top of page

ഓർമ്മയിൽ ജ്വലിക്കുന്ന ക്ലാര

Oct 4, 1992

5 min read

ബോബി ജോസ് കട്ടിക്കാട്

അസ്സീസിയിലെ വി ക്ലാരയെക്കുറിച്ച്, ബോബി ജോസ് കട്ടിക്കാട് 1992 ഒക്ടോബർ ലക്കം അസ്സീസി മാസികയിൽ എഴുതിയ അനുസ്മരണം.

St Claire of Assisi
St Claire of Assisi

ജീവിതത്തെ ഗൗരവപൂർവം വീക്ഷിക്കുന്ന, മനസ്സിൽ 'നിയോഗങ്ങളുടെ അഗ്നി'യേന്തുന്നു എന്ന് വിശ്വസിക്കുന്ന തൂലികാ സുഹൃത്തായ പെൺകുട്ടി, രണ്ടാം ചിന്തകളുടെ വേളകളിലൊന്നിൽ ഇങ്ങനെ കുറിച്ചു:


"....ഒത്തിരി ഭീതി തോന്നുന്നു. സംശയവും ക്രൂരതയും സ്ഫു‌രിക്കുന്ന സമൂഹത്തിൻ്റെ ആയിരം കണ്ണുകൾക്ക് മുമ്പിൽ വിവസ്ത്രയെപ്പോലെ അപമാനിതയാകുന്ന അനുഭവം. മടുത്തു...! ചിന്തയുടെയും കർമത്തിൻ്റെയും ജാലകങ്ങൾ ഇനി ഞാനടച്ചിടുകയാണ്, സ്വകാര്യതയുടെ ഗൃഹത്തിലേക്കൊതുങ്ങുവാൻ...."


അറിയപ്പെടുന്ന 'വിമൺ ലിബ്ബു' കളുടെ നഗരത്തിലാണ് പെൺകുട്ടിയുടെ വീട്. സ്ത്രീയുടെ തുല്യത പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും, പ്രഭാഷണങ്ങളും നഗരത്തിലെ സന്ധ്യകളിൽ മുഴങ്ങാറുണ്ട്. കേരളത്തിലെ സ്ത്രീകളുടെ അഭിരുചികൾ നിർണയിക്കുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് 'സ്ത്രീ പ്രസിദ്ധീകരണങ്ങൾ' ഇവിടെ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഏറെ പേരുകേട്ട വനിതാ കോളേജുകൾ, 'കൈനറ്റിക്ക് ഹോണ്ട'കളിൽ വിലങ്ങനെയും കുറുങ്ങനെയും പായുന്ന വിദ്യാർഥിനികളും ഉദ്യോഗസ്ഥകളും...


എന്നിട്ടും,


ആത്മാവിൻ്റെ ആഴങ്ങളിൽ ഓരോ സ്ത്രീയിലും ഏൽപ്പിക്കപ്പെടുന്ന ഭീതിയുടെയും, അബല ബോധത്തിൻ്റെയും പ്രാക് ഭാവങ്ങൾ പെൺകുട്ടിയുടെ വരികൾക്കി ടയിൽ അനാവൃതമാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.


ഇനി ഞാനവളോട് അസീസ്സിയിലെ ക്ലാരയെക്കുറിച്ച് പറയും.


ആരായിരുന്നു ക്ലാര....?


ആദിമ വിശുദ്ധിയോടെ നിയോഗങ്ങൾക്ക് കാതോർത്തവൾ.

തപസ്വിനിയുടെ ആർദ്രതയിൽ സമസ്തലോകത്തിനും ഹൃദയത്തിൽ ഇടം നൽകിയവൾ. പ്രവാചികയുടെ ഗാംഭീര്യത്തോടെ മാറ്റത്തിന്റെ ചക്രവാളങ്ങളിലേക്ക് ചൂണ്ടു വിരൽ നീട്ടിയവൾ.


പിന്നെ അതിനുമപ്പുറം എന്തൊക്കെ യോ...... വാക്കുകളുടെ ചിപ്പിക്കുള്ളിൽ വ്യക്തിയുടെ ആകാശങ്ങളെ നമുക്കെങ്ങനെ ഒതുക്കാനാവും...?!


ചരിത്രത്തിന്റെ വഴികളിൽ ഇരുൾ വീണ കാലത്തിലാണവൾ പിറന്നത്. കുടിപ്പകകളും, പടയോട്ടങ്ങളും മുഖമുദ്രയാക്കിയ സമൂഹം. ഫ്യൂഡൽ വ്യവസ്‌ഥിതിയുടെ നുകത്തിനു കീഴിൽ പണിയെടുക്കാനും, പടയ്ക്ക് പോകാനും മരിച്ചു വീഴാനും മാത്രം കടപ്പെട്ട കുറെയേറെ മനുഷ്യർ...


വിശുദ്ധ നാടുകൾക്ക് വേണ്ടി നടത്തിയ, സഭയുടെ അവിശുദ്ധ യുദ്ധപരമ്പരകൾ. 'സ്വർണ്ണവും വെള്ളിയും ഞങ്ങൾക്കില്ല' എന്ന് പ്രഖ്യാപിച്ച പത്രോസിൻെറ ആത്മാവ് സഭയ്ക്ക് അന്യമായിത്തുടങ്ങിയ 'വൈരുദ്ധ്യ കാലം:

St Claire of Assisi

ക്ലാരെയെന്നാൽ വെളിച്ചമെന്നർത്ഥം -ഇരുളിൽ തെളിയുന്ന പ്രത്യാശയുടെ അഗ്നിനാളം! ക്ലാരയെ ഉദരത്തിൽ വഹിച്ചിരുന്ന നാളിൽ അവളുടെ അമ്മ ഒരുൾവിളി കേട്ടു, ഭൂമിയുടെ ഇരുളിൽ ജ്വലിക്കുന്ന ഒരു ദീപത്തിന് നീ ജന്‌മം നൽകുമെന്ന്.... ഈ പ്രവചനത്തിൻ്റെ ശിലയിൽ നിന്നുകൊണ്ടാണ് അമ്മ ഒർത്തോലാനപ്രഭ്വി തൻ്റെ കുഞ്ഞിന് ക്ലാരയെന്ന ധന്യനാമം നൽകുക.


അവളുടെ ബാല്യത്തെക്കുറിച്ച് നമുക്ക് ഏറെയൊന്നുമറിയില്ല. എന്നിട്ടും, അവ്യക്തതയുടെ മൂടൽ മഞ്ഞിനപ്പുറത്ത് നിന്ന് ചില ചിതറിയ ചിത്രങ്ങൾ നമുക്ക് ലഭിക്കുന്നു. കത്തീഡ്രലുകളും, ഗോപുരങ്ങളും കാവൽ നിൽക്കുന്ന മഞ്ഞുവീണ വീഥികളിലൂടെ അമ്മയുടെ വിരൽത്തുമ്പുകളിൽ പിടിച്ചു നടക്കുന്ന ദിനങ്ങൾ. പിന്നെ ദേവാലയപടവുകളിൽ ഭിക്ഷയ്ക്കായി കാത്തിരിക്കുന്ന ദരിദ്രരുടെ കൈവെള്ളകളിൽ നാണയതുട്ടുകൾ വച്ചുകൊടുക്കുന്ന അലിവിൻ്റെ ഒരു മിന്നൽ വെളിച്ചം. ആളൊഴിഞ്ഞ ദേവാലയങ്ങളുടെ സാന്ദ്രനിശബ്ദതയിൽ ഹൃദയത്തിൽ സങ്കീർത്തനങ്ങളുടെ താളവുമായി നമ്രശീർഷയായി പ്രാർഥനയിൽ നില്ക്കുന്ന ശാന്തയായൊരു പെൺകുട്ടി. പൂക്കുട്ടയിൽ നിറയെ പൂക്കളുമായി താഴ്‌വരകളിലൂടെ സഖികളുമൊത്ത് ചിരിച്ചുല്ലസിച്ചു വരുന്ന, കൗതകമുണർത്തുന്ന മറ്റൊരു ചിത്രം. കാൽപനികതയുടെ നിറം പുരണ്ട കുറെ സ്‌കെച്ചുകൾ......


ബാല്യത്തിൻെറ ഈ വഴികളിലെവിടയോ അവളുടെ നെഞ്ചിൽ അന്വേഷണത്തിന്റെ ഒരു വിത്ത് വീണു. അത് മുളപ്പൊട്ടി. പിന്നെ ദിനരാത്രങ്ങളിലൂടെ പൂവിട്ട് അവളുടെ ഓരോ ജൈവകോശങ്ങളിലും പൂത്തുലഞ്ഞ് നിന്നുവെന്ന് നാമറിയുന്നു...


എവിടെയോ വായിച്ചു; അന്വേഷണത്തിൻ്റെ വിത്തുകൾ അപ്പൂപ്പൻ താടിപോലെ അന്തരീക്ഷത്തിൽ പാറിനടക്കുന്നു. ഈശ്വരനാണതിന് ചിറകുകൾ നൽകിയിരിക്കുന്നത്. കോട്ടകൊത്തളങ്ങൾക്ക് ഇവയെ തടുക്കാനാവില്ല. അത് എവിടെയെല്ലാം ചെന്ന് വീഴുന്നുവോ അവിടെയെല്ലാം അതിന് മുളപൊട്ടുകയും ചെയ്യുന്നു.....


വളരെ വളരെ വ്യത്യസ്‌തനായൊരു ചെറുപ്പക്കാരനെക്കുറിച്ച് അക്കാലത്ത് അസീസ്സിയിലെ ജനങ്ങൾ സംസാരിച്ചിരുന്നു. ജീവിതം ഒരു കാർണിവൽ പോലെ ആഘോഷിച്ചിരുന്ന, അഹന്തയുടെ അശ്വത്തിൽ യാത്രചെയ്തിരുന്ന ഫ്രാൻസിസ് ബർണദോൻ എന്ന ഒരു ചെറുപ്പക്കാരൻ. ആതിരരാവുകളിൽ ഇടുങ്ങിയ വീഥികളിലൂടെ നൃത്തം ചിവിട്ടി, ഉറക്കെ ഗാനങ്ങൾ പാടി ഉല്ലസിച്ചിരുന്ന അയാൾ ജ്വരബാധിതനെപ്പോലെ ഉൾവലി ഞ്ഞു തുടങ്ങിയത് പെട്ടെന്നായിരുന്നു.


പടയോട്ടങ്ങളിലൊന്നിൽ പങ്കുചേരാനും പേരു നേടാനും ഒരു ദിവസം അയാൾ അസ്സീസിയിൽ നിന്ന് പുറപ്പെട്ടു. യാത്രയുടെ ഇടവേളകളിലെപ്പോഴോ അയാളുടെ ജീവിതത്തെ ആകമാനം ഉലച്ച എന്തോ ഒന്ന് സംഭവിച്ചു. രണഭൂമിയെലെത്താതെ അയാൾ മടങ്ങി. അയാൾ തൻ്റെ പടക്കുതിരയെ ആർക്കോ നല്‌കിയിരുന്നു- ഒപ്പം പടക്കുതിരയുടെ ആ തലയെടുപ്പും അവന് അന്യമായിത്തീർന്നിരുന്നു.


ദേവാലയങ്ങളിലും, പിന്നെ താഴ്‌വരകളിലെ ഗുഹകളിലും അയാൾ മണിക്കൂറുകളോളം പ്രാർഥനയിൽ ചെലവഴിച്ചിരുന്നതായി ആളുകൾ പറഞ്ഞു. ആട്ടിടയൻ ധരിക്കുന്ന പരുക്കൻ വസ്ത്രങ്ങളണിഞ്ഞ് അയാൾ നഗ്നപാദനായി തെരുവുകളിലൂടെ അലഞ്ഞിരുന്നു. ചെറിയ ചെറിയ സംഘങ്ങളോട് അയാൾ ദൈവത്തെക്കുറിച്ച്, ഒപ്പം മനുഷ്യനെയും, ഭൂമിയെയും കുറിച്ച് സംസാരിച്ചു. അയാൾ ആഹ്ലാദത്തിന്റെ വിഞ്ഞു കുടിച്ചവനായിരുന്നു....


ക്ലാര ജാലകങ്ങൾ തുറന്നിട്ടിരുന്നു. വീടിന്റെ മാത്രമല്ല. മനസ്സിൻ്റെയും.


തുറന്നിട്ട ജാലകത്തിലൂടെ അവൾ എല്ലാത്തിനും സാക്ഷിയായി.


അക്കാലത്ത് അവൾ വെളിപാടുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നിശയുടെ നിശബ്ദതയിൽ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു വേണ്ടിയല്ല, മറിച്ച് വ്യക്തികളിലൂടെയും, സംഭവങ്ങളിലൂടെ യും സ്വയം അനാവൃതമാക്കുന്ന ദൈവത്തെ...


ഫ്രാൻസിസ് എന്ന മനുഷ്യൻ അവൾക്ക് വലിയ വെളിപാടായി. 'ബോന'യെന്ന പരിചാരികയുമൊത്ത് അവൾ ഫ്രാൻസിസിനെ സന്ദർശിച്ചു. ആ മനുഷ്യന്റെയുള്ളിൽ അഗ്നിയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവൻ്റെ അഗ്‌നി അവളുടെ ഹൃദയത്തെ കൂടുതൽ ജ്വലിപ്പിച്ചു. വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങുവാനുള്ളവളല്ല താനെന്നും വലിയ നിയോഗങ്ങൾ തനിക്കുവേണ്ടി കാത്തിരിക്കുന്നുവെന്നുമവൾ മനസ്സിലാക്കി. അദ്യശ്യമായി എല്ലാ കരുക്കളും നീക്കുന്ന ആ ശക്തിയാണ് തന്റെ നിയോഗങ്ങൾ തീർക്കുന്നതെന്നവൾ വിശ്വസിച്ചു. പട്ടം പറപ്പിക്കുന്ന കൂട്ടിക്കറിയാം, അവനല്ല പട്ടത്തെ നിയന്ത്രിക്കുന്നതെന്ന്. അത് കാറ്റല്ലേ, എവിടെ നിന്ന് വരുന്നുവെന്നറിയാത്ത എവിടേക്കോ വിശു ന്ന കാറ്റ്.... ആ കാറ്റിനവൾ തൻ്റെ ജീവിതത്തിന്റെ ഗതി ഭവ്യതയോടെ വിട്ടുകൊടുത്തു.


St Claire of Assisi
St Claire of Assisi

1212-മാർച്ച് 20-ഒരോശാന ഞായർ.


കുടുംബാംഗങ്ങളോടൊത്ത് ക്ലാര ദേവാലയത്തിലെ കർമങ്ങളിൽ പങ്കെടുത്തു. കുന്തിരക്കത്തിന്റെ ഗന്ധം അസീസ്സിയിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നു. വിശ്വാസികളും, ഗായകസംഘവും ഒരേ താളത്തിൽ ഒലിവിലക്കൊമ്പുകൾ പാടുന്ന ഓശാനഗീതങ്ങൾ ആലപിച്ചിരുന്നു. കർമങ്ങൾ അവസാനിച്ചു. ആളൊഴിഞ്ഞ ദേവാലയത്തിൽ ക്ലാരമാത്രം.


'സിയോൻ പുത്രി, ഭയപ്പെടണ്ട' എന്ന സങ്കീർത്തന ഗീതം അവളുടെ ഉള്ളിൽ പ്രതിധ്വനിച്ചിരുന്നു.


അന്നു രാത്രിയായിരുന്നു. അവളുടെ 'പുറപ്പാട്'


ഒരോ പുറപ്പാടും ഓരോ തീവ്രമായ നൊമ്പരമാണ്. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിച്ച് അറിയപ്പെടാത്ത തീരങ്ങളിലേക്കുള്ള യാത്ര. വീടിൻ്റെ സുരക്ഷിതത്വം ഉപേക്ഷിച്ച് അരക്ഷിതാനുഭവങ്ങളിലേക്കുള്ള പുറപ്പാട്.


ഇത്തരം പുറപ്പാടുകളിലാണ് മനുഷ്യൻറ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. ചരിത്രം പുറപ്പാടുകളുടെ ആകെത്തുകയാണെന്ന് പറഞ്ഞതാരാണ്... സ്നേഹം പോലും ഒരു പുറപ്പാടാണല്ലോ. അഹത്തിന്റെ കൂട്ടിൽ നിന്ന് അപരനിലേക്കുള്ള യാത്ര...


ക്ലാര ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ശബ്ദമുണ്ടാക്കാതെ അവൾ അകത്തളങ്ങളിലെ ഇടനാഴികളിലൂടെ നടന്ന് തെരുവിലെത്തി. അവളെക്കാത്ത് ആത്‌മാർഥ സുഹൃത്തായ പസിഫിക്കായെന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പോർസ്യുങ്കുലയിലെ ചെറിയ ദേവാലയത്തിൽ ചിരാതുകൾ അണയ്ക്കാതെ ഫ്രാൻസിസും ദരിദ്ര സഹോദരൻമാരും അവളെ കാത്തിരുന്നു. രാപ്പാടികളുടേതു പോലെ മധുരമായ ഒരു സങ്കീർത്തനം അവൾ പാടിയിരുന്നു.- (സങ്കീർത്തനം 45, 10, 11, 13, 17)


ഇടറാത്ത പാദങ്ങളോടെയവൾ ദേവാലയത്തിൻ്റെ പടവുകൾ ചവിട്ടിക്കയറി. ആഭരണങ്ങൾ എല്ലാം ഊരി അവൾ അൾത്താര യുടെ മുന്നിൽ സമർപ്പിച്ചു. പിന്നെ ഫ്രാൻസിസിൻെറ കൈയിൽ നിന്ന് ഒരു പരുക്കൻ വസ്ത്രം ഏറ്റുവാങ്ങി. ദീപങ്ങളുടെ വെളിച്ചത്തിലവളുടെ സുവർണ്ണ മുടിയിഴകൾ മുറിച്ചെടുക്കപ്പെട്ടു.... ആ നിമിഷത്തിലവൾ ദൈവത്തിന്റെയും മനുഷ്യൻ്റെയും ദരിദ്രസഹോദരിയായി...


ആ നിമിഷത്തിൽ തന്നെയവൾ ദാരിദ്യത്തിന്റെ പ്രവാചികയുമായി. മഠാധിപകളും, ആശ്രമാധിപൻ‌മാരും ഏറ്റം വലിയ ഭൂവുടമകൾ ആയിരുന്ന ഒരു കാലത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പുതിയനീക്കം വിപ്ലവാത്മകമായിരുന്നു. 'മോണാസ്‌റ്റിക്ക് പാരമ്പര്യത്തെ നശിപ്പിച്ച ധനസമ്പാദനം എന്ന തിന്‌മയ്ക്കെതിരെയവൾ കർമ്മം കൊണ്ട് ആഞ്ഞടിച്ചു. 'കോൺസ്റ്റൻ്റയിൻ്റെ' കിരീടങ്ങളിൽ നിന്ന് പത്രോസിന്റെ ആത്‌മാവിലേക്ക് തിരിച്ചുപോകുവാൻ അവൾ സഭയെ നിരന്തരം പ്രേരിപ്പിച്ചു. സുവിശേഷാധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവളുടെ സ്വ‌പ്നം.


സമൂഹത്തിൽ, ദരിദ്രരായ മനുഷ്യർ പ്രഭുക്കൻമാരുടെ കണ്ണുകളിൽ മൃഗതുല്യരായ അടിമകളായിരുന്നു. അതിനീചമായ രീതിയിൽ (എല്ലാക്കാലത്തിലുമെന്ന പോലെ) ദരിദ്രർ നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.


നേടാനുള്ള പടയോട്ടങ്ങൾക്കിടയിൽ 'നഷ്ടപ്പെടുത്തുന്ന ദൈവശാസ്ത്രം' കർമ്മം കൊണ്ട് പ്രഘോഷിക്കുക വഴി ക്ലാര ഫ്രാൻസീസിനെപ്പോലെ 'ദരിദ്രരുടെ പക്ഷത്തിൽ ചേരുകയായിരുന്നു. ആദ്യകാലത്ത് ക്ലാരയെ പിന്തുടർന്നവർ അവളെപ്പോലെ തന്നെയുള്ള പ്രഭുകുമാരികൾ ആയിരുന്നു. സുഖഭോഗങ്ങളുടെ പടവുകൾ ഇറങ്ങിവന്ന് ജീവിതത്തിൻ്റെ ദൈന്യ ഭാവങ്ങൾ സ്വയം സ്വീകരിച്ച ഈ പെൺകുട്ടികൾ സമൂഹത്തിൻ്റെ മനസാക്ഷിയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. യേശുവിന്റെ ആദർശങ്ങളിലേക്കുള്ള ഒരു മടക്കയാത്ര ആയിരുന്നുവത് പ്രാഗിലെ അഗ്‌നസിനയച്ച കത്തുകളിലൊന്നിൽ അവളിങ്ങനെ കുറിച്ചു:

"ദരിദ്രർക്ക് മാത്രമാണ് കർത്താവ് ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നതും, നൽകിയിരിക്കുന്നതുമെന്ന് നീ അറിഞ്ഞിട്ടുണ്ടെന്നാണ് എൻ്റെ ബോധ്യം... ലോകത്തിൻ്റെ ബഹുമതിയെക്കാൾ അതിന്റെ നിന്ദനങ്ങൾ നീ ഇഷ്ട‌പ്പെട്ടു. ഭൗമിക ധനത്തെക്കാൾ ദാരിദ്ര്യം നീ തെരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ തുരുമ്പിനും കിടങ്ങൾക്കും, കള്ളൻമാർക്കും നിന്നെ നശിപ്പിക്കാനാവില്ല.."


ധനവാനായിരിക്കുകയെന്നാൽ ഭൂമിയെയും, സഹജീവികളെയും ചൂഷണം ചെയ്യുക എന്നതാണർഥമെന്ന് തിരിച്ചറിയുന്ന നമുക്ക് ക്ലാര വലിയൊരു പ്രകാശ സ്രോതസ്സാവുന്നു. തലമുറകൾക്ക് വേണ്ടി നൊമ്പരപ്പെടുന്നവർ ലളിത ജീവിതത്തിലേക്ക് മടങ്ങണമെന്ന് മനസ്സിലാക്കുന്ന വേളയിൽ രപ്പെടുന്നവൻ ലളിത ജീവിതത്തിലേക്ക് ദാരിദ്ര്യത്തിന്റെ ഈ പ്രവാചിക നമുക്ക് വഴികാട്ടുന്നു.


ദാരിദ്ര്യത്തിന്റെ ആനുകൂല്യത്തിന് വേണ്ടി മാത്രമാണ് ക്ലാര പേപ്പസിയോടപേക്ഷക്കുക. 1228-സെപ്റ്റംബർ 17ന് ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ ക്ലാരയുടെ സമൂഹത്തിന് 'ദാരിദ്ര്യത്തിന്റെ ആനുകൂല്യം (Privilege of Poverty-Privilegium Paupertatis) അനുവദിച്ചു കൊടുത്തു. പേപ്പൽ രേഖയിൽ മാർപാപ്പ ഇങ്ങനെ കുറിച്ചിരിക്കുന്നു:


"ഭൗതിക വസ്തുക്കൾക്കായുള്ള അഭിലാഷങ്ങൾ പരിത്യജിച്ചുകൊണ്ട് നിന്നെ പൂർണമായി കർത്താവിന് സമർപ്പിക്കാനുള്ള ആഗ്രഹം നീ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ നീ എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുകയും സമ്പാദ്യങ്ങളൊന്നുമില്ലാതെ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു‌. അതു വഴിയത്രേ എല്ലാറ്റിലും, നമുക്ക് വേണ്ടി വഴിയും സത്യവും ജീവനുമായിത്തീർന്നവൻ്റെ ചുവടുകൾ നിനക്ക് മുറുകെ പിടിക്കുവാൻ കഴിയുക. സമ്പാദ്യത്തിന്റെ അഭാവം നിൻ്റെ

തീരുമാനത്തിൽ നിന്ന് നിന്നെ പിൻതിരിപ്പിക്കുന്നില്ല...' (Bullarion franciscanum1,178).


എന്നാൽ 1247-Aug 6 ന് ഇന്നസെൻ്റ് നാലാമൻ മാർപാപ്പ ദരിദ്ര സഹോദരിമാരുടെ സംഘങ്ങൾക്ക് വേണ്ടി ഒരു പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. അതനുസരിച്ച് സഹോദരി സംഘത്തിന് പൊതു സ്വത്ത് ഉണ്ടായിരിക്കണമെന്നാണ്. ഇത് ക്ലാരയ്ക്ക് സ്വീകാര്യമല്ലെന്ന് കണ്ട മാർപാപ്പ 1250 ജൂലൈ 6ന് Inter personas alias എന്ന ബുള വഴി നിയമാവലിയുടെ കടപ്പാട് എടുത്തു കളഞ്ഞു. ഈ കാലഘട്ടത്തിൽ ദാരിദ്രത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു നിയമാവലി അവൾ തയ്യാറാക്കിക്കൊണ്ടിരുന്നു. ഇതിനു വേണ്ടി ക്ലാര നിരന്തരമായി ഇന്നസെൻറ് നാലാമൻ മാർപാപ്പയുടെ അംഗീകാരം തേടിക്കൊണ്ടിരുന്നു.ഒടുവിൽ 1253 ഓഗസ്റ്റ് 9ാം തീയതി 'സോളെത്ത് അന്നവാര'(Solet Annuere), എന്ന പേപ്പൽ ബുള ക്ലാരയ്ക്ക് സാന്ത്വനമായി. രണ്ടു ദിവസങ്ങൾക്ക് ശേഷം അവൾ മരണം പ്രാപിക്കുകയും ചെയ്തു‌.


'ദാരിദ്രമെന്ന ഈ സിദ്ധി' - തനിക്കു ശേഷം വരുന്ന തലമുറകൾക്കും സ്വന്തമാക്കുവാനാണ് ക്ലാര പേപ്പസിയോട് ജീവിതത്തിന്റെ നല്ലൊരു കാലം 'സ്നേഹപൂർവം കലഹിച്ചത്...

ree

ക്ലാരയുടെ ആവ്യതിയുടെ വാതിലുകൾ ഒരിക്കലും അടഞ്ഞുകിടന്നിരുന്നില്ല. അവളുടെ ഹൃദയത്തിന്റെ സ്വാഗതം പോലെ അത് നിന്ദിതർക്കും, ദരിദ്രർക്കും, രോഗികൾക്കുമായി തുറന്നു കിടന്നിരുന്നു. പട്ടണത്തിന്റെ തെരുവുകളിൽ ഉപേക്ഷിക്കപ്പട്ടിരുന്ന കുഷ്ടരോഗികളെ ചുമലിലേറ്റി ദരിദ്രസഹോദരൻമാർ ആവ്യതിയുടെ കവാടത്തിലെത്തിയിരുന്നു. പ്രിയപ്പെട്ട സഹോദരിമാർക്ക് സ്നേഹത്തിന്റെ സമ്മാനങ്ങളുമായി.. സ്ത്രീകൾക്ക് മാത്രം സ്വന്തമായ നൈസർഗികമായ ആർദ്രതയോടെയവർ രോഗികളെ പരിചരിച്ചു. അവരുടെ മുറിവുകളിൽ കനിവിന്റെ മുന്തിരിനീരും,ഒലിവെണ്ണയും പുരട്ടി. ജീവിതത്തിൻ്റെ ധാരയിൽ നിന്ന് പുറന്തള്ളപ്പെട്ട്, ഏകാന്തതയുടെ തുരുത്തുകളിൽ വലിച്ചറിയപ്പെട്ട കുറെ പാവം മനുഷ്യർ, മൃദുലമായ കൈവിരൽത്തുമ്പുകളിൽ ദൈവത്തിൻ്റെ പൊള്ളുന്ന സ്പർശനമറിഞ്ഞു. ആ ചൂടിൽ അവരുടെ ഉള്ളിൽ സംവൽസരങ്ങൾ കൊണ്ട് രൂപപ്പെട്ട അവഗണനയുടെയും അപമാനത്തിന്റെറയും മഞ്ഞുമലകൾ ഉരുകിയൊലിച്ചു..


രാത്രിയിൽ ദരിദ്ര സഹോദരിമാരുടെ അധരങ്ങളിൽ നിന്ന് പ്രാർഥനാ സങ്കീർത്തനങ്ങൾ ഉയർന്നപ്പോൾ, അത് ഗോപുരങ്ങളിൽ തട്ടി പ്രതിധ്വനിച്ചപ്പോൾ. അമ്മമാർ കുഞ്ഞുങ്ങളോട് പറഞ്ഞു: "കുഞ്ഞുങ്ങളേ, നമുക്ക് വേണ്ടിയാണവർ പ്രാർഥിക്കുക..."


മദ്യശാലകളിൽ വീഞ്ഞുപകർന്ന് കൂടിച്ചുകൊണ്ടിരുന്ന പുരുഷൻമാർ ആരവങ്ങളിൽ നിന് ഒരു നിമിഷം ഉൾവലിഞ്ഞ് തങ്ങളോട് തന്നെ മന്ത്രിക്കുന്നു: "നോക്കൂ, നമുക്ക് വേണ്ടിയാണവർ പ്രാർഥിക്കുക..."


'പ്രാർഥനയുടെ വെള്ളപ്രാവുകൾ' അപ്പോൾ ആകാശങ്ങളെ ലക്ഷ്യമാക്കി പറന്നുകൊണ്ടേയിരുന്നു.


1253 ഓഗസ്റ്റ് 11ന്, മരണം ഒരമ്മയുടെ അലിവോടെ ക്ലാരയെ പുണർന്നു. നീണ്ട ഇരുപത്തിയെട്ടു സംവൽസരങ്ങൾ അവൾ രോഗിയായിരുന്നു.. ഇരുളിൽ ജ്വലിച്ചു കൊണ്ടിരുന്ന ഒരു നക്ഷത്രം ഭൂമിക്ക് നഷ്ടമായി. എന്നിട്ടും ഒത്തിരിപേരുടെ ഉള്ളിൽ അവൾ ജ്വലിച്ചു നില്ക്കുന്നു. എൻ്റെ സ്മൃതിയിലെന്നപോലെ...


ഒടുവിൽ പ്രിയപ്പെട്ട പെൺകുട്ടി,


ക്ലാരയുടെ വികലമായ ഒരു സ്‌ക്കെച്ചാണിതെന്ന് എനിക്ക് നന്നായറിയാം. ക്ലാരയെ നീ അനുകരിക്കണമെന്ന് പറയുകയല്ല, ഈ ഉധ്യമത്തിൻ്റെ ലക്ഷ്യം.


ക്ലാരയ്ക്ക് മാത്രമേ ക്ലാരയാകാൻ കഴിയുകയുള്ളു...


എന്നിട്ടും ആലങ്കാരികതയുടെ ഒരു തലത്തിൽ നിന്നുകൊണ്ട് എല്ലാവർക്കും 'ക്ലാര'യാകുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലാരയെന്നാൽ വെളിച്ചമെന്നാണല്ലോ അർഥം. നമ്മുടെ ഇത്തിരി വട്ടങ്ങളിൽ വെളിച്ചത്തിൻ്റെ ഒരു ബിന്ദുവാകുവാൻ കഴിയുന്ന വേളിയിൽ എല്ലാ ജൻമങ്ങളും സഫലമാകുന്നു. നിയോഗങ്ങൾക്ക് കാതോർക്കുക. ആ നിയോഗങ്ങൾക്ക് ജീവിതം എഴുതിനൽകുക. ഞാൻ വിരമിക്കുന്നു. സ്നേഹപൂർവം.



ഓർമ്മയിൽ ജ്വലിക്കുന്ന ക്ലാര,

ബോബി ജോസ് കട്ടിക്കാട്

അസ്സീസി മാസിക 1992 ഒക്ടോബർ

Oct 4, 1992

7

284

Recent Posts

bottom of page