top of page

പ്രാര്‍ത്ഥന

Feb 7

1 min read

ഡO
പ്രാര്‍ത്ഥന : 1

 A man in prayer with folded hands

വരാനിരിക്കുന്ന 2025 ജൂബിലി വര്‍ഷത്തിന്‍റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കുന്നതിനുള്ള സന്ദേശം ഡിസംബര്‍ 31 ന് നല്‍കുകയുണ്ടായി. "ഏതൊരു തീര്‍ത്ഥാടനത്തിനും നല്ല ഒരുക്കം അത്യന്താപേക്ഷിതമാണല്ലോ, അതിനാല്‍ വരുന്ന വര്‍ഷം ജൂബിലിക്ക് മുന്നോടിയായി പ്രാര്‍ത്ഥനാവര്‍ഷമായി നമുക്ക് ആചരിക്കാം. അതിനായി പരിശുദ്ധ ദൈവമാതാവാണ് നമ്മുടെ ഏറ്റവും നല്ല അധ്യാപിക. പരിശുദ്ധ മാതാവില്‍ അര്‍പ്പിച്ച് അമ്മയില്‍നിന്ന്, ഓരോ ദിവസവും ഓരോ നിമിഷവും ഓരോ പ്രവൃത്തിയും ദൈവത്തിലേക്കുള്ള ഉള്‍ക്കാഴ്ചയോടെ ചെലവഴിക്കാം... സന്തോഷങ്ങളും സങ്കടങ്ങളും സമാധാനവും ബുദ്ധിമുട്ടുകളും നന്ദിയോടും പ്രത്യാശയോടുംകൂടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മുമ്പില്‍ നമുക്ക് സമര്‍പ്പിക്കാം."

വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മക്കുറിപ്പില്‍ ഇപ്രകാരം പറയുന്നു: "എന്നെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്‍റെ അലയടിയാണ് പ്രാര്‍ത്ഥന, സ്വര്‍ഗ്ഗത്തിലേക്കുള്ള ലളിതമായ നോട്ടം, പരീക്ഷണത്തിന്‍റെയും സന്തോഷത്തിന്‍റെയും ഇടയില്‍ നന്ദിയുടെയും സ്നേഹത്തിന്‍റെയും നിലവിളിയാണ് അത്." പക്ഷേ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് നമ്മുടെ അഹന്തയുടെയും തന്നിഷ്ടത്തിന്‍റെയും ഔന്നത്യത്തില്‍ നിന്നാണോ, അതോ വിനീതവും അനുതാപപൂര്‍ണ്ണവുമായ ഹൃദയത്തിന്‍റെ അഗാധതലങ്ങളില്‍ നിന്നാണോ? വിനയമാണ് പ്രാര്‍ത്ഥനയുടെ അടിത്തറ. എളിമയാണ് പ്രാര്‍ത്ഥനയാകുന്ന സൗജന്യദാനം സ്വീകരിക്കാന്‍ വേണ്ട മനോഭാവം. വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കല്‍ വച്ചാണോ പ്രാര്‍ത്ഥനയാകുന്ന മഹാവിസ്മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാന്‍ ക്രിസ്തു വന്നുചേരുന്നു. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്ന് നമ്മോട് ദാഹജലം ആവശ്യപ്പെടുന്നത്.

"നീ അവനോട് ചോദിക്കുകയും അവന്‍ നിനക്ക് ജീവജലം തരുകയും ചെയ്യുമായിരുന്നു" (യോഹ 4:10). നിത്യരക്ഷയെ സംബന്ധിച്ച സൗജന്യവാഗ്ദാനത്തിനുള്ള വിശ്വാസത്തിന്‍റെ പ്രത്യുത്തരമാണ് പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയുടെ ഉറവിടം ഏതെന്ന ചോദ്യത്തിനു മറുപടിയായി വിശുദ്ധ ഗ്രന്ഥം നല്‍കുന്ന ഉത്തരം ആത്മാവ്, അരൂപി, ഹൃദയം എന്നാണെങ്കിലും ഏറ്റവുമധികം പ്രതിപാദിക്കുന്നത് ഹൃദയമെന്നാണ്. ഹൃദയമാണ് പ്രാര്‍ത്ഥിക്കുന്നത്. ഹൃദയം ദൈവത്തില്‍നിന്ന് അകലെയെങ്കില്‍ പ്രാര്‍ത്ഥന വെറും പ്രകടനവും വ്യര്‍ത്ഥവുമായിത്തീരുന്നു. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള നമ്മളില്‍, ദൈവസമാഗമത്തിന്‍റെ വേദിയാണ് ഹൃദയം.

"ക്രൈസ്തവ പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധമാണ്. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രവൃത്തിയാണ്. പരിശുദ്ധാത്മാവില്‍നിന്നും നമ്മില്‍ നിന്നും പുറപ്പെടുന്നതും മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന്‍റെ മാനുഷിക മനസ്സുമായുള്ള ഐക്യത്തില്‍ പിതാവിന്‍ പക്കലേക്കു പൂര്‍ണ്ണമായും തിരിയുന്നതുമാണ് അത്." (ccc 2564).

അനന്ത നന്മയായ പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും ദൈവമക്കള്‍ക്കുള്ള സജീവബന്ധമാണ് പുതിയ ഉടമ്പടിയില്‍ പ്രാര്‍ത്ഥന.

"ഇത്രയൊന്നും അറിഞ്ഞില്ലായെങ്കിലും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്തിനാണ് പ്രാര്‍ത്ഥനയെ ആവശ്യമില്ലാത്തവിധം കോംപ്ലിക്കേറ്റഡ് ആക്കുന്നത്" എന്ന് നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാവാം. നമ്മള്‍ ഇവിടെ പ്രാര്‍ത്ഥന ഒരു ദൈവിക അനുഭവമാക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിനായി പ്രാര്‍ത്ഥനയെക്കുറിച്ച് പഠിക്കുകയും ധ്യാനിക്കുകയും മാത്രം പോരാ, പ്രാര്‍ത്ഥന ഒരു പ്രവൃത്തിയായി ജീവിതത്തില്‍ നാം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു.

Featured Posts