തുശിഷ്യനല്ല. സ്വന്തം ആളുകൾ തിന്മ ചെയ്യുമ്പോൾ മൗനം പാലിക്കുകയും 'അപരൻ' തെറ്റ് ചെയ്യുമ്പോൾ ശബ്ദമുയർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ക്രൈസ്തവം എന്ന് വിളിക്കുന്നത് വിരോധാഭാസമാണ്. ക്രിസ്തുശിഷ്യൻ ആരുടെ തിന്മയെയും തിന്മയായും നന്മയെ നന്മയായും കാണാൻ കഴിവുള്ളവനാണ്. അവൻ അതിർവരമ്പുകൾക്കതീതമായി ദൈവത്തിന്റെ ഛായയും സാദൃശ്യവും ഓരോ മനുഷ്യനിലും കാണാൻ പ്രാപ്തിയുള്ളവനാണ്. അവന്റെ കാഴ്ചയിൽ ‘പരൻ’ (Enemy), അന്യൻ (Stranger) എന്നൊരു വിഭാഗം ഇല്ല.
പാദം കഴുകൽ — ഭക്തരുടെ ചടങ്ങല്ല, ധൈര്യശാലികളുടെ ദൗത്യം
ക്രിസ്തു ആരുടെ പാദങ്ങളാണ് കഴുകിയത്? തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്ന യൂദാസിൻ്റെയും, തന്നെ തള്ളിപ്പറയുമെന്ന് ഉറപ്പുള്ള പത്രോസിൻ്റെയും, 'അവനോടൊപ്പം മരിക്കാം' എന്ന് വീമ്പു പറയുകയും കാര്യത്തോടടുത്തപ്പോൾ ഓടിപ്പോവുകയും ചെയ്ത തോമസിൻ്റേതുമുൾപ്പെടെയുള്ളവരുടെ! ആരാണ് 'യോഗ്യൻ' എന്ന ചോദ്യത്തെത്തന്നെ അപ്രസക്തമാക്കുന്ന ക്രിസ്തുവിൻ്റെ സ്നേഹമാണത്. ഇവിടെ അവൻ പാദങ്ങൾ കഴുകിയത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല; മറിച്ച്, അവർ മനുഷ്യരാണ് എന്ന ഒറ്റക്കാരണം കൊണ്ടുമാത്രമാണ്. മാമ്മോദീസ സ്വീകരിച്ചവന്റെ പദവി പാദക്ഷാളനം സ്വീകരിക്കലല്ല, മറിച്ച് പാദക്ഷാളനം നൽകലാണ്. ഇന്ന് ഈ 'പാദം കഴുകൽ' ക്യാമറകൾക്ക് മുന്നിലെ വെറുമൊരു നാടകമായി അധഃപതിക്കുമ്പോൾ, ക്രിസ്തുവിൻ്റെ വിനീതമായ ആ ദൗത്യം അവിടെ വിസ്മരിക്കപ്പെടുന്നു. സ്നേഹത്തിന്റെ ഈ പ്രവൃത്തിയാണ് സുവിശേഷത്തിന്റെ ഏറ്റവും ശക്തമായ പ്രസംഗം.
പെസഹ ഈ ചോദ്യം ഉയർത്തുന്നു: "ഞാൻ ആരുടെ ക്രൈസ്തവനാണ്. ക്രിസ്തുവിൻ്റേതോ, എൻ്റെ ഗോത്രത്തിൻ്റേതോ?" ഈ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ട് നൽകുന്നവർക്ക് മാത്രമേ ഓരോ ദിനവും മറ്റുള്ളവരുടെ പാദം കഴുകുന്ന ഒരു ജീവിതം നയിക്കാനാകൂ. ഈ പെസഹ ഒരു ഓർമ്മപ്പെടുത്തലാണ്. ക്രൂശിതനെ ചുംബിക്കുന്ന അതേ ചുണ്ടുകൾ കൊണ്ട് മറ്റൊരു മനുഷ്യനെ തള്ളിപ്പറയാതിരിക്കാനുള്ള ഒരു വലിയ ജാഗ്രത. ഇത് ഒരു ആത്മപരിശോധനയുടെ വിളിയാണ്.
ഈ പെസഹ ഒരു ആഘോഷം ആകട്ടെ — ഒപ്പം ഒരു ഉണർവ്വും. മാറ്റത്തിനുള്ള ഒരു തുടക്കവും ആകട്ടെ.
മിഥുൻ ജെ ഫ്രാൻസിസ് കൊച്ചുകല്ലൻവിള, എസ് ജെ

















































































































